2011, നവം 25

റീട്ടെയില്‍ വിപണിയില്‍ നിലവിളി ഉയരാന്‍ പോകുന്നു

ചില്ലറ വ്യാപാരമേഖല (റീട്ടെയില്‍) വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകളില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌.ഡി.ഐ) അനുവദിക്കാന്‍ തീരുമാനിച്ചത്‌. മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ട്‌, കാരെഫോര്‍, ടെസ്‌കോ തുടങ്ങിയ ബഹുരാഷ്‌ട്ര വില്‍പന ശൃംഖലകള്‍ക്ക്‌ ഇത്‌ അവസരമൊരുക്കും.

സിംഗിള്‍ ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ക്കു നേരത്തേയുണ്ടായിരുന്ന 51 ശതമാനം പരിധി ഒഴിവാക്കി. ഇനി വിദേശ കമ്പനികള്‍ക്കു സ്വന്തമായി സിംഗിള്‍ ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ തുറക്കാന്‍ കഴിയും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് തീരുമാനമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിനു ചെറുകിട കച്ചവടക്കാര്‍ കൈയാളുന്ന 29.50 ലക്ഷം കോടി രൂപയുടെ വിപണിയിലേക്കാണു വിദേശവ്യാപാര ശൃംഖലകളുടെ കടന്നുവരവിനു വഴിയൊരുങ്ങിയിരിക്കുന്നത്‌.

ചില്ലറവ്യാപാര മേഖലയില്‍ എഫ്‌.ഡി.ഐ. അനുവദിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്നു ഇടതുപക്ഷം പ്രഖ്യാപിച്ചു. ഇത്തരം നീക്കമുണ്ടായാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പു നല്‍കി.

വിലക്കയറ്റം തടയണമെങ്കില്‍ റീട്ടെയില്‍ മേഖലയില്‍ എഫ്‌.ഡി.ഐ. അനുവദിക്കണമെന്നു ധനമന്ത്രാലയത്തിലെ ഉപദേഷ്‌ടാവും വിലക്കയറ്റം തടയാനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ തലവനുമായ കൗശിക്‌ ബസു ജനുവരിയില്‍ വ്യക്‌തമാക്കിയിരുന്നു.  ഇതിന്റെ ചുവടു പിടിച്ചാണ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം.

45000 കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് വിലക്കയറ്റം നിയന്ത്രിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനുമെന്ന പേരില്‍ വിദേശ കുത്തകകളെ ആനയിക്കാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. വിതരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും ഈ സംവിധാനം കൊണ്ടു മാത്രമേ സാധിക്കൂ എന്നാണു സര്‍ക്കാര്‍ വാദം.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയേയും പൊതു വിതരണ ശൃംഘലയേയും (റേഷന്‍ ഷോപ്പുകള്‍) ശക്തിപ്പെടുത്തിയും കേരളത്തിലെ സപ്ലെകോ മാതൃകയില്‍ ദേശീയ തലത്തില്‍ പൊതുമേഘലയില്‍ സംഭരണ വിതരണ ന്യായ വില ഷോപ്പുകള്‍ ‍സ്ഥാപിച്ചും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയതുമില്ല.

 ടെസ്കോയും വാള്‍മാര്‍ട്ടും മറ്റും സമ്പൂര്‍ണ്ണാധിപത്യം ആസ്വദിക്കുന്ന ബ്രിട്ടണിലും അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം വിലക്കയറ്റം മൂലം ജനം പൊറുതി മുട്ടുന്ന അവസരത്തിലാണ് നമ്മുടെ സര്‍ക്കാരിന്റെ പുതിയ നടപടി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

റീട്ടെയില്‍ മേഖല തുറന്നുകൊടുക്കലായിരുന്നു യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയം. ലോകത്തിലെ ഒന്നാമത്തെ റീട്ടെയില്‍ ഭീമനായ അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ടിന്റെ സി.ഇ.ഒ. മൈക്ക്‌ ഡ്യൂക്കും കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകളില്‍ എഫ്‌.ഡി.ഐ. അനുവദിക്കുന്നതോടെ വാള്‍മാര്‍ട്ടിനു പുറമെ ടെസ്‌കോ, കാരെഫോര്‍ തുടങ്ങിയ ഭീമന്‍മാര്‍ ഇന്ത്യയിലെത്തും. വാള്‍മാര്‍ട്ട്‌ ഇപ്പോള്‍തന്നെ ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന്‌ അഞ്ചു മൊത്തവിതണ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ടെസ്‌കോ ഒന്നും. എഫ്‌.ഡി.ഐ. അനുവദിക്കാന്‍ തയാറായാല്‍ ഉടന്‍ തന്നെ ഇന്ത്യയിലുടനീളം 100 ഔട്‌ലെറ്റുകള്‍ ആരംഭിക്കുമെന്ന്‌ വാള്‍മാര്‍ട്ട്‌ വ്യക്‌തമാക്കിയിട്ടുമുണ്ട്‌.

രാജ്യത്താകെ മൂന്നര കോടി ജനങ്ങളാണ്‌ ചില്ലറ വ്യാപാര മേഖലയില്‍ പണിയെടുക്കുന്നത്‌. ഇതില്‍ 96 ശതമാനം പേരും അസംഘടിത മേഖലയിലാണ്‌. സംഘടിത, അസംഘടിത മേഖലയിലായി ഒന്നരക്കോടിയോളം ചെറുകിട ഉല്‍പന്ന ഔട്‌ലെറ്റുകള്‍ രാജ്യത്തുണ്ട്‌. ഇന്ത്യന്‍ കുത്തകകളായ റിലയന്‍സ്‌, മഹീന്ദ്ര, ആദിത്യ ബിര്‍ള, ഭാരതി തുടങ്ങിയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളതും ലൈസന്‍സുള്ളതുമായ സംഘടിത മേഖല ഇതിലെ ആറു ശതമാനം മാത്രമാണ്‌.

വിദേശ വമ്പന്മാര്‍ കൂടി വരുന്നതോടെ റോഡരികിലെ പഴം, പച്ചക്കറി വില്‍പ്പന ശാലകള്‍ മുതല്‍ ചെറിയ കടകള്‍ വരെ പൂട്ടിപ്പോകും. കോടിക്കണക്കിനു സാധാരണക്കാരുടെ അന്നം മുട്ടുകയായിരിക്കും ഇതിന്റെ ഫലം. കര്‍ഷക ആത്മഹത്യകള്‍ പോലെ വ്യാപാരി ആത്മഹത്യകളും സാര്‍വത്രികമാകാന്‍ പുതിയ നിയമം വഴിവെച്ചേക്കും.

അതേസമയം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍പ്പെട്ട അമേരിക്കയിലടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ഔട്‌ലെറ്റുകളുടെ വിസ്തൃതി കുറയ്ക്കുകയും ചില സ്ഥലങ്ങളില്‍ വമ്പന്‍ ഔട്‌ലെറ്റുകള്‍ അടച്ചു പൂട്ടുകയും ചെയ്യേണ്ടി വന്ന ടെസ്കോയ്കും വാള്‍മാര്‍ട്ടിനും മറ്റും സാമ്പത്തിക മാന്ദ്യം ഇനിയും കാര്യമായ അലയൊലി ഉണ്ടാക്കിയിട്ടില്ലാത്ത ഇന്ത്യയുടെ വന്‍ വിപണി തുറന്നു കിട്ടുന്നത് അഗോള തലത്തില്‍ തന്നെ വലിയ ഗുണം ചെയ്യും.

മാധ്യമ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ഏഷ്യാനെറ്റ് അടക്കമുള്ള പ്രാദേശിക ചാനലുകളേ ആഗോളഭീമന്മാര്‍ വിഴുങ്ങുകയും സാമൂഹ്യപതിബദ്ധത മറന്ന് ഉടമയുടെ വാണിജ്യ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്നതും ആഗോള സാംസ്കാരിക മാലിന്യങ്ങള്‍ മഹത്വവല്‍ക്കരിച്ച് പ്രേക്ഷകര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതും നമുക്ക് മുന്നില്‍ ഉദാഹരണമായുണ്ട്.

7 അഭിപ്രായ(ങ്ങള്‍):

VANIYATHAN പറഞ്ഞു...

ഈ വിദേശ വ്യാപാര ശാലകൾ ഇൻഡ്യയിൽ വരികയും ഇവിടെ വേരുറപ്പിക്കയും ചെയ്താൽ വിലക്കയറ്റം കുറയില്ലന്നു മാത്രമല്ല ഈ കമ്പനികൾ സമാഹരിക്കുന്നപണം ഡോളർ ആയി വിദേശത്തേക്ക്‌ പോകയും അങ്ങനെ രൂപയുടെ മൂല്യം തലകുത്തിവീഴുകയും നാം ഇറക്കുമതിചെയ്യണ്ട പെട്രോളിനും, ഗ്യാസിനും, ഡീസ്സലിനും 200 രുപവരെ ഉയരുന്ന ഒരവസ്ഥയിൽ എത്തുകയും ചെയ്യുമ്പോൾ, ഇന്ന് ഇതു ചെയ്യുന്ന കോൺഗ്രസ്സ്‌ ഭരണത്തിൽ കാണില്ല എന്നുമാത്രമല്ല നാം പറയുന്നത്‌ കേൾക്കാൻ പ്രതിപക്ഷത്തു പോലും കാണില്ല. അന്ന് സാധാരണക്കാരന്റെ അവസ്ഥ ഇൻഡ്യക്ക്‌ സ്വാതന്ത്യം കിട്ടിയപ്പോൾ ഉണ്ടായിരുന്നതിലും കഷ്ടമായിരിക്കും

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ചില ബഹു രാഷ്ട്ര റീട്ടൈല്‍ ഭീമന്മാരുടെ ബ്രിട്ടനിലെ ഇന്നത്തെ സ്ഥിതി അറിയാന്‍ ദാ... താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഒന്നു സന്ദര്‍ശിക്കു.


http://www.dailymalayalam.co.uk/index.php?p=news_details&catid=13&newsid=11273

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

കലികാലം അല്ലാതെ എന്ത് പറയാനാ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

Manoj മനോജ് പറഞ്ഞു...

പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ ഇതിനെതിരെ ശക്തമായി പൊരുതുമെന്ന് ഭരണകൂടാരത്തില്‍ നിന്ന് മമത തുറന്ന് പറഞ്ഞ് കഴിഞ്ഞിരുന്നു.

പുതിയ ഔട്ട്ലെറ്റ് തുറക്കുന്നതിനെതിരെ ന്യൂയോര്‍ക്കില്‍ തന്നെ വാള്‍മാര്‍ട്ടിനെതിരെ സമരം നടക്കുന്നത് എന്തിനെന്ന് ഒരു നോക്ക് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ സിങന് തലയില്‍ കുറച്ചെങ്കിലും വെളിച്ചം കിട്ടുമായിരുന്നു!!! സോണിയജി അമേരിക്കയില്‍ ചികിത്സയില്‍ പോകുന്നത് വരെ വാള്‍മാര്‍ട്ടിനെതിരായിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേയ്ക്കും മലക്കം മറിയുവാന്‍ എന്ത് സംഭവിച്ചുവോ ആവോ?

msntekurippukal പറഞ്ഞു...

എന്നിട്ട് ചില കോണ്‍ഗ്രസ്സുകാര്‍ നിര്‍ലജ്ജം ഇതിനു വേണ്ടി വാദിക്കുമ്പോള്‍ അവരോട് ചോദിക്കേണ്ടത് അവര്‍ക്കീ കടകളില്‍ എന്തെങ്കിലും റിഡക്ഷന്‍ കിട്ടുമോ എന്നാണ്.

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ഈ വിഷയത്തില്‍ ചിലര്‍ വാദത്തിനു വേണ്ടിയെങ്കിലും പറയുന്നത് പ്രാദേശിക വ്യാപാരികളുമായി വിലക്കുറവില്‍ മത്സരിക്കുമ്പോള്‍ തന്നെ ലോക നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് സാധരണക്കാര്‍ക്ക് എത്തിക്കും എന്നുള്ളതാണ്.

ഈ വാദത്തിന്റെ നിരര്‍ഥകത ബോധ്യമാകണമെങ്കില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് പെപ്സിയും കൊക്കക്കോളയും ഇന്ത്യയിലേക്ക് പുന:പ്രവേശനം നല്‍കിയ സമയത്ത് അന്നതെ ഭരണക്കാര്‍ നല്‍കിയ വിശദീകരണങ്ങളുമായി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.

ഇന്ത്യയിലെ ചെറുകിട ശീതള പാനീയ നിര്‍മാതാക്കളുമായി വിലയിലും വിതരണ ശൃംഘലയിലും മത്സരിക്കാന്‍ പെപ്സിക്കും കോക്കിനും ആവില്ലെന്നും എന്നാല്‍ മെട്രോ നഗരങ്ങളിലെ ഉപരി വര്‍ഗ്ഗ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള പാനീയങ്ങള്‍ വാങ്ങുവാനുള്ള അവസരം മാത്രമാണ് ഒരുക്കുന്നത് എന്നുമാണ്.

എനാല്‍ ഇന്നത്തെ യാധാര്‍ഥ്യം എന്താണ്?

ഗുണമേന്മ:

മേല്‍പ്പറഞ്ഞ രണ്ട് കമ്പനികളുടെയും ഉല്‍പ്പന്നനങ്ങളില്‍ അനുവദനീയമായതിന്റെ പതിന്മടങ്ങ് ഹാനികരമയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നു പരി‍ശോധനകള്‍ പലവട്ടം തെളിയിച്ചു കഴിഞ്ഞു.

മത്സരക്ഷമത:

ഇന്ത്യന്‍ വിപണിയില്‍ പെപ്സിയും കൊക്കക്കോളയും പുന:പ്രവേശനം ചെയ്യുന്നതിനു മുന്‍പ് വിപണിയിലുണ്ടായിരുന്ന എല്ലാ ചെറുകിട ഇടത്തരം ശീതളപാനീയ ബ്രാണ്ടുകളും കുത്തക കമ്പനികളുടെ പരസ്യ പ്രചാരണത്തിനു മുന്‍പില്‍ പിടിച്ച് നില്‍ക്കാനാവാതെ മണ്മറഞ്ഞുകഴിഞ്ഞു, കുടില്‍ വ്യവസായമായി അനേകര്‍ക്ക് തൊഴില്‍ നകിയിരുന്ന "വട്ടു സോഡ" പോലും ആഗോള ഭീമന്മാര്‍ക്കുമുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ എങ്ങോ പോയ്മറഞ്ഞു. ഇന്ത്യന്‍ ശീതള പാനീയ വിപണിയിലെ മുന്നിരക്കാരായിരുന്ന പാര്‍‌ലെ കമ്പനിയുടെ ലിംകയും തംസപ്പും ബിസ്ലേരിയും മറ്റും ഇന്ന് അതേപേരില്‍ തന്നെ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കൊക്കക്കോള കമ്പനിയാണ്.

വില:350ML പെപ്സി ക്യാനിന്റെ ദുബായിലെ വില ഒരു ദ്ര്‍ഹം ആണ്, എന്നാല്‍ 330ML പെപ്സി ക്യാനിന് കൊച്ചിയില്‍ 30 രൂപ കൊടുക്കണം, ഇന്നത്തെ രൂപാ - ദിര്‍ഹം എക്സ്ചേന്‍‌ജ് റേറ്റ് 1ദിര്‍ഹം=14രൂപ

അനില്‍ഫില്‍ (തോമാ) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.