കോട്ടയം നഗരത്തില്‍ ദിനംപ്രതി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുക്കുന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. സാക്ഷരനഗരമെന്നു പേരുകേട്ട കോട്ടയത്തെ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ ഉറപ്പാണെന്നു വരുന്നത് തികച്ചും നിര്‍ഭാഗ്യകരമായ അവസ്ഥ തന്നെ.
ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം മര്‍ദിച്ചു. തികച്ചും അപലപനീയവും ധിക്കാരപരവുമായ ഈ സംഭവത്തെ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു തന്നെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. സാധാരണ ഗതിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കാറുള്ളത് ചെറുകിട ഹോട്ടലുകളില്‍ നിന്നാണ്. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പുത്രന്റേതടക്കമുള്ള വന്‍കിട ഹോട്ടലുകളുടെ അടുക്കളകളിലാണ് ഇത്തരം പഴകിയ ഭക്ഷണവസ്തുക്കള്‍ ഇപ്പോള്‍ കണ്ടെത്തിയത്.
ഇത് പുതിയ എന്തെങ്കിലും കാര്യമാണെന്നു കരുതാനാവില്ല. പണ്ടു മുതലേ വന്‍കിട ഹോട്ടലുകളിലും പഴകിയ ഭക്ഷണം വിളമ്പിയിരുന്നു. അതു കണ്ടെത്തേണ്ടവര്‍ കൈക്കൂലിയുടെ മോഹത്താലാവാം അല്ലെങ്കില്‍ ഹോട്ടലുടമയുടെ ഉന്നതങ്ങളിലെ സ്വാധീനം കണ്ട് ഭയന്നിട്ടാവാം നടപടിയെടുത്തിരുന്നില്ല. എന്തോ കാരണത്തിന്റെ പേരില്‍ ഇപ്പോള്‍ പരിശോധന നടത്തിയെന്നു മാത്രം.
ആരോഗ്യപരിപാലനത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ട വകുപ്പുകളുടെ അലംഭാവമാണ് പഴകിയ ഭക്ഷണവില്‍പ്പന ഇത്രയേറെ വ്യപകമാകാന്‍ കാരണം. ഹോട്ടലുകളില്‍ ശുചിത്വം പാലിക്കപ്പെടുന്നുണ്ടോയെന്നതടക്കം ഒട്ടേറെ വിഷയങ്ങളില്‍ ശ്രദ്ധ പാലിക്കേണ്ടവര്‍ അവരുടെ കര്‍ത്തവ്യം മറന്നു. ഇതു കോട്ടയത്തെ മാത്രം കാര്യമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.
കുറേക്കാലം മുമ്പുവരെ ഇടയ്ക്കിടെ ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാറുണ്ടായിരുന്നു. കുറേക്കാലമായി അത്തരം വാര്‍ത്തകളില്ല. ഇതിനര്‍ത്ഥം, എല്ലാ ഹോട്ടലുകളിലും മുന്തിയ ഇനം ഭക്ഷണം വിളമ്പുന്നു എന്നാണെന്നു കരുതാന്‍ തക്ക വിഡ്ഢിത്തമുള്ളവരല്ല കേരളീയര്‍.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഹെല്‍ത്ത് വിഭാഗമാണ് ഹോട്ടലുകളില്‍ പരിശോധന നടത്താറുള്ളത്. ഇതിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ വന്‍നിര തന്നെ മാസശമ്പളം പറ്റുന്നുണ്ടുതാനും. കൈപ്പറ്റുന്ന ശമ്പളത്തോടെങ്കിലും കൂറുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നെങ്കില്‍ ഇത്രയും ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പടില്ലായിരുന്നു.
ശബരിമല തീര്‍ത്ഥാടനകാലവും തുടങ്ങിയിരിക്കുകയാണ്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കായ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കെത്തും. ഇടത്താവളങ്ങളെന്ന് അറിയപ്പെടുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളെയാകും ഇവര്‍ ആശ്രയിക്കുക. അതില്‍ എത്രയിടത്ത് ശുചിത്വം പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇതേവരെ നടപടിയൊന്നും ആയിട്ടില്ല. കോട്ടയത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ ചുമതലയില്‍ ഇപ്പോള്‍ ഇരിക്കുന്ന വ്യക്തിയുടെ പ്രത്യേക താത്പര്യത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് അറിയുന്നത്. അങ്ങനെ ഒരാളെങ്കിലും മുന്നിട്ടിറങ്ങിയതിനാല്‍ യഥാര്‍ത്ഥത്തില്‍ നാമൊക്കെ ഭക്ഷിക്കുന്നത് എന്താണെന്നു മനസിലായി.
വന്‍കിട ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിനു ഗുണനിലവാരം കൂടുമെന്ന ധാരണയും പൊളിച്ചെഴുതാമെന്നാണ് കോട്ടയത്തെ പരിശോധനകളുടെ പാഠം. ശബരിമലയിലേക്കെത്തുന്നവരില്‍ സമ്പന്നവിഭാഗക്കാര്‍ വന്‍കിട ഹോട്ടലുകളെയാണ് ആശ്രയിക്കുക. അവര്‍ക്കും രക്ഷയില്ല. കോട്ടയത്തെ ഒരു ഹോട്ടല്‍ പോലും വിശ്വസിച്ചു കയറാന്‍ സാധിക്കാത്തതായിരിക്കുന്നു.
ഇതേക്കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചത്. ചെയ്ത തെറ്റിനു പരിഹാരം കണ്ടില്ലെന്നുമാത്രമല്ല, അതു ചൂണ്ടിക്കാണിച്ചവരെ മര്‍ദിച്ചൊതുക്കാന്‍ ശ്രമിക്കുക കൂടി ചെയ്യുകയെന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. രാത്രിയുടെ മറവില്‍ എത്തി അക്രമം നടത്തുന്ന ഭീരുക്കളായിരിക്കുകയാണവര്‍. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പരസ്യമായി നിങ്ങള്‍ പ്രഖ്യാപിക്കുക, പഴകിയ ഭക്ഷണം വില്‍ക്കുമെന്ന്. എന്നിട്ടാകണം ഇത്തരം ഗുണ്ടായിസം. നിങ്ങളുടെ പ്രഖ്യാപനം കേള്‍ക്കേണ്ട മാത്രയില്‍ത്തന്നെ മന്ത്രിയായാലും തന്ത്രിയായാലും നാട്ടുകാരുടെ കയ്യുടെ ചൂട് അറിഞ്ഞിരിക്കും.
കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്. ബാലവേല നിയമപ്രകാരം നിരോധിച്ച രാജ്യത്ത് അഞ്ചും പത്തും വയസു പ്രായമുള്ള കുട്ടികളെ ഹോട്ടല്‍പണിക്കു നിര്‍ത്തുന്നത് ആരും അറിയാതെയാണെന്നു പറയരുത്. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ചിലതിന്റെ അടുക്കളയില്‍ നരകയാതന അനുഭവിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. ഇതേക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടാല്‍ ലേബര്‍ ഉദ്യോഗസ്ഥരെത്തും. പക്ഷേ, അവരുടെ വാഹനം ഓഫീസില്‍ നിന്നു പുറപ്പെടുന്നതിനു മുമ്പേ ഹോട്ടലുകാര്‍ക്ക് അറിയിപ്പു ലഭിച്ചിരിക്കും.
ഇങ്ങനെ വിവരം അറിഞ്ഞാലുടന്‍ വണ്ടിയില്‍ കുട്ടികളെ കുത്തിനിറച്ച് രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയാണു പതിവ്. പരാതിക്കാരുമൊത്ത് എത്തുന്ന ഉദ്യോഗസ്ഥര്‍ ഹോട്ടലുടമ നിരപരാധിയെന്നു പ്രഖ്യാപിച്ചു മടങ്ങും. അതുവരെ കുട്ടികള്‍ ടിവിയില്‍ സിനിമ കണ്ടു രസിക്കും. ഉദ്യോഗസ്ഥരും പരാതിക്കാരും മടങ്ങിയെന്ന് ഉറപ്പായാലുടന്‍ കുട്ടികളെ വണ്ടിയില്‍ കൊണ്ടുവന്നിറക്കും.
എത്രയോ കാലമായി കോട്ടയത്ത് ഇതു കാണുന്നു. ഈ മാറ്റക്കളി കാണാത്തതായി കോട്ടയത്ത് ആരുമുണ്ടാവില്ല. ആകെ ഇതൊന്നുമറിയാതെ പോകുന്നത് ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രം.
ഇത്രയേറെ സാധുക്കളായ ഉദ്യോഗസ്ഥരെ ഇങ്ങനെയുള്ള ജോലിക്കു ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തന്നെയാണു കുറ്റവാളികള്‍. പഞ്ചപാവങ്ങളായ ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥരെ വേഗം പറ്റിക്കാന്‍ ഹോട്ടലുടമകള്‍ക്കു സാധിക്കുന്നു. അതാണു സത്യം. ഇത്രയേറെ നീതിബോധമുള്ള ഈ ഉദ്യോഗസ്ഥരെ പ്രത്യേക ജോലിയൊന്നും ചെയ്യേണ്ടാത്ത ഏതെങ്കിലും തസ്തികയുണ്ടാക്കി ഇരുത്തി ശമ്പളം മുടങ്ങാതെ കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
കൈക്കൂലി എന്ന വാക്കിന്റെ അര്‍ത്ഥം പോലും എന്തെന്നറിയാത്ത കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിഷ്കളങ്കത മുതലെടുത്താണ് ഓരോ കുറ്റകൃത്യവും ഇവിടെ നടക്കുന്നത്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒന്നാണ് ഇവരെ സംബന്ധിച്ചിടത്തോളം കൈക്കൂലി. അങ്ങനെയൊരു സംവിധാനം ഏതെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടോയെന്നു പോലും അറിയാത്തവരില്‍ പൊലീസുകാരും ഉള്‍പ്പെടും. ഇങ്ങനെയുള്ള നിഷ്കളങ്കരും നിര്‍മലരുമായവരെ വെറുതേ ശമ്പളം നല്‍കി വീട്ടിലിരുത്തിയിട്ട്, അല്പം തന്റേടമുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തിയാലേ നാടു നന്നാകൂ.
വാല്‍ക്കഷണം: തങ്ങളുടെ ചെറുബാല്യക്കാരനായ ദേശീയ നേതാവിന് "പഴകിയ പൊറോട്ട" വളരെ ഇഷ്ടമായതിനാലും അദ്ദേഹം ആരെയും അറിയിക്കാതെ വേലിചാടി അടുക്കള വഴിക്ക് എപ്പോള്‍ വേണമെങ്കിലും കയറിവരാന്‍ സാധ്യതയുള്ളതിനാലുമാണ് അദ്ദേഹത്തിനു നല്‍കാന്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് പിടിക്കപ്പെട്ട ഹോട്ടലുടമയുടെ പിതാവ് വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കാന്‍ സാധ്യതയുണ്ട്.
1 അഭിപ്രായ(ങ്ങള്‍):
ഇതൊരു കോട്ടയത്തിന്റെ മാത്രം പ്രശ്നമല്ല .കേരളത്തില്‍ മുഴുവനായും ഉള്ള പ്രശ്നമാണ്.എനിക്ക് തോന്നുന്നത് ഇത് നമ്മള്‍ വെറും ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.അവരുടെ നയം അവര്‍ പണ്ടേ പ്രഖ്യാപിച്ചതാ..ഞങ്ങള്‍ നന്നാവില്ല എന്ന്...ഇതിനെതിരേ ജനങ്ങള്‍ സംഘടിക്കേണ്ടി വരും...
പിന്നെ അവസാനം എല്ലാവരും പറഞ്ഞു ഒഴിയുന്ന പോലെ "നമ്മുടെ നാട് നന്നാവില്ല " ....!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ