2016, ഓഗ 18

മോദി ശ്രദ്ധതിരിക്കാന്‍ പടക്കമെറിയുമ്പോള്‍

സാധാരണ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ രാജ്യത്തിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങളേയും നമുക്കു മുന്നിലുള്ള കൊതിപ്പിക്കുന്ന ലക്ഷ്യങ്ങളേയും പറ്റിയാണ് സംസാരിക്കുക 


എന്നാല്‍  ഭരണം രണ്ടുവര്‍ഷം പിന്നിട്ടിട്ടും എടുത്തു പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ഗംഗാശുചീകരണത്തിനുള്‍പടെ ചിലവാക്കി എന്നു പറയുന്ന സഹസ്രകോടികള്‍ ജലരേഖകളായതും
രാജ്യത്ത് ജാതി മത വര്‍ഗ്ഗ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകക്ഷി എമ്പീമാര്‍ അടക്കം മുന്‍ നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന തരത്തില്‍  പരാജയങ്ങള്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്ന അവസരത്തില്‍ അവയില്‍ നിന്നും ഒക്കെ ശ്രദ്ധ വഴിതെറ്റിക്കാന്‍ 


ഇന്ത്യ പോലെ മഹത്തായ ഒരു രാജ്യ തലവന്‍ തെരുവില്‍ മയിലെണ്ണ വില്‍ക്കുന്ന ലാടന്റെ  തന്ത്രം അനുസ്മരിപ്പിക്കുന്ന വിധം അന്താരാഷ്ട്ര തലത്തിലെ രാജ്യത്തിന്റെ യശസ്സും സമാധാന പ്രിയരുടെ രാജ്യം എന്ന അന്തസും തകര്‍ക്കുന്ന വിധം വാചോടാപം ചെയ്യുന്നത് എന്തു തരം നയതന്ത്രമാണോ ആവോ?


യുദ്ധവും ആഭ്യന്തര കലഹങ്ങളും ദരിദ്രമാക്കിയ 70 കളിലെ ഇന്ത്യയില്‍ നിന്നും ഇന്നത്തെ നിലയില്‍ രാജ്യത്തെ എത്തിക്കാന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ രാജ്യത്തെ നയിച്ചവര്‍ വളരെ അധികം അധ്വാനിച്ചിട്ടുണ്ട്, 


തങ്ങളുടെ ഭരണ പരാജയം ചര്‍ച്ചയാവാതിരിക്കാനുള്ള ചിലരുടെ കുറുക്കുവഴിയായി തീവ്ര ദേശീയത കത്തിച്ചെടുക്കാന്‍ അയല്‍ രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിച്ച് വീണ്ടും മറ്റൊരു യുദ്ധം അടിച്ചേല്‍പിച്ച് മറ്റൊരു ഇറാന്‍ / ഇറാക്ക് ആയിത്തീരുകയല്ല നമുക്ക് ആവശ്യം. 


പരസ്പര പോരും ആഭ്യന്തര യുദ്ധങ്ങളും മൂലം പട്ടിണിയില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ നോക്കുക അതുപോലെ രാജ്യാതിര്‍ത്തിയില്‍ ഒരു കമ്പിവേലിയോ ചെൿപോസ്റ്റോ പോലും ഇല്ലാ​‍ത്ത സമാധാനവും സംതൃപ്തിയും നിറഞ്ഞ   സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളേയും!! 


ഏതു മാതൃക സ്വീകരിക്കണം എന്നു തീരുമാനിക്കുന്നതിലൂടെ ഭരണാധികാരിയുടെ സ്വന്തം രാജ്യത്തെ ജനങ്ങളോളുള്ള പ്രതിബദ്ധതയും വിവേചന ബുദ്ധിയും അളക്കാന്‍ സാധിക്കും.


ശത്രുവിന്റെ കാലാളിനെ വെട്ടിയെടുക്കാൻ വേണ്ടി സ്വന്തം മന്ത്രി യെ ബലി കൊടുക്കുന്ന വിഡ്ഢിയായ ചതുരംഗ കളിക്കാരന്റെ റോളിൽ ആണ് നമ്മുടെ പ്രധാന മന്ത്രി എന്ന് ഒരു പക്ഷെ കാലം തെളിയിക്കും .തദ്ദേശ വാസികളുടെ ഹിതം എതിരായാൽ കൂടി തന്ത്ര പരമായ കാശ്മീർ പ്രദേശം കൈ വിട്ടു പോകുക എന്നത് ഇന്ത്യക്കു ചിന്തിക്കാൻ കൂടി കഴിയില്ല . അതുകൊണ്ടാണ് കാശ്മീർ തങ്ങളുടെ ആഭ്യന്തര കാര്യം എന്ന നയം നാം പിന്തുടർന്നത് . നാം മറ്റാരുടെ കാര്യത്തിലും ഇടപെടില്ല , ആരും നമ്മുടെ കാര്യത്തിലും തല ഇടരുത് എന്ന ലളിതമായ നയം .


അതെ സമയം ബലൂചിസ്ഥാൻ എന്ന പ്രദേശത്തിന്റെ സ്വാതന്ത്ര്യ മോഹത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുമ്പോൾ അതേ അർഹത തന്നെ കാശ്മീർ ജനതക്കും കൊടുക്കാൻ അന്താരാഷ്‌ട്ര വേദികളിൽ നമുക്ക് സമ്മർദ്ദം ഉണ്ടാകും . 


സൈനിക ശക്തിയിലൂടെ പാക്കിസ്ഥാനെ അടിയറവു പറയിക്കാന്‍ നമുക്കാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല, ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് രണ്ടോ മൂന്നോ മാസത്തിനപ്പുറം നീണ്ടു നില്‍ക്കുകയുമില്ല.

എന്നാല്‍ ഒരു യുദ്ധത്തിനു തിരികൊളുത്തിയവര്‍ എന്ന നിലയില്‍ യുദ്ധം വരുത്തിവെയ്ക്കുന്ന പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ  കെടുതികളെയും സാമ്പത്തികം മുതല്‍ സഞ്ചാരം വരെയുള്ള വിവിധ രംഗങ്ങളില്‍ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ള ഉപരോധങ്ങളെയും ആഗോള വല്‍കൃത സാമ്പത്തിക ക്രമം പിന്തുടരുന്ന ഒരു രാജ്യവും അതിജീവിക്കുക അത്ര എളുപ്പമല്ല


വലുപ്പത്തിലും സൈനിക ശക്തിയിലും തങ്ങളോട് താരതമ്യത്തിനു പോലും ഇല്ലാത്ത കുവൈത്തിനെ ആക്രമിക്കാന്‍ പോയ മധ്യപൂര്‍വ ദേശത്തെ ഏറ്റവും കരുത്തരായ രാജ്യമായിരുന്നു ഇറാക്ക്. എന്നാല്‍ ഇന്നത്തെ ഇറാക്കില്‍ ഭൂരിഭാഗം പ്രദേശവും ലോകത്തെ ഏറ്റവും ക്രൂരന്മാരായ ISIS ഭീകരരുടെ നിയന്ത്രണത്തിലാണെന്നും, നമ്മുടെ ഇന്ത്യയിലും അവരുടെ ഇന്ത്യന്‍ പതിപ്പായ RSS തക്കം പാര്‍ത്ത് ഇരിപ്പുണ്ടെന്നും മറന്നുകൂടാ.


ഇന്നത്തെ ലോകത്തിന്റെ എല്ലാഭാഗത്തും അഭ്യസ്ത വിദ്യരായ വിദഗ്‌ധ തൊഴിലാളികള്‍ എന്ന നിലയില്‍ ഇന്നു അഭിമാന പുരസ്സരം തലയുയര്‍ത്തി കടന്നെത്തുന്ന ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരായ നമ്മള്‍ പകരം ഉപരോധങ്ങളും യുദ്ധജന്യമായ ദാരിദ്രവും നിമിത്തം അഭയാര്‍ഥികളായി പലായനം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതെ നോക്കേണ്ടുന്നത് ബുദ്ധിയും നയചാതുരിയും ദേശസ്നേഹവും ജനങ്ങളോട് പ്രബുദ്ധതയും ഉള്ള ഓരോ ഭരണാധികാരിയുടെയും ഉത്തമ ലക്ഷണവും  ഉത്തരവാദിത്വവും ആണ്.