2011, മാർ 31

കോളിളക്കം

കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിപദം അര്‍ത്ഥിക്കുന്നവര്‍ രണ്ടുണ്ടെന്നിപ്പോള്‍ വ്യക്‌തമായി. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രണ്ട്‌ ഹെലികോപ്‌ടറുകളാണ്‌ കോണ്‍ഗ്രസ്‌ (ഹൈ) ഐക്കമാന്റ്‌ ഡല്‍ഹിയില്‍ നിന്നും അയച്ചുകൊടുത്തത്‌. ചെന്നിത്തലയ്‌ക്കൊന്ന്‌, ചാണ്ടിക്കുഞ്ഞിനൊന്ന്‌. കേരള രാഷ്‌ട്രീയച്ചൂടില്‍ പൊടിപടലങ്ങളുയര്‍ത്തിക്കൊണ്ട്‌ രണ്ട്‌ ഹെലികോപ്‌ടറുകളും പറന്നുനടക്കുന്നു. രണ്ടല്ല പതിനാല്‌ ജില്ലകളിലും പറന്നു കളിക്കാനുള്ള ഹെലിക്കോപ്‌ടറുകളിറക്കാനുള്ള 2 ജി കള്ളപ്പണം കോണ്‍ഗ്രസിന്റെ ''കൈ'' വശമുണ്ടെന്ന്‌ മുഖ്യമന്ത്രി. ഹെലികോപ്‌ടറുകളുയര്‍ത്തിയ പൊടിക്കാറ്റിനകത്ത്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്‌പരം പോരടിക്കുകയാണെന്ന്‌ എം.വി. രാഘവനും കുറ്റപ്പെടുത്തുന്നു.

കരയുന്ന കുഞ്ഞിനേ വോട്ടുള്ളൂ എന്ന തെരഞ്ഞെടുപ്പ്‌ ചൊല്ല്‌ നന്നായറിയുന്ന ആളാണ്‌ രമേശ്‌ചെന്നിത്തല. അതുകൊണ്ടാണല്ലോ കാല്‍നൂറ്റാണ്ടിനുശേഷം ഹരിപ്പാട്‌ മണ്ഡലത്തില്‍ ചെന്ന്‌ നെഞ്ചത്തടിച്ച്‌ കരഞ്ഞത്‌. തന്റെ സ്‌ഥാനം ത്യാഗം ചെയ്‌ത ബാബുപ്രസാദും കൂടെക്കരഞ്ഞു. രമേശന്‍ കരഞ്ഞത്‌ ആനന്ദക്കണ്ണീരും ബാബുപ്രസാദ്‌ കരഞ്ഞത്‌ നെഞ്ചുപൊട്ടിയാണെന്നും ദോഷൈക ദൃക്കുകള്‍ കരഞ്ഞു പറയുന്നു. ഹരിപ്പാട്ടെ കോണ്‍ഗ്രസുകാരെല്ലാം കൂട്ടക്കരച്ചില്‍ നടത്തിയെന്നാണറിഞ്ഞത്‌. ഇനി മെയ്‌ പതിമൂന്നിന്‌ പെട്ടി പൊട്ടിക്കുമ്പോള്‍ ചെന്നിത്തല ശരിക്കും പൊട്ടിക്കരയുമോ എന്നേ അറിയാനുള്ളൂ. ഉമ്മന്‍ചാണ്ടി കരയാനൊന്നും തയ്യാറല്ല, ചിരിയോടു ചിരിയാണെപ്പോഴൂം കുഞ്ഞൂഞ്ഞിന്‌.

കഴിഞ്ഞതവണ തന്നോടേറ്റുമുട്ടിത്തോറ്റ സിന്ധുജോയിയല്ലേ പാമ്പാടിയില്‍ വന്ന്‌ പ്രചാരണത്തിന്റെ വെടിക്കെട്ടിന്‌ തിരികൊളുത്തിയത്‌. സ്വാശ്രയസമരത്തിന്‌ ഇതേ ഉമ്മന്‍ചാണ്ടിസാറിന്റെ പോലീസാണ്‌ സിന്ധുവിന്റെ കാല്‍ അടിച്ചൊടിച്ചത്‌. തല്ല്‌ കിട്ടുകയാണെങ്കിലും അത്‌ മോതിരമിട്ട കൈകൊണ്ടായതില്‍ സിന്ധു ഇപ്പോള്‍ വളരെ ജോയ്‌ ആണത്രെ. ഉമ്മന്‍ചാണ്ടിയുടെ ആശ്രിതസ്‌ഥാനാര്‍ത്ഥി മോഹികളായ ടി. സിദ്ദീഖിനെയും എം.എം. ഹസ്സന്‍ഗാന്ധിയെയും ചെന്നിത്തല ഇടപെട്ട്‌ വെട്ടി നിരത്തിയത്രെ. നേരാണോ നുണയാണോ എന്തോ? എന്നാലും ഉമ്മന്‍ചാണ്ടി തന്നെയാവും മുഖ്യമന്ത്രിയെന്നാണ്‌, (ജെ) പി.സി. ചാക്കോ ആണയിടുന്നത്‌. ചെന്നിത്തല ജയിച്ചാലും ഏതെങ്കിലും പ്രധാന വകുപ്പിന്റെ മന്ത്രിയേ ആവുള്ളൂ. മിക്കവാറും പാമോയില്‍ വകുപ്പ്‌ കിട്ടാനാവും യോഗം. അങ്ങനെ മന്ത്രിയായിത്തീര്‍ന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ്‌ പുതിയൊരാളായിരിക്കും.

തല്‍ക്കാലത്തെ ആക്‌ടിംഗ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ തലേക്കുന്നില്‍ ബഷീര്‍ തലച്ചുമട്‌ ഉടനെ ഇറക്കിവെക്കും. ബഷീര്‍ സാഹിബിന്‌ ആക്‌ടിംഗ്‌ പ്രസിഡന്റ്‌ പദമേ, തെന്നലയെപ്പോലെ സാധിക്കയുള്ളൂ. നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ അളിയനായതിനാല്‍ തലേക്കുന്നില്‍ ബഷീര്‍ ''ആക്‌ടിംഗ്‌'' പദത്തില്‍ ഒതുങ്ങാനാവും വിധി. ഇങ്ങനെയൊക്കെയാണ്‌ പി.സി. ചാക്കോസാറിന്റെ സ്വപ്‌നമെന്ന ചാക്കിലുള്ളത്‌. ഹെലികോപ്‌ടര്‍ ഇടയ്‌ക്കിടെ കേടാവുന്നുണ്ട്‌. ചെന്നിത്തലയുടെ പ്രചാരണ പരിപാടിയും ഇടയ്‌ക്കിടെ തടസ്സപ്പെടുന്നുണ്ട്‌. വല്ല ഹിമാലയന്‍ കാറിലുമായിരുന്നെങ്കില്‍ മേക്കപ്പുടയാതെ ഏസിയും ഓണാക്കി മലര്‍ന്നുകിടന്ന്‌ എല്ലാ പ്രചാരണസ്‌ഥലത്തുമെത്താമായിരുന്നു. ഹെലികോപ്‌ടറായപ്പോള്‍ പ്രചാരണം പൊടിപൂരമാണെങ്ങിലും മേക്കപ്പെല്ലാം ഇളകിപ്പോകുന്നു. ഉമ്മന്‍ചാണ്ടിക്ക്‌ ഈ പ്രശ്‌നമൊന്നുമില്ല. അലങ്കോലമായ വേഷവിധാനങ്ങള്‍ എന്നും കുഞ്ഞൂഞ്ഞിന്‌ അലങ്കാരമാണല്ലോ.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.