2011, ഓഗ 5

ജീപ്പിനല്ലേ ഇപ്പം സ്റ്റാറ്റസ് കൂടുതല്‍..!!

കോട്ടയം ടൗണില്‍ നിന്നും മൂന്നു മയില്‍ നടന്നാല്‍ നാട്ടകം കുന്നുമ്പുറം കാണാം എന്ന പാട്ട് നിങ്ങള്‍ ഒക്കെ കേട്ടിട്ടുണ്ടാവും, എന്നാല്‍ മയിലൊക്കെ മാറി കിലോമീറ്ററായതോടെ നാട്ടകം കാരൊക്കെ സ്വന്തം കാറിലും, സ്കൂട്ടറിലും, ഇല്ലാത്തവര്‍ ഓട്ടോയിലും ബസിലുമായി യാത്ര. റൂഡിഞ്ജര്‍ സായിപ്പുണ്ടാക്കിയ സിമന്റ് കമ്പനി മുതല്‍ പ്ലാക്കീലാശാന്റെ ഇഞ്ജന്‍പുര വരെ, ക്ലിമ്മീസ്സ് മെത്രാപ്പൊലീത്താ മുതല്‍ സിദ്ധന്‍ ജോയി വരെ, നാട്ടില്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഭൗതികവും ആത്മീയവുമായ എല്ലാ ക്ണാപ്പുകളും ഉള്ള ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്നു നാട്ടകം.

വന്‍കിട മുതലാളിമാര്‍ ഹോംസ്റ്റേ, ഹോട്ടല്‍ ഓണ്‍ വീല്‍സ് തുടങ്ങിയ ബിസിനസ്സ് സമ്രംഭങ്ങളെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പേ നാട്ടകത്ത് അവ നടപ്പില്‍ വരുത്തിയ ദീര്‍ഘദര്‍ശിയായ യംഗ് എന്റെര്‍പ്രേണര്‍ ആയിരുന്നു വടക്കേലെ തങ്കച്ചന്‍, അന്നു പേറ്റന്റ് എന്നു പറയുന്ന സംഭവം ഇന്ത്യാമഹാരാജ്യത്ത് ഇല്ലാതിരുന്നത് കൊടുംചതിയായിപോയി. പണ്ട് ഉണങ്ങിയ കച്ചിയും നെല്ലും ഒക്കെ സൂക്ഷിച്ചിരുന്ന ചായ്പ് മൂന്നായി തിരിച്ച് അതില്‍ പലക കട്ടില്‍, കസേര, മണ്ണെണ്ണ സ്റ്റൌ തുടങ്ങിയവ സ്ഥാ​പിച്ചാണ് തങ്കച്ചന്‍ തന്റെ ഫുള്‍ ഫര്‍ണിഷ്ഡ് ഹോംസ്റ്റേ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

ദൂര ദേശങ്ങളില്‍‍ നിന്നു വന്നു നാട്ടകം ഗവര്‍മെന്റ് കോളേജിലും പോളീടെക്നിക്കിലും പഠിക്കുന്ന വിദ്യാര്‍ഥികളായിരുന്നു തങ്കച്ചന്റെ റ്റെനന്‍സ്. വെള്ളി വൈകുന്നേരം കോളേജില്‍ നിന്നു സ്വന്തം വീട്ടില്‍ പോയാല്‍ തിങ്കള്‍ രാവിലെ നേരിട്ട് കോളേജിലേക്കെത്തുന്ന പതിവായിരുന്നു റ്റെനന്‍സിനുണ്ടായിരുന്നത്, അതുകൊണ്ട് തന്നെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേല്‍പ്പടി ചായ്പില്‍ ചീട്ട് കളി ക്ലബ്ബ് എന്ന മൂല്യ വര്‍ധിത വ്യവസായം കൂടി നടത്തി അധിക വരുമാനം കണ്ടെത്തിയിരുന്നു തങ്കച്ചന്‍. ദോഷം പറയരുതല്ലോ അതിനു പ്രത്യുപകാരമായി ഇടക്കൊക്കെ തന്റെ റ്റെനന്‍സിനു മുളങ്കുഴ ഷാപ്പീന്ന് ഓരോ കുപ്പി തെങ്ങിന്‍ കള്ളു വാങ്ങി കൊടുത്ത് സന്തോഷിപ്പിച്ചിരുന്നു.

സ്വന്തമായി ഒരു കാന്റീന്‍ ഇല്ലാത്ത പോളീടെക്നിക്കിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിശപ്പും ദാഹവും അകറ്റാന്‍ പിറവിയെടുത്ത തങ്കച്ചന്റെ ഹോട്ടല്‍ ഓണ്‍ വീല്‍സ്, കോസ്റ്റ കഫെ യും റൊളാണ്ടൊ യും പോലെ മെര്‍സിഡിസ് - സ്കാനിയാ കാരവനുകള്‍ ആയിരുന്നില്ല പകരം കാര്യറില്‍ വലിയൊരു സ്റ്റീല്‍ ഫ്ളാസ്ക് ഫിറ്റ് ചെയ്ത റാലി സൈക്കിള്‍ ആയിരുന്നു, വിദ്യാര്‍ഥി വര്‍ഗ്ഗത്തിനു ക്രെഡിറ്റ് നല്‍കിയാല്‍ അതു തിരികെ മേടിക്കുന്നത് ധനവാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് പോലെ വിഷമകരമായതിനാല്‍ ലോകത്ത് ആദ്യമായി പ്രീ പേയ്ഡ് കാപ്പി സംവിധാനം നടപ്പില്‍ വരുത്തിയതും രാജ്യത്തിനകതും പുറത്തുമുള്ള സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരുടെ ഇടയില്‍ കാപ്പിച്ചേട്ടന്‍ എന്നറിയപ്പെട്ടിരുന്ന തങ്കച്ചന്‍ തന്നെ.

തങ്കച്ചന് സമകാലീനനും ക്ലാസ്മിസ്റ്റേക്കും സ്ര്‍വ്വോപരി നാട്ടിലെ വിരലിലെണ്ണാവുന്ന പേര്‍ഷ്യക്കാരില്‍ ഒരുവനുമായിരുന്നു ഒരുക്കുഴീലെ ചെല്ലപ്പന്‍. ചെറുപ്പത്തില്‍ കാര്‍ത്യാനിയമ്മ ധാരാളം കോമ്പ്ലാന്‍ കലക്കി കൊടുത്തിട്ടുള്ളതുകൊണ്ടാണോ റേഷന്‍ ഇരുമ്പരിയുടെ ഗുണംകൊണ്ടാണോ ആറടി ഉയരവും അതിനൊത്ത മസിലുമുള്ള ഒത്ത ഒരു ഉരുപ്പടിയായിരുന്നു ചെല്ലന്‍സ്, കള്ളുകുപ്പി കാണുമ്പോല്‍ ഉണ്ടാകുന്ന പരവേശവും ഒരല്‍പ്പം ആത്മപ്രശംസയും മാറ്റിനിര്‍ത്തിയാല്‍ പ്രശസ്തനാകാനുള്ള കുരുത്തക്കേടുകള്‍ ഒന്നും തന്നെ ചെല്ലന്‍സിനു കൈവശമുണ്ടായിരുന്നില്ല, എങ്കിലും ശബരിമലയ്ക്കു പോയപ്പോള്‍ നൂറു പുലിയെ കണ്ട കഥ ചെല്ലന്‍സിന്റെ പേരിലും പ്രചരിക്കുന്നുണ്ട്.

ബ്രൂട്ടിന്റെ മണവും റോത്മാന്‍സിന്റെ പുകയുമായി വന്നിറങ്ങിയ ദിവസം മുതല്‍ ഉള്ള പൂതിയാണ് ഒരു കാര്‍ വാങ്ങണമെന്നത്, അല്ലെങ്കിലും റിയാദില്‍ അറബാബിന്റെ ചവര്‍ലൈറ്റും പോണ്ഡ്യാക്കും ഓടിക്കുന്ന താന്‍ നാട്ടില്‍ ഒരു അമ്പാസിഡറെങ്കിലും ഓടിക്കണ്ടെ? വണ്ടിബ്രോക്കര്‍ കുറുവച്ചനെ വിളിച്ചുവരുത്തി, കുറുവന്‍ പലവുരു ഡയറി തുറന്നു താടിയുഴിഞ്ഞു, ചില മുതലാളിമാരുടെ ഷെഡ്ഡിലും പല റ്റാക്സ്സി സ്റ്റാന്‍ടിലും പോയി; ബമ്പറില്‍ തട്ടി നോക്കി, ബോണറ്റ് പൊക്കി നോക്കി; വില പറയുംബം മാത്രം അവര്‍ക്കെല്ലാം ഒരേ മറുപടിയാരുന്നു.."എന്റെ കുറുവച്ചാ കാപ്പി തണുക്കുന്നേനു മുന്‍പ് കുടിക്ക്, ഈ സാറുപറയുന്ന തുകയ്ക്ക് തല്‍ക്കാലം വില്‍ക്കുന്നില്ല, ഇതിവിടെത്തന്നെ കിടക്കട്ടെ" പതിയേ കാറുമോഹങ്ങള്‍ മാര്‍ക് ത്രീയില്‍ നിന്നും റ്റുവിലേക്കും വെറും ഹിന്ദുസ്ഥാനിലേക്കും കുടിയിറക്കപ്പെട്ടു.

 അങ്ങനെ ഒരു വൈകുന്നേരം മണിപ്പുഴ ഷാപ്പില്‍ രണ്ടു കുപ്പി മൂത്ത തെങ്ങിനും തലക്കറിക്കും മുന്നില്‍ വെച്ചാണ് ചാക്കോ മേസ്തിരിയുടെ വാല്യൂഡ് അഡ്വൈസ് ചെല്ലന്‍സിനു കിട്ടുന്നത് " എന്റെ കുഞ്ഞേ നീയെന്തിനാ അമ്പാസഡറിനു കാശു മുടക്കുന്നേ.. ഇപ്പം കോട്ടേത്തും കഞ്ഞിരപ്പള്ളീലും ഒക്കെ ഉള്ള വല്യ മോലാളിമാരെല്ലാം ജീപ്പല്ലേ മേടിക്കുന്നെ ജീപ്പിനല്ലേ ഇപ്പം സ്റ്റാറ്റസ് കൂടുതല്‍.."   പിന്നെ വല്യ കാശുമൊടക്കില്ലാതെ ചുളുവില്‍ ജീപ്പ് സംഘടിപ്പിക്കാനുള്ള വഴിയും പറഞ്ഞുകൊടുത്തു. താലൂക്കാശുപത്രീല്‍ കണ്ടം ചെയ്ത വണ്ടി ലേലം ചെയ്യുമ്പം ഒരെണ്ണം ലേലംപിടിക്കുക, കെട്ടിവലിച്ച് എന്റെ വര്‍ഷോപ്പില്‍ എത്തിക്കുക, ബാക്കിയൊക്കെ ഞാന്‍ ഏറ്റു അതു നല്ല കുട്ടപ്പനാക്കി കയ്യിത്തരാം.

 മേസ്തിരീടെ പിടിപാടിന്റെ കൂടുതല്‍ കൊണ്ട് 52 മോഡല്‍ വില്ലീസ് ഒന്നു കിട്ടി, അകത്ത് വ‍ളര്‍ന്നു കേറിയ കാടൊക്കെ വെട്ടിമാറ്റി, ഉള്ളില്‍ പെറ്റുകിടന്ന പട്ടിയേം കുഞ്ഞുങ്ങളേം ഒഴിപ്പിച്ച് കെട്ടിവലിച് മേസ്തിരീടെ വര്‍ക്ഷൊപ്പില്‍ എത്തിച്ചു, വരുന്ന വഴിയില്‍ ഇളകി വീണ ഭാഗങ്ങള്‍ പെറുക്കി മറ്റൊരു ഓട്ടോയില്‍ പിന്നാലെ എത്തിച്ചു. തഹസില്‍ദാറുടെ കാറുമുതല്‍ പോലീസ് ക്യാമ്പിലെ ഇടിവണ്ടി വരെ ഏതുതരത്തിലുമുള്ള സര്‍കാര്‍ വാഹങ്ങള്‍ പണിതുകൊടുക്കുന്ന സൂപ്പര്‍സ്പെഷ്യാലിറ്റി ഗാരേജാണ് ചാക്കോമേസ്തിരീടെത്. സര്‍കാര്‍ വണ്ടികളുമായുള്ള സഹവാസം കൊണ്ടാണോ എന്തോ മാസം ഒന്നു കഴിഞ്ഞിട്ടും ജീപ്പ് കുട്ടപ്പനായില്ല,

ആദ്യമൊക്കെ ആഴ്ചയില്‍ ഒന്നു ജീപ്പു കാണാന്‍ വന്നിരുന്ന ചെല്ലപ്പന്‍ പണിയുടെ പുരോഗതി കുറവാണെന്നു മന‍സിലാക്കി എന്നും വര്‍ക്ഷോപ്പില്‍ വന്നിരുപ്പായി, ജീപ്പിന്റെ പണി പെട്ടന്നു തീരുമെന്നുള്ളതിനപ്പുറം തന്റെ സൗദി കഥകള്‍ കേള്‍ക്കാന്‍ പണിക്കാരായ പ്രേക്ഷകരെ കിട്ടിയതായിരുന്നു ചെല്ലപ്പനെ അതിനു പ്രേരിപ്പിച്ചത്. "ഇതൊക്കെ എന്നാ വണ്ടി സൗദീലെ വണ്ടിയല്ലെ വണ്ടി" "ഇതൊക്കെ എന്നാ റോഡ് സൗദീലെ റോഡല്ലെ റോഡ്" എന്ന മട്ടില്‍ പുരൊഗമിച്ച കഥകളില്‍ ആദ്യമൊന്നും മേസ്തിരിക്ക് താല്‍പര്യം തോന്നിയിരുന്നില്ല എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പണിക്കാര്‍ പലരും പാസ്പോര്‍ട്ട് എടുക്കുന്നതെങ്ങിനെയാണെന്നു സംശയം ചോദിച്ചതോടെ മേസ്തിരി അപകടം മണത്തു. പിറ്റേദിവസം തന്നെ ഒരുവിധം പണിയൊക്കെ തീര്‍ത്ത് ബോള്‍ട്ടില്ലാത്തിടത്തൊക്കെ വെല്‍ഡും ചെയ്ത് മിച്ചം വന്ന നീല പെയ്ന്റും അടിച്ച് കൊടുത്ത് വിട്ടു. 



ശനിയാഴ്ചയല്ലേ പണിക്കാരുടെ കണക്ക് നോക്കി ശമ്പളവും കൊടുത്ത് മേസ്തിരിയും ചെല്ലന്റെ കൂടെ ഇറങ്ങി, മണിപ്പുഴയെത്തിയപ്പോളേക്കും "പുതിയ" ജീപ്പൊക്കെ കിട്ടിയതല്ലെ രണ്ട് കുപ്പി അടിച്ചിട്ട് പോകാമെന്നായി മേസ്തിരി, ഒരു കാര്യം ചെയ്യാം നമ്മക്ക് തങ്കച്ചനെക്കൂടെ വിളിച്ച് കൊണ്ട് വരാമെന്നായി ചെല്ലന്‍, ശരി അങ്ങിനെയാകട്ടെ, വണ്ടി നേരേ തങ്കച്ചന്റെ വീട്ടിലേക്ക്.

ഇതേ സമയം തങ്കച്ചന്റെ ചായ്പ് മുറിയില്‍ വാശിയേറിയ ചീട്ട് കളി പുരോഗമിക്കുകയായിരുന്നു, ജീപ്പു വന്നു നില്‍ക്കുന്ന ശബ്ദം കേട്ടതും "പോലീസ്........" എന്നലറിക്കൊണ്ട് ഏതോ ഒരു യുവ കോമളന്‍ ജനലും പൊളിച്ച് ചാടിയതും ഒപ്പം കഴിഞ്ഞു. അതോടെ ബാക്കിയുള്ളവരും പ്രാണരക്ഷാര്‍ഥം കിട്ടാവുന്ന വതിലുകളും ജനലുകളും വഴി നാലുപാടും പാഞ്ഞു. വാതിലും ജനലും ഒന്നും കിട്ടാഞ്ഞ് ഓട് പൊളിച്ച് ചാടാന്‍ ശ്രമിച്ച കാടറോയി മാത്രം അടിവില്ലില്‍ കുരുങ്ങിയ പെരുച്ചാഴിയെപ്പോലെ തട്ടിനും കഴുക്കോലിനുമിടയില്‍ കുടുങ്ങി ത്രിശങ്കു സ്വര്‍ഗ്ഗം കണ്ടു.

ജനം ചിതറി ഓടുന്നത് കണ്ട ചെല്ലന്‍ ആദ്യം ഒന്നമ്പരന്നെങ്കിലും കാര്യം മനസിലാക്കി   " നില്‍ക്കടാ അവിടെ, എടാ നില്‍ക്കാന്‍" എന്നു വിളിച്ച് തങ്കച്ചന്റെ പിന്നാലെ ഓടി ഇതു കണ്ടതോടെ തങ്കച്ചനെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണെന്നു കരുതി മറ്റുള്ളവര്‍ കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ ശക്തിയില്‍ മുന്നോട്ട് കുതിച്ചു. അടുത്ത വീട്ടില്‍  കുഞ്ഞാടുകളോടൊപ്പം എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എന്ന പാട്ട് പാടിക്കൊണ്ടിരുന്ന മത്തായി ഉപദേശി ഓട്ടക്കാരെക്കണ്ട് അടുത്ത ഭാഗം ഇങ്ങനെ പാടിപ്പോയി "അവനോടിയ വഴിയില്‍ കപ്പളം പിടത്തി ചാണകപ്പൊടി നിരത്തീ...."


പിറ്റേദിവസം മുളങ്കുഴ കവലയില്‍ എത്തിയവരൊക്കെ കണ്ട കാഴ്ച നാട്ടിലെ യുവ കേസരികളില്‍ പലരും ഇറാക്ക് യുദ്ധം കഴിഞ്ഞെത്തിയ അമേരിക്കന്‍ പട്ടാളക്കാരെപ്പോലെ ദേഹമാസകലം പരിക്കുമായി ഞൊണ്ടി നടക്കുന്നതാണ്. എന്തായാലും ജീപ്പു വാങ്ങിയത് ചെല്ലപ്പനെങ്കിലും അയല്വക്കത്തുള്ളവെരുടെ പൊളിഞ്ഞ വേലികള്‍ കെട്ടിക്കൊടുക്കേണ്ട ബാധ്യത തങ്കച്ചന് തന്നെ.

6 അഭിപ്രായ(ങ്ങള്‍):

naveenjjohn പറഞ്ഞു...

''വരുന്ന വഴിയില്‍ ഇളകി വീണ ഭാഗങ്ങള്‍ പെറുക്കി മറ്റൊരു ഓട്ടോയില്‍ പിന്നാലെ എത്തിച്ചു. ''

അച്ചായോ ..ങ്ങള് മുറ്റിച്ചൂട്ടോ.... നല്ല ദ്രിഷ്ട്ടുദ്യുംനതയുള്ള ലാന്‍ഗ്വേജ് ,
ഞാന്‍ വിജ്രുംബിച്ചു പോയി,... ഇഷ്ടായീ... keep it up...

African Mallu പറഞ്ഞു...

നല്ല രചനാ രീതി ചിലയിടങ്ങളില്‍ ശരിക്കും ചിരിപ്പിച്ചു

ആനമറുത പറഞ്ഞു...

എന്റമ്മേ..ഇത്രേം നല്ല പോസ്റ്റ്‌ ഈ അടുത്തൊന്നും ഞാന്‍ വായിച്ചിട്ടില്ല....തോമാച്ചയാ...ജബര്‍ ആയീട്ടോ..ഓഫീസില്‍ ഇരുന്നു വര്‍ക്കിനിടയില്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി !!!!!!!

ആനമറുത പറഞ്ഞു...

എന്റമ്മേ..ഇത്രേം നല്ല പോസ്റ്റ്‌ ഈ അടുത്തൊന്നും ഞാന്‍ വായിച്ചിട്ടില്ല....തോമാച്ചയാ...ജബര്‍ ആയീട്ടോ..ഓഫീസില്‍ ഇരുന്നു വര്‍ക്കിനിടയില്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി !!!!!!!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹഹഹഹ
നമ്മുടെ വണ്ടുബ്രാന്തന്‍ എവിടേ

നല്ല വിവരാണം

Mohiyudheen MP പറഞ്ഞു...

കൊള്ളാം..നന്നായി വിവരിച്ചിരിക്കുന്നു . ആശംസകൾ

എന്റെ പോസ്റ്റിൽ ഇത്തരത്തിലുള്ള വണ്ടിക്കഥയല്ല, വായിച്ച് നോക്കുമല്ലോ ?