2011, ഏപ്രി 6

സി.ബി.ഐ. അന്വേഷണം

ലോട്ടറിത്തട്ടിപ്പു സംബന്ധിച്ച സി.ബി.ഐ. അന്വേഷണം നടത്താമെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്‌ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ബോധിപ്പിച്ചു.

അന്യസംസ്‌ഥാന ലോട്ടറികളുടെ ചട്ടലംഘനത്തിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണെന്നും ലോട്ടറികള്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ച നിലപാടുകളെ കേന്ദ്രം ശ്ലാഘിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അന്യസംസ്‌ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനോടു കേന്ദ്രം പൂര്‍ണമായും യോജിച്ചു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ വി.ഡി. സതീശന്‍ എം.എല്‍.എ, തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളാണു ചീഫ്‌ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍, ജസ്‌റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ എതിര്‍കക്ഷി സ്‌ഥാനത്തുനിന്നു നീക്കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകര്‍ എന്ന നിലയിലാണു ചിദംബരവും ഭാര്യയും ലോട്ടറി വില്‍പനക്കാര്‍ക്കുവേണ്ടി മുമ്പ്‌ കോടതിയില്‍ ഹാജരായത്‌. ഈ കേസുകള്‍ അവസാനിച്ചതോടെ ഇവര്‍ക്കു കക്ഷികളുമായി ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു. ആരോപണം ഉന്നയിച്ച്‌ ഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കുവന്നാല്‍ അതു തള്ളിക്കളയാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ച്‌ പരാമര്‍ശിച്ചു.

കേന്ദ്ര ലോട്ടറി ചട്ടലംഘനത്തിനു രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ്‌ മാര്‍ച്ച്‌ ഏഴിനു കേന്ദ്രം സംസ്‌ഥാനത്തിനു കത്തയച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ സി.ബി.ഐക്കു കേസുകള്‍ കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തങ്ങള്‍ക്കു ലഭിച്ച കത്തിനു മറുപടി നല്‍കിയതായി സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നിതീഷ്‌ ഗുപ്‌ത വിശദീകരിച്ചു. സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടികള്‍ തുടരട്ടെയെന്നു കേസ്‌ വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ക്ക്‌ കേസ്‌ ഫയലുകള്‍ പോലീസില്‍നിന്നു നേരിട്ട്‌ ഏറ്റെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.

ലോട്ടറി ചട്ടലംഘനം നടത്തുന്നവരെ അറസ്‌റ്റ് ചെയ്യാനും പരിശോധന നടത്താനും സുപ്രീംകോടതി വിലക്കുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടി കോടതി വ്യക്‌തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ലെന്നു കേസ്‌ വാദത്തിനിടെ കോടതി ആരാഞ്ഞു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എം.എല്‍.എ. തന്നെ സി.ബി.ഐ. അന്വേഷണത്തിനു കോടതിയെ സമീപിക്കേണ്ടിവന്നത്‌ എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ഉത്തമവിശ്വാസത്തോടെയുള്ള നടപടികളാണു കേന്ദ്രം കൈക്കൊള്ളുന്നതെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി.

കഴിഞ്ഞ ഡിസംബര്‍ 29-നു കേന്ദ്രമന്ത്രി ചിദംബരം മുഖ്യമന്ത്രിക്കയച്ച കത്ത്‌ കോടതിയുടെ വിമര്‍ശനത്തിനു കാരണമായി. പരാതികള്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിലേക്കാണ്‌ അയയ്‌ക്കേണ്ടതെന്ന കത്തിലെ പരാമര്‍ശമാണു കോടതിയുടെ വിമര്‍ശനത്തിനു കാരണമായത്‌. എന്താണ്‌ ഇത്തരമൊരു മറുപടി നല്‍കാന്‍ ഇടയാക്കിയതെന്നു കോടതി ചോദിച്ചു. വിവിധ മന്ത്രാലയങ്ങളാണു വിഷയം കൈകാര്യം ചെയ്യുന്നതെന്നും സംസ്‌ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.