കമ്പോളത്തില്‍ അരിവില കുതിച്ചു കയറുമ്പോള്‍ സര്‍ക്കാര്‍ ഇടപെടാതെ മാറിനില്‍ക്കുന്നത് അത്യന്തം അപലപനീയം തന്നെ. മലയാളിയുടെ പ്രധാന ഭക്ഷണമാണ് അരിയെന്നിരിക്കെ ഭക്ഷ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭരണ പരിചയം കുറവുള്ളയാളാണ് വകുപ്പു മന്ത്രിയെങ്കിലും ഉദ്യോഗസ്ഥര്‍ അങ്ങനെയല്ലല്ലോ.
കഴിഞ്ഞയാഴ്ച അരിയുടെ വില കിലോഗ്രാമിന് 22 മുതല്‍ 25 രൂപ വരെയായിരുന്നെങ്കില്‍ ഇപ്പോള്‍ 28 മുതല്‍ 32 രൂപ വരെയെത്തി നില്‍ക്കുന്നു. അതായത്, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിലയില്‍ വന്‍ തോതിലുള്ള വ്യത്യാസം. നിലവിലുള്ള സാഹചര്യത്തില്‍ അരിക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതു തന്നെയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചില്ലറ വ്യാപാരികളുടെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും തെറ്റായി ഇതിനെ കാണാനാവില്ല. അതേസമയം, മൊത്ത വ്യാപാരികള്‍ പലയിടത്തും അരി പൂഴ്ത്തി വച്ചിരിക്കുകയാണെന്ന പരാതിയും വ്യാപകമായുണ്ട്. റേഷന്‍ കടകളെയാണ് സമൂഹത്തിലെ പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്നത്. അവിടെ രണ്ടു മാസത്തോളമായി പുഴുക്കലരിയും പച്ചരിയും എത്തുന്നതേയില്ല. വിതരണം ചെയ്യുന്ന അരിയാകട്ടെ ഭക്ഷ്യയോഗ്യമല്ലാത്തതും. ഇതെല്ലാം നടക്കുമ്പോഴും സര്‍ക്കാര്‍ ഉറങ്ങുന്നു. വിപണിയില്‍ അരിവില കുത്തനെ ഉയരുമ്പോള്‍ വ്യാപാരികള്‍ ലക്ഷങ്ങള്‍ കൊയ്യാനുള്ള അവസരം തേടുകയാണ്. അരി ഗോഡൗണുകളില്‍ പൂഴ്ത്തി വച്ചിരിക്കുന്ന അരി കണ്ടെത്താന്‍ സര്‍ക്കാരോ സിവില്‍ സപ്ലൈസ് വകുപ്പോ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയല്ല സര്‍ക്കാരിന്റെ കടമ. അതു മറന്നുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.
സാധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടാനും ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാനുമാണ് മുന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു പോന്നത്. നിലവില്‍ പ്രവര്‍ത്തനപരിചയം തീരെയില്ലാത്ത മന്ത്രിയെ ഉദ്യോഗസ്ഥര്‍ വട്ടം ചുറ്റിക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളിലുള്ള അരിവ്യാപാരികളുടെ ഗോഡൗണുകളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നു വരാം. മുടങ്ങാതെ മാസപ്പടി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അതല്ലാതെ ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല. റേഷന്‍ വ്യാപാരികളില്‍ നിന്നു പടി വാങ്ങുന്ന സപ്ലൈ ഓഫീസര്‍മാര്‍ വാഴുന്ന നാടാണിത്. ഓരോ കടക്കാരനും നിശ്ചിത തുക എല്ലാ മാസവും എത്തിച്ചില്ലെങ്കില്‍ മാത്രമേ പരിശോധന നടക്കൂ. പടി നല്‍കുന്നവര്‍ക്ക് കരിഞ്ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനു തടസമുണ്ടാവില്ല. ഇതു കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്ന പതിവാണ്. അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ ഇങ്ങനെ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു.
ഈ കരിഞ്ചന്ത വ്യാപാരം തടയാന്‍ എഫ്‌സിഐ ഗോഡൗണുകളില്‍ വിതരണ ദിവസം ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. അതിലൂടെ നേട്ടം അങ്ങനെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമായിത്തീരുമോ എന്നതു കണ്ടു തന്നെ അറിയണം. റേഷന്‍ വ്യാപാരികളില്‍ നിന്ന് ഗോഡൗണില്‍ വച്ചു തന്നെ പണം വാങ്ങാനുള്ള അവസരമായി ഇതിനെ കാണുന്ന ഉദ്യോഗസ്ഥരാണ് ചുമതലപ്പെട്ടവരെങ്കില്‍ കാര്യങ്ങളുടെ പോക്ക് ഗുണകരമായിരിക്കില്ല. കേരളീയര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ജയ, സുരേഖ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട അരിക്കാണ് പൊതുവിപണിയില്‍ ക്ഷാമം കൂടുതലുള്ളത്. ഈ ഇനങ്ങളില്‍പ്പെട്ട അരി ധാരാളമായി കേരളത്തിലെ വന്‍കിട അരിവ്യാപാരികളുടെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നതായാണ് സൂചന. ഇതു കണ്ടെത്താന്‍ കര്‍ശന പരിശോധന തന്നെ നടത്തേണ്ടിയിരിക്കുന്നു.
ഭക്ഷ്യക്ഷാമത്തിലേക്കു തന്നെ നയിച്ചേക്കാവുന്ന അവസ്ഥ സംജാതമാകുമ്പോഴും ഉദ്യോഗസ്ഥരുടെ താളത്തിനൊത്ത് സര്‍ക്കാര്‍ ചലിക്കുന്നു എന്നത് തികച്ചും ഖേദകരം തന്നെ. കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തന്റേടമുള്ള ഭരണനേതൃത്വത്തിന്റെ അഭാവം തന്നെയാണ് ഇവിടെ കാണുന്നത്. പരിചയക്കുറവുള്ള മന്ത്രിയാണു വകുപ്പിന്റെ തലപ്പത്തുള്ളതെങ്കില്‍ മറ്റുള്ള മന്ത്രിമാര്‍ക്ക് അതിനുള്ള ഉപദേശം നല്‍കാവുന്നതേയുള്ളൂ. ഭരണത്തിന്റെ മൊത്തം ചുമതലയുള്ള മുഖ്യമന്ത്രിയുമുണ്ടല്ലോ. എന്നിട്ടും ആരും അനങ്ങുന്നില്ല.
ഒരു വശത്തുകൂടി അരിയുടെ വില കുതിച്ചു കയറുമ്പോള്‍ പച്ചക്കറിയും ധാന്യവര്‍ഗങ്ങളുമടക്കമുള്ളവയുടെ വിലയും ഉയരുകയാണ്. മിക്ക പച്ചക്കറികള്‍ക്കും കിലോഗ്രാമിന് നാല്പതു രൂപയിലേറെയാണ് വില. കേരളത്തില്‍ പച്ചക്കറി ഉത്പാദനം കാര്യമായി നടക്കുന്നില്ലെന്നിരിക്കെ അന്യ സംസ്ഥാനങ്ങളാണ് ഇതിലൂടെ നേട്ടം കൊയ്യുന്നത്. സ്വന്തം ഭൂമിയില്‍ കൃഷിയിറക്കാന്‍ മടിക്കുന്ന മലയാളിക്കുള്ള ശിക്ഷ തന്നെയാണ് ഈ വിലക്കയറ്റം. മത്സ്യ സമ്പത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തില്‍ മഴക്കാലമായതോടെ അതിനും കടുത്ത ക്ഷാമമുണ്ട്. ഇതോടെ മലയാളിയുടെ മൊത്തം ആഹാരക്രമം മാറുകയാണ്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടറിഞ്ഞ് അവശ്യ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും ക്ഷാമകാലത്ത് വിതരണം ചെയ്യാനുമാണ് സര്‍ക്കാര്‍ തലത്തില്‍ ഭക്ഷ്യ വകുപ്പ് എന്നൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഹോട്ടലുകളുടെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തനിക്കും ഈച്ച വീണ ഭക്ഷണം ലഭിച്ചിട്ടുണ്ടെന്നു വിലപിക്കുന്ന മന്ത്രിയെയല്ല ഇവിടെ ആവശ്യം. മറ്റു പല പരിഗണനകളുടെയും പേരില്‍ എംഎല്‍എയും മന്ത്രിയുമൊക്കെ ആകുന്നവര്‍ നാടു ഭരിക്കുന്നതിന്റെ ദൂഷ്യഫലം തന്നെയാണ് ഇതെല്ലാം.
മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടായാലും ജനങ്ങളുടെ ജീവിതം സുന്ദരമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മന്ത്രിയെ ഉപദേശിക്കുന്ന ഉന്നതരുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. വിപണിയില്‍ ശക്തമായി ഇടപെട്ട് അരിയുടെയും നിത്യോപയാഗ സാധനങ്ങളുടെയുമടക്കം വില നിയന്ത്രിക്കാന്‍ ക്രിയാത്മകമായ നടപടികളാണ് ഉടന്‍ ഉണ്ടാകേണ്ടത്.
മലയാളിയുടെ ഭക്ഷണം പോലും മുടക്കുന്ന തരത്തിലേക്ക് സര്‍ക്കാരിന്റെ പിടിപ്പുകേട് നീങ്ങിക്കൂടാ.
3 അഭിപ്രായ(ങ്ങള്‍):
അതിന് ഈ സര്‍ക്കാര്‍ ജനങ്ങളോട് സ്നേഹമോ കടപ്പാടോ ഉള്ളവരാണെന്ന് ആര്‍ പറഞ്ഞു? അങ്ങിനെയുള്ള ഭരണാധികാരികള്‍ക്കേ ഈ വിഷയങ്ങളൈല്‍ പോസിറ്റീവ് ആയിട്ട് ഇടപെടാന്‍ സാധിക്കൂ. നാലു പുത്തനുള്ളവരെ മതി, സര്‍ക്കാരിനായാലും.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്തു കണ്ടു ടണ്‍ കണക്കിന് അരി മഴയും വെയിലും കൊണ്ടു നശിക്കുന്ന വേദനിപ്പിക്കുന്ന കാഴ്ച. മനുഷ്യന്റെ ജീവിതത്തിനു വേണ്ടതെല്ലാം ഈ ഭൂലോകത്ത് ലഭ്യമാണ്. അവയുടെ വിതരണ-വിനിയോഗത്തില്‍ നാം കാണിക്കുന്ന വ്യതിയാനങ്ങളാണ് പട്ടിണിയും ദൌര്‍ലഭ്യവും കൊണ്ടു വരുന്നത്. നല്ല ചിന്തകള്‍.. ആശംസകള്‍ !
സാധാരണക്കാരന്റെ വേദന പ്രസംഗിക്കുമ്പോൾ വാക്കുകളിൽ മാത്രം പോര. അതിനുള്ള പരിഹാരം കൂടി ചെയ്യാൻ കഴിയുന്നവനാകണം നല്ല നേതാവ്. അരിയുടെ ഈ ഫോട്ടോകണ്ടാൽ :(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ