2012, ഫെബ്രു 3

കടുത്ത സാമ്പത്തിക പ്രതിസന്ധി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണു സൂചന. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും അതിനെ പ്രതിസന്ധിയെന്നു വിശേഷിപ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാകട്ടെ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് തുറന്നു പറയുന്നു.ആളോഹരി കടത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.


കേന്ദ്രത്തില്‍ തന്നെ നികുതി വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത വിഹിതത്തിലും കുറവ് വരുന്നത് സ്വാഭാവികമാണെന്നാണു മുഖ്യമന്ത്രിയുടെ അഭിപ്രായം. സര്‍ക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ച് വകുപ്പു തിരിച്ചുള്ള വിലയിരുത്തല്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ നടത്തിയിരുന്നു. ധനസ്ഥിതിയെക്കുറിച്ച് ലാഘവത്തോടെ മുഖ്യമന്ത്രി പറയുന്നതു ബോധപൂര്‍വമാണെന്നു വേണം കരുതാന്‍. എന്നാല്‍, സ്ഥിതിഗതി അത്രകണ്ട് നിസാരമല്ല എന്നതിന്റെ തെളിവുകള്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ പ്രകടമായിരുന്നു. ധനസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് സമയം മുഴുവന്‍ ചെലവഴിച്ചത്. അക്കാരണത്താല്‍ത്തന്നെ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനായില്ല. അക്കാരണത്താലാണ് ഇന്നലെ വീണ്ടും മന്ത്രിസഭായോഗം ചേരാന്‍ തീരുമാനമായത്. ഇതു തന്നെയാണ് ഗുരുതരമായ സാമ്പത്തിക നിലയാണ് കേരളത്തിലുള്ളതെന്നതിന്റെ മികച്ച തെളിവ്.


കാര്യങ്ങളുടെ പോക്ക് അങ്ങനെയാണെന്നിരിക്കെ സത്യം തുറന്നു പറഞ്ഞ ആര്യാടനെ അധികം കുറ്റപ്പെടുത്താനാവില്ല. എങ്കിലും,  സ്വന്തം നാട് സാമ്പത്തികമായി തകരുകയാണെന്ന അറിവ് സാധാരണക്കാരുടെ ജീവിതത്തെ ഏതു വിധത്തിലൊക്കെ ബാധിച്ചേക്കാമെന്ന് ഭരണാധികാരികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പ്രസംഗത്തിന്റെ മികവിനു വേണ്ടിയോ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വേണ്ടിയോ ആകാം ആര്യാടന്‍ അങ്ങനെ പറഞ്ഞത്. പക്ഷേ, അതുണ്ടാക്കുന്ന ആശങ്ക തള്ളിക്കളയാനാവില്ല. കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തു പ്രതിസന്ധിയുണ്ടാകുന്നത് ഏതു വിധത്തിലാണു പരിഹരിക്കാന്‍ സാധിക്കുക എന്നതിനുള്ള കൂട്ടായ ചര്‍ച്ചകളും ആലോചനകളുമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.


ജനങ്ങളുടെ മേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് സംസ്ഥാനത്തിന്റെ കടം വീട്ടുക എന്ന  ശൈലിയിലേക്കാവും മിക്കവാറും കാര്യങ്ങളുടെ പോക്ക്.വൈദ്യുതിനിരക്കും വെള്ളക്കരവും വര്‍ധിപ്പിക്കുക, ഇളവുകള്‍ റദ്ദാക്കുക തുടങ്ങിയ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കാനിടയുണ്ട്. യഥാര്‍ത്ഥത്തില്‍, ഇതിനേക്കാള്‍ മികച്ച നിലയില്‍ കാര്യങ്ങള്‍ നടത്താന്‍ ചെലവുചുരുക്കലിലൂടെ സാധിക്കും. ആരു ചെലവു ചുരുക്കണമെന്ന ചോദ്യം മാത്രമാണ് ഇപ്പോള്‍ ഉയരുന്നത്. സര്‍ക്കാര്‍ പറയുക, ജനങ്ങള്‍ ചെലവു ചുരുക്കണമെന്നായിരിക്കാം. വാസ്തവത്തില്‍ സര്‍ക്കാര്‍ ചെലവു ചുരുക്കിയാല്‍ മറികടക്കാവുന്ന പ്രതിസന്ധിയേ കേരളത്തിനുള്ളൂ. കൂടുതല്‍ നികുതികളേര്‍പ്പെടുത്താതെയും വൈദ്യുതി, വെള്ളക്കരം കൂട്ടാതെയും ജനങ്ങളെ തുണയ്ക്കാന്‍ സാധിക്കും.


ചെലവു ചുരുക്കല്‍ മന്ത്രിമാരില്‍ നിന്നു തന്നെ തുടങ്ങണം. കുറേ മാസങ്ങളിലേക്ക് തങ്ങളുടെ ശമ്പളം വേണ്ടെന്നു വെക്കാന്‍ എംഎല്‍എമാരും എംപിമാരും തദ്ദേശഭരണ സ്ഥാപനാംഗങ്ങളുമടക്കമുള്ള ജനപ്രതിനിധികള്‍ക്ക് തീരുമാനം എടുത്തുകൂടേ? അതിലൂടെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കൂ. അതിനു തയാറല്ലാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അടിയന്തരമായി രാജി വെക്കുക. മന്ത്രിമാരടക്കമുള്ളവരുടെ യാത്രകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് അടുത്ത മാര്‍ഗം. കാറിലും വിമാനത്തിലും മാത്രമേ യാത്ര ചെയ്യൂവെന്ന പിടിവാശി മന്ത്രിമാര്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഓരോ ദി്‌വസവും കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ യാത്ര ചെയ്ത് ഉദ്ഘാടനങ്ങളും മറ്റു പരിപാടികളുമൊന്നും മന്ത്രിമാര്‍ നടത്തേണ്ടതില്ല. അവര്‍ തിരുവനന്തപുരത്ത് ഇരിക്കട്ടെ. ആഴ്ചയിലൊരിക്കല്‍ സ്വന്തം മണ്ഡലങ്ങളിലേക്കു ട്രെയിനിലോ ബസിലോ പോവുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനു തൊട്ടുമുമ്പു വരെ അങ്ങനെയൊക്കെയല്ലേ നിങ്ങളില്‍ പലരും യാത്ര ചെയ്തിരുന്നത്?


മന്ത്രിക്കസേരയിലിരുന്നാല്‍ പിന്നെ ജനങ്ങളേക്കാള്‍ വളരെ മുകളിലായിപ്പോയി എന്ന തോന്നല്‍ ഉപേക്ഷിച്ചാല്‍ ഇക്കാര്യത്തിലുള്ള മടി മാറും. മാത്രവുമല്ല, ജനങ്ങളോട് ഇഴുകിച്ചേരുന്ന മന്ത്രിമാര്‍ നാടിന് അരങ്ങും അഴകുമാവുകയും ചെയ്യും. ഇതിനു തയാറുള്ള ഏതെങ്കിലും മന്ത്രി കേരളത്തിലുണ്ടെങ്കില്‍ നടപ്പാക്കുക. ഇതൊരു വെല്ലുവിൡയായി കണക്കാക്കിക്കൊള്ളൂ. സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു നിയന്ത്രിച്ചാല്‍ കുറേ പണം ലാഭിക്കാനാവും. പൊലീസിന്റെ വാഹനങ്ങളടക്കം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.

തിരുവനന്തപുരത്ത് മന്ത്രിസഭായോഗം കൂടി നൂറിലേറെ കിലോമീറ്റര്‍ ദൂരെയുള്ള സ്വന്തം വീട്ടിലെത്തുകയും പിറ്റേന്നു രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്യുന്ന മന്ത്രിമാര്‍ ഇവിടെയുണ്ട്. ഒരു രാത്രിക്കു വേണ്ടി ഇത്രയേറെ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവാക്കുന്നതിനെ ധൂര്‍ത്ത് എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ.


സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാര്യം പറഞ്ഞ് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനുള്ള ആലോചനയ്ക്കു വേണ്ടിയാണ് പലപ്പോഴും ഇവരുടെ ധൂര്‍ത്തയാത്രകള്‍. അത് ഇനി വേണ്ട. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഭരണചക്രം തിരിക്കുന്നതിനാണ് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതു നിറവേറ്റുക തന്നെ വേണം.

2 അഭിപ്രായ(ങ്ങള്‍):

Pheonix പറഞ്ഞു...

ഒരാളെങ്കിലും ഇതൊക്കെ ഒന്ന് പറഞ്ഞല്ലോ.

Unknown പറഞ്ഞു...

കറക്റ്റ്!
പക്ഷെ ഇതൊക്കെ നടത്തിക്കാനുള്ള ചങ്കുറപ്പുള്ള നേതൃത്വം വേണം, ഇതിപ്പൊ ഇളകുന്ന മേല്‍ക്കൂര നാലു കാലുകളില്‍ ഒന്ന് പിന്നോട്ട് മറ്റൊന്ന് മുന്നോട്ട് പിന്നൊന്ന് തെക്ക്, അവസാനത്തേത് വടക്ക്-ഇങ്ങനെയായാല്‍, എന്താവാന്‍?

directive principle of state policy പോലെത്തന്നെ തോമാച്ചന്റെ നിര്‍ദ്ദേശങ്ങളും, ഹ്ഹ്! only direction!!!