2011, ജൂൺ 1

പെട്രോളിന്‌ വീണ്ടും 1.35 രൂപ കൂട്ടാന്‍ നീക്കം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ഓഹരിയുടമകള്‍ക്കു ലാഭവിഹിതം നല്‍കുന്നത്‌ ഓഹരിയൊന്നിന്‌ ഒമ്പതര രൂപ വീതം. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ ലാഭം 7445.48 കോടി രൂപയാണ്‌. എന്നിട്ടും പെട്രോള്‍ ലിറ്ററിന്‌ വീണ്ടും 1.35 രൂപ കൂട്ടാനാണു നീക്കം.

ഐ.ഒ.സി. ഓഹരിയുടെ മുഖവില ശരാശരി 320 രൂപയാണ്‌. ലക്ഷക്കണക്കിനു വരുന്ന ഓഹരിയുടമകള്‍ക്ക്‌ 9.50 രൂപ പ്രതിഓഹരി ലാഭവിഹിതം നല്‍കാനാണു ഡയറക്‌ടര്‍ ബോര്‍ഡിന്റെ തീരുമാനം. നേട്ടങ്ങളുടെ കണക്കുകള്‍ പുറത്തിറക്കിയതിനൊപ്പമാണ്‌ പെട്രോള്‍ വില ഇനിയും 1.35 രൂപ കൂട്ടുമെന്നു കമ്പനി പ്രഖ്യാപിച്ചത്‌.

വാറ്റ്‌ അടക്കം ലിറ്ററിന്‌ അഞ്ചര രൂപ നഷ്‌ടമാണത്രേ. ഇപ്പറയുന്ന 'നഷ്‌ടം' വെറും തട്ടിപ്പാണ്‌. രാജ്യാന്തര വിലയുമായി താരതമ്യപ്പെടുത്തിയാണ്‌ ജനങ്ങളെ പറ്റിക്കുന്നത്‌. 2010- 11 സാമ്പത്തികവര്‍ഷം ഐ.ഒ.സിയുടെ അറ്റാദായം 3,28,744.27 കോടിയാണ്‌. ഇതു സര്‍വകാല റെക്കോഡാണ്‌. നഷ്‌ടം പറയുന്ന കമ്പനിയുടെ ലാഭം യഥാര്‍ഥത്തില്‍ കഴിഞ്ഞ ഡിസംബര്‍ വരെ ഏകദേശം 4,000 കോടി രൂപയാണ്‌. മാര്‍ച്ച്‌ 31 ആയപ്പോള്‍ ലാഭം 7445.48 കോടിയായി. മൂന്നു ലക്ഷം കോടിയുടെ ബിസിനസ്‌ ചെയ്യുന്ന കമ്പനിക്ക്‌ ഇത്രയും മാത്രമല്ലേ ലാഭമുള്ളൂ എന്നാണ്‌ എണ്ണക്കമ്പനി വക്‌താക്കളുടെ ബാലിശമായ വാദം.

ഇക്കൂട്ടര്‍ സുപ്രധാന കാര്യം മറക്കുകയാണ്‌. പൗരന്മാര്‍ക്കു സബ്‌സിഡി നല്‍കുന്നതു കൊണ്ടാണ്‌ ലാഭം കുറയുന്നത്‌. ജനസേവനമാണു സര്‍ക്കാരിന്റേയും പൊതുമേഖലയുടേയും ലക്ഷ്യം; മറിച്ച്‌ ജനദ്രോഹമല്ല.

സര്‍ക്കാര്‍ രണ്ടു രൂപയ്‌ക്ക് അരി നല്‍കുന്നു. ഇനി ഒരു രൂപയ്‌ക്കും അരി നല്‍കും. ഈ വിലയ്‌ക്ക് ഒരു കിലോ അരി ഉല്‍പാദിപ്പിക്കാനാകില്ലെന്ന്‌ ഏവര്‍ക്കുമറിയാം. ജനസേവനത്തിനായി നടപ്പാക്കുന്ന പദ്ധതിയാണിത്‌. അതിനാണു സബ്‌സിഡി നയം എന്നുപറയുന്നത്‌. ഇതുപോലെ സബ്‌സിഡി നിരക്കില്‍ ഉല്‍പന്നങ്ങള്‍ നല്‍കേണ്ടവരാണ്‌ എണ്ണക്കമ്പനികളും. ഇതിനെ നഷ്‌ടമെന്നു പറയുന്നതിനു പിന്നിലുള്ളത്‌ കച്ചവടക്കണ്ണു മാത്രമാണ്‌.

എണ്ണ വിതരണത്തിനു മറ്റൊരു സവിശേഷതകൂടിയുണ്ട്‌. ഒരു ഭാഗത്തു സബ്‌സിഡി നല്‍കുമ്പോള്‍ മറുഭാഗത്ത്‌ ഇതിലുമധികം തുക ജനങ്ങളില്‍ നിന്ന്‌ നികുതിയായി ഈടാക്കുന്ന മറിമായമാണത്‌.

ക്രൂഡോയില്‍ വീപ്പയ്‌ക്ക് കഴിഞ്ഞമാസം 115 ഡോളറായിരുന്നു വില. ഇതിപ്പോള്‍ 100.33 ഡോളറായി കുറഞ്ഞതോടെ പെട്രോളിനു വില കുറയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ മേയ്‌ 15ന്‌ അഞ്ചു രൂപ ക്രൂരമായി കൂട്ടുകയാണുണ്ടായത്‌.

കഴിഞ്ഞയാഴ്‌ചയെ അപേക്ഷിച്ച്‌ ക്രൂഡിന്‌ വീപ്പയ്‌ക്ക് ഒരു ഡോളര്‍ മാത്രമാണ്‌ തിങ്കളാഴ്‌ച കൂടിയത്‌. അതായത്‌ 160 ലിറ്റര്‍ ക്രൂഡിന്‌ 45 രൂപ. ഇതിന്റെ പേരില്‍ ഇവിടെ കൂടുന്നത്‌ ഒരു ലിറ്റര്‍ പെട്രോളിന്‌ 1.35 രൂപ. കൈയില്‍ കിട്ടിയ പെട്രോളിനെ കരുവാക്കി കമ്പനികള്‍ ഡീസല്‍, എല്‍.പി.ജി. വില്‍പനയുടെ വരുമാനക്കുറവു നികത്തുകയാണെന്നര്‍ഥം.

അടിക്കടിയുള്ള പെട്രോള്‍ വില വര്‍ധന എണ്ണക്കമ്പനികള്‍ക്കു കാര്യമായ മെച്ചമുണ്ടാക്കിയിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. ജനുവരി - മാര്‍ച്ച്‌ നാലാം പാദത്തിലാണ്‌ മൊത്തം ലാഭത്തിലെ 3095.16 കോടിയും നേടിയത്‌. എണ്ണശുദ്ധീകരണം കഴിഞ്ഞ്‌ കമ്പനിക്കു കിട്ടുന്ന മാര്‍ജിനും കൂടി. 2009- 10 സാമ്പത്തിക വര്‍ഷം ബാരലിന്‌ 4.47 ഡോളറായിരുന്നത്‌ 2010 - 11ല്‍ 5.95 ഡോളറായി.



വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)