2012, ഒക്ടോ 8

65 കോടി പലിശരഹിത വായ്പ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയ്‌ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതു തന്നെ.  ഇതുമായി ബ്ന്ധപ്പെട്ട് അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ നിന്നു കോണ്‍ഗ്രസ് പാര്‍ട്ടി മാറി ചിന്തിക്കുമെന്നു തന്നെയാണ്  നമ്മുടെ വിശ്വാസം.
ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സഘടനാ നേതാവ് അരവിന്ദ് കെജ്‌രിവാളും സംഘവുമാണ് വധരയ്‌ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.  മൂന്നു വര്‍ഷം കൊണ്ട് വധേരയുടെ ആസ്തി 600 ഇരട്ടി വര്‍ധിച്ചതായാണു പ്രധാന ആരോപണം. മൂന്നു വര്‍ഷം മുമ്പ് 50 ലക്ഷം രൂപ മാത്രമായിരുന്ന വധേരയുടെ ആസ്തി ഇന്ന് അത് 300 കോടിയായി വര്‍ധിച്ചു.  റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫും വധേരയും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയതിന്റെ ഫലമാണ് ഇതെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.ഇതു നിഷേധിച്ച വധേര തനിക്കെതിരായ ആരോപണമെല്ലാം രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്നാണ് പ്രതികരിച്ചത്. അതിന്റെ അര്‍ത്ഥം വധേരയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നു തന്നെ. ആ സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ സംശയമുയരുന്നു.


ഡി.എല്‍.എഫുമായി ചേര്‍ന്ന് വധേര നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകളാണെന്നും പ്രമുഖ കേന്ദ്രങ്ങളിലെ കണ്ണായ പല വസ്തുക്കളും ഡിഎല്‍എഫ് വധേരയ്ക്ക് കൈമാറിയതായും ഇതൊന്നും കൂടാതെ 65 കോടി രൂപ പലിശരഹിത വായ്പയും അദ്ദേഹത്തിന് നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വലിയ തുക നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, 12 ശതമാനവും അതിനു മുകളിലുമുള്ള പലിശ നിരക്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍‌തോതില്‍ വായ്പ എടുത്തിട്ടുള്ള ഡിഎല്‍എഫ് എന്ന സ്ഥാപനം ഇത്ര വലിയ തുക പലിശരഹിത വായ്പയായി വധേരയ്ക്ക് എന്തിനു നല്‍കി എന്നതു തന്നെയാണ് ഇവിടെ ഉയരുന്ന ചോദ്യങ്ങളില്‍ ഏറെ പ്രസക്തം.


(അഞ്ചോ ആറോ ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ ലഭിക്കുവാന്‍ സര്‍‍വവിധ ഡോക്യുമെന്റുകളും, കിടപ്പാടത്തിന്റെ ആധാരം പോലും പണയമായി നല്‍കാന്‍ തയ്യാറായ വിദ്യാര്‍ഥികക്ക് പോലും വായ്പനിഷേധിക്കപ്പെടുന്ന വാര്‍ത്ത ദിനം‌പ്രതി കേള്‍ക്കുന്ന രാജ്യത്താണ് ഇത്ര ഉദാരമായി മരുമകനു പണം ലഭിക്കുന്നത് എന്നതു മറക്കാതിരിക്കാം)


വധേരയ്ക്ക് ഫണ്ട് നല്‍കി അതിലൂടെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം നടത്തുകയായിരുന്നു ഡിഎല്‍എഫ് എന്നു ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ഇതില്‍ എന്തൊക്കെയോ സത്യത്തിന്റെ അംശമുള്ളതായി സാധാരണക്കാര്‍ സംശയിക്കുന്നത് സ്വാഭാവികം.  ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഡിഎല്‍എഫ്-വധേര ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നും ആരോപണമുണ്ട്.
അഞ്ച് കമ്പനികള്‍ വധേര സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് മറ്റൊരു ആരോപണം ഉന്നയിച്ച പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. ഇതും മുഖവിലയ്ക്കു ത്‌ന്നെ എടുക്കണം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയാറെടുക്കുന്നവര്‍ എന്ന നിലയില്‍ കെജ് രിവാളിന്റെയും പ്രശാന്ത് ഭൂഷന്റെയും ആരോപണങ്ങളെ നിസാരവത്കരിക്കാനാണ് കോണ്‍ഗ്രസും വധേരയും ശ്രമിക്കുന്നതെന്നത് തികച്ചും ഖേദകരം തന്നെ.


കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ മാത്രമല്ല സോണിയാ ഗാന്ധി ഇന്ത്യയില്‍ പ്രമുഖയാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്ന അവസാനവാക്കാണു സോണിയ. സോണിയയുടെ എല്ലാ തീരുമാനങ്ങളെയും ശരിയാംവണ്ണം സ്വാധീനിക്കാന്‍ സാധിക്കുന്ന പുത്രിയാണു പ്രിയങ്ക എന്നതും അനിഷേധ്യമായ വസ്തുത തന്നെ. ഇന്ത്യയിലെ ശരാശരി പൗരന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര വലിയ സുഖസൗകര്യങ്ങളോടെ ജീവിച്ചു പോരുന്നവരാണ് ഇവരെല്ലാം. രാജ്യത്തെമ്പാടും വലിയ തോതിലുള്ള സ്വാധീനമുള്ള സോണിയയുടെയും കുടുംബത്തിന്റെയും അനിഷ്ടത്തിന് പാത്രമാകാന്‍ ഒരു കോണ്‍ഗ്രസ് നേതാവു പോലും തയാറല്ല എന്നതും രഹസ്യമൊന്നുമല്ല.തലമുതിര്‍ന്ന നേതാക്കള്‍ പോലും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മുന്നില്‍ പഞ്ചപുച്ഛമടക്കി മാത്രമേ നില്‍ക്കാറുള്ളൂ. അങ്ങനെയുള്ള ദാസ്യ മനോഭാവക്കാര്‍ തന്നെയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഭരിച്ചു പോരുന്നത്. അവിടങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ വധേരയ്ക്കു വലിയ വിഷമമൊന്നുമില്ല. അതു തിരിച്ചറിഞ്ഞു തന്നെയാകാം ഡിഎല്‍എഫ് വധേരയെ കൂട്ടു പിടിച്ചത്. അനുദിനം വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കമ്പനിയാണു ഡിഎല്‍എഫ്. അങ്ങനെയൊരു കമ്പനി വലിയ തുക വെറുതേ ആര്‍ക്കെങ്കിലും നല്‍കുമോയെന്നു മാത്രം ചിന്തിച്ചാല്‍ മതി കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലാവാന്‍.ഇത്ര വലിയ ഒരു ആരോപണം ഉയരുമ്പോഴും നിശബ്ദത പാലിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വധേര തെറ്റു ചെയ്‌തെങ്കില്‍ നടപടിയുണ്ടാവുക തന്നെ വേണം. രാജ്യത്തെ എല്ലാ പൗര•ാര്‍ക്കും ബാധകമായ നിയമങ്ങളെല്ലാം വധേരയ്ക്കും ബാധകം തന്നെ. തനിക്കു ലഭിച്ച പണത്തിന്റെ കണക്ക് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതു ശരിയായിരിക്കാം. പക്ഷേ, വധേരയ്ക്ക് ഇത്രയേറെ ലാഭമുണ്ടാക്കാന്‍ കമ്പനികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടാകും. അതില്‍ ഏറ്റവും പ്രധാനം ആരുടെയും ശല്യം കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍തോതിലുള്ള ഭൂമിക്കച്ചവടം നടത്താനാകും എന്നതു തന്നെ ആകാം. അതെല്ലാം അന്വേഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്.പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് എന്നതല്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റോബര്‍ട്ട് വധേര ആരുമല്ല. പ്രിയങ്ക പോലും രാജ്യത്തെ സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം നേതാവല്ല. എന്നിട്ടും വധേരയ്ക്ക് ഇത്രമാത്രം സ്വധീനം രാജ്യമാകെ ഉണ്ടായിരിക്കുന്നു. അതിനര്‍ത്ഥം, സോണിയാ ഗാന്ധിയുടെ സര്‍വ ആശീര്‍വാദവും അദ്ദേഹത്തിനുണ്ട് എന്നു തന്നെ. അവിടെയാണ് ആരോപണത്തിന്റെ കാമ്പു കിടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലും യുപിഎ അധ്യക്ഷ എന്ന നിലയിലും സോണിയാ ഗാന്ധിക്കുള്ള സ്വാധീനത്തിന്റെ മറവില്‍ വന്‍തോതിലുള്ള ബിസിനസ് നടത്തുന്നു എന്ന വശത്തു കൂടി ചിന്തിക്കുമ്പോള്‍ വധേര ചെയ്യുന്നതു തെറ്റു തന്നെയാണ്.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യ സ്വത്താണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ തരമില്ല. ആ പാര്‍ട്ടിക്കു വേണ്ടി തല്ലാനും തല്ലു കൊള്ളാനും പോസ്റ്ററൊട്ടിക്കാനും നടക്കുന്ന ഇന്ത്യക്കാരെല്ലാം സോണിയയുടെ കുടുംബത്തിന്റെ സേവകരാണ്.  ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വധേരയ്‌ക്കെതിരായ ആരോപണങ്ങള്‍ നിശ്ചയമായും അന്വേഷിക്കേണ്ടതു തന്നെ.


4 അഭിപ്രായ(ങ്ങള്‍):

തുളസി പറഞ്ഞു...

കൊള്ളാം നന്നായിരിക്കുന്നു.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എല്ലാം രാഷ്ട്രീയ മായമാല്ലേ

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

അന്വേഷിക്കട്ടെ,
കജരിവാലും, ഭൂഷനും പുതിയ പാര്‍ട്ടിക്ക് കോപ്പുകൂട്ടുന്നതിനു മുന്നോടിയായി, കാലം ഒന്ന് കൊഴുപ്പിച്ചന്നെയുള്ളൂ.

അതാണ്‌ വധേരയെ തന്നെ പിടിച്ചത്. പെട്ടന്ന്‍ ആരും ശരിയെന്നോ, തെറ്റെന്നോ പറയാനാകാതെ ഒന്ന് ശങ്കിച്ച് നില്‍ക്കും. വക്കീല്‍ ബുദ്ധിയല്ലേ? :)

sumesh vasu പറഞ്ഞു...

നന്നായെഴുതി. പക്ഷേ വധേര മാത്രമല്ല. ഈ രാജ്യത്തെ അധികാരത്തിന്റെ ഓരോ മുക്കും മൂലയും അഭിമതിയിൽ കുളിച്ച് നിൽക്കുന്നു. പ്രതികരനശേഷി നമുക്ക് നഷ്ടപെട്ടതാണു ഇവർക്കു വളം.