2011, മാർ 8

ലോട്ടറികേസ്‌: ഹര്‍ജികള്‍ ഫയലില്‍; ചിദംബരത്തിന്‌ നോട്ടീസ്‌‍

ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി.ഡി സതീശന്‍ എം.എല്‍.എയും ലോട്ടറി വില്‍പ്പന തൊഴിലാളികളുടെ യൂണിയനും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സി.ബി.ഐ അന്വേഷണത്തെ സംസ്‌ഥാന സര്‍ക്കാരും കോടതിയില്‍ സ്വാഗതം ചെയ്‌തു. സി.ബി.ഐ അന്വേഷണം എന്ന പന്ത്‌ ഇനി കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്ന്‌ ഹര്‍ജി സ്വീകരിക്കവേ കോടതി അഭിപ്രായപ്പെട്ടു. തുടര്‍ വാദത്തിനായി രണ്ടാഴ്‌ചയ്‌ക്കു ശേഷം കേസ്‌ വീണ്ടും പരിഗണിക്കും.

അതേസമയം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലെ ഒരു എം.എല്‍.എയും മുഖ്യമന്ത്രിയും അയച്ച കത്തിന്റെ അടിസ്‌ഥാനത്തില്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ആശ്‌ചര്യം പ്രകടിപ്പിച്ചു. വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോടതി, കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ഉള്‍പ്പെടെ 11 പേര്‍ക്ക്‌ ഉടന്‍ നോട്ടീസ്‌ അയയ്‌ക്കാന്‍ ഉത്തരവിട്ടു. കേസ്‌ വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രം സത്യവാങ്‌മൂലം സമര്‍പ്പിക്കണം.

കേസിലെ രാഷ്രടീയ പ്രധാന്യം കോടതിക്ക് ബോധ്യമുണ്ട്. കോടതിയെ രാഷ്ട്രീയ ആയുധമാക്കാന്‍ ആരെയും അനുവദിക്കില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഭരണഘടനപരമായ ഉത്തരവാദിത്തം കോടതിക്ക് നിറവേറ്റേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് ചെലമേശ്വര്‍, ജസ്റ്റീസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.