2011, ജനു 27

പശുവും ചത്ത് മോരിലെ പുളിയും പോയി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് സുരേഷ് കല്‍മാഡിയെന്ന കോണ്‍ഗ്രസ് നേതാവിനെ നീക്കി. ഗെയിംസ് കഴിഞ്ഞ് ആരവങ്ങളുമൊഴിഞ്ഞിട്ട് മൂന്നു മാസമായി. പശുവും ചത്ത് മോരിലെ പുളിയും പോയിക്കഴിഞ്ഞിട്ട് നടപടിയെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ എത്രത്തോളം സ്വയം പരിഹാസ്യരാവുകയാണ്.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി സിബിഐയുടെ അന്വേഷണത്തിലാണ്. കല്‍മാഡിയും സംഘാടകസമിതി ജനറല്‍ സെക്രട്ടറി ലളിത് ഭാനോട്ടും അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്ന് സിബിഐ പലവട്ടം പറഞ്ഞിരുന്നു. അന്നൊന്നും കല്‍മാഡിയെ മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കല്‍മാഡിയെ നീക്കം ചെയ്യാനുള്ള അധികാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു മാത്രമാണെന്നും സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനും സാധിക്കല്ലെന്നുമായിരുന്നു സര്‍ക്കാരിനെ നയിക്കുന്നവരുടെ വാദം. വിവാദമുയര്‍ന്ന് മൂന്നു മാസത്തിലേറെ കഴിഞ്ഞതോടെ ഈ അധികാരത്തില്‍ മാറ്റം വന്നോയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു.

ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തല കുമ്പിട്ടു നില്‍ക്കേണ്ട അവസ്ഥയിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു എന്നതാണ് കല്‍മാഡിയുടെയും കൂട്ടരുടെയും നേട്ടം. കോടികള്‍ കൊണ്ടുള്ള കളികളില്‍ എത്ര തുക ആരുടെയൊക്കെ കീശകളിലായി എന്നത് അന്വേഷിക്കുമ്പോള്‍ കുറ്റാരോപിതര്‍ തന്നെ സംഘടനയുടെ തലപ്പത്ത് ഇരുന്നു എന്നത് തികച്ചും ഗൗരവമുള്ള സംഗതി തന്നെ. ഗെയിംസ് കഴിഞ്ഞ് മൂന്നു മാസത്തെ സമയം ധാരാളം മതി രേഖകള്‍ തിരുത്താനും അഴിമതിക്കു വെള്ളപൂശാനും. അതിനുള്ള സാവകാശം കല്‍മാഡിക്കും കൂട്ടര്‍ക്കും ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മനസറിവോടെയാണ് കല്‍മാഡിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതി നടത്തിയതെന്നു സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍.
തെളിവുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം, പൊതുജനമധ്യത്തിലിറങ്ങി നിന്ന് അഗ്നിശുദ്ധി വരുത്താന്‍ തയാറെന്നു പറയുന്ന പഴയ രാഷ്ട്രീയ തന്ത്രം തന്നെയാണ് കോണ്‍ഗ്രസിലെ ചിലരും കോമണ്‍വെല്‍ത്ത് സംഘാടകരും ചേര്‍ന്ന് നടത്തിയത്. ഇന്നലെ വരെ ഇല്ലാതിരുന്ന അധികാരം അജയ് മാക്കന്‍ എന്ന കേന്ദ്ര കായികമന്ത്രിക്ക് ഇപ്പോള്‍ എവിടെ നിന്നാണു ലഭിച്ചത്? കോടികള്‍ കട്ടുമുടിച്ച കൂട്ടരെ കയ്യോടെ പിടികൂടി തുറുങ്കിലടയ്‌ക്കേണ്ടതിനു പകരം കട്ട പണം ഒളിപ്പിക്കാനും കള്ളരേഖകള്‍ ചമയ്ക്കാനുമുള്ള സാവകാശം ഒരുക്കിക്കൊടുത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി തികച്ചും രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.

നിരന്തരം അധികാരസ്ഥാനങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നവരാണ് ഇവിടത്തെ ജനങ്ങള്‍. അവരുടെ നികുതിപ്പണത്തില്‍ നിന്നു കോടികള്‍ സ്വന്തം കീശയിലേക്ക് മാറ്റുകയും പെട്രോളിനും മറ്റും വില കുത്തനെ കൂട്ടി പാവപ്പെട്ടവനെ ആത്മഹത്യയിലേക്കു നയിക്കുകയുമെന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല.
കടുത്ത വിലക്കയറ്റത്തില്‍ വലഞ്ഞു നില്‍ക്കുകയാണ് ഇന്ത്യ. ദിനംപ്രതി വര്‍ധിക്കുന്ന ജീവിതച്ചെലവു താങ്ങാനാവാതെ ഓരോ ദിവസം ചെല്ലുന്തോറും പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഇവിടുത്തെ സാധാരണക്കാരന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് കേന്ദ്ര സര്‍ക്കാരും കല്‍മാഡിമാരും ചെയ്യുന്നത്. സുഖലോലുപതയുടെ മടിത്തട്ടില്‍ വിരാജിക്കുന്ന മന്ത്രിപ്രമുഖന്‍മാരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് ഒരു രാജ്യത്തെയാകെ കൊള്ളയടിക്കുകയെന്നത് എത്രത്തോളം ഭീതിദമാണെന്നു ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.  സിബിഐ നടത്തുന്ന അന്വേഷണത്തെ അധികാര സ്ഥാനത്തിരുന്ന് തടസപ്പെടുത്തുന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ അതിന് ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നു. അന്ന് അതു ചെയ്തില്ല എന്നതാണ് സംശയത്തിന്റെ മുനകള്‍ കേന്ദ്ര സര്‍ക്കാരിലേക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും എത്തിക്കുന്നത്.

കോമണ്‍വെല്‍ത്ത് അഴിമതിയും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും 2ജി സ്‌പെക്ട്രം ക്രമക്കേടുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച അധോലോകമുഖവുമായാണ് കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതിനിടയില്‍ത്തന്നെ ഓരോ കള്ളത്തരവും വ്യക്തമാക്കപ്പെടുന്നു എന്നത് ഇന്ത്യയിലെ ജനങ്ങളുടെ സത്യസന്ധതയുടെ തെളിവാണ്. അവരെ ചതിക്കുന്നവര്‍ ആരൊക്കെയെന്ന് വൈകാതെ വെളിപ്പെടുന്നുണ്ടെന്നതാണ് പാരമ്പര്യത്തിന്റെ പുണ്യം. അഴിമതിക്കാരനെന്ന് ആരോപണമുയര്‍ന്ന സുരേഷ് കല്‍മാഡിയെ എന്തുകൊണ്ട് ഇതേവരെ പുറത്താക്കിയില്ലെന്നതിനു സമാധാനം ബോധിപ്പിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ദൗര്‍ഭാഗ്യവശാല്‍ എഴുതിത്തയാറാക്കി മുന്‍കൂര്‍ അനുമതി വാങ്ങിയ പ്രസ്താവനകളില്‍ കയ്യൊപ്പു വയ്ക്കാന്‍ മാത്രമേ അദ്ദേഹത്തിനു സാധിക്കൂവെന്നാണ് ഡല്‍ഹിയിലെ സംസാരം.

ഭരണത്തിന്റെ നിയന്ത്രണം മറ്റു പല കൈകളിലാവുകയും അധികാരം നാമമാത്രമാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്നതു മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.  പ്രധാനമന്ത്രിപദം വിദേശ പര്യടനത്തിനോ വിദേശനേതാക്കളെ സ്വീകരിച്ച് ചര്‍ച്ച നടത്താനോ മാത്രമുള്ളതല്ലെന്ന്  ഇനിയൊരിക്കല്‍ക്കൂടി പ്രധാനമന്ത്രിക്കസേര കിട്ടിയില്ലെങ്കിലും പാര്‍ട്ടിയിലെ അഴിമതി നേതാക്കളെ മനസിലാക്കിക്കൊടുക്കണം. അതിനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്.

2 അഭിപ്രായ(ങ്ങള്‍):

വി ബി എന്‍ പറഞ്ഞു...

ഒരു അധികാ സ്ഥാനത്തിരിക്കുന്ന ആള്‍ അഴിമതി നടത്തി എന്ന് ബോധ്യപ്പെട്ടുകഴിഞ്ഞും പിന്നെയും അയാളെ അവിടെത്തന്നെ ഇരുത്തുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ അവസരം കൊടുക്കാനല്ലാതെ മറ്റെന്തിനാണ്?

ഓഫ്: പറ്റുമെങ്കില്‍ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കൂ.

mayflowers പറഞ്ഞു...

കളി പഠിച്ചവനാണ് കല്‍മാഡി.അയാള്‍ക്കിതെല്ലാം പുല്ല്...