2011, ഓഗ 19

വര്‍ണപ്പകിട്ടാര്‍ന്ന വന്‍ മെഴുകുതിരികള്‍

ഇന്ത്യയില്‍ നിയമനിര്‍മാണത്തിനുള്ള അവകാശം പാര്‍ലമെന്റിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളത്. ഭരണഘടനാപരമായ ഈ അവകാശത്തെ അന്നാ ഹസാരെയോ രാംദേവോ കിരണ്‍ബേദിയോ മാറ്റി മറിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുക.

ആവശ്യം നേടിയെടുക്കാന്‍ മരണം വരെ നിരാഹാരം നടത്തുമെന്നു പ്രഖ്യാപിക്കുന്നവര്‍ ഇതിനു മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍, ചുരുങ്ങിയത് മുപ്പതു ദിവസമെങ്കിലും നിരാഹാരസമരം നടത്താന്‍ അനുമതി ചോദിക്കുക എന്നത് ഇതിനു മുമ്പ് കേട്ടുകേള്‍വിയുളള കാര്യമല്ല. ഇപ്പോള്‍ അന്നാ ഹസാരെയെന്ന സാമൂഹിക പ്രവര്‍ത്തകന്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. തികച്ചും അപഹാസ്യവും ജനങ്ങളെ പരിഹസിക്കുന്നതുമാണ് പ്രസ്തുത ആവശ്യമെന്നതില്‍ തര്‍ക്കമില്ല.

അന്നാ ഹസാരെയെ മുന്‍നിര്‍ത്തി ചിലര്‍ നടത്തുന്ന സമരത്തെ അനുകൂലിച്ചുള്ള പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. മെട്രോ നഗരങ്ങളിലാണ് പ്രതിഷേധത്തിന്റെ വേലിയേറ്റമെന്നതാണ് ശ്രദ്ധേയം. കേരളത്തിലും വന്‍ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ജനാധിപത്യ വ്യവസ്ഥയെ അംഗീകരിച്ച്, വോട്ടു ചെയ്യുകയെന്ന പൗരാവകാശം ഒരിക്കലെങ്കിലും നിറവേറ്റിയിട്ടുള്ള എത്ര പേര്‍ ഈ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു എന്നതില്‍ മാത്രമാണു സംശയം.

കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി സൃഷ്ടിച്ച മനുഷ്യക്കുരുതിയെ കണ്ടില്ലെന്നു നടിച്ച് എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നിലകൊണ്ടപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ച് പാവങ്ങളുടെ നേതാവായ വീയെസ്സ് അച്യുതാനന്ദന്‍ എന്ന മറ്റൊരു വന്ദ്യ വയോധികന്‍ നിരാഹാര സമരം നടത്തിയപ്പോള്‍  ഈ പുത്തന്‍ പ്രകടനക്കാരെ ആരെയും കണ്ടിരുന്നില്ല. ആരും മെഴുകുതിരി കത്തിച്ചില്ല. ഇപ്പോള്‍ അന്നാ ഹസാരെയെന്ന സാമൂഹിക പ്രവര്‍ത്തകനെ മുന്‍നിര്‍ത്തി സമൂഹത്തിലെ ഉപരിവര്‍ഗം നടത്തുന്ന സമരാഭാസം വന്നതോടെ നഗരങ്ങളാകെ മെഴുകുതിരിപ്രഭയില്‍ നിറയുന്നു. അവര്‍ കത്തിക്കുന്നത് ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേകം തയാറാക്കുന്ന മെഴുകുതിരികളാണ്. സാധാരണക്കാരനു വേണ്ടിയായിരുന്നെങ്കില്‍, എല്ലാ പള്ളികളുടെയും സമീപത്ത് മെഴുകുതിരി വില്‍ക്കുന്ന പാവപ്പെട്ടവരില്‍ നിന്നു തിരി വാങ്ങാമായിരുന്നു. അവര്‍ക്ക് അതൊരു വരുമാനവുമാകുമായിരുന്നു. വര്‍ണപ്പകിട്ടാര്‍ന്ന വന്‍ മെഴുകുതിരികള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ നിന്നു വാങ്ങി തെരുവോരങ്ങളില്‍ കത്തിക്കുന്ന പ്രകടനത്തിന്റെ സാമ്പത്തികവശം തന്നെയാണു പ്രകടം.

ഐടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്കു മുന്‍നിരയിലുള്ളത്. ജോലിക്കു കയറുമ്പോള്‍ത്തന്നെ വന്‍തുക ശമ്പളമായി ലഭിക്കുന്നവര്‍. അവരില്‍ ഒരാളെങ്കിലും ചേരികളിലെ ദുരിതജീവിതങ്ങളെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരുടെ ശമ്പളത്തില്‍ നിന്ന് ആയിരം രൂപ വീതമെങ്കിലും നീക്കി വച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് കേരളത്തിലെ ഒരു ചേരിപ്രദേശമെങ്കിലും വാസയോഗ്യമാക്കാമായിരുന്നു. അവിടെ ജീവിക്കുന്നതും മനുഷ്യര്‍ തന്നെയാണ്. അവരുടെ കുട്ടികളും ഇന്ത്യയിലെ വരുംതലമുറ തന്നെയാണ്. അങ്ങനെയുള്ള എന്തെങ്കിലും സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ തയാറാവാത്തവരാണ് ഹസാരെയ്ക്കു വേണ്ടി മെഴുകുതിരിയുമായി നഗരവീഥികളില്‍ നിറയുന്നത്.

അന്നാ ഹസാരെയെന്ന വ്യക്തി സാമൂഹിക പ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ പാരമ്പര്യമുള്ളയാളാണ്. അങ്ങനെയൊരാളെ മുന്‍നിര്‍ത്തി ചില സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന സമരം മാത്രമാണു ലോക്പാലിന്റെ പേരില്‍ നടക്കുന്നത്. അവര്‍ക്കാവശ്യം അധികാരം മാത്രം. അതിനു വേണ്ടി ഹസാരെയെന്ന മുഖംമൂടി എടുത്തണിഞ്ഞിരിക്കുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ കവച്ചുവച്ച് അധികാരത്തിന്റെ കേന്ദ്രബിന്ദുവിലേക്കെത്താനുള്ള അവരുടെ ത്വരയ്ക്കു ജനങ്ങള്‍ നല്‍കേണ്ടിവരുന്ന വിലയെക്കുറിച്ചു ചിന്തിക്കാത്തവരാണ് പ്രതിഷേധത്തിനിറങ്ങുന്നത്.

സര്‍ക്കാരിനെതിരേ എടുത്തുപയോഗിക്കാനുള്ള വടിയെന്ന നിലയിലാണ് പ്രതിപക്ഷമായ ബിജെപിയും  ഹസാരെയുടെ സമരത്തെ പ്രകീര്‍ത്തിക്കുന്നത്. രാഷ്ട്രീയമായി ചിന്തിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവാത്ത സമരമാര്‍ഗമാണ് ഹസാരെയുടെയും കൂട്ടരുടേതും. അത്തരം പ്രവര്‍ത്തനം ഇന്ത്യക്കാവശ്യമില്ല. അറബ് രാഷ്ട്രങ്ങളിലടക്കം ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന തരത്തില്‍ ആഭ്യന്തര കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നു എന്ന സംശയമാണ് ഇവിടെ ഉയരുന്നത്. മറ്റു രാജ്യങ്ങളില്‍ ഏകാധിപതികള്‍ക്കെതിരേയുള്ള പോരാട്ടമാണു ജനങ്ങള്‍ നടത്തുന്നത്. ഇവിടെ താന്‍ ഇച്ഛിക്കുന്നതേ നടക്കാവൂ എന്നു വാശി പിടിക്കുന്ന ഹസാരെയ്ക്കു വേണ്ടിയാണ് പ്രതിഷേധ പ്രകടനങ്ങളെന്നതാണ് വ്യത്യാസം.

വിട്ടുവീഴ്ചകള്‍ക്കു തയാറായ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് ഹസാരെയുടെ അനുചരരുടെ ശ്രമം. ഇവിടെ സമരം നടത്തുന്നത് ഹസാരെയല്ലെന്ന സത്യമെങ്കിലും നമ്മുടെ ചെറുപ്പക്കാര്‍ തിരിച്ചറിയണം. കുറേ സ്ഥാപിത താത്പര്യക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അധികാരം പിടിച്ചടക്കാനും അതിലൂടെ വന്‍ നേട്ടങ്ങളുണ്ടാക്കാനും അദ്ദേഹത്തെ മുന്‍നിര്‍ത്തിയിരിക്കുന്നു എന്നു മാത്രം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ബഹുമാനമുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍. അവര്‍ക്കിടയിലേക്ക് നിയമലംഘനത്തിന്റെ ഭാഷയുമായി കടന്നെത്തുന്നവര്‍ രാജ്യദ്രോഹമാണു ചെയ്യുന്നത്.

നിയമം ലംഘിക്കും എന്നു വീമ്പിളക്കുന്ന പഞ്ചനക്ഷത്ര സമരക്കാരുടെ മുന്‍പില്‍ സര്‍ക്കാര്‍ കീഴടങ്ങേണ്ട ആവശ്യമില്ല. ക്രമസമാധാനം തകര്‍ക്കാന്‍ശ്രമിക്കുന്നവരെ ശക്തമായ രീതിയില്‍ തന്നെ രാജ്യത്തെ പൊലീസ് / അര്‍ധ സൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് നേരിടുമെന്നു മുന്നറിയിപ്പു നല്‍കുക, അതു വകവെയ്ക്കാത്തവരെ നിര്‍ധാക്ഷിണ്യം നേരിടുക. സ്വന്തം നിലനില്‍പ്പിനു വേണ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷക പ്രക്ഷോഭങ്ങളോടും, വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളോടും കാണിക്കാത്ത സൗമനസ്യം ഒന്നും ഈ ഉപരിവര്‍ഗ്ഗ സമരാഭാസത്തോട് കാണിക്കേണ്ടതില്ല. പോലീസ് പിടികൂടാനെത്തിയപ്പോള്‍ ചുരിദാര്‍ ധരിച്ച് ഓടിയ പുത്തന്‍ സമരനായകനെ നമ്മള്‍ കണ്ടിട്ട് അധികനാളായില്ലല്ലോ?


ഹസാരെയ്ക്കു വേണ്ടി മെഴുകുതിരി വാങ്ങാന്‍ നടക്കുന്നവര്‍ ആദ്യം മഹാനഗരങ്ങളിലെ ചേരികളിലേക്കു പോവുക. അവിടെ ഉടുതുണിക്കു മറുതുണിയില്ലാതെ ദുരിതമനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമുണ്ട്. അവര്‍ക്ക് വസ്ത്രമോ ഒരു നേരത്തെ ആഹാരമോ നല്‍കുക. അതിനു തയാറല്ലാത്തവര്‍ കത്തിക്കുന്ന മെഴുകുതിരികള്‍ സ്വന്തം ശവക്കല്ലറയിലെ തിരിവെളിച്ചമാണ് ഒരുക്കുന്നതെന്നു തിരിച്ചറിയുക...

5 അഭിപ്രായ(ങ്ങള്‍):

വിബിച്ചായന്‍ പറഞ്ഞു...

ഈ കഴിഞ്ഞു ആഘോഷിച്ചത് ഇന്ത്യയുടെ അവസാനത്തെ സ്വാതന്ത്രിയ ദിനം ആകല്ലേ എന്നാ എന്‍റെ പ്രാര്‍ത്ഥന. എന്താ നടക്കുന്നെ എന്ന് അറിയാതെ ഇളകി മറിയുകയാണ് ഇന്ന് ജനങ്ങള്‍ അണ്ണാ ഹസരെക്ക് വേണ്ടി. എന്തായാലും ഒരു കാര്യം തീര്‍ച്ച, ഗാന്ധിജിയെ കുറിച്ച് ശരിക്ക് അറിയാത്തവര്‍ ആണ് അണ്ണാ ഹസരയെ ഇന്നത്തെ ഗാന്ധി എന്ന് വിളിക്കുന്നവര്‍.

തെക്കു പറഞ്ഞു...

yes, i agree with u.....

തെക്കു പറഞ്ഞു...

yes, u r right.. I agree with u..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഹസാരെയ്ക്കു വേണ്ടി മെഴുകുതിരി വാങ്ങാന്‍ നടക്കുന്നവര്‍ ആദ്യം മഹാനഗരങ്ങളിലെ ചേരികളിലേക്കു പോവുക...
അവിടെ ഉടുതുണിക്കു മറുതുണിയില്ലാതെ ദുരിതമനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമുണ്ട്. അവര്‍ക്ക് വസ്ത്രമോ ഒരു നേരത്തെ ആഹാരമോ നല്‍കുക...
അതിനു തയ്യാറല്ലാത്തവര്‍ കത്തിക്കുന്ന മെഴുകുതിരികള്‍ സ്വന്തം ശവക്കല്ലറയിലെ തിരിവെളിച്ചമാണ് ഒരുക്കുന്നതെന്നു തിരിച്ചറിയുക...‘

ഇഷ്ട്ടപ്പെട്ടു കേട്ടൊ അച്ചായ ഈ എഴുത്തുകൾ.

Nijool പറഞ്ഞു...

ചേട്ടാ .
ഞാനും ഒരു കോട്ടയംകാരനാ ;എരുമേലിക്കാരന്‍ ...
ഞാനും ബ്ലോഗ്‌ എഴുതുന്നുണ്ട് ..
www.nijoolsays.blogspot.com
സന്ദര്‍ശിച്ചു അഭിപ്രായം അറിയിക്കണേ ....