2011, മേയ് 27

‍ചാണ്ടിയുടെ മൊബൈല്‍ ഫോണ്‍ ക്യാമറ

മൂന്നക്കം ശരിയായി വന്നാല്‍ 5000 രൂപ നല്‍കാമെന്നായിരുന്നു സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ അവതരിപ്പിച്ച ഭൂട്ടാന്‍ലോട്ടറിയുടെ പ്രധാനആകര്‍ഷണം. 5000 രൂപ പ്രതീക്ഷിച്ച് വീടുംകുടിയും വരെ വിറ്റു രാവിലെ മുതല്‍ രാത്രിവരെ മലയാളികള്‍ ഭൂട്ടാന്‍ലോട്ടറി എടുത്തു. അതോടെ സര്‍ക്കാര്‍ ആ ലോട്ടറി നിര്‍ത്തി. 5000 പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളുടെ പ്രതീക്ഷ അങ്ങനെ അസ്ഥാനത്തായി. ലോട്ടറി തിരിച്ചുവരില്ലെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും എല്ലാദിവസവും 5000 രൂപ കിട്ടുന്ന പുതിയൊരു ലോട്ടറി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മോഷ്ടാവിനെയോ മറ്റു കുറ്റവാളികളെയോ തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തില്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്ത് പൊലീസിനെ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കള്ളന്മാരുടെ പടംപിടിച്ച് പോലീസില്‍ എത്തിച്ചാല്‍ 5000 രൂപ നല്‍കാമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നത്. ഇനി മുതല്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കില്‍ ആളുകളെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുക. നേരെ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലെത്തിക്കുക. പണം വാങ്ങുക... ഇത്രമാത്രം. തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തില്‍മാത്രമാണീ ആനുകൂല്യം.

നൂറു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ നല്‍കാനുള്ള ഒരു പദ്ധതി കൂടി ആലോചിക്കാവുന്നതാണ്, അതിനായി സംസ്ഥാന തലത്തില്‍ മൊത്തമായി ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല കുഞ്ഞാലിക്കുട്ടിയെയോ, അടൂര്‍ പ്രകാശിനേയോ അതുമല്ലങ്കില്‍ പൂജപ്പുരപ്പിള്ളയെയോ പിള്ളയുടെ "പിള്ള" യെയൊ ഏല്‍പ്പിക്കാവുന്നതാണ്. ക്വട്ടേഷന്‍, പ്ര്‍ച്ചേസ്, കമ്മീഷന്‍....... ഹാ... ഓര്‍ക്കുമ്പം തന്നെ കുളിരുകോരുന്നു...... ഓരോരോ അവസരങ്ങള്‍ വരുന്ന വഴിയേ!!!!!

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതിനു നാട്ടുകാരും പോലീസും പിടിച്ച് കൈകാര്യം ചെയ്തവരും കേസില്‍ പ്രതിയാക്കപെട്ടവരുമായ എല്ലാവരെയും (കോഴിക്കോട് സാഗറിലെ ടോയിലറ്റ് ക്യാമറാമാനടക്കം) തിരിച്ച് വിളിച്ച് കേസ് ഒഴിവാക്കി ഫോട്ടോ ഒന്നിന് 5000 ഉറുപ്പിക വീതം മുന്‍കാല പ്രാബല്യത്തോടെ നല്‍കാനുള്ള ഉത്തരവ് ഉടനേ ഇറങ്ങുമെന്നു പ്രതീക്ഷിക്കാം. ഇനി മുതല്‍ ആര്‍ക്കും ആരുടെയും ഫോട്ടോ എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും എടുക്കാം ആരെങ്കിലും ചോദിച്ചാല്‍ മുഘ്യ മന്ത്രിക്കു കൊടുക്കാനാണെന്നു പറഞ്ഞാല്‍ മതി. പിന്നെ ഫോട്ടോയില്‍ പെട്ട നിരപരാധി കള്ളന്‍ അല്ലെങ്കില്‍ കള്ളി ആണെന്നു സംശയം ഉണ്ടെന്നു കൂടെ പറഞ്ഞാല്‍ സംഗതി മംഗളമായി. എന്തായാലും ഞരമ്പ് രോഗികളായ പൂവാലന്മാര്‍ക്ക് സൗകര്യമായി.

വാല്‍ക്കഷണം:- മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ കുടുങ്ങിയ കള്ളന്മാരെപ്പറ്റിയുള്ള ഒരു പരമ്പര മനോരമയില്‍ ഉടനേ പ്രതീക്ഷിക്കാം..

ശ്രീ മുക്താര്‍ അബുദാബി എഴുതിയ ലേഘനം ഈ ലിങ്കില്‍ ഞെക്കി വായിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു
http://www.thattukadablog.com/2010/03/blog-post_16.html