ഒരു ലിറ്റര്‍ പെട്രോളിന് ഏഴര രൂപ വില വര്‍ധിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള എണ്ണക്കമ്പനികള്‍ ജനങ്ങളെ സഹായിച്ചത്. ഇത്രയേറെ വലിയ തോതിലുള്ള വിലവര്‍ധന ഇതിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇതേച്ചൊല്ലി പ്രതിഷേധം ഉയരുക സ്വാഭാവികം. ഏഷ്യയിലെ ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ ദിവസം തന്നെയാണ് ഇന്ത്യയില്‍ പെട്രോള്‍ വില ക്രമാതീതമായി വര്‍ധിപ്പിച്ചതെന്നതാണ് വസ്തുത.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നെന്നും ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം താഴേക്കു പോയെന്നുമൊക്കെയുള്ള ന്യായങ്ങള്‍ നിരത്തിയാണ് എണ്ണക്കമ്പനികള്‍ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് വില കുത്തനെ കയറ്റിയത്. യഥാര്‍ത്ഥ ചിത്രം ഈ പറയുന്നതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണെന്ന് തെളിയിക്കപ്പെടാന്‍ ഈ വാര്‍ത്ത തന്നെ ധാരാളം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സംഭവിക്കുന്നതും ഇവിടെ സംഭവിക്കുന്നതുമായി വലിയ ബന്ധമൊന്നുമില്ല.
നിലവില്‍ എണ്ണക്കമ്പനികളുടെ നഷ്ടത്തിനു കാരണം ക്രൂഡോയിലിന്റെ വിലയിലെ വര്‍ധനയൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വലിയ നിരക്കിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റി സുഖജീവിതം നയിക്കുന്ന കുറേ വെള്ളാനകളെ തീറ്റിപ്പോറ്റാനാണ് വലിയ പണച്ചെലവുള്ളത്. ഇക്കാരണത്താല്‍തന്നെ കമ്പനി ഓരോ ദിവസവും നഷ്ടത്തിലേക്കു വീഴുകയും ചെയ്യുന്നു. ഇതെല്ലാം അറിയുന്ന സര്‍ക്കാര്‍, കമ്പനികള്‍ക്ക് കൂടുതല്‍ അധികാരം പകര്‍ന്നു നല്‍കി കടമയില്‍ നിന്നു പിന്തിരിഞ്ഞു നില്‍ക്കുമ്പോള്‍ ജനം ആരെയാണ് ആശ്രയിക്കേണ്ടത്. സുഹൃദ് രാഷ്ട്രമായ ഇറാനില്‍ നിന്നും നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കുന്ന എണ്ണയുടെ ഇറക്കുമതി അമേരിക്കയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി നിറുത്തിവെച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം എണ്ണവിലയിലുണ്ടായ വര്‍ധനയുടെ പേരില്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആയിരുന്നു. പ്രാകൃതമായ ഈ സമരമുറയെ ജനം ഇന്നലെ അംഗീകരിച്ചു. അതിനു കാരണം മറ്റൊന്നുമല്ല, സര്‍ക്കാരിന്റെ കയ്യില്‍ നിന്നു മുഖത്തടച്ചു കിട്ടിയ അടി തന്നെ.
എണ്ണക്കമ്പനികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ വില കയറ്റിയിട്ടും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നവര്‍ നിശബ്ദരായി ഇരിക്കുന്നു. ജനങ്ങളോട് എന്തു പ്രതിബദ്ധതയാണ് യുപിഎ സര്‍ക്കാരിനുള്ളത്? തോന്നിയതു പോലെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത് യുപിഎ സര്‍ക്കാര്‍ തന്നെ. വില നിര്‍ണയാധികാരം പൂര്‍ണമായി കമ്പനികള്‍ക്ക് ഏല്പിച്ചു കൊടുത്തതിലൂടെ എന്തു പരിഷ്കരണമാണ് യുപിഎ സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്നു കൂടി ജനങ്ങളോടു പറയുക. സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഒരു സര്‍ക്കാരില്‍ നിന്ന് കിട്ടിയ അടിയായതിനാല്‍ത്തന്നെയാണ് ഇന്നലെ നടന്ന ഹര്‍ത്താലിനോട് ജനം സഹകരിച്ചത്. വളരെപ്പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതു വലിയ ജനദ്രോഹം തന്നെ. അതിനേക്കാള്‍ വലിയ ദ്രോഹത്തില്‍ പ്രതിഷേധിക്കാനാണ് എന്നതിനാല്‍ ജനം ഇടതുപക്ഷത്തോടും ബിജെപിയോടും സഹകരിച്ചു.
പതിവു പോലെ സംസ്ഥാനം അധികനികുതി വേണ്ടെന്നു വച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ക്കൂടി ഇളവു പ്രഖ്യാപിച്ചാല്‍ കുറയ്ക്കാവുന്നതേയുള്ളൂ പെട്രോള്‍ വില. പക്ഷേ, അതിന് ആരും തയാറല്ല. വില നിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കുക എന്ന ചരിത്രപരമായ അബദ്ധം ചെയ്തതിന്റെ പ്രായശ്ചിത്തമായെങ്കിലും നികുതിയിളവു പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറാവണം. പെട്രോളിന്റെ വില വര്‍ധിക്കുന്നതിലൂടെ കഷ്ടപ്പാട് അനുഭവിക്കുക വാഹനയുടമകള്‍ മാത്രമല്ല. ജീവിതത്തിന്റെ സമസ്തമേഖലകളെയും ദോഷകരമായി ബാധിക്കുന്നതാണ് ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധന. പെട്രോളിനു പുറമേ ഡീസലിന് നാലു രൂപയും പാചകവാതകത്തിന് നാനൂറു രൂപയും വരെ വില വര്‍ധിപ്പിച്ചാല്‍ കൊള്ളാമെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. അതിനു കൂടിയുള്ള അവസരം അവര്‍ക്കു നല്‍കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണം.
ഇന്ധനവില ഓരോ തവണയും വര്‍ധിപ്പിക്കുമ്പോള്‍ വലിയ ലാഭം കൊയ്യുന്ന ഒരു വിഭാഗമുണ്ട്. പെട്രോള്‍ പമ്പുടമകള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ പമ്പുകളില്‍ മിക്കവയും സന്ധയ്ക്കു തന്നെ അടച്ചുപൂട്ടി. രാത്രി പന്ത്രണ്ടു മണിക്കു മുമ്പ് ഒരു ലിറ്റര്‍ പോലും വില്‍ക്കാതിരിക്കാനായിരുന്നു ശ്രമം. മിക്ക പമ്പുകളിലും വന്‍ തിരക്കാണ് സന്ധയ്ക്ക് അനുഭവപ്പെട്ടത്. പലയിടത്തും പൊലീസ് വരെ ഇടപെടേണ്ടി വന്നു.
കോട്ടയം നഗരത്തിലെ കോടിമതയിലുള്ള പമ്പ് തുറപ്പിക്കാന്‍ ഇടതുപക്ഷ യുവജനസംഘടനകളും (DYFI) പൊലീസും രംഗത്തെത്തേണ്ടി വന്നതു മാത്രം മതി പമ്പുടമകളുടെ തെറ്റായ പ്രവര്‍ത്തനരീതിയെക്കുറിച്ച് അറിയാന്‍. വില കൂടുമ്പോള്‍ പൂഴ്ത്തി വയ്ക്കുന്ന ഇവരാരും വില കുറയുമ്പോള്‍ അതു കുറയ്ക്കാന്‍ തയാറല്ല. വില വര്‍ധന പ്രഖ്യാപിക്കുന്നത് അതേ ദിവസം അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ്. കുറയ്ക്കുമ്പോഴാകട്ടെ കൂടുതല്‍ സമയം നല്‍കിയും. അതു തന്നെയാണ് ജനത്തോടു ചെയ്യുന്ന വലിയ കുറ്റം.
പെട്രോളിന്റെ വില ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ മൂന്നാം ലോക രാജ്യങ്ങളുടെ പട്ടികയിലെ ഏറ്റവും ദരിദ്രമായ രാജ്യമായി ഇന്ത്യ മാറുമെന്നതില്‍ തര്‍ക്കമില്ല. എണ്ണക്കമ്പനികളെ നിയന്ത്രിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതേ രീതിയില്‍ അധികാരത്തില്‍ തുടരേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നതു നന്നായിരിക്കും. സബ്‌സിഡികള്‍ എടുത്തുകളയാനുള്‍പ്പെടെയുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. അതായത്, സാധാരണ ജനത്തിനു വേണ്ടി മുന്‍കാലങ്ങളിലെ ഭരണകര്‍ത്താക്കള്‍ കരുതലോടെ നടപ്പാക്കിയ പല പദ്ധതികളും പിന്‍വലിക്കാന്‍ പോകുന്നു.
സര്‍ക്കാര്‍ എന്നാല്‍ ജനത്തിന്റെ ജീവിതം ദുരിതത്തിലാക്കുന്നവര്‍ എന്ന നിര്‍വചനം രൂപപ്പെടാന്‍ മാത്രമേ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. ചരിത്രത്തിലേക്ക് എഴുതി ചേര്‍ക്കപ്പെടുമ്പോള്‍ ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാര്‍ എന്ന വിശേഷണമാകും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനു യോജിക്കുക.
ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ നിന്നും എടുത്തത്, കടപ്പാട് കഷ്ടപ്പെട്ട് കാരിക്കേച്ചറും കൊളാഷും പോസ്റ്റ് ചെയ്തവര്‍ക്ക്. കൂടാതെ ബാലചന്ദ്രന്‍ ചീറോത്തിനും.
2 അഭിപ്രായ(ങ്ങള്‍):
എന്റെ മാനോവികാരം തന്നെയാണ് കൂടുതല്‍ വസ്തുനിഷ്ടമായി അനില്‍ പകര്‍ത്തിയത് എന്ന് തോന്നുന്നു.
നല്ല ലേഖനം. ആശംസകള്‍!!
എന്‍റെയും അഭിപ്രായം മന്‍മോഹന്‍ സര്‍ക്കാര്‍ ജനവിരുധസര്‍ക്കാര്‍ തന്നെ ...........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ