2010, നവം 19

കൈക്കൂലിക്കാരായ ആര്‍ടി ഓഫീസുകാരെ തളയ്ക്കണം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് ട്രാന്സ്പോര്ട്ട് ഓഫീസുകളില് ഇന്നലെ വിജിലന്സ് നടത്തിയ പരിശോധനയില് കുറേ രൂപ ലഭിച്ചെന്നാണു വാര്ത്ത. മുപ്പതിനായിരമോ അതിനോടൊപ്പമോ നില്ക്കുന്ന തുകകളുടെ കണക്കു മാത്രമാണു പലയിടത്തു നിന്നും കേട്ടത്. വലിയൊരു അഴിമതിയുടെ കണ്ടെത്തലെന്ന രീതിയില് വാര്ത്തയെ അവതരിപ്പിക്കേണ്ട കാര്യമില്ല.ആര്ടി ഓഫീസുകളെന്നാല് അഴിമതിയുടെ കേന്ദ്രം എന്നാണ് നിര്വ്വചനം. ഇത് അറിയാത്തവരായി ആരുമുണ്ടാവില്ല. ഓരോ ദിവസവും സംസ്ഥാനത്തെ ആര്ടി ഓഫീസുകളില് മറിയുന്നത് ലക്ഷക്കണക്കിനു രൂപയാണ്. കൈക്കൂലിയിനത്തില് വാങ്ങുന്ന തുക ഉപയോഗിച്ചു മാത്രം ആഡംബരജീവിതം നയിക്കുന്നവരാണ് റോഡ് ട്രാന്സ്പോര്ട്ട് ഓഫീസുകളിലെ ജീവനക്കാരില് ബഹുഭൂരിപക്ഷവും. ശമ്പളം അതേപടി ബാങ്കില് നിക്ഷേപിക്കും. കാലങ്ങളായി തുടരുന്നതാണ് പതിവ്.അഴിമതിക്കെതിരേ വലിയതോതില് ശബ്ദമുയര്ത്തിയിരുന്ന പലരും ട്രാന്സ്പോര്ട്ട് വകുപ്പിന്റെ ഭരണം കയ്യാളിയിട്ടുണ്ട്. അവരാരുംതന്നെ ആര്ടി ഓഫീസുകളെ തൊട്ടുകളിക്കാന് തയ്യാറായിട്ടില്ലെന്നതാണു വാസ്തവം.വാഹനങ്ങളുടെ എണ്ണം പെരുകുകയും റോഡിലെ തിരക്ക് വര്ധിക്കുകയും ചെയ്തതോടെ വകുപ്പിലെ ജീവനക്കാര്ക്ക് ചാകരക്കൊയ്ത്തായി. ആര്ടിഒമാരും ജോയിന്റ് ആര്ടിഒമാരും വെഹിക്കിള് ഇന്സ്പെക്ടര്മാരും വാരിക്കൂട്ടുന്ന പണത്തിനു കയ്യും കണക്കുമില്ല.ആര്ടി ഓഫീസുകളിലേക്ക് പണമൊഴുകുന്ന പ്രധാനവഴികള് സ്വകാര്യ ബസ് സര്വ്വീസുകളും വാഹന ഡീലര്മാരുമാണ്. ഇവരില് നിന്നു പിരിച്ചെടുക്കുന്ന തുകയുടെ കണക്ക് ആരെയും ഞെട്ടിക്കും. ഓരോ പുതിയ വാഹനവും വില്ക്കുമ്പോള് അതിന്റെ രജിസ്ട്രേഷന് ഉള്പ്പെടെയുള്ള കാര്യങ്ങള്ക്ക് ആര്ടി ഓഫീസിലെ ജീവനക്കാര്ക്ക് കൈക്കൂലി നല്കണം. അതില്ലാതെ ഒന്നും നടക്കില്ല. മാമൂല് ലംഘിക്കുന്നവരുടെ അനുഭവം മോശമായിരിക്കും. ഇതറിയാവുന്നതിനാല് വാഹനത്തിന്റെ രേഖകള്ക്കൊപ്പം കൈക്കൂലിപ്പണം കൃത്യമായി ഓഫീസില് എത്തിക്കും.വാഹനസംബന്ധമായ കാര്യങ്ങള്ക്കായി ആര്ടി ഓഫീസുകളില് എത്തുന്ന സാധാരണക്കാരുടെ കാര്യവും വ്യത്യസ്തമല്ല. ഇടനിലക്കാരെ ഒഴിവാക്കിയെന്നു മന്ത്രിയും സര്ക്കാരുമൊക്കെ വീമ്പിളക്കാറുണ്ടെങ്കിലും, ആര്ടി ഓഫീസില് നിന്ന് എന്തെങ്കിലും കാര്യം സാധിക്കണമെങ്കില് ഇടത്തട്ടുകാര് കൂടിയേ തീരൂ. പരസ്യമായി കൈക്കൂലി ചോദിച്ചു വാങ്ങുന്ന ഏക സര്ക്കാര് സ്ഥാപനമായ ആര്ടി ഓഫീസിലെ അഴിമതി അവസാനിപ്പിക്കാന് ആര്ക്കും സാധിക്കുന്നില്ല.എത്രയോ പ്രഗദ്ഭര് ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അവരെപ്പോലും വിറപ്പിക്കാന് തക്ക ശക്തി ആര്ടി ഓഫീസിലെ ജീവനക്കാര്ക്കും അവരുടെ സംഘടനകള്ക്കുമുണ്ടെന്നതാണ് അഴിമതിയുടെ കൂത്തരങ്ങായി അവിടം മാറാന് കാരണം.അസിസ്റ്റന്റ് വെഹിക്കിള് ഇന്സ്പെക്ടര്മാരായി ജോലിക്കെത്തുന്നവര് ആദ്യമായി ചെയ്യേണ്ടത് കൈക്കൂലി പിരിക്കേണ്ടതെങ്ങനെയെന്നും അത് ഏതൊക്കെ തലത്തിലൂടെ വീതം വയ്ക്കണമെന്നുമാണ്. പ്യൂണ് ഉള്പ്പെടെയുള്ളവര് വാങ്ങുന്ന തുകയുടെ പങ്ക് വകുപ്പിന്റെ തലപ്പത്തിരിക്കുന്ന മഹാരഥന്മാരുടെ കീശയില് വരെ കൃത്യമായി എത്തണം. അതാണ് അലിഖിത നിയമം.പ്രബുദ്ധരായ ജനങ്ങളുള്ള ഒരു നാട്ടിലെ സര്ക്കാര് ഓഫീസിന്റെ അവസ്ഥയാണിതെന്നു പറയുന്നതു പോലും ലജ്ജാകരമാണ്. അവകാശമെന്നോണം കൈക്കൂലി വാങ്ങാന് ഉദ്യോഗസ്ഥര്ക്ക് ആരാണ് അനുവാദം നല്കിയിരിക്കുന്നതെന്ന് സര്ക്കാര് വ്യക്തമാക്കണം. ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപ കൈക്കൂലിയിനത്തില് ഒഴുകുന്ന സ്ഥലങ്ങളുണ്ട്. അവിടേക്ക് സ്ഥലംമാറ്റം ലഭിക്കാന് വന്തുക മുടക്കേണ്ടിവരുമെന്ന് മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥര് തന്നെ സമ്മതിക്കുന്നു.ആര്ടി ഓഫീസിലെ ജോലി എന്നാല് കൈക്കൂലി വാങ്ങാനുള്ള അവകാശമെന്നു കരുതുന്ന അഴിമതിവീരന്മാരെ നിലയ്ക്കു നിര്ത്താന് സര്ക്കാര് ഇനിയെങ്കിലും തയ്യാറാവണം. ലക്ഷങ്ങള് ദിനംപ്രതി ഒഴുകുന്ന ഓഫീസുകളില് നടത്തുന്ന പ്രഹസനങ്ങളാവരുത് പരിശോധനകള്. കാക്കിയിട്ടാല് എന്തുമാകാമെന്ന ധാരണ മോട്ടോര് വാഹനവകുപ്പിനും ഉണ്ടെന്നതില് സംശയമില്ല.അങ്ങനെയുള്ള തെറ്റിദ്ധാരണ വച്ചുപുലര്ത്തുന്നവരെ നേരിടേണ്ടത് മറ്റുചില മാര്ഗങ്ങളിലൂടെയാണ്. പണ്ടേ തുടര്ന്നു പോന്ന കീഴ്വഴക്കം എന്ന രീതിയില് കൈക്കൂലി വാങ്ങലില് റെക്കോഡ് സ്ഥാപിക്കുന്ന ഇത്തരക്കാരെ നേരിടാനുള്ള ചങ്കൂറ്റവും കൈക്കരുത്തുമുള്ളവരാണ് ഇന്നത്തെ യുവതലമുറയെന്ന് മറക്കാതിരിക്കുക.സര്ക്കാര് നോക്കുകുത്തിയാവുകയും അഴിമതിക്കാരുടെ കുട പിടിക്കുന്നവരാവുകയും ചെയ്യുമ്പോള് ചിലപ്പോള് ജനങ്ങള് നേരിട്ട് ഇടപെടേണ്ടിവരും. പൊലീസ് കഴിഞ്ഞാല് ജനങ്ങളെ ദ്രോഹിക്കുന്നതിലും അധിക്ഷേപിക്കുന്നതിലും മുന്പന്തിയില് നില്ക്കുന്ന വകുപ്പാണ് മോട്ടോര്വാഹന വകുപ്പ്. നിയമപ്രകാരമുള്ള ലൈസന്സ് ഉള്പ്പെടെയുള്ളവ നല്കാന് അധികാരപ്പെട്ടവര് എന്നതിന്റെ ധാര്ഷ്ട്യവും ഹുങ്കും വച്ചുപൊറുപ്പിക്കാനാവുന്നതല്ല.ഇവര് പേപ്പറുകള് ശരിയാക്കിയില്ലെങ്കില് വാഹനം ഓടിക്കാന് പറ്റില്ല എന്നതുകൊണ്ടു മാത്രം പലപ്പോഴും കൈക്കൂലി നല്കാന് ജനം തയ്യാറാവുന്നുണ്ട്. അതു പക്ഷേ ആരുടെയും അവകാശമായി കണക്കാക്കേണ്ടതില്ല. സര്ക്കാരില് നിന്നു ശമ്പളം പറ്റുന്നവര് ജനങ്ങളുടെ പാദസേവ ചെയ്യേണ്ടിവരും. അത് ഇഷ്ടമല്ലെങ്കില് രാജിവച്ചു പുറത്തു പോവുക. അങ്ങനെ പോകാന് തയ്യാറല്ലാത്തവരെ അടിച്ചോടിക്കാനുള്ള ബാധ്യത സര്ക്കാര് ഏറ്റെടുക്കണം. പ്രാകൃത നിയമങ്ങളാണ് മോട്ടോര് വാഹന വകുപ്പിലെയും പൊലീസ് വകുപ്പിലെയും ഉദ്യോഗസ്ഥര്ക്ക് യോജിക്കുക. പരസ്യമായി ഇവരെ ജനം കല്ലെറിയുന്ന കാലം വിദൂരമല്ലെന്നത് ഭയാശങ്കകളോടെ മാത്രം ചിന്തിക്കാവുന്ന കാര്യമാണ്.യുവജന സംഘടനകള്ക്കും ഇക്കാര്യത്തില് പാളിച്ച പറ്റുന്നുണ്ട്. പ്രതികരണ ശേഷിയുള്ള ചെറുപ്പക്കാരെ സംഘടിപ്പിച്ച് അഴിമതിക്കാരും കൈക്കൂലിക്കാരും ഉപദ്രവകാരികളുമായ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്ത്താനുള്ള ഉത്തരവാദിത്തം യുവജനസംഘടനകള്ക്കുണ്ട്. ഡിവൈഎഫ് പോലുള്ള സംഘടനകള് പണ്ട് ഇത്തരം ജനോപകാരപ്രദമായ പരിപാടികള് ആസൂത്രണം ചെയ്തിരുന്നു. അതിന്റെ നേതാക്കള് വലിയ നേതാക്കളുടെ ആജ്ഞാനുവര്ത്തികള് മാത്രമായതോടെ യുവജനശക്തിയാണു ക്ഷയിച്ചത്. ഇനിയെങ്കിലും പഴയ ഊര്ജ്ജത്തിലേക്ക് യുവാക്കള് എത്തണം. കൈക്കൂലിക്കാരെയും ക്രിമിനല് പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെയും പരസ്യമായിത്തന്നെ നേരിടാന് അവര്ക്കു സാധിക്കണം. അതിന് എല്ലാ യുവജനസംഘടനകളും യോജിച്ച് മുന്നിട്ടിറങ്ങണം. ഇല്ലാത്തപക്ഷം, നാട് അരാജകത്വത്തിലേക്കായിരിക്കും കൂപ്പുകുത്തുക.

കടപ്പാട് - ബാലചന്ദ്രന്‍ ചീറോത്ത് - എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് - കേരളഭൂഷണം