2011, മേയ് 14

ജനവിധി

ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളമുണ്ടാകാത്ത വിധമുള്ള ഒരു ഫലമാണ് ഇന്നലെ വന്നത്. ഇരു മുന്നണികളും തമ്മില്‍ കേവലം നാലു സീറ്റിന്റെ വ്യത്യാസം. ഘടകകക്ഷികളെ ആശ്രയിച്ചു മാത്രമേ ഇനിയുള്ള സര്‍ക്കാരിനു നിലനില്‍ക്കാനാവൂ. ഏതെങ്കിലും ഘടകകക്ഷി പിണങ്ങിയാല്‍ ഭരണം പോകുന്ന അവസ്ഥ.

മുന്നണികള്‍ തമ്മില്‍ സീറ്റിലുള്ള അന്തരം കുറയുന്നതു തന്നെയാണ് ജനാധിപത്യത്തിനു നല്ലത്. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍, ജനത്തെ മറന്ന് സ്വന്തം ഇഷ്ടപ്രകാരം എന്തും ചെയ്യുന്ന തരത്തിലേക്ക് സര്‍ക്കാര്‍ നീങ്ങും. ഇപ്പോള്‍ അതിനുള്ള സാധ്യത തുലോം കുറവാണെന്നതില്‍ ആശ്വസിക്കാം.
പക്ഷേ, വലിയൊരു കുഴപ്പവും ഇപ്പോഴുണ്ട്. ഭരണത്തെ നിലനിര്‍ത്തുന്നത് തങ്ങളാണെന്ന അഹങ്കാരം ഘടകകക്ഷികള്‍ക്കുണ്ടാകും. അധികാരം നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന മുന്നണിയിലെ വലിയ കക്ഷിയാകട്ടെ, ഘടകകക്ഷികളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് പലപ്പോഴും വഴങ്ങിക്കൊടുക്കേണ്ടിയും വരും. അതു ജനാധിപത്യത്തിനു ഭൂഷണമാവില്ല. മാത്രവുമല്ല, വന്‍ തോതിലുള്ള അഴിമതികളിലേക്ക് നയിക്കപ്പെടുകയും ചെയ്യാം.

ഭൂരിപക്ഷം കുറയുന്നതിന് ഇത്തരം പല ദോഷങ്ങളുമുണ്ടെങ്കിലും, സ്വേച്ഛാധിപത്യത്തിലേക്ക് പാര്‍ട്ടികള്‍ നീങ്ങാതിരിക്കാന്‍ ഇത്തരം ജനവിധി സഹായകമാകും.  ഭരണവിരുദ്ധ തരംഗമൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അതാണു തെരഞ്ഞെടുപ്പു ഫലം വെളിപ്പെടുത്തുന്നത്. ഇരു മുന്നണികളിലും കുറേയേറെ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. പല മണ്ഡലങ്ങളിലെയും ഫലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മൂന്നു മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. രണ്ടിടത്ത് എല്‍ഡിഎഫും ഒരു മണ്ഡലത്തില്‍ യുഡിഎഫുമാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന അതിരുകവിഞ്ഞ ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നെങ്കിലും ഒടുവില്‍ പതിവു തെറ്റാതെ പരാജയം ഏറ്റുവാങ്ങി.

ഇനി വിലപേശലിന്റെ നാളുകളായിരിക്കും വരുന്നത്. മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലി തര്‍ക്കം ഇന്നലെത്തന്നെ ഉയര്‍ന്നിട്ടുണ്ട്. ചിലയിടത്തെ കാലുവാരലിനെച്ചൊല്ലിയും കലഹം തുടങ്ങിയിട്ടുണ്ട്. കെ.എം മാണിയുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തുന്നിടം വരെയെത്തി മധ്യകേരളത്തിലെ യുഡിഎഫ് ഐക്യം. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് കാലുവാരിയിട്ടുണ്ടെന്നാണ് മാണിയുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയ തര്‍ക്കം അന്തമില്ലാതെ തുടരുന്നു എന്നതാണ് വാസ്തവം. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മാണി ഉയര്‍ത്താനിരിക്കുന്ന കലാപക്കൊടിയെക്കുറിച്ചാണു കോണ്‍ഗ്രസിന്റെ ചിന്ത. അത് ഏതു വിധത്തിലായിരിക്കും പര്യവസാനിക്കുകയെന്നു മാത്രം കണ്ടറിഞ്ഞാല്‍ മതി.

വിലപേശലുകളിലൂടെ വാര്‍ത്ത സൃഷ്ടിച്ച ജെഎസ്എസ്, സിഎംപി എന്നീ കക്ഷികളെ വാര്‍ത്തകള്‍ക്കുമപ്പുറത്തേക്ക് വലിച്ചെറിഞ്ഞാണു ജനവിധി. കേവലമായ അധികാര താത്പര്യത്തിനപ്പുറം ജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ചെറു പാര്‍ട്ടികള്‍ക്കു സാധിച്ചിട്ടില്ലെന്ന സത്യം തിരിച്ചറിയാന്‍ നേതാക്കള്‍ക്ക് ഇനിയെങ്കിലും സാധിക്കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും വിധത്തില്‍ ജനകീയമെന്ന് അവകാശപ്പെടാനില്ലാത്ത ചെറുപാര്‍ട്ടികള്‍ വിസ്മൃതിയിലേക്കു മറയാന്‍ സമയമായി എന്നാണ് ജനവിധിയുടെ കാതല്‍.
ശാരീരികമായ അവശതകള്‍ വകവയ്ക്കാതെ മത്സരരംഗത്തു നിറഞ്ഞുവെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാക്കളുടെ പരാജയം, ജനം മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന തന്നെ. ജനങ്ങള്‍ക്കാവശ്യം ഊര്‍ജസ്വലമായി തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന പ്രതിനിധികളെയാണ്. പഴയ പടക്കുതിരകള്‍ ശാരീരിക വിഷമതകള്‍ക്കിടയിലും തങ്ങളെ നയിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവര്‍ വിശ്രമിക്കട്ടെ. പണ്ടു ചെയ്ത നല്ല കാര്യങ്ങള്‍ക്കു പ്രത്യുപകാരമായി ജനം നല്‍കുന്നതാണ് ഈ വിശ്രമം. വിലപേശലിലൂടെ നേടുന്ന സീറ്റില്‍ ആരെയെങ്കിലുമൊക്കെ നിര്‍ത്തി മത്സരിപ്പിച്ച് അധികാരത്തിന്റെ സുഖം നുകരണമെന്നു ചിന്തിക്കുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നതിനും ഈ തെരഞ്ഞെടുപ്പില്‍ തെളിവുണ്ട്.

ജയാ ഡാളിയും സ്റ്റീഫന്‍ ജോര്‍ജുമടക്കം, സീറ്റില്ലാതെ വന്നപ്പോള്‍ മുന്നണി മാറിയ നേതാക്കള്‍ പരാജയം എന്തെന്നറിഞ്ഞു. കേരളീയര്‍ തീര്‍ത്തും അവസരവാദികളല്ലെന്നും തികഞ്ഞ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്നും ഈ ഫലങ്ങള്‍ തെളിയിക്കുന്നു. തെരഞ്ഞെടുപ്പു വേളയില്‍ കൂറുമാറുന്നവരെ കൂടെ കൂ്ട്ടുന്ന ശൈലി ഇരു മുന്നണികളും മാറ്റേണ്ട സമയമായി എന്നു ചുരുക്കം.

സിപിഎമ്മാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മുന്നണിയെന്ന നിലയില്‍ ഭൂരിപക്ഷം യുഡിഎഫിനാണെങ്കിലും, അതിന്റെ നായകരായ കോണ്‍ഗ്രസ് സിപിഎമ്മിനേക്കാള്‍ പിന്നിലാണെന്നതു മറക്കാതിരിക്കാം. ആകെ വോട്ടുകളുടെ ശതമാനക്കണക്ക് നോക്കിയാലും ഈ വൈരുദ്ധ്യം പ്രകടമാണ്.  അധികാരം മാത്രമാകരുത് ലക്ഷ്യം. ജനങ്ങളോട് അല്പം പ്രതിബദ്ധതയൊക്കെ എല്ലാവര്‍ക്കുമാകാം. അതാണ് ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഗുണപാഠം.