2011, ജനു 4

കാന്‍സര്‍ ചികിത്സരംഗത്ത് വന്‍പ്രതീക്ഷ നല്‍കി ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌







കാന്‍സര്‍ ചികിത്സാരംഗത്ത്‌ വിപ്ലവാത്മക മാറ്റങ്ങള്‍ക്കു വഴിതെളിക്കാന്‍ കഴിയുന്ന ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌ ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുന്നു. ഒരു ബില്യണ്‍ ബ്ലഡ്‌ സെല്ലുകളില്‍നിന്നു പോലും കാന്‍സര്‍ സെല്ലുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ്‌ ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റിന്റെ മെച്ചം. നിലവിലുള്ള കാന്‍സര്‍ മുഴയില്‍നിന്നുള്ള കോശങ്ങള്‍ ശരീരത്തിലെ മറ്റ്‌ അവയവയങ്ങിലേയ്‌ക്ക്‌ എത്തിയിട്ടുണ്ടോ എന്നറിയുന്നതിനും ഈ പരിശോധന ഫലപ്രദമാകും.

മരുന്നുകള്‍ നല്‌കി അടുത്ത ദിവസം തന്നെ കാന്‍സര്‍ സെല്ലുകള്‍ നശിക്കുന്നുണ്ടോയെന്ന്‌ പുതിയ പരിശോധനവഴി വിലയിരുത്താം. രക്തത്തിലെ കാന്‍സര്‍ സെല്ലുകള്‍ ചികിത്സയോട്‌ പ്രതികരിക്കുന്നുണ്ടോ കാന്‍സര്‍ സെല്ലുകളുടെ എണ്ണം കുറയുന്നുണ്ടോ എന്നെല്ലാം അറിയുന്നതിനും ഈ പരിശോധന ഏറെ ഉപയോഗപ്രദമാണ്‌. കാന്‍സര്‍ സെല്ലുകളുടെ ജൈവികഘടന കണ്ടെത്താനും അടുത്ത തലത്തില്‍ അവ എങ്ങനെയാവും പ്രവര്‍ത്തിക്കുകയെന്നു തിരിച്ചറിയുന്നതിനും കഴിയും.

കാന്‍സര്‍ ചികിത്സയില്‍ പുതിയ പരിശോധന ഏറെ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ നിലവിലുള്ള വേദനയേറിയ ടിഷ്യൂ സാംപിളിംഗ്‌ പരിശോധനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതും മെച്ചമാണ്‌. മാമോഗ്രാഫി, കൊളനോസ്‌കോപി എന്നിങ്ങനെ കാന്‍സര്‍ രോഗം കണ്ടെത്താനുളള പരിശോധനകള്‍ ലിക്വിഡ്‌ ബ്ലഡ്‌ ടെസ്‌റ്റിനായി വഴിമാറിയേക്കും. അമേരിക്കയിലെ നാല്‌ വലിയ കാന്‍സര്‍ ആശുപത്രികളാണ്‌ ഈ വര്‍ഷം ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌ നടപ്പിലാക്കുക.

കാന്‍സര്‍ ചികിത്സകള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്നു വിലയിരുത്തുന്നതിനാകും ഈ ടെസ്റ്റിനെ ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുക. ഏതെങ്കിലും മരുന്ന്‌ ഉപയോഗിച്ചിട്ട്‌ അതു ഗുണകരമാണോയെന്ന്‌ പെട്ടെന്നു തന്നെ കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ മറ്റു മരുന്നുകള്‍ പ്രയോഗിക്കുന്നതിനും ഈ ടെസ്‌റ്റ്‌ സഹായകമാകുമെന്ന്‌ പുതിയ ടെസ്റ്റ്‌ രൂപപ്പെടുത്തിയവരില്‍ ഒരാളായ ഡോ. ദാനിയേല്‍ ഹേബര്‍ പറയുന്നു. ഇപ്പോള്‍ കാന്‍സര്‍ മുഴകളില്‍നിന്ന്‌ നീഡില്‍ ബയോപ്‌സി വഴി കിട്ടുന്ന സെല്ലുകള്‍ പരിശോധിച്ചാണ്‌ കാന്‍സര്‍ നിര്‍ണയം നടത്തുന്നത്‌. എന്നാല്‍ ഒരു അവയവയത്തിലുള്ള കാന്‍സര്‍ സെല്ലുകള്‍ അടുത്ത ഘട്ടത്തില്‍ എന്താകുമെന്നു നിര്‍ണയിക്കാന്‍ ഇതുമൂലം കഴിയില്ല.

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിയാണ്‌ പുതിയ കണ്ടുപിടുത്തത്തിനു നേതൃത്വം നല്‌കുന്നത്‌. 19 മില്യണ്‍ പൗണ്ടാണ്‌ പരീക്ഷണത്തിനായി ചെലവാക്കുന്നത്‌. വളരെ ചെറിയ 80,000 ബ്രിസിലുകള്‍ അടങ്ങിയ മൈക്രോചിപ്പുകളാണ്‌ രക്തപരിശോധനയ്‌ക്കായി ഉപയോഗിക്കുന്നത്‌. ഇതിലൂടെ രക്തം പമ്പ്‌ ചെയ്യുമ്പോള്‍ ബ്രിസിലുകളിലെ ആന്റി ബോഡികള്‍ കാന്‍സര്‍ സെല്ലുകളെ പിടികൂടും. പ്രത്യേക സ്റ്റെയിന്‍ ഉപയോഗിക്കുമ്പോള്‍ കാന്‍സര്‍ സെല്ലുകള്‍ തിളങ്ങുകയും അതുവഴി എളുപ്പം കണ്ടെത്താനും കഴിയും.

'Liquid biopsy' blood test could revolutionise cancer treatment