2011, ഒക്ടോ 8

ലോഡ് ഷെഡ്ഡിംഗ് പുനരവതരിച്ചിരിക്കുന്നു.


രാവും പകലും വ്യത്യാസമില്ലാതെ വൈദ്യുതിയില്ലാത്ത അവസ്ഥയിലേക്കു കേരളം നീങ്ങുകയാണ്. ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇരുട്ടുമൂടിയ രാത്രികളാണ് കേരളീയര്‍ക്കു വിധിച്ചിരിക്കുന്നതെന്നു വ്യക്തം. മുന്‍ സ്ര്‍ക്കാരിന്റെ കാലത്ത് കടുത്ത വേനലില്‍ പോലും ഏര്‍പ്പെടുത്താതിരുന്ന ലോഡ് ഷെഡ്ഡിംഗ് കേരള‍ത്തിലെ മിക്കവാറും എല്ലാ ഡാമുകളും നിറഞ്ഞു കിടക്കുന്ന സെപ്റ്റംബര്‍ മാസത്തില്‍ തന്നെ പുനരവതരിച്ചിരിക്കുന്നു.

ഉപഭോഗത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ധനവല്ല, കേന്ദ്രപൂളില്‍ നിന്നു ലഭിച്ചു പോന്ന വിഹിതത്തില്‍ കുറവു വന്നതാണ് ലോഡ്‌ഷെഡിംഗിനു കാരണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. താത്കാലികമായി സംഭവിച്ച ഒരു കാര്യം മാത്രമാണിതെന്നും കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിതരണം തുടങ്ങിയെന്നുമൊക്കെ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി വേണുഗോപാലും പറഞ്ഞു.


ഇതില്‍ ആരു പറയുന്നതാണ് ജനം വിശ്വസിക്കേണ്ടത്? ഇപ്പോള്‍ ഇരുട്ടില്‍ ജീവിക്കാന്‍ ജനത്തെ നിര്‍ബന്ധിതരാക്കിയെങ്കില്‍, ഒക്ടോബര്‍ ഒന്നു മുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞ മാസത്തെ ജനദ്രോഹം സര്‍ക്കാര്‍ നിര്‍വഹിച്ചത്. ഓരോ മാസവും ഓരോ ജനദ്രോഹം വീതം നടപ്പാക്കുക എന്നതാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മപരിപാടിയെന്നു കൂടി വ്യക്തമാക്കിയാല്‍ക്കൊള്ളാം.


കേരളത്തിലെ വൈദ്യുതി ഉത്പാദനം ഇവിടുത്തെ ആവശ്യത്തിനു തികയില്ലെന്നതിനാലാണ് കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നത്. ഈ സത്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു വര്‍ഷം മുമ്പു കമ്മീഷന്‍ ചെയ്യാമായിരുന്ന നാനൂറിലധികം മെഗാവാട്ടിന്റെ പദ്ധതികള്‍ ഫയലില്‍ത്തന്നെ വിശ്രമിക്കുന്നുണ്ടെന്നതും ജനം മനസിലാക്കണം. പതിനൊന്നാം പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികള്‍ എന്തുകൊണ്ടാണ് ഇപ്പോഴും പാതിവഴിയില്‍ കിടക്കുന്നതെന്ന് മന്ത്രിയോ സര്‍ക്കാരോ ചിന്തിക്കുന്നില്ല.


വൈദ്യുതി ബോര്‍ഡിന്റെ പിടിപ്പുകേട് മറച്ചു വയ്‌ക്കേണ്ട ഗതികേട് ഏറ്റെടുക്കാനല്ല ജനങ്ങള്‍ വോട്ടു ചെയ്ത് ആര്യാടനെപ്പോലുള്ളവരെ അധികാരമേല്‍പ്പിച്ചിരിക്കുന്നത്. ഓരോ കാര്യത്തെക്കുറിച്ചും കണക്കുകളുടെ പിന്‍ബലത്തോടെ വാദിക്കാറുള്ള ആര്യാടന്‍ മുഹമ്മദ് എന്ന  നേതാവിന് എന്താണു സംഭവിക്കുന്നത്? വൈദ്യുതി വകുപ്പിന്റെ ചുമതലയേറ്റതോടെ അദ്ദേഹത്തിന്റെ പ്രഖ്യാപിത ജനസ്‌നേഹം നഷ്ടമായോ? ബോര്‍ഡിലെ വെള്ളാനകളുടെ പിടിപ്പുകേടു മൂലം പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതിന്റെ കുറ്റം ഇവിടുത്തെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കരുത്. ജനത്തെ അതു പറഞ്ഞു ശിക്ഷിക്കുകയുമരുത്.

ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കേന്ദ്ര പൂളിനെ ആശ്രിയിക്കേണ്ട ഗതികേടുണ്ടാവുമായിരുന്നില്ല. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ചെറുതും വലുതുമായ 36 അണക്കെട്ടുകളുണ്ട്. ഇതില്‍  90 ശതമാനവും നിറഞ്ഞു കിടക്കുകയുമാണ്.എന്നിട്ടും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് തീര്‍ത്തും നിസാരമായി കാണേണ്ട കാര്യമല്ല.


30 കോടി രൂപയ്ക്കു നിര്‍മാണം പൂര്‍ത്തിയാക്കാമായിരുന്ന ചെങ്കുളം ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ടെന്‍ഡര്‍ തുക 41.66 കോടി രൂപയായതിനു പിന്നിലുള്ളത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മാത്രമാകാന്‍ തരമില്ല. വന്‍തുക ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ടാകുമെന്നു ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനുമാവില്ല. ഇതെല്ലാം കഴിഞ്ഞിട്ടും പദ്ധതി പ്രാവര്‍ത്തികമായിട്ടില്ല. അതിലൂടെ പ്രതിവര്‍ഷം ഒമ്പതു കോടി രൂപയുടെ നഷ്ടവുമുണ്ടാകുന്നു.


ഇത്തരം നഷ്ടങ്ങളും ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുക എന്നതാണ് പുതിയ തന്ത്രം. വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാണെന്ന് ഇടയ്ക്കിടെ വിളിച്ചു പറയുന്നവര്‍ക്ക്, അത് എന്തുകൊണ്ടു ലാഭത്തിലാകുന്നില്ല എന്നു ചിന്തിച്ചുകൂടേ?


നഷ്ടത്തിന്റെ കണക്കു നിരത്തുന്നവര്‍ ബോര്‍ഡിനുണ്ടാകുന്ന ചെലവുകള്‍ എന്തൊക്കെയെന്നുകൂടി കണക്കുകളുടെ പിന്‍ബലത്തോടെ വെളിപ്പെടുത്തണം. ഏറ്റവും താഴെയുള്ള തസ്തികയില്‍ നിന്നു വിരമിക്കുന്നവര്‍ക്കു പോലും ബോര്‍ഡില്‍ നിന്നു പ്രതിമാസം പതിനയ്യായിരം രൂപയിലേറെ ലഭിക്കുന്നുണ്ടെന്നാണ് അറിവ്. മേല്‍ത്തട്ടിലേക്കു പോകുന്നതോടെ അത് രണ്ടും മൂന്നും ഇരട്ടിയിലേറെയാകുന്നു. ജോലിയിലിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പളം കേട്ടാല്‍ സാധാരണ കേരളീയന്‍ ഞെട്ടിത്തരിക്കും. ക്ലറിക്കല്‍ തസ്തികയില്‍പ്പോലും മുപ്പതിനായിരം രൂപയിലേറെ പ്രതിമാസം വാങ്ങുന്നവരുണ്ട്.


പ്രതിദിനം നൂറു രൂപ പോലും വരുമാനമില്ലാത്തവരുടെ പോക്കറ്റില്‍ നിന്ന് കറന്റു ചാര്‍ജ് എന്ന പേരില്‍ അമിതമായി വാങ്ങിക്കൂട്ടുന്ന തുകയാണ് കുറേ വെള്ളാനകള്‍ക്ക് സര്‍ക്കാര്‍ വീതം വച്ചു നല്‍കുന്നത്. ഇവരുടെ ശമ്പളത്തില്‍ കുറവു വരുത്തിയാല്‍ ഇപ്പോഴുള്ള സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ സാധിക്കില്ലേ? എന്തുകൊണ്ട് അതിനു സര്‍ക്കാരിനു ശ്രമിച്ചുകൂടാ.
വന്‍തുക ശമ്പളം വാങ്ങിയിട്ടും അവരാരും ജോലി ചെയ്യുന്നില്ല. അതുകൊണ്ടാണ് പദ്ധതികളെല്ലാം ഫയലില്‍ത്തന്നെ കിടക്കുന്നത്. വൈദ്യുതി ഓഫീസില്‍ ഒരിക്കലെങ്കിലും പോകേണ്ടി വന്നിട്ടുള്ളവര്‍ ഈ ജീവനക്കാരെ എത്ര കടുത്ത രീതിയില്‍ ശിക്ഷിച്ചാലും മതിയാവില്ലെന്ന അഭിപ്രായമാണു പറയാറുള്ളത്.


സര്‍ക്കാര്‍ ഇടപെട്ട് ശമ്പളം കുറച്ചാല്‍ യൂണിയനുകള്‍ സമരം തുടങ്ങിയേക്കാം. കടമകള്‍ മറന്ന് അവകാശത്തെക്കുറിച്ചു മാത്രം പ്രസംഗിക്കുകയാണല്ലോ അവരുടെ പതിവ്. അങ്ങനെ സമരം ചെയ്യുന്നവരെ നേരിടാന്‍ സര്‍ക്കാരിന് ജനങ്ങളെ തന്നെ ആശ്രയിക്കാവുന്നതാണ്. തങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നവര്‍ക്കെതിരേ സര്‍ക്കാരിന്റെ കൂടി പിന്തുണയുണ്ടെങ്കില്‍ ഇവിടുത്തെ ജനം പ്രതികരിക്കും. സമരത്തിനിറങ്ങുന്നവരെ ജനങ്ങള്‍ തന്നെ നേരിട്ടുകൊള്ളും. അതോടെ ജോലി കൃത്യമായി ചെയ്യേണ്ടതെങ്ങനെയെന്ന് ജീവനക്കാര്‍ തന്നെ തെളിയിച്ചുകൊള്ളും.


ഇത്തരം എന്തെങ്കിലും ചെയ്യണമെങ്കില്‍ നട്ടെല്ലുള്ള ഭരണാധികാരികള്‍ വേണം. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ കുറേ തട്ടിക്കൂട്ടു പ്രസംഗങ്ങളും പ്രസ്താവനകളും ഇറക്കി നടക്കുന്നവര്‍ക്ക് അതിനുള്ള തന്റേടമുണ്ടാവില്ല. കുറേ അരാഷ്ട്രീയവാദികള്‍ക്കും ഹസാരമാര്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തെ വിട്ടുകൊടുക്കാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍ ആര്യാടന് അറിയില്ലെന്നുണ്ടോ?  ഉദ്യോഗസ്ഥരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാനല്ല കുറേ മന്ത്രിമാരെ ജനം അധികാരം നല്‍കി തീറ്റിപ്പോറ്റുന്നതെന്ന് ദയവായി തിരിച്ചറിയുക.

2 അഭിപ്രായ(ങ്ങള്‍):

ചീരാമുളക് പറഞ്ഞു...

എല്ലാ സർക്കാറുകളും കക്ഷി ഭേദമന്യേ ചെയ്യുന്ന ഒരു പണിയാണ് മേൽപ്പറഞ്ഞ ലോഡ് ഷെഡ്ഡിംഗ്. ഉൽപ്പാദനം കൂട്ടാൻ ഒരു പിണ്ണാക്കും ചെയ്യാതെ ഉണ്ട വിഴുങ്ങിയ വായിൽ വലിയത് വിളിച്ച് പറഞ്ഞ് മന്ത്രിയായിരിക്കുന്നതിലും ഭേദം ഏതെങ്കിലും കറണ്ട്കമ്പിയിൽ കൊട്ടിത്തൂങ്ങുന്നതല്ലേ?

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസുകളോടെ സ്വകാര്യമേഘലയില്‍ കുത്തക ഭീമന്മാര്‍ സ്ഥപിച്ചിട്ടുള്ള വൈദ്യുതി വിതരണ സ്ഥാപനങ്ങളില്‍ നിന്നും കൊള്ളവിലക്കു വൈദ്യുതി വാങ്ങുന്നതിനുള്ള അരങ്ങൊരുക്കാനുള്ള മനോധര്‍മ്മമാട്ടമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ലോഡ്ഷെഡ്ഡിംഗ് അല്ലാതെ പീക് ലോഡ് ഏറ്റവും കുറവുള്ള ഈ മഴക്കാലത്ത് ജല വൈദ്യുത നിലയങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കേണ്ട ദിവസങ്ങളില്‍ ജന്ങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്നതിനു ന്യായീകരണം ഒന്നും തന്നെ ഇല്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ എത്ര ദിവസം ലോഡ്ഷെഡ്ഡിംഗ് ഉണ്ടായിരുന്നു എന്നു ഒന്നു കണക്കു കൂട്ടി പറയുമോ മുളകേ? ഏപ്രില്‍ , മെയ് മാസങ്ങളടക്കം കൂട്ടിക്കോളൂ.