2011, മേയ് 26

തലതിരിയുന്ന ഭരണയന്ത്രം

തല തിരിഞ്ഞും, വിഘടിപ്പിച്ചുമൊക്കെയുള്ള വകുപ്പുകളിലൂടെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്താനുള്ള യുഡിഎഫിന്റെ നീക്കം പുതിയ സര്‍ക്കാരിനെ ഏറെ വലയ്ക്കുമെന്ന സൂചനയാണ് തുടക്കത്തിലേ പ്രകടമാകുന്നത്.

തദ്ദേശ സ്വയംഭരണം എന്ന വകുപ്പിനെ മുനിസിപ്പാലിറ്റിയും കോര്‍പറേഷനുമെന്നും പഞ്ചായത്തെന്നും രണ്ടു വകുപ്പുകളാക്കി മാറ്റിയിട്ടുണ്ട്. മൃഗസംരക്ഷണവും ഡയറി ഫാമുകളും രണ്ടു വകുപ്പുകളുടെ കീഴിലായി. പരസ്പരം സംയോജിച്ചു പ്രവര്‍ത്തിക്കേണ്ട വിഭാഗങ്ങളെ വിഭിന്ന വകുപ്പുകളിലാക്കി മാറ്റുന്നതിലൂടെ ഒട്ടേറെ നൂലാമാലകളാണ് ഉണ്ടാകാന്‍ പോകുന്നതെന്നതില്‍ തര്‍ക്കമില്ല. വകുപ്പുകള്‍ നിര്‍ണയിച്ചതിലുള്‍പ്പെടെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പരസ്പരം രഹസ്യമായി പോരടിക്കുന്നവരുടെ കൈകളിലേക്ക് പരസ്പരപൂരകങ്ങളായ വകുപ്പുകള്‍ ചെന്നെത്തുന്നത് ഏതു വിധത്തിലാണു ഗുണകരമാവുക എന്ന് ഇനിയും വ്യക്തമല്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതികള്‍ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ പറഞ്ഞത്.

ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ അതിലൂടെ പരിഹരിക്കാനാകുമെന്നാകാം കണക്കുകൂട്ടല്‍. എന്നാല്‍, ഇത്രയേറെ പാടുപെടാതെ തന്നെ വകുപ്പു വിഭജനഘട്ടത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നമായിരുന്നു ഇത്. ഘടകകക്ഷികള്‍ക്കിടയില്‍ത്തന്നെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പെടാപ്പാടിനിടയില്‍ യുഡിഎഫിനു തലവേദനയായി കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ പരസ്യപ്രസ്താവനയുമായി രംഗത്തുണ്ട്. അത് മിക്കവാറും എത്തിനില്‍ക്കുക ഈ സര്‍ക്കാരിന്റെ പതനത്തിലേക്കായിരിക്കാമെന്ന ധാരണ പൊതുവേ പരക്കുന്നു എന്നത് തികച്ചും ദുഃഖകരമായ അവസ്ഥയാണ്.കേരളം ഒരു ഭരണമാറ്റത്തിനു കൊതിച്ചിരുന്നോയെന്ന് വ്യക്തമല്ലാത്ത ജനവിധിയാണ് ഇത്തവണയുണ്ടായത്. പ്രാദേശികമായ പല ഘടകങ്ങളുമാണ് ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയതെന്നു വ്യക്തം.

ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ പറഞ്ഞത് യുഡിഎഫിനു ദോഷകരമായത് ഇടമലയാര്‍, ഐസ്ക്രീം കേസുകളും കോണ്‍ഗ്രസ് നേതാവ് രാമചന്ദ്രന്‍ മാസ്റ്ററുടെ വെളിപ്പെടുത്തലുകളുമാണെന്നാണ്. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ തുടങ്ങിയ ഇത്തരം കുഴപ്പങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാനേ ഇപ്പോഴത്തെ വകുപ്പു വിഭജനം സഹായിക്കൂവെന്ന് യുഡിഎഫ് കേന്ദ്രങ്ങളെങ്കിലും തിരിച്ചറിയണം.തദ്ദേശഭരണ വകുപ്പിനെ രണ്ടാക്കി വിഭജിച്ചത് മുസ്ലിം ലീഗ് സ്വന്ത ഇഷ്ടപ്രകാരം ചെയ്തതാണെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. ഇത്തരമൊരു നീക്കം ഒരു ഘടകകക്ഷി നടത്തിയിട്ടും അതിനെ ചോദ്യം ചെയ്യാനോ, തിരുത്താനോ മുഖ്യമന്ത്രിക്കു സാധിക്കാത്തതിനു കാരണം ഭൂരിപക്ഷത്തിലുള്ള കുറവു തന്നെ. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുന്ന ഒരു സഖ്യകക്ഷി സര്‍ക്കാരിന് നേരിടേണ്ടിവരുന്ന സ്വാഭാവികമായ പ്രതിസന്ധികളാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ടു തുടങ്ങിയിരിക്കുന്നത്.സര്‍ക്കാരിന്റെ വകുപ്പുകള്‍ പോലും തന്നിഷ്ടമനുസരിച്ച് വിഭജിച്ച ഘടകകക്ഷികള്‍ തുടര്‍ന്നങ്ങോട്ട് സ്വീകരിക്കുന്ന നിലപാടുകളാകും ശ്രദ്ധേയമാവുക.

പ്രധാനപ്പെട്ട പല വകുപ്പുകളും ഇപ്പോള്‍ത്തന്നെ ഘടകകക്ഷികളുടെ പിടിയിലായി. അതുപയോഗിച്ച് അവര്‍ നടത്തുന്ന സകല കുഴപ്പങ്ങള്‍ക്കും സമാധാനം ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടാകും. മുന്നണിയിലെ പ്രധാന പാര്‍ട്ടിക്ക് ഭരണത്തിലുള്ള നിയന്ത്രണം നാമമാത്രമാകുമ്പോള്‍ അതു വലിയ കുഴപ്പങ്ങളിലേക്കാവും നയിക്കുക.ഗ്രാമവികസനവും മൃഗസംരക്ഷണവും ക്ഷീരവികസനവുമൊക്കെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടു പ്രവര്‍ത്തിക്കേണ്ട വകുപ്പുകളാണ്. ഗ്രാമീണമേഖലയുടെ വികസനത്തിന്റെ മുഖ്യഘടകമാണ് മൃഗസംരക്ഷണം. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിലുള്ള ബന്ധവും ഇതേപോലെയാണ്. ഇതെല്ലാം വിസ്മരിക്കുകയും ഓരോന്നും ഓരോ മന്ത്രിമാര്‍ക്കായി വീതം വച്ചു നല്‍കുകയും ചെയ്തതിലൂടെ യഥാര്‍ത്ഥ ലക്ഷ്യം രാഷ്ട്രീയ പാര്‍ട്ടികളെ പ്രീണിപ്പിക്കുക എന്നതാണെന്നു വ്യക്തം. ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് സ്വാര്‍ത്ഥ താത്പര്യങ്ങളേക്കാള്‍ വളരെ പിന്നിലേ സ്ഥാനമുള്ളൂ എന്നു തെളിയിക്കപ്പെടുന്നു.


ഓരോ വകുപ്പുകളുടെയും ഏകോപനത്തിനായി മന്ത്രിസഭാ ഉപസമിതികള്‍ രൂപീകരിക്കുന്നതില്‍ വലിയ കാര്യമൊന്നും ഉണ്ടെന്നു പറയാനാവില്ല. പരസ്പരം വിരോധം വച്ചു പുലര്‍ത്തുന്നവര്‍ ചേര്‍ന്നുണ്ടാക്കുന്ന സമിതികളില്‍ ഐകകണ്‌ഠ്യേനയുള്ള തീരുമാനങ്ങളുണ്ടാകുമെന്നു വിശ്വസിക്കാന്‍ തക്ക മൗഢ്യം കേരളത്തില്‍ ആര്‍ക്കുമില്ല. ജനങ്ങളെല്ലാം വിഡ്ഢികളാണെന്ന ധാരണ സര്‍ക്കാരിനുണ്ടാവരുത്.സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററി കാര്യ മന്ത്രി തുടങ്ങി പദവികള്‍ പലതും ഇനിയും തീര്‍പ്പാവാതെ കിടപ്പുണ്ട്. വരും ദിനങ്ങളില്‍ ഇതിലെല്ലാം തീരുമാനമാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും, ഡപ്യൂട്ടി സ്പീക്കറെ ഉടന്‍ തീരുമാനിക്കാനിടയില്ലെന്ന സൂചനയാണ് നിലവിലുള്ളത്. തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ലെന്നതിന് ഇതിലേറെ തെളിവുകളുടെ ആവശ്യവുമില്ല. ഈ പശ്ചാത്തലത്തില്‍ ഭരിക്കാനുള്ളതിലേറെ സമയം തര്‍ക്കം തീര്‍ക്കാന്‍ ചെലവഴിക്കേണ്ട ഗതികേടാണ് ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നതെന്നു വ്യക്തം.

സര്‍ക്കാരിനു പിന്തുണ വര്‍ധിപ്പിക്കാന്‍ പലരെയും കൂടെ കൂട്ടാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ടെന്നാണു സൂചന.മന്ത്രിക്കസേരയില്‍ കുറഞ്ഞ യാതൊരു ഒത്തുതീര്‍പ്പിനും തയാറല്ലാത്ത ചിലരെക്കൂടി മറുഭാഗത്തു നിന്ന് അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള നീക്കം ആത്യന്തികമായി കൊണ്ടുചെന്നെത്തിക്കുക സര്‍ക്കാരിന്റെ പതനത്തിലേക്കായിരിക്കുമെന്ന് ഓര്‍മിച്ചാല്‍ നന്ന്. 

ജനസേവനത്തിന് മന്ത്രിക്കസേര തന്നെ വേണമെന്നു നിര്‍ബന്ധം പിടിക്കുന്ന നേതാക്കളുടെ മുഖംമൂടികളെല്ലാം അഴിഞ്ഞുവീഴുന്ന ദിവസങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്. കൊടിവച്ച കാറില്‍ കയറാന്‍ അവസരം ലഭിക്കാത്തതിന്റെ പേരില്‍ മാത്രം സ്വന്തം മുന്നണിയെ കുറ്റപ്പെടുത്തുന്നവരും മറുകണ്ടം ചാടുന്നവരുമൊക്കെ നയിക്കുന്ന കേരളം എത്തിനില്‍ക്കുക എവിടെയായിരിക്കും എന്നു മാത്രം എല്ലാവരും ചിന്തിക്കുക.

1 അഭിപ്രായ(ങ്ങള്‍):

Manoj മനോജ് പറഞ്ഞു...

രസകരവും എന്നാല്‍ ഭയാനകവുമായ സംഭവങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.. ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കണം എന്ന വിചാരം ഒരൊറ്റ ഒരണ്ണത്തിനില്ല...

ഡോക്റ്റര്‍മാരുടെ സകാര്യ പ്രാക്റ്റീസ് അനുവദിക്കുമെന്ന് പറയുന്ന മന്ത്രി തന്നെ പറയുന്നു ആരോഗ്യ രംഗത്ത് ഗവേഷണം നടക്കുന്നില്ല എന്ന്!!! 24 മണിക്കുര്‍ എന്നത് കൂട്ടി കൊടുക്കുവാന്‍ മന്ത്രിക്ക് പ്ലാനുണ്ടോ എന്നാണ് ഇനി അറിയുവാനുള്ളത്!!!

വകുപ്പ് വിഭജിച്ചത് ജനങ്ങളുടെ നന്മയ്ക്ക് എന്ന് പറയുന്നവന്‍ പിന്നീട് അത് പറയുന്നതിന് മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ട്രീറ്റ്മെന്റ് ജനങ്ങള്‍ നല്‍കിയാല്‍ മാത്രമേ ജനാധിപത്യം രക്ഷപ്പെടുകയുള്ളൂ!!!!