2011, നവം 25

ജനത്തെ മറക്കുന്ന നേതാക്കള്‍ക്ക്

ഇന്നലെ കേന്ദ്രമന്ത്രി ശരദ്പവാറിന്റെ മുഖത്ത് അടിച്ച സംഭവം അത്യന്തം അപലപനീയം തന്നെ. ആര്‍ക്കും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. കേന്ദ്രമന്ത്രിയുടെയെന്നല്ല, ആരുടെയും മുഖത്തടിക്കുന്നതോ ആക്രമിക്കുന്നതോ നിയമവിരുദ്ധമാണ്. ഇന്നലെ ശരദ്പവാറിന്റെ മുഖത്തടിച്ച അക്രമി പറഞ്ഞത് രാജ്യത്തെ വിലക്കയറ്റത്തിന് ഉത്തരവാദി പവാറാണെന്നായിരുന്നു. ഇതു തന്നെയാണോ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് ഇനിയും കണ്ടെത്താനുണ്ട്.

നേതാക്കളെ തെരുവില്‍ നേരിടുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തുന്നതിന്റെ സൂചനയായി ഈ സംഭവത്തെ കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കണം. പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച്, പ്രതികരിക്കാനുള്ള അവസരം ഇല്ലാത്തതിനാലാണ് ജനം അടങ്ങിയിരിക്കുന്നതെന്നതിന്റെ ലക്ഷണമായും ഇത്തരം അക്രമങ്ങളെ കാണാം.

ജനനേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരാകണമെന്നു പൊതുവേ പറയാറുണ്ട്. എന്നാല്‍, ഇതു പ്രാവര്‍ത്തികമാക്കാന്‍ ആര്‍ക്കും താത്പര്യമില്ല. പവാര്‍ മാത്രമല്ല, മുതിര്‍ന്ന നേതാക്കളായി അറിയപ്പെടുന്ന ആരും ജനങ്ങളുമായി വലിയ ബന്ധമൊന്നുമുള്ളവരല്ല. കോര്‍പറേറ്റ് ഭീമന്‍മാരുമായി മാത്രം സൗഹൃദം കാത്തുസൂക്ഷിക്കുകയും, ഉപരിവര്‍ഗ ജാടകളോടു ചങ്ങാത്തം കൂടുകയും ചെയ്യുന്നതില്‍ അതീവ താത്പര്യം പുലര്‍ത്തുകയും, പാവപ്പെട്ടവനെ കാണുമ്പോള്‍ ആട്ടിയോടിക്കുകയും ചെയ്യുന്നവരാണു നമ്മുടെ മുതിര്‍ന്ന നേതാക്കളില്‍ ബഹുഭൂരിപക്ഷവും. ഇതു ശരിയല്ലെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ തന്നെ അതു തെളിയിക്കട്ടെ. അല്ലാത്തിടത്തോളം ഈ പറയുന്നതു തന്നെയാണു ശരി.

ജനങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുകയെന്ന ശൈലിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിയതു തന്നെയാണ് നാടിന്റെ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ നേതാക്കള്‍ക്കു സാധിക്കുന്നില്ല. ഇംഗ്ലീഷ് ചാനലുകളിലെ ടോക് ഷോകളില്‍ ഇരുന്ന് ഉപരിവര്‍ഗക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയം കണ്ടെത്തുന്ന നേതാക്കള്‍ ഇടയ്‌ക്കെങ്കിലും ചേരിപ്രദേശങ്ങളിലേക്കും പോകണം. അവിടെയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ജീവിതം. അതു മനസിലാക്കിയാല്‍ മാത്രമേ നാടിനു വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനാവൂ.

പരസ്യമായി മദ്യപിക്കാനുള്ള അവകാശത്തിനോ, വസ്ത്രമില്ലാതെ കടല്‍ത്തീരത്തു കുളിക്കാനുള്ള സ്ത്രീകളുടെ അവകാശമോ അല്ല ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളുടെ ടോക് ഷോകളിലൂടെയാവരുത് നേതാക്കളുടെ ജീവിതം.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാധാരണക്കാരോ പാവപ്പെട്ടവരോ ആണെന്ന സത്യം തിരിച്ചറിയാവുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥ. മാധ്യമങ്ങളുടെ അകമ്പടിയോടെ ഏതെങ്കിലും ഗ്രാമത്തിലേക്കു പോയി ഒരു ചട്ടി മണ്ണു ചുമക്കുന്നതോ, വൈദ്യുതി ബന്ധമില്ലാത്ത വീട്ടില്‍ ചാനലുകളുടെ ജനറേറ്ററുകളുടെ പ്രകാശത്തില്‍ അന്തിയുറങ്ങുന്നതോ ആണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നു കരുതുന്ന തലമുറയുടെ കടന്നുവരവ് രാജ്യത്തിനു തീര്‍ത്തും ഗുണകരമല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.

മുതിര്‍ന്ന നേതാക്കളെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുകയെന്നത് ഇന്ത്യയില്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇപ്പോള്‍ അതും സംഭവിക്കുന്നു. രാജ്യത്തു നിരവധി പ്രശ്‌നങ്ങളുണ്ട്. അതു തിരിച്ചറിയാന്‍ സാധിക്കണം. വില കയറുമ്പോള്‍ സാങ്കേതിക ന്യായങ്ങള്‍ നിരത്തുന്നതിനു പകരം അതിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാനസികാവസ്ഥയുണ്ടാകണമെങ്കില്‍ വിലക്കയറ്റത്തിന്റെ ദൂഷ്യഫലം എന്തെന്ന് അറിയുന്നവര്‍ ഭരണാധികാരികളാകണം.

സ്വന്തം ജീവിതവും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ജീവിതവും സുരക്ഷിതമാക്കി സര്‍ക്കാര്‍ ചെലവില്‍ കഴിഞ്ഞുകൂടുന്നവര്‍ ചില്ലുമേടകളില്‍ നിന്നിറങ്ങി ചേരികളിലേക്കു പോവുക. അവിടെ കുറേക്കാലം ചേരിവാസികള്‍ക്കൊപ്പം ജീവിക്കുക. തേച്ചുമിനുക്കിയ കുപ്പായമിട്ട് ചാനലുകളുടെ അകമ്പടിയോടെ ചട്ടി ചുമക്കുന്നതിനു പകരം, തൊഴിലാളികളുടെ വേഷത്തില്‍ അവര്‍ക്കൊപ്പം ജോലി ചെയ്ത് കൂലി വാങ്ങുക. അതെല്ലാം കഴിഞ്ഞ് നേതാവാകാന്‍ ഇറങ്ങിയാല്‍ രാജ്യം രക്ഷപ്പെടും.

പവാറിന്റെ മുഖത്തടിച്ചത് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെങ്കിലും, നേതാക്കളോടു ജനങ്ങള്‍ക്കുള്ള വികാരമെന്തെന്നു തിരിച്ചറിയാന്‍ ഈ സംഭവം കാരണമായി എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല. ശരദ്പവാര്‍ എന്ന നേതാവിന് ജനങ്ങളേക്കാള്‍ താത്പര്യം പഞ്ചസാരക്കമ്പനിയുടമകളോടാണെന്നാണ് പറയപ്പെടുന്നത്. അതു ശരിയാവാനാണു സാധ്യതയും. പണ്ടെന്നോ തെരുവിലൂടെ നടന്ന ഓര്‍മ മാത്രമാകും അദ്ദേഹമടക്കമുള്ള നേതാക്കള്‍ക്കുണ്ടാവുക. ചെറുപ്പത്തില്‍ ജനപ്രതിനിധിയായ ശേഷം ഇതേവരെ നടന്ന് യാത്ര ചെയ്തിട്ടില്ലാത്തവരാണ് നേതാക്കള്‍. അവര്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ അറിയില്ല. അത് അവരുടെ കുറ്റമാണെന്നു തീര്‍ത്തും പറയാനാവില്ലെന്നതാണു വാസ്തവം.

നേതാക്കള്‍ ജനങ്ങളില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു. എംഎല്‍എമാരും എംപിമാരും പോലും ജനങ്ങളേക്കാള്‍ വളരെ മുകളിലാണു തങ്ങളുടെ സ്ഥാനമെന്നു വിശ്വസിക്കുമ്പോള്‍ മന്ത്രിമാരുടെ കാര്യം പറയാനില്ലല്ലോ. തെരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാരില്‍ പങ്കാളികളാകുന്നതോടെ അവര്‍ ജനങ്ങളെ മറക്കുന്നു. സ്വന്തം കുടുംബക്കാരോടല്ലാതെ ഇടപഴകാന്‍ പോലും അവര്‍ തയാറല്ല. ഇതെല്ലാം കണ്ടു മടുത്ത വലിയൊരു വിഭാഗം ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തില്‍ ജന്മിമാരെ പ്രീതിപ്പെടുത്തിയാല്‍ മാത്രം മതി. അക്കാരണത്താല്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ ജനങ്ങളെ തിരിഞ്ഞു നോക്കാറില്ല. അവിടെ വോട്ടു ചെയ്യുന്നതും ജയിപ്പിക്കുന്നതുമൊക്കെ ജന്മിമാര്‍ തന്നെ. യഥാര്‍ത്ഥ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പു നടക്കുന്ന കാര്യം പോലും പലപ്പോഴും അറിയുന്നില്ല. എങ്കിലും കൃത്യമായി അവരുടെ വോട്ട് പെട്ടിയില്‍ വീഴും. അതാണ് അവിടുത്തെ രാഷ്ട്രീയം.

ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഇതില്‍ നിന്നു സ്ഥിതി അല്പം വ്യത്യസ്തമാണ്. വോട്ടര്‍ തന്നെ വോട്ടു ചെയ്യും. പക്ഷേ, അതോടെ എല്ലാം കഴിയുന്നു. തെരഞ്ഞെടുത്തയച്ച പ്രതിനിധികളെ കാണാന്‍ അനുവാദം ചോദിച്ചു നില്‍ക്കേണ്ട അവസ്ഥയാണു പിന്നീടുണ്ടാവുക. കേരളത്തില്‍ നിലവിലുള്ള ഏതെങ്കിലും മന്ത്രിയെ വലിയ ബുദ്ധിമുട്ടു കൂടാതെ നേരിട്ടു കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നു പറയാനാവുമോ? ഇതെല്ലാം തിരിച്ചറിഞ്ഞ് നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം ചേരുക. എങ്കിലേ രക്ഷയുള്ളൂ.




3 അഭിപ്രായ(ങ്ങള്‍):

faisu madeena പറഞ്ഞു...

രാഷ്ട്രീയക്കാര്‍ വായിക്കേണ്ട ലേഖനം ..

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

പരസ്യമായി മദ്യപിക്കാനുള്ള അവകാശത്തിനോ, വസ്ത്രമില്ലാതെ കടല്‍ത്തീരത്തു കുളിക്കാനുള്ള സ്ത്രീകളുടെ അവകാശമോ അല്ല ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളുടെ ടോക് ഷോകളിലൂടെയാവരുത് നേതാക്കളുടെ ജീവിതം.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

മുതിര്‍ന്ന നേതാക്കളായി അറിയപ്പെടുന്ന ആരും ജനങ്ങളുമായി വലിയ ബന്ധമൊന്നുമുള്ളവരല്ല. കോര്‍പറേറ്റ് ഭീമന്‍മാരുമായി മാത്രം സൗഹൃദം കാത്തുസൂക്ഷിക്കുകയും, ഉപരിവര്‍ഗ ജാടകളോടു ചങ്ങാത്തം കൂടുകയും ചെയ്യുന്നതില്‍ അതീവ താത്പര്യം പുലര്‍ത്തുകയും, പാവപ്പെട്ടവനെ കാണുമ്പോള്‍ ആട്ടിയോടിക്കുകയും ചെയ്യുന്നവരാണു നമ്മുടെ മുതിര്‍ന്ന നേതാക്കളില്‍ ബഹുഭൂരിപക്ഷവും. ഇതു ശരിയല്ലെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ തന്നെ അതു തെളിയിക്കട്ടെ.