2011, ഏപ്രി 22

കൊച്ചിയോടുളള താല്‍പര്യമില്ലായ്‌മ വ്യക്‌തമാക്കി

കൊച്ചിയുടെ മെട്രോ റെയില്‍ സ്വപ്‌നത്തിനു തിരിച്ചടി. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കൊച്ചി മെട്രോ പദ്ധതി അനുവദിക്കാനാവില്ലെന്ന്‌ ആസൂത്രണ കമ്മിഷന്‍ വിലയിരുത്തി.

സ്വകാര്യ പങ്കാളിത്തത്തോടെയുളള പദ്ധതിയാണ്‌ സംസ്‌ഥാനത്തിന്‌ അഭികാമ്യമെന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ കമ്മിഷന്റെ സമ്പൂര്‍ണ യോഗം അഭിപ്രായപ്പെട്ടു. കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ്‌ അലുവാലിയ തന്നെയാണ്‌ കൊച്ചിയോടുളള താല്‍പര്യമില്ലായ്‌മ വ്യക്‌തമാക്കിയത്‌.

മുംബൈയിലും ഹൈദരാബാദിലും സ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ മുതല്‍മുടക്കോടെ ഡല്‍ഹി മാതൃകയില്‍ കൊച്ചിയിലും മെട്രോ നടപ്പിലാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കൊച്ചിയെ ഡല്‍ഹിയുമായി താരതമ്യപ്പെടുത്താനാവില്ലെന്ന്‌ അലുവാലിയ പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് വരെ കേന്ദ്രം ഭരിക്കുന്ന മലയാളികളും അല്ലാത്തവരുമായ കുറേ മന്ത്രിപുംഗവന്മാര്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടന്ന് മൈക്ക് വച്ചും അല്ലാതെയും വിളിച്ച് കൂവിയതൊക്കെ എന്തായിരുന്നു? എന്തിനായിരുന്നു? എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും അതിനു പോഷക ഗുണം ഉണ്ടെന്നും പറഞ്ഞ കുമ്പളങ്ങ മന്ത്രി മുതല്‍ രാജ്യത്ത് വന്ദ്യവയോധികര്‍ ഒന്നും ആവശ്യമില്ലെന്നു പറഞ്ഞ അമൂല്‍ ബേബിയും അദ്ദേഹം കീ കൊടുക്കുന്നതിനനുസരിച്ച് ചലിക്കുന്ന പ്രധാന പാവയും വരെ മൈക്കുവെച്ച് കുരച്ചത് ഞാന്‍ എത്തിയിരിക്കുന്നത് നിങ്ങള്‍ക്കുള്ള മെട്രോ റെയിലുമായാണെന്നും ഈ സമ്മേളനം കഴിഞ്ഞാലുടനെ നിങ്ങള്‍ക്കത് കിട്ടും എന്നുമായിരുന്നല്ലോ....

ഈ വാഗ്ദാന​ ലംഘനം ഒരു മലയാളി എന്ന നിലയില്‍ വഞ്ചിക്കപ്പെട്ടവരുടെ നിരാശയേക്കാള്‍ എന്നില്‍ ഉളവാക്കിയത് നമ്മള്‍ രണ്ടാം തരം പൗരന്മാരാണെന്ന് ഇകഴ്ത്തപ്പെട്ടതിലുള്ള അപമാനമാണ്, കേരളം എന്താ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗം അല്ലെ? കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ പണം മുടക്കി കാലാകാലം സൗജന്യ സര്‍വീസ് നടത്തണമെന്നല്ലല്ലോ കേരളം ആവശ്യപ്പെട്ടത്? കേന്ദ്ര കേരള സംയുക്ത സംരംഭമായല്ലേ? പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികള്‍ സംസ്ഥാനം തുടങ്ങിക്കഴിഞ്ഞില്ലേ? ഇതിനിടയില്‍ സ്വകാര്യ പങ്കാളിത്തം വേണം എന്നു ശഠിക്കുന്നതെന്തിന്?

കൊച്ചി പോലെ അതിശീഘ്രം വികസിക്കുന്ന ഒരു നഗരത്തില്‍ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ഉതകുന്ന, എന്നാല്‍ അതിവേഗം മുടക്കുമുതലും പ്രവര്‍ത്തന ലാഭവും കൈവരിക്കാം എന്നുറപ്പുള്ള ഒരു പദ്ധതി വന്‍കിട കുത്തകകള്‍ക്ക് തീറെഴുതണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?  ഇന്ത്യയിലെ ടെലികോം മേഘല സ്വകാര്യവല്‍ക്കരിച്ച് തങ്ങളുടെ സഹചാരികളായ പല കമ്പനികള്‍ക്കും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി അതില്‍ നിന്നും കോടാനുകോടി രൂപയുടെ പങ്കുപറ്റിയ അഴിമതി രാജാക്കന്മാരായ, സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പോസ്തലന്‍മാരാണ് ഈ മലക്കം മറിച്ചിലിനു പിന്നില്‍ എന്നു സംശയിക്കേണ്ടതില്ലേ?

ഈ അപമാനത്തെ ഒരു വെല്ലുവിളിയായെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇവിടത്തെ ജനങ്ങളും തയ്യാറുണ്ടോ എന്നുള്ളതാണ് ഇനിയുള്ള ചോദ്യം. കേന്ദ്ര സര്‍ക്കാരിന്റെ ചില്ലിപ്പൈസ പോലും വാങ്ങാതെ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നമുക്കു സാധിക്കും എന്നാണ് എന്റെ വിശ്വാസം, അതിനു ബലം പകരുന്ന ഉദാഹരണങ്ങളാണ് നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവള പദ്ധതികള്‍. ജനപങ്കാളിത്തത്തോടെ ലാഭകരമായി നടപ്പിലാക്കുകയും വിദേശങ്ങളില്‍‍ അടക്കം ചര്‍ച്ചാവിഷയമാകുകയും ചെയ്ത ഒന്നാണ് നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതി, അതേത്തുടര്‍ന്ന് അതേ മാതൃകയില്‍  കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രഘ്യാപിച്ചപ്പോള്‍ത്തന്നെ അതില്‍ പങ്കാളികളാകാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍, പ്രത്യേകിച്ചും ഇടത്തരക്കാരായ പ്രവാസികള്‍ ആവേശപൂര്‍വ്വം മുന്നോട്ട് വന്നിരുന്നു, പലര്‍ക്കും മുതല്‍മുടക്കാന്‍ താല്‍പര്യമുണ്ടായിട്ടും ആവശ്യമായ ഓഹരികള്‍ ലഭിക്കാത്ത സ്ഥിതിവിശേഷം പോലും ഉണ്ടായി.

മേല്‍പ്പറഞ്ഞ രണ്ട് പദ്ധതികളേക്കാള്‍ ലാഭ സാധ്യത കൂടുതലുള്ള കൊച്ചി മെട്രോയില്‍ മുതല്‍മുടക്കാന്‍ അതേ ആവേശം വര്‍ധിച്ചതോതില്‍ പ്രതീക്ഷിക്കാം, ഒരുവ്യക്തിക്ക് വാങ്ങാന്‍ സാധിക്കുന്ന ഓഹരികളുടെ മിനിമം ക്വാന്‍ഡിറ്റി കുറച്ചു കൂടി താഴ്ത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് മുതല്‍മുടക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ മുങ്കയ്യെടുക്കുമെങ്കില്‍, അനാവശ്യ കോടതി വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ അകപ്പെട്ടില്ലെങ്കില്‍, പൊതുജന ഓഹരി പങ്കാളിത്തോടെ ഉള്ള രാജ്യത്തെ, അല്ലെങ്കില്‍ ലോകത്തിലെ തന്നെ ആദ്യ മെട്രോ റെയില്‍ അതിവേഗം അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലൂടെ ഓടിത്തിമിര്‍ക്കട്ടെ, പദ്ധതിക്ക് അള്ളുവെക്കാന്‍ ശ്രമിച്ചവര്‍ ആള്‍മാറാട്ടം നടത്തിയും വേലിചാടിയെത്തിയും തലയില്‍ മുണ്ടിട്ട് യാത്ര ചെയ്യട്ടെ.

1 അഭിപ്രായ(ങ്ങള്‍):

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ജയിച്ചു കേന്ദ്രത്തില്‍ ചെന്ന് മന്ത്രിയാകുംപോള്‍ കേരളത്തെ മറക്കുന്ന പീറ കോണ്‍ഗ്രസുകാര്‍ ഉള്ളിടത്തോളം നന്നാകില്ല കേരളം.