കൊല്ലത്ത് മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഡിവൈഎസ്പി ഇപ്പോള്‍ അഴിക്കുള്ളിലാണ്. അതേ കേസില്‍ത്തന്നെ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടു നില്‍ക്കുന്ന വേറെയും പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നാണു സൂചന. മുമ്പ് ഡിവൈഎസ്പി ഷാജി ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ആറ്റിലൊഴുക്കിയത് വ്യക്തിപരമായ വിരോധത്തെത്തുടര്‍ന്നാണ്. എന്നാല്‍, ഡിവൈഎസ്പി സന്തോഷ് നായരുടെ നടപടിക്ക് പ്രേരകമായത് ഒരു പത്രപ്രവര്‍ത്തകന്‍ മാന്യമായി അയാളുടെ തൊഴില്‍ ചെയ്തു എന്നതിനാലും. തങ്ങളെ ആരും വിമര്‍ശിക്കരുതെന്നും തങ്ങള്‍ക്ക് എന്തു തെമ്മാടിത്തവും കാണിക്കാന്‍ അവകാശമുണ്ടെന്നും ഗുരുതരമായി തെറ്റിദ്ധരിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാനുള്ള ബാധ്യത ജനകീയ സര്‍ക്കാരിനുണ്ട്.
കൊല്ലത്ത് ആക്രമണത്തിനിരയായത് മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനായതിനാലും രാഷ്ട്രീയക്കാര്‍ക്ക് മാധ്യമപ്രവര്‍ത്തകരെ ആവശ്യമുള്ളതിനാലും മാത്രമാണ് ഇപ്പോള്‍ നടക്കുന്നതു പോലെയുള്ള അന്വേഷണങ്ങള്‍ നടന്നതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ തരമില്ല. ദിനംതോറും എത്രയെത്ര സാധാരണക്കാരാണ് പൊലീസിന്റെ ധാര്‍ഷ്ട്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. അതൊന്നും ആരും അറിയുന്നില്ലെന്നു മാത്രം.
എതിര്‍പക്ഷത്ത് പൊലീസ് ഉദ്യോഗസ്ഥനാകുമ്പോള്‍ പരാതി കൊടുക്കാന്‍ പോലും അവസരം നഷ്ടപ്പെട്ട്, ദുരിതങ്ങള്‍ അനുഭവിച്ചു തീര്‍ക്കുകയാണു പലരും. പൊലീസുകാര്‍ക്കെതിരേ പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്കു പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധാരണക്കാര്‍ക്കാവില്ല. അഥവാ ആരെങ്കിലും പരാതി നല്‍കിയാല്‍ അയാളെ ലക്ഷ്യമിട്ടായിരിക്കും പിന്നീടു പൊലീസ് സേനയുടെ മുഴുവന്‍ പ്രവര്‍ത്തനവും. കള്ളക്കേസുകള്‍ കെട്ടിച്ചമച്ചും, വീട്ടില്‍ കയറി ബഹളമുണ്ടാക്കിയും നാണംകെടുത്തി പരാതി പിന്‍വലിപ്പിക്കാനാകും ശ്രമം. അതിനു സാധിച്ചില്ലെങ്കില്‍ മര്‍ദനമുറകളിലേക്ക് കടക്കും. സ്ത്രീപീഡനക്കേസുകള്‍ ഉള്‍പ്പെടെയുള്ളവ തലയില്‍ കെട്ടിവച്ച് സമൂഹത്തില്‍ നിന്നു തന്നെ പരാതിക്കാരനെ ഒറ്റപ്പെടുത്താനാകും പിന്നീടു ശ്രമം. അതിലൂടെയും പരാതിക്കാരന്‍ പിന്‍വലിഞ്ഞില്ലെങ്കില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടും. ഇതൊന്നും കെട്ടുകഥകളല്ല. ഈ കേരളത്തില്‍ പലയിടത്തും ഇതേപോലുള്ള സംഭവങ്ങള്‍ പതിവായി നടക്കുന്നുണ്ട്.
കാക്കിക്കുപ്പായം അണിയുന്നതോടെ ഭൂമിക്കു മുകളിലെങ്ങോ ആണു തങ്ങളെന്നു ധരിച്ചുവശായ ചിലരുടെ ദുഃഷ്‌ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരുന്നത് പൊലീസ് സേന അപ്പാടെയാണ്. ഇതു മനസിലാക്കിയെങ്കിലും സഹപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിലെ മര്യാദക്കാര്‍ക്കു സാധിക്കണം.
ജനങ്ങള്‍ നിയമം അനുസരിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും നിയമലംഘനം തടയാനും ചുമതലപ്പെട്ടവരാണ് പൊലീസ്. അതോടൊപ്പം, നിയമപരിപാലനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന ഭാരിച്ചൊരു ബാധ്യത കൂടിയുണ്ട് ഈ കാക്കി വേഷത്തിന്. അതു മാത്രം മറക്കുകയും, ജനത്തെയാകെ തെറ്റുകാരായി ചിത്രീകരിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കുകയുമെന്ന ശൈലി എത്രയോ വര്‍ഷങ്ങളായി പൊലീസ് തുടരുന്നു. മാറി മാറി വന്ന ഭരണകൂടങ്ങളൊന്നും ഈ അതിക്രമത്തെ കണ്ടില്ലെന്നു നടിച്ചു. ആരും ചോദിക്കാനില്ലെന്നു വന്നതോടെ എന്തു ധിക്കാരവും കാണിക്കാമെന്ന മാനസികാവസ്ഥയിലേക്ക് പൊലീസ് സേന എത്തി.
അധികാര വര്‍ഗത്തിനു വേണ്ടി കൂലിത്തല്ലു നടത്തുന്ന പൊലീസുകാര്‍ മറ്റു ചില രാജ്യങ്ങളിലുണ്ട്. ഇവിടെയും അത്തരം നയം നടപ്പിലാക്കാനാണ് ചില ഭരണാധികാരികള്‍ ശ്രമിച്ചത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പൊലീസിനെ ആയുധമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സ്വന്തം ആള്‍ക്കാര്‍ക്കു വേണ്ടി നിയമസംഹിത തന്നെ പൊലീസിനെക്കൊണ്ട് വളച്ചൊടിപ്പിച്ച ഭരണാധികാരികളെയും കേരളം കണ്ടിട്ടുണ്ട്. ഭരണക്കാര്‍ക്കു വേണ്ടി ഗുണ്ടായിസം കാണിക്കുന്ന വിദേശ സംസ്കാരം ഇവിടെ പൊലീസ് ഇറക്കേണ്ടതില്ല. ഇതു കേരളമാണ്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭാഗം. ഇന്ത്യക്ക് ലോകമെങ്ങും ബഹുമാനിക്കുന്ന ഒരു ഭരണഘടനയുണ്ട്. അതില്‍ ഉറപ്പു നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറാന്‍ പൊലീസ് ശ്രമിക്കരുത്. വളച്ചും തിരിച്ചും നിയമത്തെക്കൊണ്ട് കളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താനുള്ള അവകാശവും ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്നതു മറക്കാതിരിക്കുക. നിയമത്തിന്റെ വഴികളിലൂടെത്തന്നെ ഇത്തരം ഗുണ്ടകളെ വരുതിക്കു നിര്‍ത്താന്‍ സാധിക്കും.
ഇതിനെല്ലാം മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെ. കൊല്ലത്തെ മാധ്യമപ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മാത്രമായി ഒതുങ്ങരുത് ഗുണ്ടാവേട്ട. പൊലീസിലെ ഗുണ്ടകളെ ജയിലറയ്ക്കുള്ളിലാക്കിയാല്‍ പാതി ക്രമസമാധാനം നിലവില്‍ വരും. അധികാരത്തിന്റെ മറവില്‍ അവര്‍ നടത്തുന്ന ഗുണ്ടാ പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷ മുഖം മാത്രമാണു മറ്റു ഗുണ്ടകളെന്ന തിരിച്ചറിവിനുള്ള വഴി കൂടിയാണ് കൊല്ലം സംഭവം തുറന്നിട്ടിരിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളും പൊലീസും തമ്മില്‍ എത്രയടുത്ത ബന്ധമാണുള്ളതെന്നതിന് ഇതിലേറെ തെളിവിന്റെ ആവശ്യമില്ല.
ഇപ്പോള്‍ പിടിയിലായിരിക്കുന്നത് ഒരു ഡിവൈഎസ്പി മാത്രം. ഇനിയും എത്രയോ ഉന്നത ഉദ്യോഗസ്ഥര്‍ ഇതേ കേസില്‍ ഉള്‍പ്പെട്ടിരിക്കാം. തെളിവുകള്‍ അവശേഷിപ്പിക്കാതെയും, ഉള്ള തെളിവുകള്‍ തന്നെ സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് തേച്ചു മാച്ചും അവര്‍ രക്ഷപ്പെടുന്നു. കോടതിയില്‍ ഹാജരാക്കുന്ന തെളിവുകളില്‍ പലതും ഇപ്പോള്‍ പിടിയിലായ ഡിവൈഎസ്പിയെ അടക്കം രക്ഷപ്പെടാന്‍ മാത്രം സഹായിക്കുന്നതാകാന്‍ സാധ്യതയുണ്ട്.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ