2012, മാർ 20

തളര്‍ച്ചയിലേക്കു നയിക്കുന്ന ബജറ്റ്

വിവിധ രംഗങ്ങളില്‍ കുത്തനെയുള്ള വിലക്കയറ്റത്തിനു വഴിതുറക്കുകയും, അതേസമയം, തൊഴില്‍രഹിതരുടെ ജീവിത സ്വപ്‌നങ്ങള്‍ക്കു കനത്ത ആഘാതമേല്‍പ്പിക്കുകയും ചെയ്യുന്നതാണ് ധനമന്ത്രി കെഎം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് എന്നു പറയേണ്ടിയിരിക്കുന്നു.


സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസാക്കി ഉയര്‍ത്തിയ നടപടിയിലൂടെ സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ അധിക്ഷേപിക്കുകയാണു സര്‍്ക്കാര്‍ ചെയ്തത്. 55 വയസില്‍ പെന്‍ഷന്‍ പറ്റി പിരിയുന്നവരുടെ ഒഴിവിലേക്ക് നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന്് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നങ്ങളാണ് സര്‍ക്കാര്‍ ചവിട്ടിയരച്ചത്. പുതിയ തൊഴിലവസരങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണു ബജറ്റ്. സര്‍ക്കാരേതര മേഖലകളിലും തൊഴില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളില്ല. അതേസമയം തന്നെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്.


സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കു കയറുന്നതോടെ പണിയെടുക്കാതെ ശമ്പളം കൈപ്പറ്റുക, ആവശ്യത്തിനു കൈക്കൂലി വാങ്ങുക എന്നി നേട്ടങ്ങള്‍ ഏറെക്കാലമായി അനുഭവിച്ചു വരുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി അതിനുള്ള അവസരം നല്‍കിക്കൊണ്ട് മന്ത്രി മാണി നടത്തിയ ബജറ്റ് പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ മുഖത്തുള്ള അടി തന്നെയാണ്. സര്‍വീസ് സംഘടനകളുടെ സമ്മര്‍ദത്തിനു വഴങ്ങി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിലൂടെ അസംഘടിതരായ തൊഴില്‍രഹിതരെ സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ലെന്നു വ്യക്തമാകുന്നു.


വിദ്യാഭ്യാസ മേഖലയിലും ഗുണപരമായ നിര്‍ദേശങ്ങളൊന്നും ഇല്ല. വിവിധ മേഖലകളിലെ നികുതി വര്‍ധിപ്പിച്ചതിലൂടെ കടുത്ത വിലക്കയറ്റത്തിനുള്ള പശ്ചാത്തലമൊരുക്കുകയാണു ചെയ്തിരിക്കുന്നത്. വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനത്തിനു മേല്‍ പുതിയ ഭാരം കെട്ടിയേല്‍പ്പിച്ചുള്ള ബജറ്റാണ് മാണിയുടെ പത്താം ബജറ്റെന്നത് തികച്ചും ഖേദകരം തന്നെ. വാഹനങ്ങളുടെ റോഡ് ടാക്‌സ് വര്‍ധനയുടെ പരിണതഫലം വിലക്കയറ്റമാകും. അതു മനസിലാക്കാന്‍ സാമ്പത്തിക വിദഗ്ധരാകേണ്ട ആവശ്യമില്ല. കണക്കുകളുടെ കളികളിലൂടെയല്ല ജനങ്ങളുടെ ജീവിതം മുന്നേറുന്നതെന്ന് മനസിലാക്കാന്‍ പരിണതപ്രജ്ഞനെന്നു നടിക്കുന്ന മാണിക്കു സാധിച്ചില്ല.


കേന്ദ്ര ബജറ്റില്‍ എക്‌സൈസ്, സേവന തീരുവകളില്‍ വരുത്തിയ വര്‍ധന തന്നെ വിലക്കയറ്റത്തിലേക്കുള്ള വഴിയാണു തുറന്നത്. അതിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അടിയേല്‍ക്കേണ്ട അവസ്ഥയായി കേരളീയര്‍ക്ക്. കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും സംസ്ഥാന ബജറ്റെന്ന പ്രതീക്ഷയാണ് ഇവിടെ തകര്‍ന്നടിഞ്ഞത്. വാറ്റിലുണ്ടാക്കിയ വര്‍ധനയിലൂടെ മിക്ക സാധനങ്ങളുടെയും വില കൂടുമെന്നു തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കും സാധിക്കും. വിവിധ ഉത്പാദന മേഖലകളിലുണ്ടാകുന്ന നികുതി വര്‍ധന സാധനവിലയുടെ രൂപത്തില്‍ ജനങ്ങളിലേക്കാകും നേരിട്ടെത്തുക. അതിലൂടെ ജനജീവിതം കൂടുതല്‍ ദുരിതമയമാവുകയേയുള്ളൂ.


ജില്ലാ ആസ്ഥാനങ്ങളില്‍ ഹെലികോപ്ടറുകള്‍ ഇറക്കിയാല്‍ പരിഹരിക്കാവുന്നതല്ല പട്ടിണിക്കാരന്റെ വിശപ്പ്. മാണിയെപ്പോലുള്ള നേതാക്കള്‍ക്ക് വീട്ടുമുറ്റത്ത് ഹെലികോപ്ടറിറക്കുന്നതിലാകും താത്പര്യം. കുണ്ടും കുഴിയുമായിക്കിടക്കുന്ന സംസ്ഥാനത്തെ വാണിജ്യ പാതകളിലൂടെ സഞ്ചരിക്കാതെ ബന്ധുക്കള്‍ നടത്തുന്ന പഞ്ച നക്ഷത്ര റിസോര്‍ട്ടുകളില്‍ താമസക്കാരെ എത്തിക്കാന്‍ എളുപ്പമാകുമല്ലോ? പക്ഷേ, കോടികള്‍ കണ്ടിട്ടു പോലുമില്ലാത്ത ഇവിടുത്തെ സാധാരണക്കാരന് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുറയുകയാണ് ആവശ്യം. അതു മനസിലാക്കാന്‍ സാധിക്കാത്ത സമ്പന്നരുടെ ബജറ്റാണ്  അവതരിപ്പിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാണ് കേരളം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങള്‍. അതെക്കുറിച്ച് ചിന്തിക്കാന്‍ മെനക്കെടാതെ അവതരിപ്പിച്ച ബജറ്റിലൂടെ സര്‍ക്കാര്‍ ആരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മാത്രം മനസിലാവുന്നില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ പോലും ഒരൊറ്റ പദ്ധതിയില്ലാതെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചത് എന്തുതരം വികസനക്കുതിപ്പാണ് നാടിനു നല്‍കുക ?


കാര്‍ഷിക മേഖലയില്‍ കനത്ത തളര്‍ച്ചയാണുണ്ടായിരിക്കുന്നതെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ച് പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടില്ലെന്നതാണു വാസ്തവം. ഹൈടെക് രീതിയിലുള്ള കൃഷിയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് അത് ആശ്വാസം പകരുന്നതേയില്ല. കടക്കെണിയിലായ കര്‍ഷകരെ കൈപിടിച്ചു സഹായിക്കേണ്ട സര്‍ക്കാര്‍ അവര്‍ക്കു മുന്നില്‍ നവീന സാങ്കേതിക വിദ്യയെക്കുറിച്ചു പ്രഭാഷണം നടത്തിയിരിക്കുന്നു.  ഫേസ്ബുക്കില്‍ ഫാംവില്ലി കളിച്ചാല്‍ കര്‍ഷകര്‍ക്കു മികച്ച വിളവ് ലഭിക്കുമോ? മികച്ച വിപണി വില ലഭിക്കുമോ? കയറ്റുമതി വര്‍ധിക്കുമോ? പശ്ചാത്തലമേഖലയെ സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള സൂചനയും ബജറ്റിലുണ്ട്. പരിധി വിട്ടുള്ള സ്വകാര്യവത്കരണം നാട്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട് കാര്യങ്ങളെല്ലാം പാടെ വിസ്മരിച്ചതായി ബജറ്റിന്റെ ഒറ്റനോട്ടത്തിലുള്ള വിശകലനത്തില്‍ കാണാന്‍ സാധിക്കും. സമസ്തമേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും സ്വകാര്യമേഖലയ്ക്ക് കടന്നു കയറാന്‍ അവസരമൊരുക്കുകയും ചെയ്യുകയെന്ന അപകടകരമായ നയസമീപനം കേരളത്തെ എവിടെയാണു കൊണ്ടുചെന്നെത്തിക്കുക എന്ന് സര്‍ക്കാര്‍ ആലോചിക്കണം.


കോടിക്കണക്കായ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയിലെ മാലിന്യ സംസ്കരണത്തിന് അഞ്ചു കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. അതിലും എത്രയോ ഇരട്ടി വരുമാനം സര്‍ക്കാരിന് ഓരോ വര്‍ഷവും നേടിത്തരുന്ന തീര്‍ത്ഥാടനകേന്ദ്രമാണു ശബരിമല. അവിടത്തെ അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ച് സര്‍ക്കാര്‍ പാലിക്കുന്ന മൗനം പ്രതിഷേധാര്‍ഹം തന്നെ.


ഇന്നലെ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ അതു മാധ്യമങ്ങള്‍ക്കു ലഭിച്ചതും തികച്ചും തെറ്റായിപ്പോയി. പ്രതിപക്ഷം ഇതേച്ചൊല്ലി ബഹളമുണ്ടാക്കിയതിനെ തെറ്റാണെന്നു വിശേഷിപ്പിക്കാനാവില്ല. ഇന്നലെ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ തലേന്നു തന്നെ പത്രങ്ങളില്‍ വന്നു എന്നത് രാഷ്ട്രീയക്കാരുടെ പ്രശസ്തിക്കു വേണ്ടിയുള്ള കുതന്ത്രം മാത്രമാണെന്നു കരുതാം. അതേ സമയം ബജറ്റിന്റെ ഉള്ളടക്കം തല്‍പര കക്ഷികളായ വാണിജ്യ കേന്ദ്രങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയിട്ടുണ്ടെങ്കില്‍ അതുയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നങ്ങള്‍ ചെറുതായി കാണാവുന്നതല്ല, പ്രത്യേകിച്ചും നികുതി നിരക്കുകള്‍ വ്യാപകമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉല്‍ക്കൊള്ളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബജറ്റിന്റെ ഉള്ളടക്കം  അത് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പുതന്നെ ചോര്‍ന്നുകിട്ടിയിട്ടുള്ള വന്‍‌കിട കുത്തക വ്യാപാരികള്‍ പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വരുന്നതിനു മുന്‍പ് പരമാവധി സ്റ്റോക്ക് സംഭരിച്ച് പൂഴ്ത്തി വച്ചുകൊണ്ട് തങ്ങള്‍ക്ക് ലഭിച്ച "ക്ലൂ" നന്നായി മുതലെടുത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഏതായാലും വളരെ നിസാരമായ കുറേ ആനുകൂല്യങ്ങള്‍ പ്രത്യക്ഷത്തില്‍ കാണാമെങ്കിലും, പൊതുവില്‍ കേരള ബജറ്റിന്റെ ആകെത്തുക വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിക്കുക എന്നതു തന്നെ ആയിരിക്കും.  സര്‍ക്കാരില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കുറേ നല്ല കാര്യങ്ങളുണ്ട്. അത്തരം പ്രതീക്ഷകള്‍ ഇനിയും വച്ചു പുലര്‍ത്തേണ്ടതില്ല എന്നതിന്റെ തെളിവായി ഈ ബജറ്റിനെ വിലയിരുത്താം.

4 അഭിപ്രായ(ങ്ങള്‍):

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ധന മന്ത്രി കെ.എം. മാണി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ വര്‍ഷം കിട്ടിയ ഏറ്റവും വലിയ പാരയായിരുന്നോ?.

ആണെന്നാണ് കോണ്‍ഗ്രസിന്റെ തന്നെ എംഎല്‍എമാര്‍ പറയുന്നത്. മന്ത്രി മാണി പ്രാദേശിക വികസന പദ്ധതികള്‍ക്ക് പണം അനുവദിച്ചപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ മാരുടെ മണ്ഡലങ്ങളെ പാടേ അവഗണിച്ചുകളഞ്ഞുവെന്നാണ് ആക്ഷേപം. പത്തോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതി നല്‍കിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ മണ്ഡലമായി പുതുപ്പള്ളിയില്‍ പോലും ഒരൊറ്റ പദ്ധതിയില്ലാതെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചത് മനപ്പൂര്‍വമാണെന്നു തന്നെയാണ് കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ പറയുന്നത്.

കോണ്‍ഗ്രസിനെ അവഗണിച്ച കെ.എം. മാണി മുസ്ലിം ലീഗ് എംഎല്‍മാര്‍ ചോദിച്ച പദ്ധതികള്‍ക്കെല്ലാം പണം നല്‍കിയിരിക്കുകയാണത്രെ. യുഡിഎഫിനുള്ളില്‍ ഘടകകക്ഷികളുടെ കുറുമുന്നണിയുണ്ടാക്കാനുള്ള ശ്രമമാണിതെന്നാണ് ആരോപണം. മലപ്പുറത്തിനു നല്‍കിയതിന്റെ നാലിലൊന്നുപോലും തങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്നാണ് എറണാകുളം ജില്ലയില്‍നിന്നുള്ള ഒരു യുവ കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞത്. എക്‌സൈസ്‌ വകുപ്പിനെ മാണി തിരിഞ്ഞുനോക്കിയില്ലെന്ന്‌ മന്ത്രി ബാബു ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇടപെട്ട്‌ ഇക്കാര്യം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മന്ത്രി ബജറ്റ്‌ അവതരിപ്പിച്ചപ്പോള്‍ തന്നെ ഭരണപക്ഷത്തെ പലരും അസ്വസ്‌ഥരായിരുന്നു.

അവഗണന സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബജറ്റ് ചര്‍ച്ചാ വേളയില്‍ പരസ്യമായി പ്രതികരിക്കുമെന്നാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇത് ഒഴിവാക്കാനുള്ള കഠിന ശ്രമത്തിലാണ് മുഖ്യന്ത്രി.

ചരുക്കത്തില്‍ ബജറ്റ് കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് പോരിനുള്ള വേദിയായി മാറുകയാണ്.

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

കേന്ദ്ര-സംസ്‌ഥാനബജറ്റ്‌ നിര്‍ദേശങ്ങളുടെ ഫലമായി മരുന്നുവില കുത്തനേ കൂടും. ജീവന്‍രക്ഷാ മരുന്നുകള്‍ക്കടക്കം രണ്ടരയിരട്ടിവരെ വില ഉയരുമെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. ചില മരുന്നുചേരുവകളുടെ എക്‌സൈസ്‌ ഡ്യൂട്ടി 10-ല്‍നിന്ന്‌ 12 ശതമാനമായും സമ്പൂര്‍ണമരുന്നുകളുടെ തീരുവ അഞ്ചില്‍നിന്ന്‌ ആറുശതമാനമായും ഉയര്‍ത്തി. സേവനനികുതിയില്‍നിന്ന്‌ മരുന്നിനെയോ ചികിത്സകളെയോ ഒഴിവാക്കിയിട്ടില്ല. മാത്രമല്ല, സംസ്‌ഥാനബജറ്റിലെ 1% വാറ്റ്‌ നികുതിവര്‍ധനയും മരുന്നുകള്‍ക്കു ബാധകം.

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ബജറ്റില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നു കോടിയേരിക്കു മന്ത്രി മാണി മറുപടി നല്‍കി. കടല്‍വഴിയുള്ള ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുമെന്നു പത്രത്തിലുണ്ടായിരുന്നു. ബജറ്റില്‍ അതില്ല. അതുകൊണ്ട്‌ ബജറ്റ്‌ ചോര്‍ന്നെന്നു പറയുന്നത്‌ ശരിയല്ല.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പുതിയ ബജറ്റിനെ കുറിച്ചുള്ള നല്ലൊരവലോകനമായിട്ടുണ്ടിത് കേട്ടൊ ഭായ്