2011, മാർ 19

വി.എസ്‌. വീണ്ടും പടയ്‌ക്കിറങ്ങുമ്പോള്‍

സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പ്‌ ചിത്രം വീണ്ടും മാറി മറിഞ്ഞു. രണ്ടു ദിവസത്തെ അനിശ്‌ചിതത്വത്തിനൊടുവില്‍ വി.എസ്‌. അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കാന്‍ രംഗത്തുവന്നതോടെ ഇനി പ്രചരണത്തിന്റെ അജണ്ട നിശ്‌ചയിക്കുന്നത്‌ അദ്ദേഹമായിരിക്കുമെന്ന്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങളില്‍ ആശങ്ക. തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇനി വി.എസ്‌. ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അവര്‍.

വി.എസിന്‌ സീറ്റ്‌ നിഷേധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്‌ഥാനത്ത്‌ ഉയര്‍ന്നു വന്ന സംഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ അപ്രസക്‌തമാകുമെന്നായിരുന്നു യു.ഡി.എഫിന്റെ വിലയിരുത്തല്‍. എന്നാല്‍ അവയാണ്‌ ഇനി തെരഞ്ഞെടുപ്പിലെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുക. വി.എസ്‌ ഇല്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ക്ക്‌ മറുചോദ്യം ഉന്നയിച്ച്‌ രക്ഷപ്പെടാനായിരുന്നു യു.ഡി.എഫിന്റെ പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ തന്ത്രം.

തെരഞ്ഞെടുപ്പില്‍ വി.എസ്‌. പ്രധാനമായും ഉയര്‍ത്തുന്ന വിഷയങ്ങള്‍ പെണ്‍വാണിഭവും അഴിമതിയും ലോട്ടറിയുമൊക്കെയായിരിക്കും. ഇവയുമായി മുന്നോട്ടുപോകാന്‍ അവസാന മാസങ്ങളില്‍ ചില സംഭവങ്ങളും അദ്ദേഹത്തിനും ഇടതുപക്ഷത്തിനും വീണുകിട്ടി. വി.എസിന്‌ സീറ്റ്‌ നിഷേധിച്ചതിലൂടെ അതൊക്കെ തെരഞ്ഞെടുപ്പ്‌ രംഗത്തുനിന്നും ആവിയായെന്ന ആശ്വാസത്തിലായിരുന്നു യു.ഡി.എഫ്‌.

അഴിമതി തന്നെയായിരിക്കും വി.എസിന്റെ പ്രധാന പ്രചാരണ ആയുധം. ഇടമലയാര്‍, പാമോയില്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും വി.എസ്‌. പ്രചാരണത്തിന്‌ പ്രധാനമായും ആയുധമാക്കുന്നതെന്ന്‌ യു.ഡി.എഫിന്‌ ഭയമുണ്ട്‌. ഇതിനുപുറമെ മുനീറിനും അടൂര്‍ പ്രകാശിനുമെതിരെയുള്ള വിജിലന്‍സ്‌ കേസുകളും തെരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേള്‍ക്കും. ഇവയ്‌ക്കെതിരായി വി.എസിനും മകനുമെതിരെ പല ആരോപണങ്ങളുമായി രംഗത്തുവന്നെങ്കിലും അതൊന്നും വേണ്ട രീതിയില്‍ ഏറ്റിട്ടില്ലെന്നും അവര്‍ വിലയിരുത്തുന്നുണ്ട്‌. മാത്രമല്ല ഇത്‌ തിരിഞ്ഞ്‌കൊത്തുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും വി.എസിന്റെ വായില്‍ നിന്നും വരുമ്പോള്‍ പ്രതിരോധത്തിലാകാനെ കഴിയുവെന്നാണ്‌ യു.ഡി.എഫ്‌ പറയുന്നത്‌.

പെണ്‍വാണിഭത്തിനെതിരെയും വി.എസ്‌. യാതൊരു ലൈസന്‍സുമില്ലാതെ ആഞ്ഞടിക്കും. ഐസ്‌ക്രീം പാര്‍ലര്‍ തന്നെയായിരിക്കും അതില്‍ പ്രധാനമായും മുഴങ്ങിക്കേള്‍ക്കുക. ഇത്‌ കുഞ്ഞാലിക്കുട്ടിയെ മാത്രമല്ല യു.ഡി.എഫിനെ ഒന്നാകെ ബാധിക്കുമെന്ന്‌ നേതൃത്വം ഭയക്കുന്നുണ്ട്‌. ഈ വിഷയങ്ങളിലൊന്നും വി.എസിനെതിരെ ശക്‌തമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്തതും യു.ഡി.എഫിനെ വലയ്‌ക്കുന്നുണ്ട്‌.

വി.എസിനും ഇടതുസര്‍ക്കാരിനുമെതിരെ ശക്‌തമായ ആയുധമാക്കാന്‍ യു.ഡി.എഫ്‌ കരുതിവച്ചിരുന്നതാണ്‌ ലോട്ടറി വിഷയം. എന്നാല്‍ അതും ചീറ്റിപ്പോയെന്നാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഹൈക്കോടതിയില്‍ കേസ്‌ വരുന്നതുവരെ മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിരുന്നു.  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ വി.എസ്‌ കത്തയച്ചിരുന്നു. എന്നാല്‍ അത്‌ നടപടിക്രമം പാലിച്ചല്ലെന്ന്‌ ആരോപിച്ചാണ്‌ കോണ്‍ഗ്രസ്‌ രംഗത്ത്‌ വന്നത്‌. പക്ഷേ തന്റെ നിലപാടില്‍ വി.എസ്‌. ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട്‌ ഇതുമായി ബന്ധപ്പെട്ട്‌ ആരോപണം ഉന്നയിച്ച വി.ഡി. സതീശന്‍ തന്നെ കോടതിയെ സമീപിച്ചതോടെയാണ്‌ ചിത്രങ്ങള്‍ മാറിമറിഞ്ഞത്‌.

കോടതിയില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ കേന്ദ്രത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ്‌ ശ്രമിച്ചത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശനത്തിന്റെ മുള്‍മുനയിലും നിര്‍ത്തി. ഇതോടെ അതും ഉപയോഗിക്കാന്‍ കഴിയാത്ത സ്‌ഥിതിയിലായി. വി.എസ്‌. തെരഞ്ഞെടുപ്പ്‌ ചിത്രത്തിലില്ലായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉയര്‍ന്നുവരില്ലെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.  ഇപ്പോള്‍ അതെല്ലാം അസ്‌തമിച്ച നിലയിലാണെന്നാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

1 അഭിപ്രായ(ങ്ങള്‍):

Manoj മനോജ് പറഞ്ഞു...

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കിട്ടാന്‍ ഡെല്‍ഹിയില്‍ തമ്പടിച്ചിട്ടും (കടപ്പാട്: ദീപിക ഓണ്‍ലൈന്‍ പത്രം) സോണിയ മാഡം കനിഞ്ഞ് നല്‍കിയത് മലമ്പുഴ!!!! കോട്ടയം അല്ലെങ്കില്‍ വൈപ്പിന്‍ നല്‍കി അവരോട് നീതി പുലര്‍ത്താമായിരുന്നു...