2012, ഏപ്രി 25

പരിഷ്കരണങ്ങളുടെ ശരശയ്യ

ആറുമാസത്തിനുള്ളില്‍ ഇന്ത്യയുടെ സമ്പദ് രംഗത്ത് ചില സുപ്രധാന പരിഷ്കരണങ്ങള്‍ നടത്തുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബാബു പ്രഖ്യാപിച്ചിരിക്കുന്നത്.

സാമ്പത്തിക രംഗത്ത് കാതലായ മാറ്റമുണ്ടാകുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയും നേരത്തേ വെളിപ്പെടുത്തിയിരുന്നു. സാധാരണക്കാരനെ തീര്‍ത്തും അവഗണിച്ചും കോര്‍പറേറ്റുകള്‍ക്കു സന്തോഷമുളവാക്കിയുമുള്ള പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നതാണ് വാസ്തവം.


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും, ദി ഹിന്ദു ബിസിനസ് ലൈനില്‍ നിന്നും.)

സബ്‌സിഡികള്‍ എടുത്തുകളയുക, ഡീസല്‍ വിലനിയന്ത്രണം  നീക്കുക, ചില്ലറ വില്പനയില്‍ വിദേശനിക്ഷേപം അനുവദിക്കുക എന്നിങ്ങനെ നിലവിലുള്ള സര്‍വ സംവിധാനങ്ങളും മാറ്റിമറിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. സബ്‌സിഡികള്‍ എടുത്തു കളയുക എന്നതിനര്‍ത്ഥം പല മേഖലകളിലും വില കുത്തനെ ഉയര്‍ത്തുക എന്നതു തന്നെ. പെട്രോളിന്റെ വില നിയന്ത്രണം എടുത്തു മാറ്റിയതിന്റെ ദൂഷ്യഫലം അനുഭവിച്ച് തളരുകയാണ് നിലവില്‍ ജനങ്ങള്‍. അതിനൊപ്പം ഡീസലിനെയും ഉള്‍പ്പെടുത്തുന്നതിലൂടെ പാവപ്പെട്ടവന്റെ മുതുകില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കുക തന്നെയാകും ആത്യന്തിക ഫലം. ഡീസലിന് വില തോന്നിയതു പോലെ കൂട്ടുന്നതിലൂടെ സംഭവിക്കുക ജീവതത്തിന്റെ സമസ്തമേഖലകളിലുമുള്ള തളര്‍ച്ച തന്നെയാണ്. എല്ലാ മേഖലയിലും നിരക്കു വര്‍ധനയുണ്ടാകും. ചരക്കുനീക്കത്തിന് കൂടുതല്‍ ചെലവു വരുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വന്‍തോതില്‍ വില കയറും. യാത്രാ നിരക്കുകളിലും ഇടയ്ക്കിടെ വര്‍ധനയുണ്ടാക്കാന്‍ സഹായിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ ആലോചന.


ജീവിതച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിച്ചു പോരുന്ന കുറേ മുതിര്‍ന്ന നേതാക്കളുടെ തോന്ന്യാസങ്ങള്‍ക്ക് ഇരകളാവുക എന്ന ഗതികേടിലേക്കാണ് ഇന്ത്യക്കാരുടെ പോക്ക്. പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വന്തം കീശയില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കാതെയാണ് ജീവിച്ചു പോരുന്നത്. സ്വന്തം നിലയ്ക്കു മാത്രമല്ല, കുടുംബാംഗങ്ങളുടെ കാര്യത്തിലും അവര്‍ക്ക് പണച്ചെലവില്ല. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനത്തിന്റെ അധ്വാനഫലം കൊണ്ട് ജീവിക്കുന്ന ഇത്തരം കുറേ നേതാക്കള്‍ക്ക് ജയ് വിളിക്കുക എന്നതു മാത്രമാണ് ജനത്തിന് പറഞ്ഞിരിക്കുന്ന രാഷ്ട്രീയം. സാധനസേവന നികുതിയാണ് താന്‍ ഏറ്റവും വലിയ പരിഷ്കരണമായി കാണുന്നതെന്നു പറയുന്ന കൗശിക് ബാബുവിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായാല്‍ താല്‍ക്കാലികമായി അല്പം രാഷ്ട്രീയ ബുദ്ധിമുട്ടുണ്ടാകുമെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. അതായത്, ജനങ്ങള്‍ എതിര്‍ക്കും. ജനാധിപത്യത്തില്‍ ജനങ്ങളുടെ എതിര്‍പ്പിനാകണം മുഖ്യസ്ഥാനം എന്ന വസ്തുത പൂര്‍ണമായി നിരാകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ ധിക്കാരത്തിനു മുന്നില്‍ മുട്ടുവളച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. ജനാധിപത്യ വ്യവസ്ഥിതിയുടെ മൂലതത്വം തന്നെ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം എന്നാണ്. ഏതോ സ്വേച്ഛാധിപതിയുടെ പ്രേതം കൂടിയിരിക്കുന്നു കേന്ദ്ര സര്‍ക്കാരിനെന്ന തോന്നലാണ് ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നത്, അത് അത്യന്തം അപലപനീയം തന്നെ.


ചെറിയൊരു സബ്‌സിഡി നിലനിര്‍ത്താനും അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയിലെ വിലയിലും മാറ്റം വരുന്ന രീതി തുടങ്ങുമെന്നും അമേരിക്കയില്‍ പോയിരുന്നു പറയുന്ന ഇത്തരം ബാബുമാരുടെ ഭരണമാണ് ഇന്ത്യയുടെ ശാപം. വികസിത രാഷ്ട്രങ്ങള്‍ തുടരുന്ന രീതികള്‍ അതേപടി ഇവിടേക്കു പറിച്ചു നടാന്‍ ശ്രമിക്കുന്നവര്‍ അത്തരം രാജ്യങ്ങളിലെ വിലനിലവാരവുമായി ഇന്ത്യയിലെ ഇന്ധനവിലയെ തട്ടിച്ചു നോക്കാനെങ്കിലും തയാറാവണം. അമേരിക്കയില്‍ ഇന്ധനത്തിന് ഇന്ത്യയിലുള്ളത്ര വിലയുണ്ടോയെന്ന് ആളോഹരി വരുമാന കണക്കനുസരിച്ച് ഒത്തു നോക്കാന്‍ പോലും സാധിക്കാത്ത കുറേ സാമ്പത്തിക വിദഗ്ധരുടെ വികലമായ മനോവ്യാപാരങ്ങളാണ് ഇപ്പോള്‍ കാണുന്നതിലേറെയും.


എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് കയറിപ്പോരുന്ന ബാരല്‍ കണക്കിന് എണ്ണയ്ക്ക് ഇവിടെയെത്തുമ്പോള്‍ ഇത്രയേറെ വില ഉയരാന്‍ കാരണമാകുന്നത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളാണെന്ന വസ്തുത എന്തിനാണ് മറക്കുന്നത്? സര്‍ക്കാരുകള്‍ക്ക് വരുമാനമുണ്ടാകണമെങ്കില്‍ നികുതി ഏര്‍പ്പെടുത്തേണ്ടി വരും. അതു വാസ്തവം. എന്നാല്‍, അതിന്റെ പേരില്‍ കൊള്ളയടിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്?


ഇന്ത്യയിലെ ആളോഹരി വരുമാനവും ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിഘടനയും ചേര്‍ത്തു വായിക്കുമ്പോഴാണ് അനീതി വ്യക്തമാകുന്നത്. പല വിധത്തിലുള്ള നികുതികള്‍ സാധാരണക്കാര്‍ ദിവസവും നല്‍കിപ്പോരുന്നുണ്ട്. ഓരോ സാധനം വാങ്ങുമ്പോഴും നികുതിയിനത്തില്‍ പാവപ്പെട്ട ജനം നല്‍കിപ്പോരുന്ന തുക മാത്രം മതിയാകും ഒരു കുടുംബത്തിന് ഒരു മാസം സുഖമായി ജീവിക്കാന്‍.


തികച്ചും അപരിഷ്കൃതവും അശാസ്ത്രീയവുമായ നികുതി ഘടന നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു തന്നെ പറയേണ്ടി വരും. കുറഞ്ഞ വരുമാനക്കാരായ ജനത്തിന് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇന്ത്യ. കോടീശ്വരന്മാരുടെ സംഖ്യ വിരലിലെണ്ണാവുന്നത്രയേ ഓരോ സംസ്ഥാനത്തുമുള്ളൂ. ഈ വസ്തുത അംഗീകരിച്ചുകൊണ്ട് പാവപ്പെട്ടവരുടെ ജീവിതോന്നതി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെ ആവശ്യം.


നികുതികള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് നല്‍കുന്നത് ആരെന്നു കൂടി കണക്കിലെടുക്കണം. ദൗര്‍ഭാഗ്യവശാല്‍ അതു നടക്കുന്നില്ല. എല്ലാവരെയും ബാധിക്കുന്ന തരത്തില്‍ നികുതികള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഭിക്ഷക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെ ഒരേ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി നല്‍കേണ്ടി വരുന്നു. ഇത് അനീതി തന്നെയല്ലേ? സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് അഭിമാനത്തോടെ വാദിക്കുന്നവര്‍ മറന്നു പോകുന്നതും സാധാരണക്കാരെ തന്നെ. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിച്ചേക്കാം എന്നു വിശ്വസിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി സാധാരണക്കാരായ ജനത്തെ ദുരിതക്കയത്തില്‍ ആക്കരുത്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തു കളയുന്നതും, സബ്‌സിഡികള്‍ ഇല്ലാതാക്കുന്നതും ഇന്ത്യയിലെ പാവപ്പെട്ടവന്റെ ജീവിതത്തെയാകും നശിപ്പിക്കുക എന്നു തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്കു സാധിക്കണം.


ഉട്ടോപ്യന്‍ ചിന്തകളുള്ള സാമ്പത്തിക വിദഗ്ധരെയല്ല ഇന്ത്യക്കാവശ്യം. സാധാരണ ജനത്തിന്റെ വികാര വിചാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന നേതാക്കള്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. ആകാശത്തു നിന്നു കെട്ടിയിറക്കപ്പെടുന്ന ഭരണാധികാരികളില്‍ നിന്ന് ഇതല്ലാതെ ഏറെ പ്രതീക്ഷിക്കാനില്ലെന്നതാണ് വാസ്തവം.

4 അഭിപ്രായ(ങ്ങള്‍):

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല പോസ്റ്റ്

നികുതിയെ കുറച്ച് താങ്കൾ പറഞ്ഞതിൽ, നികുതി അത് എല്ലാ സാധനങ്ങൾക്കുമുണ്ട്, പക്ഷെ അത് വാങ്ങുന്നവർ ആരായാലും അതിന്റെ നികുതി കെടുക്കുന്നു, പണം കൂടിയവർക്ക് ഇങ്കംടാക്സും ഉണ്ടല്ലെ, എനിക്ക് തോന്നു അതിലൂടെ ഇതിന്റെ എക്കണോമി ഇക്യുൽ ആവുന്നു എന്ന്

പിന്നെ പൂഴ്തി വെക്കൽ ഉള്ളടത്തോളം നല്ല ഇസ്പെക്ഷൻ സാമ്പതിക മേഖലയിൽ വേണം എനും തോന്നുന്നു, സാമ്പതിക മേഖലയിൽ ഒരിക്കലം നൂറു ശതമാനം സൂധാര്യത കൈവരിക്കാൻ കഴിയില്ല എന്നമാണ് എന്റെ ഒരു അറിവ്....

പിന്നെ ജിഡിപി, അത് എത്രകണ്ട് ഇയർത്തുന്നൊ അത് രാജ്യതിന്റെ സാമ്പതിക മേഖലയിൽ ഉന്നതികൾ കൈവരിക്കാൻ കഴിയും.

പക്ഷെ ഇപ്പൊ നടപ്പ് സാമ്പതി വർഷം ജി ഡി പി,അഭ്യന്തര ഇലാപതനം കുറഞ്ഞു വരുന്നു അത്ൊരു പുരേഗമന പാതയിൽ ഇരിക്കുന്ന രാജ്യത്തിന്ന് ശെരിയല്ല എന്നും തോന്നുനു, എന്തയാലും അടുത്ത ബഡ്ജറ്റിൽ കാണാം

Jefu Jailaf പറഞ്ഞു...

ഇങ്കം ടാക്സുകാരെ തീറ്റിപ്പോറ്റുന്ന കാശ് തന്നെ ഒരു പാഴ്ചിലവാന്. എത്രപേര്‍ ടാക്സ് കൊടുക്കുന്നുണ്ട്. അതുകൊണ്ട് കൊടുക്കുന്നവര്‍ക്കെന്തു ഗുണമാണ് ഗവന്മേന്റ്റ് തിരിച്ചു നല്‍കുന്നത്. ഒരു ചികിത്സാ സഹായം പോലും തിരികെ നല്‍കുന്നില്ല. പിന്നെന്തിനു അധ്വാനിച്ച്ച പണം ആവ്ശ്യമില്ലതത്തിനു ചിലവഴിക്കണം. അത് പറയുമ്പോള്‍ ഖജനാവിന്റെ പണം ശമ്പളമായി പറ്റുന്നവര്‍ക്ക് ദഹിക്കില്ല. ഇങ്കം ടാക്സ്, കസ്റംസ് ഇവയെല്ലാം പോളിച്ച്ചെഴുതിയാല്‍ ഇന്തയില്‍ കള്ളപ്പണം എന്ന് പറഞ്ഞ സ്വിസ്സ് അക്കൌണ്ടുകളിലെ വെളുത്ത പണം ഇന്ത്യിലേക്ക് തിരിച്ചു വന്നേക്കാം. നല്ല പോസ്റ്റ്‌..

ശ്രീക്കുട്ടന്‍ പറഞ്ഞു...

പണ്ട് നമ്മുടെ രാജ്യം മുഹമ്മദ് ബിന്‍ തുഗ്ലക്കെന്നൊരു ഭരണാധികാരി ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ യമണ്ടന്‍ ഭരണപരിഷ്ക്കാരങ്ങള്‍ ജനങ്ങള്‍ക്കുണ്ടാക്കിവച്ച് ബുദ്ധിമുട്ടും പുകിലുകളും ചില്ലറയല്ല.ടാ​‍ാ പമ്പരവിഡ്ഡികൂടി നാണിച്ചുതലകുമ്പിട്ട് നിന്നുപോകും ഇന്നത്തെ നമ്മുടെ ഭരണാധികാരികളുടെ ചെയ്തികള്‍ക്ക് മുന്നില്‍..ഒരു നെരത്തെ അന്നത്തിനായി പണിയെടുക്കുന്ന ജനസംഖ്യയുടെ 90 ശതമാനത്തിനുമുകളിലുള്ള സാധാരണക്കാരെക്കാളും ബാക്കിയുള്ള വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജീവിക്കുന്നവരെ സമ്രക്ഷിക്കുവാന്‍ എല്ലാ രീതിയിലും കച്ച മുറുക്കി നില്‍ക്കുന്ന ഭരണാധികാരികള്‍ നമ്മുടെ നാടിന്റെ ശാപമാണു എന്നു പറയാതെ വയ്യ..

നല്ല പോസ്റ്റ്..അഭിനന്ദനങ്ങള്‍

സനീഷ്കുമാര്‍ പറഞ്ഞു...

തോമാച്ച അഭിപ്രായങ്ങള്‍ നന്നായിട്ടുണ്ട്.... കുത്തകകള്‍ രാജ്യം ഭരിച്ച്ഹാല്‍ ഇതിലപ്പുറം പ്രതീക്ഷിക്കണം. അംബാനി പറയും അമ്മച്ചി സര്‍ദാരെ കൊണ്ട് ചൈയ്യിക്കും. വന്നു വന്നു ഈ ഇറ്റാലിയന്‍ അമ്മച്ചി അമ്ബാനീടെ സെറ്റപ്പ് ആണോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു!!!!!!