കോഴിക്കോട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്കു നേരേ നിറയൊഴിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥിസമരങ്ങള്‍ കേരളത്തില്‍ പുത്തരിയൊന്നുമല്ലെന്നിരിക്കെ തികച്ചും നിരുത്തരവാദപരമായാണ് പൊലീസ് പെരുമാറിയതെന്നു വ്യക്തം.
നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കോഴിക്കോട് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോളജ് കവാടത്തില്‍ ഉപരോധ സമരം നടക്കുന്നതിനിടെ, ആരോപണവിധേയനായ വിദ്യാര്‍ത്ഥി കാമ്പസിനുള്ളില്‍ കടന്നെന്ന വാര്‍ത്ത പരന്നതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചത്.
ഇതു തടയാനുള്ള പൊലീസിന്റെ നീക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. നാലു റൗണ്ട് സര്‍വീസ് പിസ്റ്റളില്‍ നിന്നു നിറയുതിര്‍ത്തത് അസിസ്റ്റന്റ് കമ്മീഷണറാണ്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് വെടിവച്ചതെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടെങ്കിലും, തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണുണ്ടായതെന്ന് പറയാതിരിക്കാനാവില്ല. അതേസമയം മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം ഇല്ലായിരുന്നു എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.
കല്ലേറില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനു തടസമുണ്ടാക്കിയപ്പോഴാണു വെടിവച്ചതെന്നാണു പൊലീസിന്റെ ഭാഷ്യം. കല്ലേറില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ കുറേ കുട്ടികളെ കൊല്ലുന്നതിന് എന്തു ന്യായീകരണമാണു പൊലീസിനു പറയാനുണ്ടാവുക?
മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണെന്നതു തന്നെയാകാം എസ്എഫ്‌ഐയുടെ പ്രതിഷേധത്തിനു മുഖ്യകാരണം. അത് എന്തു തന്നെയാകട്ടെ. ഈ വിദ്യാര്‍ത്ഥിക്കു പ്രവേശനം നല്‍കരുതെന്ന ജില്ലാ കളക്ടറുള്‍പ്പെട്ട സമിതിയുടെ നിര്‍ദേശമെങ്കിലും സര്‍ക്കാരിനു പരിഗണിക്കാമായിരുന്നു.
രണ്ടു മാസത്തിലേറെയായി ഈ വിഷയത്തില്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍, വിവാദപുരുഷനായ മഹാനെ മറ്റേതെങ്കിലും സ്വാശ്രയ കോളജില്‍ പ്രവേശനം വാങ്ങിക്കൊടുത്ത് വിഷയം അവസാനിപ്പിക്കാന്‍ സ്വാശ്രയ മുതലാളിമാരുടെ അരുമ സന്താനങ്ങളായ യുഡിഎഫ് നേതാക്കള്‍ക്കു സാധിക്കുമായിരുന്നു. എന്നാല്‍, അതിനു തയാറാവാതെ കലാപത്തിനു കോപ്പുകൂട്ടിക്കൊടുത്തത് യുഡിഎഫ് നേതാക്കള്‍ തന്നെ.
വിദ്യാര്‍ത്ഥിസമരങ്ങള്‍ അക്രമാസക്തമാകുന്നതും പൊലീസ് ലാത്തി വീശുന്നതുമൊക്കെ കേരളത്തില്‍ ആദ്യമായല്ല. എത്രയെത്ര രക്തരൂഷിത സമരമുഖങ്ങളിലൂടെ കടന്നു പോയിരിക്കുന്നു കേരളം. അന്നൊന്നും കഴിഞ്ഞ ദിവസം ഉണ്ടായതിനു സമാനമായ രീതിയില്‍ പൊലീസ് പെരുമാറിയിട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധം നല്‍കുന്നത് പ്രയോഗിക്കാന്‍ തന്നെയാണെന്ന് പണ്ടൊരു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ജനക്കൂട്ടത്തിനു നേരേ നിറയൊഴിക്കുന്നത് അവസാനത്തെ ആശ്രയമെന്ന നിലയിലായിരിക്കണം. അതിനു പകരം, കുറേ കുട്ടികള്‍ ബഹളമുണ്ടാക്കിയാലുടന്‍ അവര്‍ക്കു നേരേ തോക്കെടുക്കുന്നത് കേരളത്തില്‍ വേണ്ട.
ഇവിടെ തികച്ചും ന്യായമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. വിദ്യാര്‍ത്ഥിസമരത്തെ നേരിടാന്‍ തോക്കാണോ പ്രധാന ആയുധം? ജലപീരങ്കിയുള്‍പ്പെടെയുള്ള താരതമ്യേന ജീവഹാനിക്കിടയാക്കാത്ത ആയുധങ്ങളുണ്ടെന്നിരിക്കെ സര്‍വീസ് റിവോള്‍വര്‍ എടുത്തു വിദ്യാര്‍ത്ഥികളുടെ നേര്‍ക്കു ചൂണ്ടാന്‍ അസിസ്റ്റന്റ് കമ്മീഷണറെ പ്രേരിപ്പിച്ചതാരാണ്? ശക്തമായ പ്രതിഷേധം കത്തിപ്പടരുന്നതിനിടയിലൂടെ വിവാദപുരുഷനായ വിദ്യാര്‍ത്ഥിയെ കോളജിലേക്ക് കടത്തിവിട്ടതെന്തിന്? അതിനു പൊലീസ് തുണ നിന്നുവെങ്കില്‍, കഴിഞ്ഞ ദിവസം ഉണ്ടായ മുഴുവന്‍ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസിനു തന്നെ.
കോളജിനുള്ളിലേക്ക് തള്ളിക്കയറിയ വിദ്യാര്‍ത്ഥികള്‍ക്കു നേരേ ഗ്രനേഡും പ്രയോഗിച്ചു. കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികള്‍ക്കിടയിലേക്കു വരെ ഗ്രനേഡ് തോന്നിയതു പോലെ വലിച്ചെറിഞ്ഞ പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ കൂട്ടക്കൊലപാതക ശ്രമമാണു നടത്തിയത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാരെ, അവര്‍ ഏതു റാങ്കില്‍പ്പെട്ടവരാണെങ്കിലും, സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. സംയമനം പാലിക്കാന്‍ ശേഷിയില്ലാത്തവരെ ആയുധമേല്‍പ്പിക്കുന്നതിന്റെ ഗുരുതരമായ അപകടമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിലൂടെ തെളിയുന്നത്.
ഗ്രനേഡോ തോക്കോ കൈവശമുണ്ടെങ്കില്‍, അതു പ്രയോഗിക്കുന്നതിനു ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. തോക്കുമായി ആരെയും ആക്രമിക്കാനെത്തിയവരല്ല വിദ്യാര്‍ത്ഥികള്‍. സായുധരായ അക്രമിസംഘത്തോടെന്നപോലെ ആയുധങ്ങള്‍ കൊണ്ട് എതിരിടാന്‍ തുനിഞ്ഞ പൊലീസിന്റെ നടപടി സംശയമുയര്‍ത്തുന്നു. അക്കാരണത്താല്‍ത്തന്നെ, കരുതിക്കൂട്ടി പൊലീസ് നടത്തിയ ഗൂഢാലോചനയാണോ ഇന്നലത്തെ സംഭവമെന്നും അന്വേഷിക്കാവുന്നതാണ്. സര്‍വീസ് കാലയളവില്‍ ആരോപണ വിധേയനായ വ്യക്തിയാണ് ഇന്നലെ വെടിവച്ച അസിസ്റ്റന്റ് കമ്മീഷണറെന്നാണ് എസ്എഫ്‌ഐ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയങ്കില്‍, അത്തരമൊരു ഉദ്യോഗസ്ഥന് ആയുധം നല്‍കിയ പൊലീസ് വകുപ്പാണ് കുറ്റക്കാര്‍. ട്രാക്ക് റെക്കോഡ് മോശമായ വ്യക്തിയെ ആയുധം കൂടി നല്‍കി വിട്ടാല്‍ അയാള്‍ അഴിഞ്ഞാടും. അതു തന്നെയാകാം കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുക. എതായാലും, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉടനുണ്ടാവണം. അതില്‍ അമാന്തമുണ്ടായിക്കൂടാ.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ