വൈദ്യുതി ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ സെക്ഷന്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. സാധാരണക്കാരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയതിലേറെയുമെന്നതാണ് ഏറെ രസകരം.
ഗാര്‍ഹിക ഉപഭോക്താക്കളടക്കം വന്‍തോതിലുള്ള വൈദ്യുതി മോഷണം നടത്തിയതായാണു കണ്ടെത്തല്‍. വൈദ്യുതി മോഷണത്തെ ന്യായീകരിക്കാനാവില്ല. പക്ഷേ, സാധാരണക്കാരന്റെ കാര്യത്തില്‍ മാത്രം വൈദ്യുതി മോഷണം വലിയ കുറ്റവും സമ്പന്നന്റെ കാര്യത്തില്‍ അതു നിസാരസംഭവവും ആകുന്നു എന്ന വൈരുദ്ധ്യം തിരിച്ചറിയണം.
വീടുകളിലെ കണക്ഷനില്‍ നിന്ന് മുറ്റത്തുള്ള മാടക്കടയിലേക്ക് ഒരു ബള്‍ബിനുള്ള വൈദ്യുതി എടുക്കുന്നവര്‍ വന്‍കിട മോഷ്ടാക്കളാകും. ലക്ഷക്കണക്കിനു രൂപയുടെ വൈദ്യുതി മോഷ്ടിക്കുന്നവര്‍ ദിവ്യന്‍മാരും പരിശുദ്ധരുമാകും. അതാണ് വൈദ്യുതി ബോര്‍ഡിന്റെ രീതി. മുമ്പ് കെടിഡിസിയുടെ ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന പത്മജ വേണുഗോപാലിന്റെ വീട്ടില്‍ ഒന്നര ലക്ഷം രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തിയിരുന്നു. അത് ഏതു വിധത്തിലാണ് അവസാനിച്ചതെന്നു മാത്രം അധികമാരും അറിഞ്ഞിട്ടില്ല.
നൂറു രൂപയുടെ ക്രമക്കേടു മാത്രമേ ക്രമക്കേടിന്റെ പരിധിയില്‍ വരികയുള്ളൂവെന്നതാണോ സര്‍ക്കാരിന്റെ നയം. തകരാറിലായ വൈദ്യുതി മീറ്റര്‍ മാറ്റി വയ്ക്കണമെന്ന പതിനായിരക്കണക്കിന് അപേക്ഷകള്‍ വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതായും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. അതാണു കൂടുതല്‍ ഗുരുതരമായ തെറ്റ്.
വൈദ്യുതി അമൂല്യമായ നിധി തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അതിന്റെ ദുരുപയോഗം തടയപ്പെടേണ്ടതു തന്നെ. അതിനൊപ്പം മറ്റു ചില കാര്യങ്ങളില്‍ക്കൂടി ശ്രദ്ധ പുലര്‍ത്താന്‍ അധികൃതര്‍ ശ്രമിക്കണം. സ്വന്തം ഭാഗത്തു നിന്നുള്ള തെറ്റുകള്‍ തിരുത്തിയിട്ടാവട്ടെ നാട്ടുകാരെ തേടിപ്പോകാന്‍. സംഘടിത ശക്തി ഉപയോഗിച്ച് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന ജീവനക്കാരെ നിലയ്ക്കു നിര്‍ത്താന്‍ ആര്‍ക്കാണു സാധിക്കുക? ജീവനക്കാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെങ്കില്‍ കടുത്ത നടപടിയാണെടുക്കേണ്ടത്. അതിനു പകരം, അവരുടെ സംഘടനാബലം കണ്ട് മുട്ടുകൂട്ടിയിടിച്ചു നില്‍ക്കുകയാണു സര്‍ക്കാര്‍. ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഈ നഷ്ടം.
വൈദ്യുതി ബോര്‍ഡിന്റെ നഷ്ടക്കണക്ക് നിരത്തിയാണ് ഓരോ തവണയും നിരക്കു വര്‍ധിപ്പിക്കാറുള്ളത്. ബോര്‍ഡില്‍ നിന്നു പിരിഞ്ഞ ജീവനക്കാരുടെ പെന്‍ഷന്‍ തുക പോലും കേട്ടാല്‍ ഞെട്ടുന്നത്ര ഭീമമാണെന്നത് ആര്‍ക്കും അറിയാത്തതല്ല. ഇത്ര വലിയ തുക ശമ്പളമായും ആനുകൂല്യങ്ങളായും ജീവനക്കാര്‍ക്കു നല്‍കുന്നതു തന്നെയാണ് ബോര്‍ഡിന്റെ നഷ്ടത്തിനു കാരണം. അതിന്റെ പാപഭാരം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണ്.
ആര്യാടന്‍ മുഹമ്മദ് മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ നിരക്കു വര്‍ധിപ്പിക്കില്ലെന്നു പറയാനാവില്ലെന്നാണ് പറഞ്ഞത്. അതായത്, കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന ഏതു നഷ്ടവും പരിഹരിക്കാന്‍ ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുക. ഒരു സ്ഥാപനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണു ചെയ്യേണ്ടത്. അതിനു പകരം, നിരക്കു കൂട്ടി ജനങ്ങളിലേക്ക് അധികഭാരം വലിച്ചു കയറ്റുന്നു ജനകീയ സര്‍ക്കാര്‍. ഈ നയത്തിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്.
വൈദ്യുതി നിരക്ക് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ കണക്ഷന്‍ വിച്ഛേദിക്കുന്നതിലും ഇരട്ടത്താപ്പാണു വൈദ്യുതിബോര്‍ഡ് സ്വീകരിക്കുന്നത്. സാധാരണക്കാരനായ ഒരു ചെറുകിട കച്ചവടക്കാരന്‍ ബില്‍ അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ പിറ്റേന്നു രാവിലെ തന്നെ ഫ്യൂസ് ഊരാന്‍ ആളെത്തും. ഒരിക്കലും രാവിലെ പത്തിന് ഓഫീസില്‍ ഹാജരായിട്ടില്ലാത്ത പല ഉദ്യോഗസ്ഥരും ഫ്യൂസ് ഊരേണ്ട ദിവസം ഒമ്പതരയ്ക്കു തന്നെ ഹാജര്‍. ഇതിനു പിന്നില്‍ ചില രഹസ്യങ്ങളുണ്ടെന്ന് ബോര്‍ഡിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ഫ്യൂസ് ഊരാന്‍ ചെല്ലുമ്പോള്‍ കൈമടക്കു കിട്ടുമെന്നതു തന്നെ മുഖ്യ കാര്യം.
നിയമത്തിന്റെ നൂലിഴ തെറ്റിക്കാതെ നടപ്പാക്കുന്ന ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് മാസങ്ങളോ വര്‍ഷങ്ങളോ വൈദ്യുതി നിരക്ക് അടയക്കാത്ത വന്‍കിടക്കാരുടെ വീട്ടുപടിക്കല്‍ കുമ്പിട്ടു നില്‍ക്കുന്നത്.
വിജിലന്‍സിന് വൈദ്യുതി മോഷണം കണ്ടെത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് വന്‍കിടക്കാരെ തേടിപ്പോവുകയാണ്. പാവപ്പെട്ടവന്‍ സ്വന്തം മുറ്റത്തു നടത്തുന്ന മാടക്കടയിലേക്ക് ഒരു ബള്‍ബിനുള്ള വൈദ്യുതി എടുത്തിട്ടുണ്ടെങ്കില്‍ അതാകരുത് ലോകത്തിലെ ഏറ്റവും വലിയ കുറ്റം.
സമൂഹത്തിലെ പാവപ്പെട്ടവരോട് എന്തുമാകാമെന്ന ധാരണയാണ് നമ്മുടെ ഉദ്യോഗസ്ഥ മേധാവികള്‍ക്കുള്ളത്. അവരെ ആര്‍ക്കും എന്തും ചെയ്യാം. ഊരിയെടുത്ത ഫ്യൂസിനു പിന്നാലെ വൈദ്യുതി ഓഫീസിലേക്ക് ചെല്ലുന്ന സാധാരണക്കാരന്‍ നേരിടേണ്ടവരുന്ന ഭീകരമായ അവസ്ഥകള്‍ അനുഭവിച്ചറിഞ്ഞവരാണ് ഇവിടെയുള്ള പാവങ്ങള്‍. അത്തരക്കാരെ കൂടുതല്‍ പീഡിപ്പിക്കാനുള്ള ശ്രമം ഉടന്‍ അവസാനിപ്പിക്കണം ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ളവര്‍. അധികാരത്തിലെത്തുംവരെ മാത്രം പാവപ്പെട്ടവനെക്കുറിച്ച് വാചാലരാവുകയും അധികാരം കിട്ടുന്നതോടെ സമ്പന്നര്‍ക്കുവേണ്ടി വിടുപണി ചെയ്യുകയുമെന്ന ശൈലി അദ്ദേഹത്തെപ്പോലുള്ളവര്‍ക്കു യോജിച്ചതല്ല.
പട്ടിണി മാറ്റാന്‍ അന്യന്റെ മാവിലെ മാങ്ങാ പറിച്ചെടുക്കുന്നവര്‍ വന്‍കിട മോഷ്ടാക്കളും, സംസ്ഥാനത്തെയാകെ വിറ്റു പണമുണ്ടാക്കുന്നവര്‍ നേതാക്കളുമാകുന്ന സാമൂഹിക സാഹചര്യം മാറിയേ തീരൂ. പെറ്റിക്കേസുകള്‍ കൂടുതലുണ്ടാക്കിയാല്‍ മാത്രം മതിയെന്ന് പൊലീസിനു നിര്‍ദേശം നല്‍കുന്നതു പോലെ തന്നെയാണ് വൈദ്യുതി മോഷണത്തിനെതിരേയുള്ള നടപടിയും. പരിശോധനകള്‍ പാവപ്പെട്ടവന്റെ വീടുകളില്‍ മാത്രം ഒതുക്കി നിര്‍ത്തി നടത്തുന്ന ഈ അസംബന്ധ നാടകം ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. ഇത്തരം നടപടികള്‍ക്കു പകരം, വന്‍തുക കുടിശിക വരുത്തിയിരിക്കുന്ന വന്‍കിടക്കാരന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളാണു സ്വീകരിക്കേണ്ടത്. അധികാരം പാവപ്പെട്ടവനെ അടിച്ചമര്‍ത്താനുള്ളതല്ല. സമ്പന്നന്‍ തെറ്റു ചെയ്താലും അതു തെറ്റാണെന്നു പറയുന്നിടത്താണ് ഭരണാധികാരികളുടെ മികവെന്നു മാത്രം ഓര്‍മിക്കുക.
1 അഭിപ്രായ(ങ്ങള്‍):
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വൈദ്യുതബോര്‍ഡ് കറന്റ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതിചാര്‍ജുമായി കേരളത്തിലെ നിരക്ക് compare ചെയ്യുമ്പോളറിയാം എത്ര കുറവാണെന്ന്. വൈദ്യുതി മേഖലയില്‍ എല്ലാ സംസ്ഥാനങ്ങളിലും മറ്റുള്ള ജീവനക്കാരെക്കാള്‍ കുറച്ചധികം വേതനം നല്‍കുന്നത് Risk factor പരിഗണിച്ചാണ്. കറന്റ് കട്ട് ചെയ്യാന്‍ വന്നാല്‍ കൈക്കൂലി കൊടുക്കുകയല്ല വേണ്ടത്, കറന്റ് ചാര്‍ജ് അടയ്ക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ