ചെങ്ങന്നൂര്‍ മുതവഴി ക്ഷേത്രത്തിലെ അമൂല്യമെന്നു കരുതപ്പെടുന്ന താഴികക്കുടം മോഷണം പോയതും തിരികെ കിട്ടിയതും ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഇറിഡിയം എന്ന വിലയേറിയ ലോഹം അടങ്ങിയതെന്നു പ്രചരിപ്പിക്കപ്പെട്ടു പോന്ന താഴികക്കുടമാണു മോഷ്ടിക്കപ്പെട്ടത്.യഥാര്‍ത്ഥത്തില്‍ അത് ഇറിഡിയമാണോ അല്ലയോ എന്ന തര്‍ക്കത്തേക്കാള്‍ പ്രസക്തി മറ്റു ചില വിഷയങ്ങള്‍ക്കാണ്.
2500 കോടി രൂപ വില നല്‍കാമെന്നു പറഞ്ഞ് 2008-ല്‍ ചിലര്‍ സമീപിച്ചതോടെയാണ് മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം വാര്‍ത്താപ്രാധാന്യം നേടിയത്. ഈ വിലപറച്ചിലിലും ഇറിഡിയമുണ്ടെന്ന വാദത്തിലുമൊന്നും വലിയ കഴമ്പില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എങ്കിലും, ഇത്രയേറെ വിലയുണ്ടെന്നു പറയപ്പെട്ട ഒരു വസ്തുവിനെ കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടായിരുന്നു.താഴികക്കുടത്തില്‍ ഇറിഡിയമുണ്ടെന്നു വാര്‍ത്ത വന്നതോടെ ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ളവര്‍ രണ്ടു ചേരിയായി നിന്ന് കോടതിയില്‍ കേസും കൊടുത്തു. ഇതിനെല്ലാമിടയിലാണ് ഇക്കഴിഞ്ഞ ദിവസം താഴികക്കുടത്തിന്റെ മേല്‍ഭാഗം മോഷണം പോയതും തൊട്ടടുത്ത ദിവസം വഴിയരികില്‍ കിടന്നു കിട്ടിയതും.
2500 കോടി രൂപ വിലമതിക്കുമെന്നു വെറുതെയെങ്കിലും പറയപ്പെട്ട ഒരു വസ്തു കാത്തുസൂക്ഷക്കാന്‍ സാധിക്കാതെ പോയത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ച തന്നെ. കാവലിനായി ഒരു പൊലീസുകാരനെപ്പോലും അവിടെ നിയോഗിച്ചിരുന്നില്ല. ഇത്ര അലംഭാവം തുടരുന്ന ഒരു സര്‍ക്കാരിനും അതിനു കീഴിലുള്ള പിടിപ്പുകെട്ട പൊലീസിനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി എങ്ങനെ കാത്തുസൂക്ഷിക്കാനാവും?എല്ലാ കാര്യങ്ങളെയും ലാഘവത്തോടെ നോക്കിക്കാണുന്ന സമീപനമാണ് കാലാകാലങ്ങളായി കേരളത്തിലെ സര്‍ക്കാരുകളും പൊലീസ് വകുപ്പും തുടര്‍ന്നു പോരുന്നത്.
മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം അമൂല്യമോ വിലകുറഞ്ഞതോ ആകട്ടെ. അതു കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? പുരാതനമായ ഒരു ക്ഷേത്രമെന്ന നിലയിലെങ്കിലും അവിടെ കാവല്‍ ഏര്‍പ്പെടുത്താമായിരുന്നു. അതുണ്ടായില്ല.ഇതേ സമീപനം തന്നെയാണ് സാധാരണക്കാരന്റെ സ്വത്തുക്കളെക്കുറിച്ചും പൊലീസിനുള്ളത്. മോഷണം പോയ ശേഷം അന്വേഷിക്കുന്നതിലും എളുപ്പം അതുണ്ടാകാതെ നോക്കുകയാണ്.
കേരളത്തിലെ പൊലീസുകാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തുന്നവരാണെന്നാണ് പൊതുവേയുള്ള അവകാശവാദം. യഥാര്‍ത്ഥത്തില്‍ ഇത്രയേറെ അലംഭാവം ജോലിക്കാര്യത്തില്‍ കാണിക്കുന്ന മറ്റൊരു വിഭാഗമില്ല.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ ആയുധസംഭരണം നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒരിടത്തു നിന്നു പോലും ആയുധങ്ങള്‍ പിടിച്ചെടുത്തതായി വാര്‍ത്ത വന്നിട്ടില്ല. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ പത്തു ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയിലായി. അത് പൊലീസിന്റെ മിടുക്കായി കണക്കാക്കാനാവില്ല. കുഴല്‍പ്പണം കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പലപ്പോഴും തീര്‍ക്കുക ഇത്തരം ഒറ്റുകളിലൂടെയായിരിക്കും. പണ്ടു മുതലേ അതു തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു വന്ന പത്തു ലക്ഷം രൂപ വലിയ സംഖ്യയാണെന്നു പറയാനാവില്ല. കോടിക്കണക്കിനു രൂപ കുഴല്‍പ്പണ ഇടപാടിലൂടെ കേരളത്തിലെത്തുന്നുണ്ട്. ഇതെല്ലാം പോകുന്നത് എവിടേക്കാണ്? അതു കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. അവര്‍ക്ക് അതിനു സമയമില്ല. കേരളത്തിലെ പൊലീസിന് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവയുടെ പിന്നാലെ പോകാന്‍ മാത്രമാണു താത്പര്യം. വന്‍കിട ക്രിമിനല്‍ സംഘങ്ങളെ തൊടാന്‍ ധൈര്യമില്ലാത്ത കുറേ പിരിവുകാരുടെ സംഘമായി പൊലീസ് അധഃപതിച്ചുകൂടാ. അത് കേരളത്തെപ്പോലൊരു സംസ്ഥാനത്തിനു ഗുണകരമാവില്ല. തിരുവനന്തപുരത്ത് കള്ളനോട്ടുമായി പിടിയിലായ ബംഗാളികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ സംശയം. അതായത്, കേരളത്തിലേക്ക് വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി പണം എത്തുന്നു. ഇതു പുതിയ അറിവല്ല. പലവട്ടം കേന്ദ്ര ഏജന്‍സികളടക്കം മുന്നറിയിപ്പു നല്‍കിയിട്ടും അതിനെതിരേ ചെറുവിരലനക്കാന്‍ കേരളത്തിലെ പൊലീസിനു സാധിക്കാത്തത് ഒരുപക്ഷേ, രാഷ്ട്രീയ ഇടപെടല്‍ മൂലമായിരിക്കാം.
അതെന്തായാലും ആത്യന്തികമായി സാധാരണ ജനങ്ങളുടെ ജീവിതമാണ് നരകതുല്യമാകുന്നത്.സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണു കേരളം. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും കലാപങ്ങളും കൊള്ളയും നടക്കുമ്പോള്‍ താരതമ്യേന ശാന്തമായി കേരളം നിലനില്‍ക്കുന്നത് ഇവിടുത്തെ പൊലീസിന്റെ കഴിവല്ല. മലയാളികള്‍ പൊതുവേ സമാധാനപരമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് ഇവിടെ വലിയ കലാപങ്ങള്‍ ഉണ്ടാകാത്തത്. തീവ്രവാദവും കുഴല്‍പ്പണവും കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളുമൊക്കെ മറ്റു സംസ്ഥാനങ്ങളില്‍ മാത്രമേ നടക്കൂവെന്നു വിശ്വസിച്ചു പോന്നവര്‍ കോഴിക്കോട്ട് ബോംബ് പൊട്ടിയപ്പോഴാണ് ഞെട്ടിയത്. അതിനു ശേഷം കുറേ നാള്‍ ജാഗ്രത പുലര്‍ത്തിയെങ്കിലും വൈകാതെ പഴയപടിയായി.
മുതവഴി ക്ഷേത്രത്തിലെ മോഷണം ഈ പിടിപ്പുകേടിന്റെ ചെറിയ ഉദാഹരണം മാത്രം. കേരളീയര്‍ക്ക് സമാധാനപരമായി ജീവിക്കണം. അതിനുള്ള അവസരം സര്‍ക്കാര്‍ നിഷേധിക്കരുത്. പൊലീസിനെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനയില്‍ കെട്ടിയിട്ട് പെറ്റി കേസുകളുടെ എണ്ണം പെരുപ്പിക്കുന്നതിനു പകരം ഇത്തരം ഗുരുതരമായ വിഷയങ്ങളിലേക്ക് മാറ്റണം. അതിനു സര്‍ക്കാര്‍ മടിക്കുമ്പോള്‍ അണിയറയില്‍ നടക്കുന്ന എന്തോ ഗൂഢാലോചനയുടെ ലക്ഷണം തോന്നിയാല്‍ അതിനെ കുറ്റപ്പെടുത്താനാവില്ല.
സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി. തീരപ്രദേശങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടക്കണം. മോഷണ സംഘങ്ങളെ കേരളത്തില്‍ നിന്നു തുരത്തണം. ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തെ കണ്ടെത്തണം. അതിനൊക്കെയുള്ള ചങ്കൂറ്റം പൊലീസുകാര്‍ക്കില്ലെങ്കില്‍ അത്തരക്കാരെ പിരിച്ചു വിടുകയോ മറ്റു വകുപ്പുകളിലേക്കു മാറ്റുകയോ ചെയ്യണം. സാധാരണ ജനത്തിനു മേല്‍ കുതിര കേറാനുള്ളതല്ല കാക്കിക്കുപ്പായമെന്ന് മനസിലാക്കി പൊലീസുകാരെ കര്‍മനിരതരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ വലിയ തീവ്രവാദ, ക്രിമിനല്‍ കേന്ദ്രമായി കേരളവും മാറും.
2 അഭിപ്രായ(ങ്ങള്‍):
വാസ്തവം!
ഒരാള്‍കെങ്കിലും വിവരം ഉണ്ടല്ലോ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ