2011, ഏപ്രി 29

രാജ്യത്തെ പെട്രോളും ഡീസലും പാകിസ്‌താനിലേക്ക്‌

രാജ്യത്തെ പെട്രോളിയം ഉപയോക്‌താക്കള്‍ക്കു കൂടുതല്‍ ദ്രോഹകരമായ പുതിയ തീരുമാനത്തിനു കേന്ദ്ര സര്‍ക്കാര്‍ വട്ടംകൂട്ടുന്നു. പെട്രോളും ഡീസലും പാകിസ്‌താനിലേക്ക്‌ വന്‍തോതില്‍ കയറ്റുമതി ചെയ്യാനാണു കേന്ദ്രം കളമൊരുക്കുന്നത്‌.

സ്വകാര്യ ഉല്‍പാദകരായ റിലയന്‍സിന്റേയും എസാറിന്റേയും താല്‍പര്യപ്രകാരമാണിത്‌. ഇതോടെ ഭാവിയില്‍ ഈ ഇന്ധനങ്ങള്‍ക്ക്‌ ഇന്ത്യന്‍ വിപണിയിലും പൊന്നുംവിലയായേക്കും.

രാജ്യം ഇപ്പോള്‍ത്തന്നെ മറ്റൊരു വിലക്കയറ്റത്തിന്റെ വക്കിലാണ്‌. സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പൂര്‍ത്തിയായാലുടന്‍ പെട്രോള്‍ ലിറ്ററിനു മൂന്നു രൂപയും ഡീസലിനു രണ്ടു രൂപയും കൂട്ടുമെന്നാണു വിവരം. സബ്‌സിഡി നിയന്ത്രണത്തിലൂടെ പാചകവാതക, മണ്ണെണ്ണ വിലവര്‍ധനയും നാട്ടുകാരെ വിഴുങ്ങാനൊരുങ്ങുകയാണ്‌. സമസ്‌ത മേഖലയിലും വിലക്കയറ്റമുണ്ടാക്കുന്ന നടപടികളാണിത്‌. ഈ സാഹചര്യത്തില്‍, കൂടുതല്‍ ഇന്ധന ലഭ്യതയുണ്ടാക്കി ജനത്തിന്‌ ആശ്വാസം പകരാനുള്ള അവസരമാണ്‌ എണ്ണക്കമ്പനികളുടെ താല്‍പര്യപ്രകാരം കേന്ദ്രം അട്ടിമറിക്കുന്നത്‌.

വിലക്കയറ്റമുള്ള വസ്‌തുക്കള്‍ കയറ്റുമതി ചെയ്യാതെ ആഭ്യന്തര ലഭ്യത കൂട്ടുകയെന്നതാണു വിപണി നിയമം. വില പിടിച്ചുനിര്‍ത്താന്‍ ഇത്തരം നടപടികളാണ്‌ ആവശ്യം. എന്നാല്‍ നേര്‍വിപരീതമായ തീരുമാനങ്ങളാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നത്‌.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പാകിസ്‌താന്‍ തന്നെയാണ്‌ ഇന്ത്യയില്‍നിന്ന്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതു വിലക്കിയത്‌. ഇസ്ലാമാബാദില്‍ ഇപ്പോള്‍ നടന്നുവരുന്ന വാണിജ്യ സെക്രട്ടറിതല ചര്‍ച്ചയിലാണ്‌ നിരോധനം നീക്കി പെട്രോളും ഡീസലും ഇറക്കുമതി ചെയ്യാന്‍ പച്ചക്കൊടിയായത്‌. ഗുജറാത്ത്‌ തീരത്ത്‌ റിഫൈനറികളുള്ള റിലയന്‍സും എസാറുമാണ്‌ പാക്‌ വിപണി ലാക്കാക്കുന്നത്‌. ഇവര്‍ക്കൊപ്പം എറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഐ.ഒ.സിയും കയറ്റുമതിക്കു കച്ചകെട്ടുന്നു. പാകിസ്‌താനില്‍ ഉയര്‍ന്ന വില കിട്ടുമെന്നതാണ്‌ കാരണം. വാഹന ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനവും പാകിസ്‌താനില്‍ ഇറക്കുമതിയാണ്‌.

ഇപ്പോള്‍ കുവൈത്തില്‍ നിന്നാണ്‌ ഇറക്കുമതി കൂടുതല്‍. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്‌താനില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന്‌ 15 രൂപയിലധികം കൂടുതലാണ്‌.

കുവൈത്തിനേക്കാള്‍ വില കുറച്ചു നല്‍കാമെന്നാണ്‌ ഇന്ത്യയുടെ വാഗ്‌ദാനം. ഡീസലിനു മാത്രം പ്രതിവര്‍ഷം 3.25 ലക്ഷം ടണ്ണിന്റെ കച്ചവടമാണു നടക്കുക. കയറ്റുമതിയാണ്‌ കൂടുതല്‍ ലാഭമെന്നു വരുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ക്ഷാമവും വിലക്കയറ്റവും രൂക്ഷമാക്കും.


വാര്‍ത്ത - മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.

2 അഭിപ്രായ(ങ്ങള്‍):

ജഗദീശ്.എസ്സ് പറഞ്ഞു...

ഈ പെട്രോള്‍ ഒഴുവാക്കുനുള്ള വഴികള്‍ തേടിക്കൂടെ. പെട്ടന്നല്ല. പതുക്കെ പതുക്കെ അതിനുള്ള ശ്രമം നടത്തണം. യാത്രക്ക് വൈദ്യുത വാഹനങ്ങളും പൊതു ഗതാഗതമാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നത് എണ്ണയുടെ ഉപയോഗം കുറക്കും.
വെറുതെ മറ്റുള്ളവരെ കുറ്റം പറയാതെ ഇത്തരം രീതികളാണ് നമുക്കാവശ്യം.

thodupuzhavarthakal പറഞ്ഞു...

kottayam achayanu vijayasamskal