മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെടി തോമസ് സ്വീകരിച്ച നിലപാടാണ് പുതിയ ചര്‍ച്ചാവിഷയം. താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്നാണ് ജസ്റ്റിസ് തോമസ് പറയുന്നത്. അതു ശരിയല്ലെന്ന് മന്ത്രി പിജെ ജോസഫും പറയുന്നു.
മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ആശങ്ക തന്നെയാണ്. മലയാളിയായി പിറന്ന എല്ലാവരും ഒരേ മനസോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു നീക്കി പുതിയതു നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഈ ഘട്ടത്തിലാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
കേരളം മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും പൂര്‍ണമായി തള്ളിക്കളഞ്ഞുള്ള റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്നും സാധാരണ ജനങ്ങളില്‍ നിന്നുമുയര്‍ന്ന അഭിപ്രായപ്രകടനങ്ങളെ അസഹിഷ്ണുതയോടെ ആരും വീക്ഷിക്കരുത്. റൂര്‍ക്കി ഐഐടിയുടെ പഠന റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമായി നിരസിച്ചുകൊണ്ടാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് സൂചന. അതായത്, കേരളത്തിന് അനുകൂലമായി ഭവിച്ചേക്കാവുന്ന എല്ലാ പഴുതുകളും അടച്ചു.
ജസ്റ്റിസ് കെ.ടി തോമസ് കേരളത്തെ ഒറ്റിക്കൊടുത്തു എന്ന് ആരും പറയുന്നില്ല. പക്ഷേ, സമിതിയില്‍ കേരളത്തിനെതിരായ അഭിപ്രായസമന്വയമുണ്ടാകുമ്പോള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ അദ്ദേഹം തയാറാകേണ്ടതായിരുന്നു. ഒരു മലയാളിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് അത് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ തമിഴ്‌നാട് ഹൗസില്‍ താമസിച്ചതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹത്തിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നു എന്ന അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാനാവില്ല. എങ്കിലും, കേരളത്തിന്റെ വാദമുഖങ്ങള്‍ തകര്‍ക്കാന്‍ തമിഴ്‌നാട് നടത്തിയ ശക്തമായ നീക്കങ്ങളില്‍ അറിയാതെ അദ്ദേഹവും പങ്കാളിയായോ എന്ന സംശയം ഉയരുക സ്വാഭാവികം. അതില്‍ ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരും കേ പീ സീ സീ പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ഇതേ വിഷയത്തില്‍ വിരുദ്ധാഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജസ്റ്റിസ് കെടി തോമസിനെ മന്ത്രി പി.ജെ ജോസഫ് വിമര്‍ശിച്ചപ്പോള്‍ അതു ശരിയായില്ലെന്ന തരത്തിലാണ് കെ.സി ജോസഫും ചെന്നിത്തലയും പ്രതികരിച്ചത്. കേരളത്തിന്റെ പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് പിജെ ജോസഫ് അഭിപ്രായപ്രകടനം നടത്തിയത്. അതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജസ്റ്റിസ് കെടി തോമസ് പറഞ്ഞിട്ടുമുണ്ട്.
ഇതിനിടെ, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നടത്തിയ പ്രസ്താവനയാണ് വാസ്തവം. അണക്കെട്ടിനെക്കുറിച്ച് അറിയാവുന്ന ആരെങ്കിലുമാകണം അതെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്നാണ് കൃഷ്ണയ്യര്‍ പറഞ്ഞത്. ഓരോ രംഗത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയുന്നവര്‍ അതാതു രംഗങ്ങളിലെ വിദഗ്ധരായിരിക്കണം. നിയമവിദഗ്ധര്‍ക്ക് അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ആധികാരികമായി എങ്ങനെയാണ് പറയാന്‍ സാധിക്കുക?
പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ തമിഴ്‌നാടിന് അനുകൂലമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു പോന്നത്. അക്കാരണത്താല്‍ത്തന്നെ കോണ്ടഗ്രസ് മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്നു വളരെപ്പെട്ടെന്ന് പിന്നോക്കം പോകുന്ന കാഴ്ചയും ഇവിടുള്ളവര്‍ കണ്ടിരുന്നു. ഇപ്പോള്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തമിഴ്‌നാടിനു വേണ്ടിയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും അതിനെതിരേ പ്രതികരിക്കാന്‍ സംസ്ഥാനത്തെ കോണ്ടഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല.
ഇപ്പോള്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോണ്ഗ്രസിന്റെ അറിവോടെയുള്ളതു തന്നെയാണെന്ന് ന്യായമായും സംശയിക്കേിയിരിക്കുന്നു. റിപ്പോര്‍ട്ടിനെ അനുകൂലിച്ച് മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ.സി കെ.സി ജോസഫും, കേ പീ സീ സീ പ്രസിഡണ്ട് ചെന്നിത്തലയും നടത്തിയ അഭിപ്രായപ്രകടനം വിരല്‍ ചൂണ്ടുന്നത് ഈ വഴിക്കു തന്നെ. മുഖ്യമന്ത്രിയടക്കം റിപ്പോര്‍ട്ടിനെക്കുറിച്ച് മൗനം ഭജിക്കുന്നു. ജസ്റ്റിസ് കെടി തോമസ് സ്വീകരിച്ച നിലപാട് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞു തന്നെയാകാനാണ് സാധ്യത.
കോണ്ടഗ്രസിന്റെ അജന്‍ഡ തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് ലക്ഷക്കണക്കായ മലയാളികളുടെ ജീവന്‍ നഷ്ടമാകുന്നതിനേക്കാള്‍ വലുതാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പിന്തുണയെന്നു കോണ്ടഗ്രസ് കേന്ദ്രനേതൃത്വം വിശ്വസിക്കുന്നു എന്നാണ് തോന്നുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പിന്തുണയടക്കം നിരവധി കാര്യങ്ങളില്‍ കേരളത്തേക്കാള്‍ ആവശ്യം തമിഴ്‌നാടിനെയാണെന്ന ചിന്ത കോണ്ടഗ്രസിനെ ഭരിക്കുന്നുണ്ടാകാം.
കേരളത്തിലെ പിന്തുണ ഏതായാലും ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. തമിഴ്‌നാട്ടില്‍ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയത്തേക്കാള്‍ വലുതാണ് തമിഴന്റെ ഭാഷാസ്‌നേഹവും നാടിനോടുള്ള അഭിനിവേശവും. അതു കേരളത്തിലില്ല. തമിഴ്‌നാട്ടിലെ ഏതെങ്കിലും നേതാവ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ സ്വീകരിച്ചതു പോലുളള നടപടിയെടുത്താല്‍ അവര്‍ പിന്നീട് അവിടെയുണ്ടാവില്ല. അതാണ് തമിഴന്റെ വര്‍ഗസ്‌നേഹം. തട്ടേയെപ്പോലുള്ള ഉന്നതാധികാര സമിതിയംഗങ്ങള്‍ തുടക്കം മുതല്‍ കേരളത്തിനെതിരേ നിലപാടെടുത്തപ്പോഴും എതിര്‍ക്കാന്‍ കൂട്ടാക്കാതെ രാഷ്ട്രീയം നോക്കിയിരിപ്പായിരുന്നു കേരള സര്‍ക്കാര്‍. സമാനമായ സമീപനം തമിഴ്‌നാട് സര്‍ക്കാരാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ജയലളിത എന്നേ വീട്ടിലിരുന്നേനെ.
കേരളത്തില്‍ മാത്രം കണ്ടുവരുന്ന പ്രതിഭാസമാണിത്. നാടിനോടുള്ള സ്‌നേഹത്തേക്കാള്‍ വലുതായി രാഷ്ട്രീയത്തിലെ തങ്ങളുടെ മേലാള•ാരുടെ പ്രീതിയെ കാണുന്ന കുറേ നേതാക്കളുടെ തെറ്റായ പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അനുഭവിക്കുകയാണ് കേരളീയര്‍. ഇവിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് മലയാളികളാകെ ചത്തൊടുങ്ങിയാലും, ഡല്‍ഹിയിലിരിക്കുന്ന ഉന്നത നേതാക്കളുടെ മുഖം വാടരുത് എന്നു കരുതുന്ന കോണ്ടഗ്രസ് നേതാക്കളുള്ള നാട്ടില്‍ ഇതല്ലേ സംഭവിക്കൂ.
അത്യന്തം ലജ്ജാകരവും അപമാനകരവുമായ സ്ഥിതിവിശേഷമാണു നിലിവിലുള്ളത്. ആനയെ കണ്ട കുരുടന്‍ ആരെന്ന് കെ.സി ജോസഫും, ചെന്നിത്തലയും കൂട്ടരും വൈകാതെ മനസിലാക്കുമെന്നു മാത്രം പ്രത്യാശിക്കാം.
4 അഭിപ്രായ(ങ്ങള്‍):
എല്ലാം രാഷ്ട്രീയം, രാഷ്ട്രീയ മയം, പണത്തിന്റെ മായ
കാലിക രാഷ്ട്രീയത്തിന്റെ അധികാരക്കൊതിയും പണക്കൊഴുപ്പും .... മാട്ടീ വെച്ചിട്ട് മനുഷ്യ ജീവന് വിലകല്‍പ്പിച്ചു ഈ പ്രസ്നാതിനു ഒരു ശാശ്വത പരിഹാരം കാണാന്‍ എന്ന് കഴിയും ...?? ഈശ്വരോ രക്ഷകു...............
മാറ്റി വെച്ചിട്ട് എന്ന് തിരുത്തി വായിക്കാനപേക്ഷ ...:)
കേന്ദ്ര ഉന്നതാധികാര സമിതി റിപ്പോർട്ടിൽ കേരളത്തെ കെ.ടി.തോമസ് ഇകഴ്ത്തി കാണിച്ചു.
കേരളത്തെ കെ.ടി തോമസ് വഞ്ചിച്ചു: പി.സി ജോസഫ്.
കേന്ദ്രത്തിൽ മീറ്റിംഗിനു പോയപ്പോൾ കെ.ടി തോമസ് ഡൽഹിയിൽ തമിഴ്നാട് ഹൗസിൽ താമസിച്ചു.
അല്ല ചുരുക്കത്തിൽ ഇതൊക്കെ മാത്രമെ ഉണ്ടാവുകയുള്ളൂ ? അണക്കെട്ട് പണി നടക്കില്ലേ? ഒരു കൊല്ലം കഴിയാറായി വർത്തമാനവും തല്ലുകൂട്ടവും തുടങ്ങീട്ട്.
നല്ല എഴുത്ത്,ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ