2019, സെപ്റ്റം 23

ഒരുകെട്ട് പുകയിലക്കു വേണ്ടി തറവാട് പണയപ്പെടുത്തുന്ന കാരണവർ

അമേരിക്കയുടെ താല്പര്യപ്രകാരം ഭരണമാറ്റം നടന്ന, അമേരിക്കൻ കമ്പനികളുടെയും മറ്റു കോർപ്പറേറ്റു കമ്പനികളുടെയും താല്പര്യപ്രകാരം പാവ ഭരണാധികാരികളെ അവരോധിച്ച രാജ്യങ്ങളെപ്പറ്റി സമീപകാല ചരിത്രത്തിലൂടെ ഒന്ന് തിരഞ്ഞു നോക്കാം 

പാകിസ്ഥാൻ ഒഴികെ, അഫ്ഗാനിസ്ഥാൻ മുതൽ ലിബിയയും ഇറാഖും വരെ എടുത്താൽ ഒരുകാലത്തു വ്യാവസായിക ഉത്പാദനത്തിലും  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും  അതാതു ഭൂമിശാസ്ത്ര മേഖലകളിൽ ഏറ്റവും മുന്നിൽ നിന്ന രാജ്യങ്ങളായിരുന്നു അവ എന്ന് കാണാം. 

അമേരിക്ക തങ്ങളുടെ ചില പ്രത്യേക  വാണിജ്യ താല്പര്യങ്ങളോ സൈനിക താല്പര്യങ്ങളോ സംരക്ഷിക്കുന്നതിൽ ആ രാജ്യങ്ങൾ തടസമാകുന്നു എന്നുകണ്ട് മാധ്യമങ്ങൾ ഉപയോഗിച്ച പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തി ആ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന ഭരണകൂടങ്ങളെ അപകീർത്തിപ്പെടുത്തി പ്രതിപക്ഷത്തു സായുധ മിലിറ്റന്റ് സംഘങ്ങളെ എത്തിച്ചു  അട്ടിമറിച്ചു. തങ്ങളുടെ താല്പര്യങ്ങൾ വായമൂടി അനുസരിക്കുന്ന പ്രോക്സി ഭരണകൂടങ്ങളെ അവരോധിച്ചു. 

ആ ഭരണകൂടങ്ങൾക്കു പൊതുവായി ഉണ്ടായിരുന്ന ഒരു പ്രധാന സ്വഭാവം ആധുനിക കാലത്തെ പുരോഗമന ആശയങ്ങളെ, മാനുഷിക മൂല്യങ്ങളെ, മനുഷ്യാവകാശങ്ങളെ തന്നെയും നിരാകരിക്കുന്ന തീവ്ര മതസംഘടനകളാൽ നിയന്ത്രിക്കപ്പെട്ട കരുണയില്ലാത്ത  ഭരണകൂടങ്ങളായിരുന്നു അവ എന്നതായിരുന്നു.

ഭരണമാറ്റത്തിന് ശേഷം ആ രാജ്യങ്ങൾക്കു സംഭവിച്ചതെന്താണ്?

ഭരണത്തിലെത്തിയവർ ആദ്യമായി ചെയ്തത് ആ രാജ്യങ്ങൾക്കു നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന സാംസ്കാരിക ഐഡന്റിറ്റി തകർക്കുകയായിരുന്നു ജനങ്ങൾ തമ്മിലുണ്ടായിരുന്ന സ്നേഹത്തിലും സഹകരണത്തിലും ഭാഷയുടെയും നിറത്തിന്റെയും ഗോത്രത്തിന്റെയും മതത്തിന്റെയും പേരിൽ വിള്ളൽ ഉണ്ടാക്കുകയായിരുന്നു.

രണ്ടാമതായി പ്രാദേശികമായി ഉണ്ടായിരുന്ന സാങ്കേതികവിദ്യകളെയും വ്യാവസായിക ക്ലസ്റ്ററുകളെയും  അടച്ചു പൂട്ടിക്കുന്ന വ്യാവസായിക ധന നയങ്ങൾ നടപ്പിലാകുകയായിരുന്നു മൂന്നാമതായി പശ്ചാത്തല  സൗകര്യ വികസനങ്ങളിലും അധികാരസ്ഥാനങ്ങളിലും കടുത്ത പക്ഷപാതിത്വം നടപ്പിലാക്കുകയായിരുന്നു 

അതോടൊപ്പം രാജ്യത്തു നിർമാണപ്രവർത്തനങ്ങൾ മുതൽ ഭക്ഷ്യധാന്യ വിതരണത്തിൽ വരെ അമേരിക്കൻ കമ്പനികൾക്കും പുത്തൻ ഭരണക്കാരെ പിന്നിൽ നിന്നും നിയന്ത്രിക്കുന്ന കുത്തക മുതലാളിമാർക്കും അപ്രമാദിത്വം ലഭിച്ചു 

മറ്റു മതങ്ങളിലോ ഗോത്രങ്ങളിലോ പെട്ട ജനവിഭാഗങ്ങൾ കടുത്ത വിവേചനത്തിനിരയായി  ഇറാഖിലെ യസീദികളെയും ഇറാനിലെ ബലൂചി / സുന്നികളെയും നമുക്കറിയാം ലിബിയയിലെ ന്യുനപക്ഷ ആദിവാസി വിഭാഗങ്ങൾ അഫ്ഗാനിലെ പഷ്ത്തൂണുകൾ എന്നിവരും പാർശ്വവത്കരിക്കപ്പെട്ടു.

ആ ഭരണകൂടങ്ങളുടെ രണ്ടാം  തലമുറ അല്ലെങ്കിൽ രണ്ടാം നിരയിലുള്ള നേതാക്കൾ അധികാരത്തിൽ എത്തിയതോടെ  ലോകത്തിനു തന്നെ ഭീഷണിയാകുന്ന ലക്ഷണമൊത്ത ഭീകര സംഘങ്ങളായി അവ രൂപാന്തരം പ്രാപിച്ചു ഐസിസും താലിബാനും ബൊക്കോഹറാമും ഒക്കെ ആയി പുഷ്പിച്ചു.

അങ്ങനെ അമേരിക്കയെന്ന വിളക്കിനോട്  ചങ്ങാത്തം കൂടാൻ പോയ ഈയാംപാറ്റ രാജ്യങ്ങളുടെ കൂട്ടത്തിലെ വ്യത്യസ്തമായൊരു രാജ്യമായിരുന്നു പാകിസ്ഥാൻ - പാകിസ്ഥാനിൽ മികവുറ്റ ഒരു ഭരണകൂടമോ അമേരിക്കയ്ക്ക് ഏതെങ്കിലും വിധത്തിൽ വെല്ലുവിളി ഉയർത്തുന്ന വ്യാവസായിക സാമ്പത്തിക കുതിപ്പുകളോ പാകിസ്ഥാനിൽ ഒരുകാലത്തും ഉണ്ടായിരുന്നില്ല അതുകൊണ്ടു തന്നെ അമേരിക്കയ്ക്ക് അങ്ങോട്ടു പോയി പാകിസ്ഥാനിൽ ഭരണതലത്തിൽ ഒരു ആട്ടിമറി നടത്തേണ്ടി വന്നില്ല പാകിസ്ഥാൻ സ്വയം സമർപ്പിച്ചു സാമന്തനായി 

കാരണം അന്നത്തെ ലോകക്രമത്തിൽ അതിശക്തമായ പുരോഗമന സോഷ്യലിസ്റ്റു സമുഹ്യക്രമത്തോട് അടുപ്പം പുലർത്തിയിരുന്ന ഇന്ത്യയോടുള്ള ഭയവും അസൂയയും സ്വന്തം രാജ്യം അമേരിക്കയുടെ താൽപര്യങ്ങൾക്കു തുറന്നുകൊടുക്കാൻ അന്നത്തെ പാക് ഭരണാധികാരികളെ പ്രലോഭിപ്പിച്ചു. 

ഫലം സ്വാതന്ത്ര്യം ലഭിച്ചകാലത്തു മുംബായിയോടും കല്കട്ടയോടും കിടപിടിക്കുന്ന പ്രാധാന്യമുണ്ടായിരുന്ന കറാച്ചി അടക്കമുള്ള വ്യവസായ നഗരങ്ങൾ ശുഷ്കിച്ചു, ഭരണതലത്തിൽ കെടുകാര്യസ്ഥതയും അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തിവാണൂ, പലതവണ  സൈനിക അട്ടിമറി നടന്നു, രാജ്യത്ത് മതതീവ്രവാദികൾ പറയുന്നതനുസരിക്കാത്ത ജനങ്ങൾക്കു ജീവിക്കാനാവാത്ത അവസ്ഥയായി, ഭരണകൂടങ്ങൾക്കു പോലും മത  ഭീകരവാദികളുടെ കല്പനകൾ അനുസരിക്കേണ്ടിവരുന്നു.

മുൻകാലങ്ങളിൽ ഒരിക്കലും ഇന്ത്യ പാക്കിസ്ഥാനെ അനുകരിച്ചതായോ പാക്കിസ്ഥാൻ തെളിച്ച വഴിയേ പിൻഗമിച്ചതായോ ചരിത്രത്തിലെവിടെയും കാണാനില്ല പാകിസ്ഥാൻ ഇന്ത്യയെ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിനു നിരവധി തെളിവുകൾ ലഭ്യമാണുതാനും 

എന്നാൽ ഇപ്പോൾ മോദിജിയും കൂട്ടരും ചരിത്രം തിരുത്തുകയാണ് ഏതു വിധേനയും പണ്ഡിറ്റ് നെഹ്രുവും ബാബാസാഹേബ് അംബേദ്കറും സർവ്വേപ്പിള്ളി രാധാകൃഷ്ണനും നയിച്ച പാതയിൽ നിന്നും വേറിട്ട് സഞ്ചരിക്കണമെന്ന ദുശ്ശാഠ്യത്തിൽ  പാകിസ്ഥാൻ എന്ന പരാജയപ്പെട്ട മതാധിഷ്ടിത രാജ്യം - അറുപതുകളിലും   എഴുപതുകളിലും സുൾഫിക്കർ ഭൂട്ടോയും സിയാ ഉൽ ഹഖും -   സ്വികരിച്ച വിനാശകരമായ നിലപാടുകളെ അറുപതു വര്ഷങ്ങള്ക്കു  ശേഷം മോദിസംഘം  അനുകരിക്കുകയാണ്. അന്ന് ഈ  മണ്ടത്തരം കാണിക്കാൻ ഇന്ത്യയോടുള്ള ഭയം എന്നൊരു കാരണമെങ്കിലും പാകിസ്ഥാന് ഉണ്ടായിരുന്നു. 

എന്നാൽ മോദിയുടെ കൈകളിൽ ആദ്യ തവണ  ഭരണം ലഭിക്കുന്ന കാലത്തു ലോകത്തെ അഞ്ചാം നമ്പർ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തിൽ കൊണ്ട് കെട്ടാൻ അദാനിക്കും അംബാനിക്കും അമേരിക്കൻ വിപണിയിൽ പ്രവേശനം  ലഭിക്കുന്നതിനും ചില അമേരിക്കൻ കമ്പനികളുമായി അവർക്കു  സാങ്കേതിക വിദ്യ സഹകരണത്തിനുള്ള  അവസരം തുറന്നുകൊടുക്കപ്പെടുക എന്നതിനപ്പുറം എന്ത് ഗുരുതരമായ സാഹചര്യമാണ് നിലവിൽ ഉണ്ടായിരുന്നത് ? ഒരു രുപയുടെ വിനിമയ വില ഒരുഡോളറിന് സമമാക്കും  എന്ന് വാഗ്ദാനം ചെയ്തു ഭരണം പിടിച്ച മോദിയുടെ ആറുവര്ഷത്തെ ഭരണം കഴിഞ്ഞപ്പോൾ ഒരു രുപ ഒരു ബംഗ്ലാദേശി ടാക്കക്കു  സമം എന്ന നിലയിൽ തകർന്നു  കിടക്കുകയാണ് 

മോഡി ഇന്ത്യൻ വിപണി അമേരിക്കൻ കമ്പനികൾക്ക് മലർക്കെ തുറന്നിടുമ്പോഴും ഒരു കൈകൊണ്ട് മോദിയെ കെട്ടിപ്പിടിച്ചു മോദിയുടെ ഭാഷാ നൈപുണ്യത്തെക്കുറിച്ചു ട്രോളടിക്കുന്ന ട്രംപ്,  മറുകൈ കൊണ്ട് മറ്റുള്ള  ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ വിപണിയിൽ നിന്നും ലഭിച്ചിരുന്ന ഔട്സോഴ്സിംഗ്‌ കരാറുകൾ നിർത്തലാക്കാനും നഴ്‌സിംഗ്, വിവര സാങ്കേതിക വിദ്യ രംഗങ്ങളിലെ  നമ്മുടെ   വിദഗ്ദ്ധ തൊഴിലാളികൾക്ക്  അമേരിക്കൻ വിസ ലഭിക്കുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കടുപ്പിക്കാനുമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുകയാണ്.

അമേരിക്കയെ ആശ്രയിച്ച ഒരു രാജ്യവും സ്വയംപര്യാപ്തത  നേടിയ ചരിത്രമില്ല, തൊമ്മിയും പട്ടേലരും പോലെയുള്ള ആത്മബന്ധം തുടരാനായിരിക്കും അമേരിക്കയുടെ സാമന്ത രാജ്യങ്ങൾക്കുള്ള വിധി. അതിപ്പോൾ സൗദി അറേബ്യാ ആയാലും സൈപ്രസ് ആയാലും ഇന്ത്യ ആയാലും  വിത്യാസം ഒന്നും ഇല്ല. 


ഇന്ന് മോദിയെ ഉപയോഗിച്ചു അമേരിക്കൻ കരാറുകൾ നേടി എന്ന് സന്തോഷിക്കുന്ന അദാനിയുടെയും അംബാനിയുടെയും - നിലവിലെ ഇന്ത്യൻ മാർക്കറ്റിൽ കുത്തക നിയന്ത്രണമുള്ള കമ്പനികൾ അടക്കം അമേരിക്കൻ കമ്പനികളുടെ സ്വന്തമാക്കുവാൻ ഏതാനും വര്ഷങ്ങളുടെ താമസം ഉണ്ടാവുകയുള്ളു ( ഗുണമേന്മ കൊണ്ട്  ലോകപ്രശസ്തമായ ജാപ്പനീസ് കമ്പനികളായ സോണിയും നിസാൻ മോട്ടോഴ്‌സും  ഇന്ന് അമേരിക്കൻ ഉടമസ്ഥതയിലാണ് ) അപ്പോഴേക്കും മോദിയുടെ മതഭീകര സംഘം ഉള്ളിൽ നിന്നും പല സമ്മർദ ഗ്രുപ്പുകളായി പിരിഞ്ഞു പരസ്പരം ജാതിയും ഉപജാതിയും പാരമ്പര്യവും ഗോത്രവും പറഞ്ഞു പോരടിക്കാൻ തുടങ്ങും അവയിലെ ഓരോ ഗ്രുപ്പുകളും  മറു ഗ്രുപ്പിന്റെ സ്വാധിന മേഖലകളിൽ കടന്നു കയറാൻ ഇറാഖിലെയും അഫ്ഗാനിലെയും പോലെ  രക്തരൂക്ഷിത  സായുധ പോരാട്ടങ്ങൾ തന്നെ ആരംഭിച്ചേക്കാം.

ഇന്ത്യ മഹാരാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ നാനാത്വത്തിൽ ഏകത്വം എന്ന ചിന്താസരണിയുടെ കടയ്ക്കൽ കത്തിവെച്ചുകഴിഞ്ഞു ഭക്ഷ്യോത്പന്നങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രധാന കയറ്റുമതി ഉത്പന്നങ്ങളായ ഇരുമ്പുരുക്ക്, ഹെവി മെഷിനറി, വാഹന വ്യവസായം, തുണി വ്യവസായം എന്നിവ ഏതാണ്ട് പൂട്ടിക്കെട്ടിയ അവസ്ഥയിലെത്തിച്ചു കഴിഞ്ഞു 

BETTER LATE THAN NEVER -  അതുകൊണ്ട് മതമെന്ന കറുപ്പുകഴിച്ചു മയങ്ങിക്കിടക്കുന്ന ഇന്ത്യൻ ജനത ഇനിയെങ്കിലും ഉണർന്നു നിലവിലെ  സാഹചര്യം മനസിലാക്കി ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു.  കള്ളന്മാരെയും കൊള്ളക്കാരെയും ദില്ലിയിൽ നിന്നും പറിച്ചെറിയേണ്ട സമയമായിരിക്കുന്നു. നാമറിയാതെ നമ്മെക്കുരുക്കിയ മതമെന്ന  അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞു ഒരു രണ്ടാമത്   സ്വാതന്ത്ര്യ സമരത്തിനൊരുങ്ങാൻ സമയമായി,  തെരുവുകളിൽ, കൃഷിയിടങ്ങളിൽ,  പണിശാലകളിൽ, സർവകലാശാലകളിൽ,  വ്യാപാര കേന്ദ്രങ്ങളിൽ, മാറ്റത്തിന്റെ ഉണർത്തുപാട്ടു മുഴങ്ങുവാൻ സമയമായി  ഇന്ന് നാം നമ്മുടെ ഇന്ത്യ വീണ്ടെടുത്തില്ലെങ്കിൽ നാളെ ഇന്ത്യ മറ്റൊരു അഫ്‌ഗാനോ ഇറാക്കോ ആയി മാറിയേക്കാം അങ്ങനെ വിട്ടുകൊടുക്കാനുള്ളതാണോ നമ്മുടെ മാതൃഭൂമി ? അമ്മയായ ഇന്ത്യ ? 


 ഒരുകെട്ട് പുകയിലക്കു വേണ്ടി തറവാട് പണയപ്പെടുത്തിയ കാരണവന്മാരുടെ കഥകൾ ഭൂതകാലത്തിൽ നിന്നും തിരികെ കയറിവരുമ്പോൾ അവയെ തിരികെ അടിച്ചോടിക്കേണ്ടത് തറവാട്ടിലെ വിവരവും വിദ്യാഭ്യാസവുമുള്ള  പുതുതലമുറയിലെ യുവാക്കളുടെ ചുമതലയാണ്  അതിനു പകരം അവർ  അതിലൊരു കഷ്ണം വാങ്ങി ചവച്ചു കിറുങ്ങിയിരിക്കാനാണ് ഭാവമെങ്കിൽ തറവാടിന്റെ ആധാരം യാങ്കിയുടെ അറയിലിരിക്കും.


"വിശ്രമിക്കാനില്ല സമയം സഖാക്കളേ ഉത്തിഷ്ഠത ജാഗ്രത - ഉടലൂരി   എറിയു കുതിക്കൂ  സഖാക്കളേ പടകുടിരങ്ങൾ  ഉണരട്ടെ"