അലൂവാലിയയും അത്ഭുതവിളക്കും എന്ന പേരില്‍ ദില്ലി പോസ്റ്റില്‍ 2012 മാര്‍ച്ച് 21നു പ്രസിദ്ധീകരിച്ച ലേഘനമാണ് ചുവടേ ചേര്‍ത്തിരിക്കുന്നത് ഒരു പുനര്‍ വായനയ്ക്ക് പ്രസക്തിയുണ്ടെന്നു കരുതുന്നതിനാല്‍ അതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
എന്താണ് ദാരിദ്ര്യം കുറയ്ക്കാനുള്ള എളുപ്പവഴി? വിഭവ സമാഹരണവും, സമ്പത്തിന്റെ പുനര്‍വിതരണവും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും, ഇതിനെല്ലാമുതകുന്ന തരത്തിലുള്ള നയനിര്‍മാണവും ഒക്കെയാണ് ഉത്തരമെന്നു കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ദില്ലിയിലെ സന്‍സദ് മാര്‍ഗിലെ യോജനാ ഭവനിലിരിക്കുന്ന മഹാപണ്ഡിതരോടു ചോദിച്ചു നോക്കുക. അവര്‍ പറയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പോംവഴി മേല്‍പറഞ്ഞതിനേക്കാളെല്ലാം ലളിതമാണെന്ന്. ആദ്യം സര്‍ക്കാരിനു വേണ്ട ഔദ്യോഗിക ദരിദ്രരുടെ എണ്ണം എത്രയായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നിട്ട് ദാരിദ്ര്യ രേഖ ആ എണ്ണത്തിലേക്കു വലിച്ചു താഴ്ത്തുക. ഈ പുതുപുത്തന്‍ ദാരിദ്ര്യരേഖയെ വിദഗ്ദസമിതി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സിദ്ധാന്തവത്കരിക്കുക. ആവശ്യമെങ്കില്‍ ഒന്നുരണ്ടു സത്യവാങ്മൂലവുമാകാം. ശിഷ്ടം ശുഭം.
ഇതു തമാശയോ ആക്ഷേപഹാസ്യമോ അല്ല. മാര്‍ച്ച് 19ന് പ്രധാനമന്ത്രി അധ്യക്ഷനായിരിക്കുന്ന ആസൂത്രണ കമ്മിഷന് പുറത്തിറക്കിയ കണക്കുകള്‍ കണ്ടാല്‍ ഏതു കൊച്ചുകുട്ടിക്കും മനസിലാകും മേല്പറഞ്ഞതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന മാര്‍ഗമെന്ന്. ഔദ്യോഗിക കണക്കുകളനുസരിച്ച് 2004-05നും 2009-10നുമിടയില്‍ ഇന്ത്യയില്‍ ദാരിദ്യം ജനസംഖ്യയുടെ 37.2 ശതമാനത്തില്‍ നിന്ന് 29.8 ശതമാനത്തിലേക്കു കുത്തനെ കുറഞ്ഞു. കമ്മിഷന് പറയുന്നത് മേല്പറഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ നഗരങ്ങളിലെ ദാരിദ്ര്യം 25.7 ശതമാനത്തില്‍ നിന്ന് 20.9 ശതമാനത്തിലേക്കും, ഗ്രാമങ്ങളില്‍ അത് 41.8 ശതമാനത്തില്‍ നിന്ന് 33.8 ശതമാനത്തിലേക്കും ഇടിഞ്ഞുവെന്നാണ്. ഒറ്റനോട്ടത്തില്‍ മഹത്തായ നേട്ടം തന്നെയെന്ന് ആരും സമ്മതിക്കും. ഇന്ത്യ ആഗോളവത്കരണ-ഉദാരവത്കരണ (നവലിബറല്‍) നയങ്ങള്‍ സ്വീകരിച്ചതിനു ശേഷം രാജ്യം ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് വാദിക്കുന്നവരെ സംബന്ധിച്ച് കാതുകളില്‍ സംഗീതമായേക്കാവുന്ന കണക്കുകള്‍.
എന്നാല്‍, ഈ ദാരിദ്ര്യരേഖയെ ആസൂത്രണ കമ്മിഷന് നിര്‍വചിച്ചിരിക്കുന്നത് എങ്ങിനെയെന്ന് ചോദിക്കുന്നിടത്താണ് കാര്യം. മേല്പറഞ്ഞ നേട്ടങ്ങളുടെ കണക്കുകള്‍ രാജ്യത്തെ പാവപ്പെട്ടവരെ അപമാനിക്കാനും കൂടുതല്‍ പീഡിപ്പിക്കാനുമായി ബോധപൂര്‍വം നിര്‍മിച്ചെടുത്തിരിക്കുന്ന കുടിലക്കണക്കുകളാണെന്ന് പതിയെ വെളിവാകുന്നു. ആസൂത്രണ കമ്മിഷന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം 22.40 രൂപ ചിലവാക്കാന്‍ ശേഷിയുള്ള ഗ്രാമവാസിയും, 28.65 രൂപ ചിലവാക്കാന്‍ കഴിയുന്ന നഗരവാസിയും ദരിദ്രരല്ല. ഇതാണ് പുതിയ ദാരിദ്ര്യ രേഖ നിര്‍വചിക്കാനായി കമ്മിഷന് സ്വീകരിച്ചിരിക്കുന്ന വരുമാന പരിധി. ദിവസം 26 രൂപ ചെലവിടാന്‍ കഴിവുള്ള ഗ്രാമീണരെയും 32 രൂപ ചെലവിടാന്‍ ശേഷിയുള്ള നഗരവാസികളെയും ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കണമെന്നാണ് കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഈ പണം കൊണ്ട് എങ്ങിനെയാണ് ഒരാള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കാനാകുക എന്ന് കോടതി അന്ന് തിരിച്ചു ചോദിച്ചിരുന്നു. ഒപ്പം സര്‍ക്കാരിന്റെ ദാരിദ്ര്യ രേഖാ നിര്‍ണയ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നുപോലും പുറകോട്ടു പോയാണ് ദിവസം കേവലം 22.40 രൂപ ചിലവാക്കാന്‍ ശേഷിയുള്ള ഒരു ഗ്രാമവാസി ദാരിദ്ര്യ രേഖയ്ക്കു മുകളിലാണെന്ന് ഇപ്പോള്‍ ആസൂത്രണ കമ്മിഷന് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസത്തേക്ക് 22 രൂപ 40 പൈസ! അതും ഇന്നത്തെ ഇന്ത്യയില്‍. എന്താണ് ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലൂവാലിയ ഈ രാജ്യത്തെ പാവങ്ങളെ പറ്റി കരുതുന്നത്?
കഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില് പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും.
ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് ‘ജനപ്രിയ’ മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം. അതിന്റെ അഹങ്കാരത്തിലാണ് ഇന്ത്യ പോലൊരു രാജ്യത്ത്, നഗരങ്ങള്‍ക്കപ്പുറത്ത് കൊള്ളാവുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമില്ലാത്ത ഒരു ഫ്യൂഡല്‍-വിപണി-മുതലാളിത്ത രാജ്യത്ത്, കേവലം ഇരുപതു രൂപ ചിലവാക്കാന്‍ കഴിയുന്നവര്‍ ദരിദ്രരല്ലെന്ന് പറയാന്‍ ഭരണകൂടത്തിനാകുന്നത്.
ആല് മുളയ്ക്കുന്നത് എവിടെ നിന്നായാലും വേണ്ടില്ല തണലു കിട്ടിയാല്‍ മതി എന്നേയുള്ളൂ ഭരിക്കുന്നവര്‍ക്ക്. കമ്മിഷന്റെ അത്ഭുത കണക്കുകളോടുള്ള സര്‍ക്കാര്‍ പണ്ഡിതരുടെ പ്രതികരണം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. ആസൂത്രണ കമ്മിഷനിലെ മുഖ്യ ഉപദേശകന് പ്രൊണബ് സെന്നിന്റെ അഭിപ്രായത്തില്‍ 2004-05 മുതലുള്ള അഞ്ചു വര്‍ഷക്കാലത്ത് ഏറ്റവും വേഗമേറിയ തോതില്‍ ദാരിദ്ര്യം കുറയുന്നതാണ് രാഷ്ട്രം കണ്ടതത്രെ. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് ഈ മാന്ത്രിക നേട്ടം കരസ്ഥമാക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല അദ്ദേഹത്തിന്. ഇപ്പോഴത്തെ വളര്‍ച്ചയുടെ പ്രവേഗം നിലനിര്‍ത്തിയാല്‍ വരുന്ന ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്നും ദാരിദ്യം പൂര്‍ണമായും തുടച്ചു നീക്കാമെന്ന കാര്യത്തില്‍ സെന്‍ ആത്മവിശ്വാസിയുമാണ്. (അത്രയും നാള് കത്തിരിക്കേണ്ടിയൊന്നും വരില്ല. വരുമാന പരിധി ഇപ്പോഴത്തെ ഇരുപത്തിരണ്ടില്‍ നിന്നും അഞ്ചോ പത്തോ രൂപയായി കുറച്ചാല്‍ മതിയാകുമല്ലോ.) ദാരിദിദ്ര്യത്തിലുണ്ടായ കുറവ് വന്‍ നേട്ടം തന്നെയാണെങ്കിലും, ഈ നേട്ടത്തിന്റെ പളപ്പില്‍ ഇന്ത്യ മയങ്ങി പോകരുതെന്നാണ് കണക്കുകളോട് പ്രതികരിക്കവേ സോണിയാ ഗാന്ധിയുടെ നാഷനല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗം എന്‍സി സക്സേന പറഞ്ഞത്. ഇരുപത്തി രണ്ടു രൂപയുടെ ബലത്തില്‍ ദരിദ്രരല്ലാതാകുന്ന ഇന്ത്യാക്കാരെ കുറിച്ച് അഭിമാനം കൊള്ളാന്‍ എത്ര പേരാണെന്നു നോക്കു.
ദാരിദ്ര്യത്തിന്റെ മറുപുറം
സര്‍ക്കാരിന്റെ ദാരിദ്ര്യരേഖാ നിര്‍ണയ രീതി ഇതാദ്യമായല്ല വെല്ലുവിളിക്കപ്പെടുന്നത്. ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം രാജ്യത്ത് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു പോലെ ദാരിദ്ര്യം കുറയുകയല്ല, മറിച്ച് കൂടുതല്‍ രൂക്ഷമാകുകയാണ് ഉണ്ടായതെന്ന് തെളിവുകള്‍ നിരത്തുന്ന പഠനങ്ങള്‍ നിരവധിയാണ്. വിഖ്യാതമായ അര്ജുന് സെന്‍ഗുപ്ത കമ്മിറ്റി റിപോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 77 ശതമാനത്തോളം ആളുകള്‍ ഒരു ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. കൂടാതെ, മൂന്നാമത് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചു വയസില്‍ താഴെയുള്ള 46 ശതമാനം കുട്ടികളും പോഷകാഹാര കുറവനുഭവിക്കുന്നവരാണ്.
സര്‍ക്കാരിന്റെ ദാരിദ്ര്യരേഖാ നിര്‍ണയ രീതി ഇതാദ്യമായല്ല വെല്ലുവിളിക്കപ്പെടുന്നത്. ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം രാജ്യത്ത് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു പോലെ ദാരിദ്ര്യം കുറയുകയല്ല, മറിച്ച് കൂടുതല്‍ രൂക്ഷമാകുകയാണ് ഉണ്ടായതെന്ന് തെളിവുകള്‍ നിരത്തുന്ന പഠനങ്ങള്‍ നിരവധിയാണ്. വിഖ്യാതമായ അര്ജുന് സെന്‍ഗുപ്ത കമ്മിറ്റി റിപോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 77 ശതമാനത്തോളം ആളുകള്‍ ഒരു ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. കൂടാതെ, മൂന്നാമത് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചു വയസില്‍ താഴെയുള്ള 46 ശതമാനം കുട്ടികളും പോഷകാഹാര കുറവനുഭവിക്കുന്നവരാണ്.
2010 ജൂലൈയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് (Oxford Poverty and Human Development Initiative–ഈ പഠനത്തിന് പിന്നീട് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിക്കുകയുണ്ടായി) സബ്-സഹാറന്‍ ആഫ്രിക്കയിലെ ഇരുപത്തിയാറു രാജ്യങ്ങളില്‍ മൊത്തമുള്ളതില്‍ കൂടുതല്‍ ദരിദ്രര്‍ ഇന്ത്യയിലുണ്ട്. പോഷകാഹാരങ്ങളുടേയും, അടിസ്ഥാന സൗകര്യങ്ങളുടേയും ലഭ്യതയും, ആരോഗ്യനിലവാരവും അടിസ്ഥാനമായെടുത്താണ് പ്രസ്തുത പഠനം ദാരിദ്ര്യ രേഖ നിര്‍വചിച്ചിരിക്കുന്നത്. അതനുസരിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലേയും സ്ഥിതി ആഫ്രിക്കന്‍ ദാരിദ്ര്യ സാഹചര്യങ്ങളേക്കാള്‍ ഭീതിതമാണ്. ഏഴു കോടി ജനങ്ങളുള്ള മധ്യ പ്രദേശിനെ പഠനം താരതമ്യപ്പെടുത്തുന്നത് മധ്യാഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുമായാണ്. രണ്ടിടത്തേയും ദരിദ്രസാഹചര്യങ്ങള്‍ സമാനമാണെന്നാണ് റിപോര്‍ട്ട് പറയുന്നത്.
ഇതൊന്നും പോരെങ്കില്‍ മാര്‍ച്ച് 14നു പുറത്തിറങ്ങിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ തന്നെ സെന്‍സസ് നോക്കു. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ ഒന്നില്‍ താഴെ മാത്രമേ അണുവിമുക്ത ശുദ്ധജലം ലഭിക്കുന്നുള്ളൂ. രാജ്യത്ത് ആകെയുള്ള 24.6 കോടി ഭവനങ്ങളില്‍ കക്കൂസുള്ളത് ഏകദേശം 47 ശതമാനത്തിനു മാത്രം. ശിഷ്ടമുള്ള 53 ശതമാനത്തില്‍ മൂന്നു ശതമാനത്തില്‍പരം ആളുകള്‍ പൊതു കക്കൂസ് ഉപയോഗിക്കുന്നു. ബാക്കി 47 ശതമാനത്തോളം (ഏകദേശം അമ്പതു കോടി ആളുകള്‍) തുറസായ സ്ഥലത്താണ് കാര്യം സാധിക്കുന്നത്. ഇതാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ആറു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യയുടെ നേര്‍ചിത്രം.
എന്നാല്‍ ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും ഇന്നു കടന്നുപോകുന്ന ഈ ജീവിത സാഹചര്യങ്ങള്‍ തുറന്നു സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കിടക്കാന്‍ വീടില്ലാത്തവരോ, ഉടുക്കാന്‍ തുണിയില്ലാത്തവരോ, ആരോഗ്യ പരിരക്ഷ ലഭിക്കാത്തവരോ, വിദ്യാഭാസ സൗകര്യങ്ങള്‍ വഹിക്കാന്‍ ത്രാണിയില്ലാത്തവരോ സര്‍ക്കാര്‍ കണക്കില്‍ ഇപ്പോള്‍ ദരിദ്രരല്ല. മറിച്ച്, പ്രതിമാസം ജീവന് നിലനിര്‍ത്താനാവശ്യമായ ഭക്ഷണത്തിന് ചിലവാക്കേണ്ടി വരുന്ന പണം ചിലവഴിക്കാന്‍ ശേഷിയില്ലാത്തവര്‍ മാത്രമാണ് ദരിദ്രര്‍. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയായ ഉട്സ പട്നായിക്കിന്റെ അഭിപ്രായത്തില്‍ ഇതു ദാരിദ്ര്യ രേഖയല്ല, മറിച്ച് കൊടുംപട്ടിണി രേഖയാണ്. മന്മോഹന് സിംഗും അലൂവാലിയയും മറ്റും ചേര്‍ന്ന് വരച്ചെടുക്കുന്ന ഈ പട്ടിണിരേഖ രാജ്യത്തെ പട്ടിണിയുടെ യഥാര്‍ത്ഥ ചിത്രം പോലും തരുന്നില്ലെന്നാണ് ഉട്സയെ പോലുള്ളവര്‍ പറയുന്നത്. ഉദാഹരണത്തിന്, പോഷകാഹാരലബ്ധി പട്ടിണി അളക്കാനുള്ള മാനദണ്ഡമായെടുത്താല്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ശരാശരി ആളോഹരി പോഷകാഹാരലബ്ധി കുറയുകയാണുണ്ടായിരിക്കുന്നത്. ഇന്ന് രാജ്യത്തെ 76 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് (ഏകദേശം 84 കോടിയോളം ജനങ്ങള്‍) ആവശ്യമായ ഊര്‍ജം (2,100 കിലോകലോറി ഒരു നഗരവാസിക്കും, 2,400 കലോറി ഗ്രാമവാസിക്കും എന്ന തോതില്‍) ലഭിക്കുന്നില്ലെന്ന് ഉട്സയുടെ പഠനം തെളിയിക്കുന്നു. അത്രയും ഭക്ഷണം വാങ്ങാനുള്ള പണംപോലും സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഉട്സയുടെ അഭിപ്രായത്തില്‍, ദാരിദ്ര്യ രേഖാ നിര്‍ണയത്തിലെ പാകപ്പിഴകള്‍ക്ക് മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യ രേഖ നിര്‍ണയിക്കപ്പെട്ടിരുന്നത് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നതിനുള്ള ചിലവു കൂടി കണക്കിലെടുത്തായിരുന്നു. 1979ലെ ഒരു വിഗദ്ഗ സമിതി പഠനം മുന്നോട്ടു വച്ചത് ഒരു വ്യക്തിയുടെ പ്രതിമാസ ഉപഭോഗ ചിലവിന്റെ അടിസ്ഥാനത്തിലായിരിക്കണം ദാരിദ്ര്യരേഖ നിര്‍ണയിക്കേണ്ടത് എന്നായിരുന്നു. ഇതില്‍ ഭക്ഷണത്തിനായി ചിലവാക്കുന്ന പണം പ്രത്യേകം അടയാളപ്പെടുത്തേണ്ടതുണ്ട്. അതായത്, ഒരു ഗ്രാമവാസിക്ക് ഒരു ദിവസം 2,400 കലോറി ഊര്‍ജം ലഭിക്കുന്നതിനാവശ്യമായ പണം ഭക്ഷണയിനത്തില്‍ ചിലവാക്കാന്‍ അയാള്‍ക്ക്/അവള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍, അവര്‍ ദാരിദ്ര്യ രേഖയ്ക്കു മുകളിലാണെന്നു പറയാം. ഈ നിര്‍വചനമനുസരിച്ച് ഒരു നഗരവാസിക്ക് ആവശ്യം വേണ്ട ഊര്‍ജം 2,100 കലോറിയായിരുന്നു. പിന്നീട് ഗ്രാമവാസിയുടെ ഊര്‍ജകണക്ക് 2,200 ആയി കുറയ്ക്കപ്പെട്ടു. ഈ നിര്‍ദേശങ്ങള്‍ അന്ന് ആസൂത്രണ കമ്മിഷന് സ്വീകരിച്ചിരുന്നു. പക്ഷേ, 1973-74ലെ ഉപഭോഗ ചിലവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ നിര്‍വചനമനുസരിച്ച് ദാരിദ്രരുടെ എണ്ണം സര്‍ക്കാര്‍ കണക്കു കൂട്ടിയുള്ളൂ. അന്നത്തെ പോഷകാഹാരാധിഷ്ടിത ദാരിദ്ര്യരേഖയനുസരിച്ച് ഗ്രാമങ്ങളില്‍ 56 ശതമാനവും, നഗരങ്ങളില്‍ 49 ശതമാനവും ദരിദ്രരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ദാരിദ്ര്യ രേഖ മാറ്റിവരച്ചപ്പോഴൊക്കെ ദരിദ്രര്‍ക്ക് പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തെ ബോധപൂര്‍വം അവഗണിച്ചു. മറിച്ച്, 1973-74ലെ ദാരിദ്ര്യത്തെ നിര്‍ണയിച്ച പ്രതിമാസ വരുമാന പരിധിയെ (49 രൂപ ഗ്രാമങ്ങളിലും 56 രൂപ നഗരങ്ങളിലും) പണപ്പെരുപ്പത്തിനനുസരിച്ച് വിലസൂചികയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി വരയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതാണ് ഇപ്പോഴത്തെ വരുമാന പരിധിയില്‍ എത്തിനില്‍ക്കുന്നതെന്ന് ഉട്സ പറയുന്നു.
മേല്പറഞ്ഞ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അളവില്‍ പോഷകാഹാരം ലഭിക്കണമെങ്കില്‍ ഇന്ന് എത്ര രൂപ ദിവസം ചിലവാക്കണം? ഉട്സ നടത്തിയ പഠനമനുസരിച്ച് 2,200 കലോറി ഊര്‍ജം എന്ന തോതില്‍ ഒരു ഗ്രാമവാസിക്ക് ലഭിക്കണമെങ്കില്‍, ഇന്ന് അയാള്‍ ദിവസം 36 രൂപ ചിലവാക്കേണ്ടതുണ്ട്. ഒരു നഗരവാസിക്ക് 2,100 കലോറി ഊര്‍ജം ലഭിക്കാന്‍ ചിലവാക്കേണ്ടി വരിക 60 രൂപയാണ്. അതായത് പ്രതിമാസം ഗ്രാമ-നഗരവാസിക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍ മാത്രം വേണ്ട തുക യഥാക്രമം 1,085 രൂപയും 1,800യും. നാലാളുകളുള്ള ഒരു കുടുംബത്തിനാണെങ്കില്‍ ഇത് യഥാക്രമം 4,340 രൂപയും, 7,200 രൂപയുമാകണം. എന്നാല്‍ ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഇന്ന് ഇത്രയും സമ്പാദിക്കാന്‍ കഴിയുന്നുണ്ടോ?ഇതു ഭക്ഷണചിലവു മാത്രമാണെന്നാതാണ് ദുഖകരം. ആരോഗ്യത്തിന് ആരാണ് പണം ചിലവാക്കുക? ദരിദ്രരുടെ കുട്ടികളെ ആരു പഠിപ്പിക്കും? അവര്‍ എവിടെ ഉറങ്ങും? ആസൂത്രണ കമ്മിഷന് മറുപടി പറയുമോ?
വിപണിയുടെ സ്വന്തം
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കായി ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി മാര്‍ച്ച് 16ന് അവതരിപ്പിച്ച ബജറ്റിന്റെ മുഖ്യ സന്ദേശം ധനകമ്മി വെട്ടി കുറയ്ക്കലായിരുന്നു. സര്‍ക്കാരിന്റെ ചിലവുകള്‍ കുറയ്ക്കണമെന്നത് ഇന്ത്യയിലെ ധനമൂലധനത്തിന്റെ (finance capital) കാലങ്ങളായുള്ള ആവശ്യമാണ്. കമ്മി കൂടിയാല്‍ അതു നികത്തുന്നതിനായി സര്‍ക്കാരിന്റെ കടംവാങ്ങല്‍ കൂടും. അപ്പോള്‍ കോര്‍പറേഷനുകള്‍ക്കും, മറ്റു വന്‍കിട കടമെടുപ്പുകാര്‍ക്കും വേണ്ടത്ര പണം കടവിപണിയില്‍ നിന്നും കണ്ടെത്താന്‍ കഴിയാതാകും. അതുകൊണ്ട് സര്‍ക്കാരിന്റെ ചിലവുകള്‍ക്ക് മൂക്കുകയറിടേണ്ടത് ആവശ്യമാണ്. മാത്രമല്ല, ഒരു നവലിബറല്‍ സര്‍ക്കാര്‍ ചിലവു കുറയ്ക്കുകയെന്നു പറഞ്ഞാല്‍ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥം പാവങ്ങള്‍ക്കായുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്. ബജറ്റിലെ ഈ നിര്‍ദേശങ്ങള്‍ നോക്കുക: നടപ്പു വര്‍ഷത്തെ ധനകമ്മി 5.6 ശതമാനമായിരിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇത് 5.1 ശതമാനമായി കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. ഇതിലേക്കായി ഇപ്പോള്‍ ജിഡിപിയുടെ 2.4 ശതമാനമുള്ള സബ്സിഡികള്‍ 1.9 ശതമാനത്തിലേക്കു കുറയ്ക്കും. വിപണിയില്‍ സര്‍ക്കാരിന് ഇടപെടാനുള്ള ഉപകരണങ്ങള്‍ കൂടിയാണ് സബ്സിഡികള്‍. അതു കുറയ്ക്കുന്നതു വഴി വിപണിയില്‍ കോര്‍പറേഷനുകള്‍ക്കുള്ള മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കായി ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി മാര്‍ച്ച് 16ന് അവതരിപ്പിച്ച ബജറ്റിന്റെ മുഖ്യ സന്ദേശം ധനകമ്മി വെട്ടി കുറയ്ക്കലായിരുന്നു. സര്‍ക്കാരിന്റെ ചിലവുകള്‍ കുറയ്ക്കണമെന്നത് ഇന്ത്യയിലെ ധനമൂലധനത്തിന്റെ (finance capital) കാലങ്ങളായുള്ള ആവശ്യമാണ്. കമ്മി കൂടിയാല്‍ അതു നികത്തുന്നതിനായി സര്‍ക്കാരിന്റെ കടംവാങ്ങല്‍ കൂടും. അപ്പോള്‍ കോര്‍പറേഷനുകള്‍ക്കും, മറ്റു വന്‍കിട കടമെടുപ്പുകാര്‍ക്കും വേണ്ടത്ര പണം കടവിപണിയില്‍ നിന്നും കണ്ടെത്താന്‍ കഴിയാതാകും. അതുകൊണ്ട് സര്‍ക്കാരിന്റെ ചിലവുകള്‍ക്ക് മൂക്കുകയറിടേണ്ടത് ആവശ്യമാണ്. മാത്രമല്ല, ഒരു നവലിബറല്‍ സര്‍ക്കാര്‍ ചിലവു കുറയ്ക്കുകയെന്നു പറഞ്ഞാല്‍ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥം പാവങ്ങള്‍ക്കായുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്. ബജറ്റിലെ ഈ നിര്‍ദേശങ്ങള്‍ നോക്കുക: നടപ്പു വര്‍ഷത്തെ ധനകമ്മി 5.6 ശതമാനമായിരിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇത് 5.1 ശതമാനമായി കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. ഇതിലേക്കായി ഇപ്പോള്‍ ജിഡിപിയുടെ 2.4 ശതമാനമുള്ള സബ്സിഡികള്‍ 1.9 ശതമാനത്തിലേക്കു കുറയ്ക്കും. വിപണിയില്‍ സര്‍ക്കാരിന് ഇടപെടാനുള്ള ഉപകരണങ്ങള്‍ കൂടിയാണ് സബ്സിഡികള്‍. അതു കുറയ്ക്കുന്നതു വഴി വിപണിയില്‍ കോര്‍പറേഷനുകള്‍ക്കുള്ള മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
സബ്സിഡികള്‍ വെട്ടികുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ദരിദ്രരുടെ എണ്ണം കുറച്ച് സബ്സിഡികള്‍ ശേഷിക്കുന്ന ദരിദ്രര്‍ക്കു മാത്രമായി നിജപ്പെടുത്തുക എന്നതാണ്. നന്ദന് നിലേകാനി കമ്മിഷന് സര്‍ക്കാരിനോട് പരോക്ഷമായി ആവശ്യപ്പെട്ടിരിക്കുന്നതും അതു തന്നെ. അര്ഹമായവര്ക്കു മാത്രം ആനുകൂല്യങ്ങള്‍ എന്നാണ് നിലേകാനി കമ്മിഷനും, കോര്‍പറേഷനുകളും പാടിക്കൊണ്ടിരിക്കുന്നത്. അര്‍ഹമായവരുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചാല്‍ പിന്നെ കൊടുക്കുന്ന ആനുകൂല്യങ്ങളുടെ എണ്ണവും കുറയുമെന്ന് ഇന്‍ഫോസിസിന്റെ തലപ്പത്തിരുന്നിരുന്ന നിലേകാനിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അവിടെയാണ് ആസൂത്രണ കമ്മിഷനും, സര്‍ക്കാരും, സര്‍ക്കാര്‍ പണ്ഡിതരുമെല്ലാം പാവങ്ങള്‍ക്കെതിരായ കോര്‍പറേഷനുകളുടെ യുദ്ധത്തില്‍ കക്ഷി ചേരുന്നത്. ദരിദ്രരുടെ എണ്ണം കൃത്രിമമായി വെട്ടിക്കുറച്ചത് ദാരിദ്ര്യം കുറച്ചു എന്നു മേനി നടിക്കാന്‍ വേണ്ടി മാത്രമല്ല. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മനുഷ്യത്വവിരുദ്ധമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി കൂടിയാണ്. അതിനായി മന്മോഹന് സര്‍ക്കാരിന്റെ കയ്യിലുള്ള അത്ഭുത വിളക്കാണ് ആസൂത്രണ കമ്മിഷന്. അലൂവാലിയ മന്മോഹന്റെ അലാവുദീനും.
(ഇത് ഞാന്‍ എഴുതിയതല്ല കോപ്പി പേസ്റ്റ് ചെയ്തതാണ് - അതിനാല്‍ തന്നെ എന്റെ ശൈലിയില്‍ നിന്നും വെത്യസ്തമായി വിവരങ്ങള്‍ സമഗ്രമായി സ്ഥിതിവിവര കണക്കുകളോടെ അവതരിപ്പിച്ചിരിക്കുന്നു.)
(ഇത് ഞാന്‍ എഴുതിയതല്ല കോപ്പി പേസ്റ്റ് ചെയ്തതാണ് - അതിനാല്‍ തന്നെ എന്റെ ശൈലിയില്‍ നിന്നും വെത്യസ്തമായി വിവരങ്ങള്‍ സമഗ്രമായി സ്ഥിതിവിവര കണക്കുകളോടെ അവതരിപ്പിച്ചിരിക്കുന്നു.)
4 അഭിപ്രായ(ങ്ങള്):
ഇത്രയൊക്കെ നമുക്കറിവുണ്ടായിട്ടും, നിയമ കാര്യങ്ങളെപ്പറ്റി ജ്ഞാനമുണ്ടായിട്ടും നമ്മൾക്കങ്ങനെ ഇതു തുടച്ചു മാറ്റേണ്ട ഒരു രീതിയ്ക്കും കഴിയുന്നില്ലെങ്കിൽ അതിനർത്ഥം നാമത് സഹിക്കുക എന്നത് മാത്രമാണ്. സോ ക്ഷമിക്കുക സഹിക്കുക, അവനവന് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്യുക, ഉപകാരം ചെയ്യുക, കണ്ടാൽ അവരെ സഹായിക്കാൻ ദൈവത്തിനോട് ശക്തിതരാൻ പറയുക. അത്രേയുള്ളൂ. ആശംസകൾ.
ശൊല്ലാതേ....ചെയ്
ചെരുപ്പിന് അനുസരിച്ചു കാല് മുറിക്കുക എന്നാ ഫെയ്മസ് തിയറിയുടെ ആപ്ലിക്കെഷന്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് ദന്തഗോപുരങ്ങളിലിരുന്നു ആസ്ഥാന പണ്ഡിതന്മാര് തല പുകക്കുന്നു......
കേരളത്തിലെ അളവ്കോല് എടുക്കുവാനെന്കില് പോഷകാഹാരം ലഭിക്കാത്തവരുടെ കൂട്ടത്തില്‍ ബിവരെജസ് കോര്‍പ്പറേഷന്റെ കണക്ക് കൂടെ കൂട്ടേണ്ടിവരും:)
ആരെഴുതിയതായാലും വളരെ നല്ല ലേഖനമാണ്.അത് തേടിപ്പിടിച്ച് ഞങ്ങള്‍ക്ക് വായിക്കാന്‍ അവസരം ഒരുക്കിത്തന്നതില്‍ അനില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ