2011, മേയ് 14

ജയിപ്പിച്ചവര്‍ക്ക് അഞ്ചു രൂപാ സമ്മാനം.

അഞ്ചു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തു വന്നു. ഉടനേ ഒരിക്കല്‍ കൂടി പെട്രോളിയം വില വര്‍ധനവ് നടപ്പിലാക്കി.

എണ്ണക്കമ്പനികള്‍ക്ക് 1.80 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നതാണ് വിലയുയര്‍ത്തലിനു പറയുന്ന ന്യായം. നേരത്തേ തന്നെ ഇക്കാര്യത്തില്‍ ധാരണയായിരുന്നു എന്നു വേണം കരുതാന്‍. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ വിലവര്‍ധന തത്കാലം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനികളോട് അപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനി എന്തുമാകാം.

ജനങ്ങളോടുള്ള പ്രതിബദ്ധത ഏതറ്റം വരെ പോകാമെന്നു തെളിയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതും ഇതേ സര്‍ക്കാര്‍ തന്നെ. കമ്പനികള്‍ അവരുടെ ലാഭത്തിന്റെ തോതു നോക്കി വില കൂട്ടും. അതറിയാത്തവരല്ല ഇന്ത്യയെ ഭരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ചെയ്യാത്ത കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൂട്ടുന്നതത്രയും.

തെരഞ്ഞെടുപ്പിനു മുമ്പ് വില കൂട്ടാതിരുന്നത് എന്തുകൊണ്ടാണെന്നു കൂടി സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും വിശദീകരിക്കേണ്ടതുണ്ട്. ഉത്തരം നിസാരം. വില കൂട്ടിയാല്‍ ജനം വോട്ടു ചെയ്യില്ല. ജനം വിലകൂട്ടല്‍ ഇഷ്ടപ്പെടുന്നില്ലെന്നു തിരിച്ചറിഞ്ഞിട്ടുള്ളവര്‍ തന്നെയാണ് പാര്‍ട്ടിയിലുള്ളതെന്നു സാരം. തെരഞ്ഞെടുപ്പിനു ശേഷം വില കൂട്ടിയാല്‍ അഞ്ചു വര്‍ഷക്കാലം കഴിഞ്ഞേ ജനം പകരം ചോദിക്കൂ. അതിനോടകം സാമാന്യം ഭേദപ്പെട്ട രീതിയില്‍ പാര്‍ട്ടിക്കു പണമുണ്ടാക്കാം. അതു കഴിഞ്ഞ് അഞ്ചു വര്‍ഷം വെറുതേയിരുന്നാലും കുഴപ്പമുണ്ടാകാത്തത്ര പണം. അതിനു വേണ്ടി ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

കോണ്‍ഗ്രസ് എന്ന ജനകീയ പ്രസ്ഥാനത്തിന് ഒരിക്കലും യോജിക്കാത്തതാണ് ഈ കാപട്യം. പെട്രോളിന്റെ വില നാലു രൂപവരെ വര്‍ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പിനു മുമ്പ് എണ്ണക്കമ്പനികള്‍ ആലോചിച്ചത്. അന്ന് അത് വേണ്ടെന്നു പറയാന്‍ സര്‍ക്കാര്‍ തയാറായത് ജനങ്ങളോടുള്ള താത്പര്യത്തിന്റെ പേരിലല്ലെന്ന് അന്നേ മനസിലാക്കിയവരാണ് ഇവിടെയുള്ള ജനങ്ങളില്‍ ഭൂരിഭാഗവും. എന്നാല്‍, നിരക്ഷരകുക്ഷികളും അത്താഴപ്പട്ടിണിക്കാരുമായ ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ ആ വിഭാഗത്തില്‍ പെടുന്നവരെ കബളിപ്പിക്കാന്‍ എളുപ്പം സാധിക്കും. അവരെ വഞ്ചിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.

എണ്ണക്കമ്പനികളിലെ ജീവനക്കാര്‍ക്ക് പഞ്ചനക്ഷത്ര സൗകര്യമൊരുക്കാന്‍ പട്ടിണി കിടക്കേണ്ട ഗതികേടാണ് ഇന്ത്യയിലെ പൗരന്‍മാര്‍ക്കുള്ളത്. പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളമായി പറ്റുന്ന ജീവനക്കാര്‍ വരുത്തി വയ്ക്കുന്ന അധികച്ചെലവ് നിയന്ത്രിക്കുന്നതിലൂടെ കമ്പനിയുടെ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചോ ആറോ കിലോമീറ്റര്‍ മാത്രം ഓടിക്കാനാവുന്ന ആഡംബര കാറുകളില്‍ മാത്രമേ സഞ്ചരിക്കൂവെന്ന് വാശി പിടിക്കുന്നവരാണ് നേതാക്കളില്‍ പലരും. ഉദ്യോഗസ്ഥ മേധാവികളും അങ്ങനെ തന്നെ. അതിനുള്ള പണം ഇവിടുത്തെ സാധാരണ ജനം നല്‍കണം. അതാണ് ഇന്നിന്റെ നീതിശാസ്ത്രം.

ഡീസല്‍ വില ഉയരുന്നതോടെ സാധാരണക്കാരന്റെ ജീവതച്ചെലവ് കുത്തനെ ഉയരും. ഭക്ഷ്യവിലപ്പെരുപ്പത്തില്‍ വലയുന്ന ജനത്തിനുമേല്‍ പുതിയ ഭാരം കെട്ടിയേല്‍പ്പിക്കാന്‍ മാത്രമേ ഈ വിലവര്‍ധന സഹായിക്കൂ. 1.76 ലക്ഷം കോടിയുടെ വരെ അഴിമതി നടത്തിയ നേതാക്കളാണ് എണ്ണക്കമ്പനികളുടെ അതിനു തുല്യമായ നഷ്ടം നികത്താന്‍ ജനങ്ങളെ വലയ്ക്കുന്നതെന്നതാണ് ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഇത് നീതിയല്ല.

സാധാരണ ജനത്തോട് ചെയ്യാവുന്ന കാര്യങ്ങള്‍ക്കു പരിധി നിശ്ചയിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യയെ നയിക്കുന്നതെന്നത് ഓരോ പൗരന്റെയും ബോധത്തെ തൊട്ടുണര്‍ത്തേണ്ട സംഗതിയാണ്. എന്തിനു വേണ്ടിയാണ് ഈ കള്ളക്കൂട്ടത്തിനു വേണ്ടി വാദിക്കാനും മുദ്രാവാക്യം വിളിക്കാനും നടക്കുന്നതെന്ന് എല്ലാ പാര്‍ട്ടികളുടെയും സാദാ പ്രവര്‍ത്തകരും ചിന്തിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയാല്‍ അതു ബാധിക്കുക സമൂഹത്തിലെ സാധാരണക്കാരെ മാത്രമാണ്. ഉപരിവര്‍ഗക്കാര്‍ ആരും അതിന്റെ യാതന അനുഭവിക്കില്ല.  നേതാക്കള്‍ ഒരിക്കലും വിലക്കയറ്റത്തെക്കുറിച്ചോ ജീവിതച്ചെലവു വര്‍ധിക്കുന്നതിനെക്കുറിച്ചോ വേവലാതിപ്പെടാത്തവരാണ്. അവര്‍ ഉണ്ണുന്നത് സ്വന്തം വിയര്‍പ്പില്‍ നിന്നല്ലല്ലോ.

ഭക്ഷ്യസാധനങ്ങളുടെ വില ഉയരുന്നതില്‍ ആര്‍ക്കാണ് വിഷമം? വിലക്കയറ്റത്തെക്കുറിച്ച് വിളിച്ചു പറഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കും ആവശ്യം വോട്ട് മാത്രം. അതല്ലെങ്കില്‍ തങ്ങളുടെ സംഘടനാബലം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെ ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചേനെ. അതുണ്ടായില്ല.

കേന്ദ്ര സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു കാപട്യത്തിനു തയാറാകരുതായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ വില കൂട്ടുകയും അതിനു ജനപിന്തുണ നേടുകയുമായിരുന്നു വേണ്ടത്. അതിനു പകരം, വോട്ടെല്ലാം തട്ടിയെടുത്ത ശേഷം കരിമ്പിന്‍ചണ്ടി പോലെ ജനത്തെ കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിഞ്ഞിരിക്കുന്നു. ഇത്തരം വലിച്ചെറിയലുകള്‍ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിതയാക്കുന്നത്.

പെട്രോളിയം കമ്പനികളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കുട്ടകളി സംബന്ധിച്ച് എന്റെ മറ്റൊരു പോസ്റ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് കൂടി സന്ദര്‍ശിക്കുക.