2013, മാർ 24

ശിക്ഷ വിധിക്കേണ്ടത് സര്‍ക്കാരാണോ?


കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇറ്റലിക്ക് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണു  വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ വധശിക്ഷ ഉണ്ടാവില്ലെന്നാണത്രേ ഇന്ത്യ ഇറ്റലിയെ അറിയിച്ചത്.


ഇതിനെ ഏതു വിധത്തിലാണ് നിയമസംവിധാനം കൈകാര്യം ചെയ്യുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഒരു കൊലപാതക്കക്കേസിലെ പ്രതികള്‍ക്ക് ഇത്തരമൊരു ഉറപ്പു കൊടുക്കാന്‍ ഒരു സര്‍ക്കാരിനു സാധിക്കുമോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. കോടതിയില്‍ വിചാരണ തുടങ്ങുന്നതിനു മുമ്പു തന്നെ ശിക്ഷ ഇന്നതായിരിക്കും എന്ന വിധത്തില്‍ ഒരു സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കുന്നത് നിയമസംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനു യോജിച്ചതാണോ?


ഇന്ത്യയിലെ സംവിധാനമനുസരിച്ച് കോടതികളാണ് വിധി പ്രസ്താവിക്കുന്നത്. അതിനുള്ള അര്‍ഹത സര്‍ക്കാരിനില്ല. കേസ് കോടതിയില്‍ എത്തി വിചാരണ നടത്തുകയും വാദപ്രതിവാദങ്ങള്‍ നടക്കുകയുമൊക്കെ വേണം. അതെല്ലാം കഴിഞ്ഞ് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കോടതി വിധി പ്രസ്താവിക്കും അപ്പോഴാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ അല്ലയോ എന്നൊക്കെ കണ്ടെത്തുന്നത്. ഇവിടെ വിചാരണ പോലും തുടങ്ങുന്നതിനു മുമ്പ് കേസ് നിസാരമാണെന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിദേശ രാജ്യത്തിന് ഉറപ്പു കൊടുത്തിരിക്കുന്നു. അതിലൂടെ വാസ്തവത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളെ അവഹേളിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.


കുറ്റം ചെയ്‌തോ ഇല്ലയോ എന്നൊക്കെ കണ്ടെത്താനുള്ള അവകാശവും അധികാരവും കോടതിക്കാണുള്ളത്. അതില്‍ ഒരു ജനായത്ത സര്‍ക്കാരിനു വലിയ പങ്കൊന്നും ഇല്ല. ഒരു കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി ഇത്തരം ഉറപ്പുകള്‍ കൊടുത്ത സംഭവം ഇതിനു മുമ്പു കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇന്ത്യയിലെ നിയമസംവിധാനം അനുസരിച്ചുള്ള വിചാരണയ്ക്കു ശേഷം കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ ചിലപ്പോള്‍ കോടതി വധശിക്ഷ വിധിച്ചേക്കാം. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആരാണ്? 


ഇറ്റലി എന്ന രാജ്യത്തോട് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് അതിരുകവിഞ്ഞ വിധേയത്തം ഉണ്ടെന്നത് സത്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിന്റെ താത്പര്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വലിയ സ്ഥാനമൊന്നുമില്ല. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നവരാണ് കേന്ദ്ര മന്ത്രിസഭയിലിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സ്വദേശമായ ഇറ്റലിക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിനു സാധിക്കില്ല. വലിയ നാടകങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി ഇറ്റലിക്കെതിരേ പ്രസ്താവനയിറക്കിയതു ചൂണ്ടിക്കാണിച്ചാലൊന്നും ഇന്ത്യയിലെ പ്രബുദ്ധരായ ജനതയെ പറ്റിക്കാനാവില്ല.



സുപ്രീം കോടതി നല്‍കിയ സമയ പരിധിക്കുള്ളില്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ എന്ന പേരില്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങി ഇറ്റലിയിലേക്കു പോയ കൊലയാളികളെ തിരികെ അയയ്ക്കില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. നാലാഴ്ചത്തേക്കെന്നു പറഞ്ഞ് നാട്ടിലേക്കു പോകാന്‍ അനുവദിച്ചവര്‍ തിരികെ വരില്ലെന്നു പറഞ്ഞപ്പോഴും കേന്ദ്ര സര്‍ക്കാരിന് വലിയ അനക്കമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍, ഇറ്റാലിയന്‍ അംബാസഡര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു കോടതി വരെ പറഞ്ഞതോടെ മലക്കം മറിയുന്ന കാഴ്ചയും കണ്ടു. അതിന്റെ തുടര്‍ച്ചയായാണ് സോണിയാഗാന്ധിയുടെ പ്രസ്താവന വന്നത്.


ഇതെല്ലാം മനസിലാക്കാന്‍ തക്ക ശേഷിയുള്ള ഒരു ജനതയാണ് ഇവിടെയുള്ളതെന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കേണ്ടതായിരുന്നു. ഇറ്റലിക്കാരെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരെ ഭരണാധികാരികളായി ഇവിടെ വേണോയെന്നു തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.


കൊലക്കുറ്റം ചെയ്തവര്‍ക്ക് എന്തു ശിക്ഷ വിധിക്കണമെന്ന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥ രാജ്യത്തിനു തന്നെ ഭൂഷണമല്ല. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത് എന്ന ഒറ്റക്കാരണത്താല്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി വാദിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ളതു തന്നെ. ഇപ്പോള്‍ മന്ത്രി പറഞ്ഞിരിക്കുന്ന വാക്കുകളിലൂടെ നാവികരുടെ ഭാവി നമുക്കു പ്രവചിക്കാം. ചുരുങ്ങിയ ഏതെങ്കിലും ശിക്ഷ അവര്‍ക്കു ലഭിക്കുന്ന വിധത്തിലാകും പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തുകയെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ അതിനുള്ള നിര്‍ദേശം ഇതിനകം നല്‍കിയിട്ടുണ്ടാകും.



ഒരുപക്ഷേ, ശിക്ഷ ലഭിക്കാത്ത വിധത്തിലും പ്രോസിക്യൂഷന്‍ വാദിച്ചേക്കാം. നാവികര്‍ ചെയ്തത് വലിയ കുറ്റമൊന്നുമല്ല എന്ന ധ്വനി സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകളിലുണ്ട്. ഇറ്റലിക്കാര്‍ കുറ്റം ചെയ്താല്‍ അതു കുറ്റമല്ലാതാകുന്നത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ കൊള്ളാം.


നിലവില്‍ സര്‍ക്കാര്‍ ഇറ്റലിക്കു നല്‍കിയിരിക്കുന്ന ഉറപ്പ് ജുഡീഷ്യറിയുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എന്തു ശിക്ഷയാണു വിധിക്കേണ്ടതെന്ന് ജുഡീഷ്യറിയോടു നിര്‍ദേശിക്കാന്‍ ലെജിസ്ലേച്ചറിന് അധികാരമുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.


മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കു വധശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കാന്‍ സാധിക്കുമോ എന്നാകും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുക. എല്ലാ വിധത്തിലും ഇറ്റലിയോടു വിധേയത്തം പ്രഖ്യാപിക്കാന്‍ മത്സരിക്കുന്ന കേന്ദ്ര മന്ത്രിമാരെ കാണുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്താനേ സാധിക്കുന്നുള്ളൂ. സ്വന്തം പ്രജകളേക്കാള്‍ വലുതാണ് വിദേശത്തെ കൊലയാളികളുടെ ജീവനെന്നു കരുതുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മറുപടി നല്‍കാന്‍ ജനങ്ങള്‍ക്കു സാധിക്കണം.

2 അഭിപ്രായ(ങ്ങള്‍):

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ടോട്ടൽ നാം നോക്കിയാൽ നമ്മൾ വെറും മണ്ടന്മാർ

തുളസി പറഞ്ഞു...

നാടകമേ ഉലകം..........