2011, മാർ 27

കാളയെ വാങ്ങിത്തരാമെന്നു വാഗ്‌ദാനം

കാളയെ വാങ്ങിത്തരാമെന്നു വാഗ്‌ദാനം ചെയ്‌ത്, എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസ്‌ തെറ്റയിലിനെതിരേ അപരനായി മത്സരിപ്പിക്കാന്‍ ഇറച്ചിക്കച്ചവടക്കാരനായ മാനസികരോഗിയെ തട്ടിക്കൊണ്ടുപോയെന്നു പരാതി. അപരനെ എതിര്‍പക്ഷം മോചിപ്പിച്ചു കൊണ്ടുപോയതു സംഘര്‍ഷത്തിനിടയാക്കി. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ അങ്കമാലി ബ്ലോക്ക്‌ ഓഫീസിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌.

അങ്കമാലി മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസ്‌ തെറ്റയിലിനു 'പാര'യായാണു മറുപക്ഷം അപരനുമൊത്തു പത്രിക സമര്‍പ്പിക്കാനെത്തിയത്‌. ചേരുന്ന പേര്‌ ഒപ്പിച്ചെടുക്കാന്‍ പരക്കംപാഞ്ഞ യു.ഡി.എഫുകാര്‍ ഒടുവില്‍ ഇറച്ചിക്കച്ചവടക്കാരനായ തെറ്റയില്‍ വീട്ടില്‍ ജോസിനെ കൈയോടെ പൊക്കി പൂരിപ്പിച്ച പത്രികസഹിതം ബ്ലോക്ക്‌ ഓഫീസിലെത്തിക്കുകയായിരുന്നു.

വിവരമറിഞ്ഞ എല്‍.ഡി.എഫുകാര്‍ സഹോദരന്‍ ബേബിക്കൊപ്പമെത്തി ജോസിനെ 'തിരിച്ചുപൊക്കി'. ഈ സമയം ബ്ലോക്ക്‌ ഓഫീസിലുണ്ടായിരുന്ന യു.ഡി.എഫ്‌. കൗണ്‍സിലര്‍ വില്‍സണ്‍ മുണ്ടാടന്‍ ജോസിനെ പിടിച്ചുനിര്‍ത്താന്‍ രംഗത്തിറങ്ങിയതോടെ സംഘര്‍ഷമായി.

പിടിവലിക്കൊടുവില്‍ എല്‍.ഡി.എഫുകാര്‍തന്നെ ജോസിനെ കൊണ്ടുപോയി. വില്‍സണ്‍ മുണ്ടാടന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നും കുറ്റിലക്കരയിലെ ഒരു വീട്ടില്‍ അടച്ചിട്ട്‌ ഒട്ടേറെ കടലാസുകളില്‍ ഒപ്പിടീച്ചുവെന്നും ജോസ്‌ പിന്നീടു പരാതിപ്പെട്ടു.

ഇറച്ചിക്കടക്കാരനായ തനിക്കു കാളയെ വാങ്ങിത്തരാമെന്നു വ്യാമോഹിപ്പിച്ചാണു തട്ടിക്കൊണ്ടുപോയതെന്നും ജോസ്‌ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 1996 മുതല്‍ പൈങ്കുളം സേക്രട്ട്‌ ഹാര്‍ട്ട്‌ ആശുപത്രിയില്‍ മാനസികരോഗത്തിനു ചികിത്സയിലാണ്‌ ജോസ്‌. പരാതിക്കൊപ്പം ഇതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്‌