ഒരു പ്രവചനം എന്നൊന്നും കരുതണ്ട
ചൈനയിൽ കൊറോണ വരുതിയിലാവാൻ മൂന്നു മാസം എടുത്തെങ്കിൽ ഇറ്റലിയും അമേരിക്കയും അടക്കമുള്ളവർ ആറു മാസത്തിനകം പിടിച്ചു കെട്ടുമെങ്കിൽ ഇന്ത്യയിൽ കൊറോണ അതിന്റെ വിശ്വരൂപം പുറത്തെടുക്കാൻ തന്നെ ആറുമാസം എങ്കിലും എടുക്കും അതിനു ശേഷം വലിയൊരു സംഹാര താണ്ഡവം നടത്തിയേ അടങ്ങുകയുള്ളു
ഇപ്പോൾ ലോക്ക് ഡൌൺ കഴിഞ്ഞാലുടൻ പടിപടിയായി ഇവിടെയുള്ള അന്യ സംസ്ഥാന തൊഴിലാളികളെ മുഴുവൻ തിരികെ അയച്ചു അവിടെനിന്നും തിരികെ വരുന്നവരെ ടെസ്റ്റ് ചെയ്തു രോഗം തിരികെ കൊണ്ടുവരുന്നില്ല എന്ന് ഉറപ്പാക്കണം
അല്ലെങ്കിൽ ഇപ്പോൾ നമ്മുടെ ആരോഗ്യ വകുപ്പിനെപ്പറ്റി അഭിമാന പുരസ്സരം പ്രചരിപ്പിക്കുന്ന വാർത്തകൾ അന്ന് നമുക്ക് വിപരീത ഫലം ചെയ്യും
ഉത്തരേന്ത്യയിൽ രോഗം പടർന്നു തുടങ്ങുമ്പോൾ സൗജന്യ ചികിത്സയും പരിചരണവും പ്രതീക്ഷിച്ചു അവിടെ നിന്നും വലിയ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടാവാൻ സാധ്യതയുണ്ട് ആ സാധ്യതയിലെ വലിയ അപകടം നമ്മൾ മുൻകൂട്ടി കാണണം
ഇപ്പോൾ തന്നെ കേരളത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ സൗജന്യ ചികിത്സ മലയാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തണം അന്യ സംസ്ഥാനത്തു നിന്നും എത്തുന്നവർക്ക് വിപണി നിരക്കിൽ പണം ഈടാക്കി മാത്രം ചികിത്സാ നൽകും എന്നുള്ള കാര്യം തീരുമാനിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യണം
ഇപ്പോൾ ഉള്ളത് പോലെ കൊറോണ നിയന്ത്രണവിധേയമായ ശേഷവും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രകൃതിദത്തവും ആരോഗ്യ സമ്പുഷ്ടവുമായ ഭക്ഷണ ശീലവും തുടരാൻ മലയാളികൾ തയാറായാൽ ഇപ്പോൾ കേരളത്തിലുള്ള സ്വകാര്യ ആശുപത്രികളിൽ പകുതിയോളം "കസ്റ്റമർ" ഇല്ലാത്തതുമൂലം പൂട്ടി പോകുന്ന സാഹചര്യം ഉണ്ടാകും
ശരി അതിനെന്താ സ്വകാര്യ ആശുപത്രിയല്ലേ പൂട്ടി പൊക്കോട്ടെ നമുക്കെന്തു ചേതം എന്ന് ചിന്തിക്കാൻ വരട്ടെ അവിടെ തൊഴിലെടുത്തു ജീവിതം പുലർത്തുന്നവർ ഡോക്ടർ ആയാലും നഴ്സ് ആയാലും ക്ളീനിങ് സ്റ്റാഫായാലും എല്ലാവരും നമ്മുടെ സഹോദരങ്ങൾ തന്നെയാണ് അവരുടെ തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തണം അതിനുവേണ്ടി സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ സർക്കാരും നമ്മുടെ മാധ്യമങ്ങളും വലിയ തോതിൽ സഹായിക്കേണ്ടി വരും. പണ്ട് സർക്കാർ എയിഡഡ് സ്‌കൂളുകളെയും കോളജുകളെയും സർക്കാർ സഹായിച്ചു കുടുങ്ങിയതുപോലെ അവർക്കു സാമ്പത്തിക സഹായം നൽകിയോ അവർ നിയമിക്കുന്ന സ്റ്റാഫിന് സർക്കാർ ശമ്പളം നൽകിയോ ആവരുത് സഹായിക്കുന്നത്
പകരം കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്തെ നമ്മുടെ നേട്ടങ്ങളും നമ്മുടെ നഴ്‌സുമാരുടെയും മറ്റു മെഡിക്കൽ സ്റ്റാഫുകളുടെയും കഴിവും സേവന സന്നദ്ധതയും ഉയർത്തിക്കാട്ടി രാജ്യത്താകമാനവും രാജ്യാന്തര തലത്തിലും പ്രചാരണം സംഘടിപ്പിക്കണം മറ്റു സംസ്ഥാനങ്ങളിൽ നിന്നും രോഗികളെ ചികിത്സക്ക് ഇവിടേയ്ക്ക് ആകർഷിക്കുന്ന തരത്തിലുള്ള മെഡിക്കൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്നെടുക്കണം
കുട്ടനാടൻ കായലിലെ കെട്ടുവള്ളവും ഉത്തരവാദിത്വ ടൂറിസവും പോലുള്ള നവീന ആശയങ്ങൾ വിജയകരമായി നടപ്പിലാക്കിയ നമ്മുടെ വിനോദസഞ്ചാര വകുപ്പിന് ഇതു ഹിറ്റാക്കിയെടുക്കാൻ സാധിക്കും. ഇപ്പോൾ നവീന ആശയങ്ങളിലൂടെ സ്വയം പുനർജനിക്കേണ്ട ഒരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് ലോകത്താകമാനമുള്ള വിനോദസഞ്ചാര മേഖല കടന്നുപോകുന്നത് നിലവിൽ കൊറോണ വൈറസ് മൂലം നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഏറ്റിരിക്കുന്ന ആഘാതം അതിജീവിക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടിവരും അക്കൂട്ടത്തിൽ ഒരൽപം അധികം കഠിനപ്രയത്നം കൂടി ചെയ്താൽ ( ഹാർഡ് വർക്ക് + സ്മാർട്ട് വർക്ക് ) ഇരട്ടി വിളവ് കൊയ്യാം
ഇവിടെയും വ്യാജന്മാരെയും കഴുത്തറപ്പൻ ഇറച്ചിക്കച്ചവടക്കാരെയും കൂച്ചുവിലങ്ങിട്ടു പൂട്ടാനുള്ള ഉത്തരവാദിത്വം സർക്കാരിൽ വന്നു ചേരും അതിനായി മെഡിക്കൽ വിജിലൻസ്, സാനിറ്റേഷൻ ടാസ്ക് ഫോഴ്‌സ് പോലെയുള്ള പുതിയ പരിശോധന സംവിധാനങ്ങൾ കർക്കശമായി നടപ്പാക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം നിലവിലെ സ്വകാര്യ ആശുപത്രികളെ വൃത്തിയും ശുചിത്വവും പാലിക്കുന്നതിന് നിർദേശിക്കുക അല്ലാത്തവയുടെ ലൈസൻസ് റദ്ദു ചെയ്യുക അതോടൊപ്പം സ്വകാര്യ ആശുപത്രികളിൽ നിന്നും ഈടാക്കുന്ന നികുതികളും മറ്റും ഉപയോഗിച്ച് തന്നെ സർക്കാർ ആശുപത്രികളുടെ ചിലവുകൾ നടന്നു പോകുവാൻ തക്കവണ്ണം ഉള്ള ക്രമീകരണങ്ങൾ ചെയ്യണം അതിനു നിലവിലെ നികുതി ഘടന മതിയാവുകയില്ല അതിൽ കാലികമായ പൊളിച്ചെഴുത്തുകൾ നടത്തുവാൻ സാധിക്കണം
അങ്ങനെ കേരളത്തെ ഇന്ത്യയുടെ മെഡിക്കൽ ആൻഡ് വെൽനെസ്സ് ഹോട്ട്സ്പോട്ട് ആയി ബ്രാൻഡ് ചെയ്തെടുക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്
ആദ്യം നിലവിലുള്ള ആശുപത്രികളിലേക്ക് ആഭ്യന്തര വിദേശ മെഡിക്കൽ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങും ആദ്യകാലത്തു ഏതാനും KTDC ഹോട്ടലുകളും ലീല അബാദ് അശോക തുടങ്ങിയ വിരലിലെണ്ണാവുന്ന സ്റ്റാർഹോട്ടലുകളുമായി വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇറങ്ങിയ കേരളത്തിൽ ഇന്ന് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള എത്ര ഹോട്ടലുകൾ, റമദായും റാവിസും ഐബീസും റൊട്ടാനയും പോലുള്ള ഹോട്ടൽ ഗ്രൂപ്പുകൾ എത്തി എന്ന് കണക്കെടുത്തു നോക്കാം, ഇന്ന് കേരളത്തിൽ ബജറ്റ് പ്ലാനുമായി എത്തുന്ന ബാക് പാക്കർ ടൂറിസ്റ്റുകൾക്ക് വേണ്ട മുറികൾ മുതൽ മുതൽ പ്രൈവറ്റ് ജെറ്റിൽ എത്തുന്ന ബിസിനസ് ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള പ്രസിഡൻഷ്യൽ സ്യൂട്ടുകൾ വരെ ലഭ്യമാണ്
അതുപോലെ കേരളത്തിലേക്ക് ആളുകൾ ചികിത്സക്കായി എത്തുന്നു എന്ന ട്രെന്റ് സെറ്റ് ചെയ്യാൻ സാധിച്ചാൽ അതിന്റെ ലാഭവിഹിതം നേടിയെടുക്കാൻ രാജ്യത്തെ വൻകിട ഹോസ്പിറ്റൽ ഗ്രൂപ്പുകളായ ഫോർട്ടീസും അപോളോയും മലയാളികൾ പലരാജ്യങ്ങളിലായി നടത്തുന്ന ആസ്റ്ററും ബർജീലും NMC യും മാത്രമല്ല അന്താരാഷ്ട്ര പ്രശസ്തമായ നൈറ്റിംഗേലും ജോണ് ഹോപ്കിൻസും മയോക്ളിനിക്കും ചാൻ ഗുങ്ങും അടക്കമുള്ളവർ ഇവിടെ പഞ്ചനക്ഷത്ര ആശുപത്രികൾ കെട്ടാനെത്തും
അങ്ങനെയെത്തുന്ന വമ്പന്മാരെ നിയന്ത്രിക്കാനും അവരുടെ ചിലവിൽ നമ്മുടെ സർക്കാർ ആശുപത്രികളിൽ ഉന്നത നിലവാരം പാലിക്കാനും അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കാനും വേണ്ട നടപടികൾ ഇപ്പോഴേ പ്ലാൻ ചെയ്തു വെക്കണം സ്വകാര്യ ആശുപത്രികൾക്ക് സ്റ്റാർ റേറ്റിങ്ങും അതിനനുസരിച്ചു നിലവാരവും നികുതിഘടനയും നിശ്ചയിക്കണം
അതോടൊപ്പം അനുബന്ധ വ്യവസായത്തെയും സേവന മേഖലകളെയും പ്രോത്സാഹിപ്പിക്കുകയും ഗുണനിലവാരം ഉറപ്പു വരുത്തുകയും വേണം ആലപ്പുഴയിലെ KSDP പോലെ ഏറ്റവും കുറഞ്ഞത് പത്തു ഫാക്ടറികൾ എങ്കിലും സംസ്ഥാനത്തു തുടങ്ങാൻ സാധിക്കണം അതുപോലെ ഇപ്പോൾ ഉത്പാദിപ്പിക്കുന്ന മൂന്നോ നാലോ മരുന്നുകൾക്ക് പകരം പരമാവധി ജനറിക് മരുന്നുകൾ ഉന്നത നിലവാരം പാലിച്ചുകൊണ്ടുതന്നെ വിപണിയിലെത്തിക്കാൻ നടപടിയെടുക്കണം മരുന്നുകൾ കൂടാതെ ആശുപത്രികൾക്ക് ആവശ്യമായ കൺസ്യൂമേബിൾ എന്ന ഗണത്തിൽ പെടുത്താവുന്ന സർജിക്കൽ ഉപകരണങ്ങൾ, വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ, ക്ളീനിങ് കെമിക്കലുകൾ, ഓക്സിജൻ, ഗ്ലൗസുകൾ, റ്യുബുകൾ തുടങ്ങിയവയുടെ ഉന്നത നിലവാരമുള്ള ഉത്പാദനവും സംസ്ഥാനത്തിനുള്ളിൽ തന്നെ സജ്ജീകരിക്കാൻ സാധിക്കണം ഇതൊക്കെ ചികിത്സായുടെ ഗുണനിലവാരം ഉയർത്തുകയും ചെലവ് കുറയ്ക്കുകയും ചെയ്യും
ഇന്ന് അമേരിക്കയടക്കം പല വികസിത രാജ്യങ്ങളിലെയും ചികിത്സാ ചിലവിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ അതിനേക്കാൾ ഫലപ്രാപ്തിയും ഗുണനിലവാരവുമുള്ള പരിചരണവും ചികിത്സയും കേരളത്തിൽ ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുത്താൽ, മുകളിൽ പ്രതിപാദിച്ച ചികിത്സ സൗകര്യങ്ങൾക്കൊപ്പം യൂറോപ്യൻ അമേരിക്കൻ ജീവിത സൂചികകൾക്കും സുഖ സൗകര്യങ്ങൾക്കും പരിചരണ സൗകര്യങ്ങൾക്കും കിടപിടിക്കുന്ന ലോങ്ങ് ടെം കെയർ യൂണിറ്റുകൾ അഥവാ നക്ഷത്ര സൗകര്യങ്ങളുള്ള വൃദ്ധ പരിചരണ കേന്ദ്രങ്ങൾ പ്രധാന ആശുപത്രി കോമ്പൗണ്ടിൽ നിന്നും അധികം അകലെയല്ലാതെ ഒരു റിസോർട്ടിന്റെ ആമ്പിയൻസിൽ ജീവിതത്തിന്റെ സായന്തനത്തിൽ എത്തിയവർക്കും അപകടങ്ങളിലൂടെയോ മറ്റെന്തെങ്കിലും സാഹചര്യങ്ങൾ മൂലമോ ശയ്യാവലംബികളായവരുടെ പരിചരണകേന്ദ്രങ്ങൾ ( ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ജയസൂര്യയുടെ കഥാപാത്രത്തെ പോലുള്ളവരെ നോക്കാനുള്ള ആശുപത്രി അറ്റാച്ചഡ് റിസോർട്ടുകൾ എന്ന് വേണമെങ്കിൽ പറയാം ) ഇവിടെ ഉയർന്നു വരും
ഒപ്പം വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ദീർഘകാല പരിചരണ ശേഷം ഇവിടെ മരണപ്പെടുന്നവരുടെ മൃതശരീരം ലീഗൽ ഫോര്മാലിറ്റികൾ ഒക്കെ പൂർത്തീകരിച്ചു ശരിയായ രീതിയിൽ എംബാം ചെയ്തു അവരുടെ സ്വന്തം നാട്ടിലെ സോഷ്യ സ്റ്റാറ്റസിന് ചേരുന്ന വിധത്തിൽ ഉള്ള മൃതപേടകങ്ങളിലാക്കി നാട്ടിൽ എത്തിച്ചുകൊടുക്കുന്നതും അല്ലെങ്കിൽ അവരുടെ നിലയ്ക്കും വിലയ്ക്കും ചേരുന്ന വിധത്തിൽ ഇവിടെ തന്നെ അടക്കം ചെയ്യുന്നതിനുമുള്ള അറേഞ്ച്മെന്റുകൾ പ്രൊഫഷണലായി ചെയ്യുന്ന സ്ഥാപനങ്ങൾ വരെ അനുബന്ധ വ്യവസായമായി ഇവിടെ പ്രവർത്തിച്ചു തുടങ്ങണം എന്ന് നാം മുൻകൂട്ടി കാണണം
ഇവിടെ ഗുണനിലവാരവും ലാഭവും ഉണ്ടെന്നു മനസിലാക്കിയാൽ ഇന്ന് അവിടത്തെ ആരോഗ്യ രംഗത്തു പണം ചിലവഴിക്കുന്ന ഇൻഷുറൻസ് കമ്പനികൾ രോഗികളെ ഇവിടെ എത്തിച്ചു തരും ചികിത്സിക്കാൻ.
അവരെ സംബന്ധിച്ചിടത്തോളം അവരുടെ ബാലൻസ് ഷീറ്റിൽ ഇടം പിടിക്കുന്ന ലാഭത്തിന്റെ അക്കങ്ങളുടെ പെരുക്കമാണ് പ്രധാനം അത് അവരെ കൺവിൻസ് ചെയ്യാൻ സാധിക്കണം .
ഇതൊക്കെ നടപ്പാക്കണമെങ്കിൽ നാം നേരിടുന്ന പ്രതിസന്ധികളെ അവസരങ്ങളാക്കാനുള്ള ഒരു ഇച്ഛാശക്തി വേണം ഒരു വിഷൻ വേണം മിഷൻ വേണം സൂഷ്മതലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന ദീർഘകാല പദ്ധതി വേണം പ്ലാനിങ് വേണം. സഖാവ് പിണറായിക്കു ആ ഇച്ഛാശക്തിയും സർവതല സ്പർശിയായ പ്ലാനിങ്ങിനുള്ള കഴിവും ഉണ്ടെന്നാണ് എന്റെ വിശ്വാസം - ഇനി ആവശ്യം ഇത്തരം ഒരു പദ്ധതി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുക എന്നതും അദ്ദേഹം ഉയർത്തുന്ന സംശയങ്ങൾക്ക് വിശ്വാസയോഗ്യമായ മറുപടി നൽകാൻ കഴിയുകയെന്നതുമാണ് അതിനപ്പുറം അടുത്ത രണ്ടു ടെം കൂടിയെങ്കിലും അദ്ദേഹം തന്നെ മുഖ്യമന്ത്രി ആയ സർക്കാരിന് ഭരണ തുടർച്ച ലഭിക്കുകയും നിലവിലുള്ള ആരോഗ്യത്തോടെ എങ്കിലും നമ്മുടെ സ്റ്റേറ്റിനെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കുകയും വേണം എന്നതാണ്
ഈ കുറിപ്പിൽ എന്റെ ശ്രദ്ധയിൽ പെടാതെ പോയ നിരവധി SWOT (Strength Weakness Opportunity & Threat ) ഉണ്ടാവാം നിരന്തരവും അതിവിപുലവുമായ ചർച്ചകളിലൂടെയും തിരുത്തലിലൂടെയും മാത്രമേ വിജയിക്കുന്ന ഒരു പദ്ധതി രൂപപ്പെടുത്താൻ സാധിക്കൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ
കേരളം പോലെയൊരു സ്റ്റേറ്റിൽ ഇടതുപക്ഷ സർക്കാർ ഒരു പദ്ധതി മുന്നോട്ടു വെക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാവുന്ന കടമ്പകൾക്കും പ്രതിസന്ധികൾക്കും അപ്പുറം അതിനെ പരാജയപ്പെടുത്താൻ പ്രത്യക്ഷത്തിലും അദൃശ്യ തലത്തിലും പാരവെക്കുന്ന നിരവധി പ്രതിലോമ ശക്തികളെക്കൂടി നേരിട്ട് വേണം അവയ്ക്കു ഫലപ്രാപ്തിയിൽ എത്തിച്ചേരാൻ.
അതുകൊണ്ടു ഈ ആശയത്തെ ഞാൻ നിങ്ങളുടെ മുന്നിലേക്ക് ഇറക്കി വിടുകയാണ് ഒരു സോക്കർ മത്സരത്തിന്റെ തുടക്കത്തിൽ സെന്ററിൽ വെയ്ക്കുന്ന ബോള് പോലെ. ഇത് ഗോൾപോസ്റ്റിൽ എത്തണമെങ്കിൽ നിരവധി തൊഴികളും തലോടലും നേരിടേണ്ടതുണ്ട് എങ്കിലും ഓരോ നിമിഷവും ഇത് സഞ്ചരിക്കട്ടെ ഗോൾപോസ്റ്റിൽ എത്താൻ വേണ്ടി
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ