2011, ഏപ്രി 8

ചോദിച്ച പണം നല്‍കിയിട്ടും

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു കെ.പി.സി.സി. ചോദിച്ച പണം നല്‍കിയിട്ടും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പു യോഗങ്ങള്‍ക്ക്‌ ആളു കുറഞ്ഞെന്നു പാര്‍ട്ടി കേന്ദ്രനേതൃത്വം.

ഹരിപ്പാട്‌, തൃശൂര്‍, കോഴിക്കോട്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ കസേരകളെ സാക്ഷിനിര്‍ത്തി സോണിയയ്‌ക്കു പ്രസംഗിക്കേണ്ടിവന്നതില്‍ എ.ഐ.സി.സി, സംസ്‌ഥാന നേതൃത്വത്തിന്റെ വിശദീകരണം തേടി. കേരളത്തില്‍ സോണിയയുടെ യോഗങ്ങള്‍ക്ക്‌ ആളുണ്ടായില്ലെന്നു ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതും പാര്‍ട്ടിക്കു ക്ഷീണമായി.

തെരഞ്ഞെടുപ്പു ചെലവിനു സംസ്‌ഥാനനേതൃത്വം ആവശ്യപ്പെട്ട പണം എ.ഐ.സി.സി. നല്‍കിയിരുന്നെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്‌തമാക്കി. 16 ലക്ഷം രൂപയാണ്‌ ഓരോ നിയോജക മണ്ഡലത്തിലും അനുവദനീയമായ പരിധിയെങ്കിലും അതിലുമേറെ പണം എ.ഐ.സി.സി. നല്‍കിയിട്ടുണ്ടെന്നാണു സൂചന. ഇനിയും പണം നല്‍കാനിരിക്കെയാണ്‌ പാര്‍ട്ടി അധ്യക്ഷപ്രസംഗിച്ചത്‌ കാലിയായ സദസിനെ സാക്ഷിയാക്കിയെന്നു  കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്‌.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഇത്ര പണം നല്‍കിയിട്ടും പ്രവര്‍ത്തകരെ യോഗത്തിനു കൊണ്ടുവരാനും സദസ്‌ നിറയ്‌ക്കാനും സംസ്‌ഥാന നേതാക്കള്‍ക്കു കഴിഞ്ഞില്ലെന്നതു പോരായ്‌മയാണെന്നു കേന്ദ്രനേതൃത്വം പറയുന്നു.

എത്തിയവരില്‍ത്തന്നെ പലരും യോഗം തീരുന്നതിനുമുമ്പു സ്‌ഥലംവിടുകയും ചെയ്‌തു. ഇക്കാര്യത്തില്‍ സംസ്‌ഥാനനേതൃത്വം കൃത്യമായ വിശദീകരണം നല്‍കേണ്ടിവരും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ എത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

സോണിയ പ്രസംഗിച്ചത്‌ കാലിയായ സദസിനെ സാക്ഷിയാക്കിയെന്നു  ദേശീയ ദിനപത്രങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത വന്നത്‌ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തി.


മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.