2012, ഏപ്രി 11

ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്കു പിന്നാലെ


കാര്‍ട്ടൂണ്‍ - ജോയി കുളനട - ദൃഷ്ടി ദോഷം


ലീഗിന്റെ അഞ്ചാം മന്ത്രിയെച്ചൊല്ലിയുള്ള വിവാദം ഇനിയും ഏറെ നീളുകയില്ലെന്നു പ്രത്യാശിക്കാം.  അടിയന്തരമായി ആരെങ്കിലും വിഷയത്തില്‍ ഇടപെട്ടേ തീരൂ. കുറേ ദിവസങ്ങളായി തുടരുന്ന തര്‍ക്കങ്ങളാണ് കേരളത്തില്‍. വാസ്തവത്തില്‍ ഭരണം പോലും നിശ്ചലമായ അവസ്ഥ. വളരെ നിര്‍ഭാഗ്യകരവും അപലപനീയവുമാണ് ഈ സ്ഥിതിവിശേഷം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ നാളുകളില്‍ അതിവേഗം ബഹുദൂരം ഭരണം മുന്നേറുമെന്നായിരുന്നു പരസ്യം ചെയ്തിരുന്നത്.


മൂന്നാറിലേക്ക് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പടനീക്കം അങ്ങനെയൊരു ധാരണ പരത്തുകയും ചെയ്തു. എന്നാല്‍, വളരെപ്പെട്ടെന്ന് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഭരണക്കസേരയില്‍ ഉറച്ചിരിക്കാന്‍ പലരുടെയും പിന്നാലെ നടക്കേണ്ട അവസ്ഥ സംജാതമായതോടെ രാഷ്ട്രീയ കരുനീക്കങ്ങളിലായി സര്‍ക്കാരിനെ നയിക്കുന്നവരുടെ പൂര്‍ണ ശ്രദ്ധ.


ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണുണ്ടായത്. മുല്ലപ്പെരിയാറില്‍ വര്‍ഷങ്ങളായി സമരം ചെയ്തു വന്ന സമരസമിതിയെ പല കഷണങ്ങളാക്കുന്നതില്‍ എല്ലാ രാഷ്ട്രീയക്കാരും ചേര്‍ന്നുണ്ടാക്കിയ കോലാഹലത്തിനു സാധിച്ചു എന്നതു മാത്രം മിച്ചം. സര്‍ക്കാര്‍ നേരിട്ടിടപെട്ട് വിഷയം പരിഹരിക്കുമെന്നു വരെ പ്രഖ്യാപനങ്ങളുണ്ടായി. മരണം വരെ ഉപവസിക്കുമെന്നു പറയുക വരെ ചെയ്ത ഒരു മന്ത്രിയുണ്ടായി. അദ്ദേഹം ഇപ്പോഴും മന്ത്രിക്കസേരയില്‍ ആരോഗ്യപൂര്‍ണതയോടെ പരിലസിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീതിയുടെ നിഴല്‍ പരത്തി നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ പിറവത്തെ ഉപതെരഞ്ഞെടുപ്പു വന്നു. മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ബഹളമുണ്ടാക്കിയതിനു പിന്നില്‍ പിറവം ഉപതെരഞ്ഞെടുപ്പാണെന്ന തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് എം.കരുണാനിധിയുടെ വാദം തികച്ചും ശരിയാണെന്ന് കേരളീയര്‍ തിരിച്ചറിഞ്ഞത് ഈ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ്. ഇപ്പോള്‍ ആര്‍ക്കും മുല്ലപ്പെരിയാര്‍ വേണ്ട.


ജനസമ്പര്‍ക്ക പരിപാടിയെന്ന പേരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടത്തിയ രാക്കൂത്തിനും ഉദ്ദേശിച്ച ഫലമുണ്ടായില്ല. കുറേ ജനങ്ങളെ നേരം പുലരുവോളം പിടിച്ചിരുത്തി പത്രവാര്‍ത്ത സൃഷ്ടിച്ചു എന്നതില്‍ക്കവിഞ്ഞ് ഈ സമ്പര്‍ക്കം എന്തു ഗുണമാണു ചെയ്തതെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.


ഏറ്റവുമൊടുവിലാണ് അഞ്ചാം മന്ത്രിത്തര്‍ക്കം തുടങ്ങിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ നാളുകളില്‍ത്തന്നെ ഒരു മന്ത്രിയെക്കൂടി തങ്ങള്‍ക്കു വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതാണ്. അന്ന് അതിനെതിരേ നിന്നവരാണ് കേരള കോണ്‍ഗ്രസുകാര്‍. അതേ പാര്‍ട്ടി തന്നെ ഇപ്പോള്‍ പറയുന്നു ലീഗിന് ഏഴു മന്ത്രിമാരെ വരെ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന്.


കേരളത്തിലെ ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും രണ്ടു തട്ടാക്കി മാറ്റാന്‍ മാത്രമേ ഈ തര്‍ക്കം ഉപകരിച്ചുള്ളൂ എന്നതാണു വാസ്തവം. ഓരോ സംഘടനകളായി മന്ത്രിമാരുടെ ജാതി തിരിച്ച് കണക്കെടുക്കാന്‍ തുടങ്ങി. സാമാജികരുടെ സംഖ്യയനുസരിച്ച് ആനുപാതികമായ എണ്ണം ഓരോ ജാതിക്കും ലഭിച്ചിട്ടുണ്ടോയെന്നതായി പിന്നത്തെ ചിന്ത. കലാപത്തിന് എന്തെങ്കിലും കാരണം നോക്കിയിരുന്ന എല്ലാ വര്‍ഗീയ കക്ഷികളും രംഗത്തു വന്നു. ലീഗാകട്ടെ ന്യൂനപക്ഷച്ചീട്ടെടുത്ത് കളിയും തുടങ്ങി. തികച്ചും വര്‍ഗീയമായ ചേരിതിരിവിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. മതത്തിനു പുറമേ ജാതിയും ഉപജാതിയുമായി ചേരി തിരിഞ്ഞു തര്‍ക്കം തുടങ്ങി. ഇത്തരം സമീപനങ്ങള്‍ ഒരു വിധത്തിലും പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ലെന്നു മാത്രം എല്ലാവരും മറന്നു.


തര്‍ക്കം കേരളത്തില്‍ തീരില്ലെന്ന അവസ്ഥ വന്നതോടെയാണ് നേതാക്കള്‍ ഡല്‍ഹിക്കു വണ്ടി കയറിയത്. അതിനിടെ,   സര്‍ക്കാര്‍ പൂര്‍ണമായും ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്കു പിന്നാലെയായി. ഭരണം നിശ്ചലമാകുന്നതൊന്നും പ്രശ്‌നമാക്കാതെ മന്ത്രിമാരടക്കം ചര്‍ച്ചകളില്‍ മുങ്ങിത്താണു. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്തു തുടങ്ങി.


ജനങ്ങള്‍ ആരോടു പരാതിപ്പെടണമെന്നറിയാതെ വലയുകയാണ്. ഇനിയെങ്കിലും ഇതിനൊരു അറുതിയുണ്ടായേ തീരൂ. ഭരണക്കസേരയില്‍ നിങ്ങളെ ഇരുത്തിയിരിക്കുന്നത് ജാതിപ്പേരില്‍ മന്ത്രിമാരെ വീതം വയ്ക്കാനല്ല. ജനങ്ങളുടെ ജീവിതം സുഖകരമാക്കാനാണ്. അതു സര്‍ക്കാര്‍ നിര്‍വഹിച്ചേ തീരൂ. അതില്‍ അമാന്തം ഉണ്ടാകരുത്. കേരളത്തിലെ ജനങ്ങള്‍ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റിയിരിക്കുന്നത് പരസ്പരം പോരടിക്കാനോ, അധികാര കസേര പങ്കുവയ്ക്കാനോ അല്ല. കൂടുതല്‍ മന്ത്രിമാരെ വേണമെന്നു പറയുന്നതിലൂടെ കൂടുതല്‍ ധനസമ്പാദനം മാത്രമാണ് ലക്ഷ്യമെന്ന് തിരിച്ചറിയാന്‍ തക്ക വിദ്യാഭ്യാസവും വിവരവും ഉള്ളവരാണ് മലയാളികള്‍. അങ്ങനെയുള്ള ഒരു ജനസമൂഹത്തിനു മുന്നില്‍ നിങ്ങള്‍ ഇപ്പോള്‍ സ്വയം അപഹാസ്യരാകുകയാണെന്നെങ്കിലും ഓര്‍മ്മിക്കുക.

ഇനി ഈ തര്‍ക്കം നീണ്ടുകൂടാ. സ്വത്തു സമ്പാദിക്കാന്‍ ലോകത്ത് വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതിലേതെങ്കിലും നിങ്ങള്‍ തിരഞ്ഞെടുക്കുക. അല്ലാതെ സാധാരണക്കാരായ ജനങ്ങളുടെ സഹനശക്തിയെ പരീക്ഷിക്കരുത്. ഇവിടെ ഭരണം നടക്കണം. പാവപ്പെട്ടവന്റെ ജീവിതം സുരക്ഷിതമാക്കണം. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം. ഇത്രയൊക്കെയേ ആവശ്യമുള്ളൂ ജനങ്ങള്‍ക്ക്. അതിന് വേണ്ട നടപടികള്‍ എടുക്കാന്‍ താല്പര്യമില്ലെങ്കില്‍ വെച്ചൊഴിയുക ഈ അധികാരക്കസേരകള്‍.

3 അഭിപ്രായ(ങ്ങള്‍):

Artof Wave പറഞ്ഞു...

നല്ല വിലയിരുത്തല്‍

Mashoodali Anakkachery പറഞ്ഞു...

good...............

NARENDRAN പറഞ്ഞു...

Very Interesting and informative.