2011, ജൂലൈ 20

സ്പീക്കറുടെ ഒത്തുകളിയില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു

ധനവിനിയോഗ ബില്ല് വോട്ടിനിടേണ്ട സമയത്ത് നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവാണെന്ന് ബോധ്യപ്പെട്ടതോടെ സഭയ്ക്ക് പുറത്തായിരുന്നവര്‍ തിരിച്ചെത്തുംവരെ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയി സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിച്ചു. ഇതിനിടെ ബില്‍ ഉടന്‍ വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടുതവണ നടുത്തളത്തിലിറങ്ങിയത് പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടയാക്കി. സ്പീക്കറും ഭരണപക്ഷവും ഒത്തുകളിച്ച് അരമണിക്കൂര്‍ വോട്ടെടുപ്പ് നീട്ടിയെങ്കിലും ബില്ലിന് അനുകൂലമായി 67 പേര്‍ വോട്ടുചെയ്തതായാണ് സ്ക്രീനില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ , 69 പേര്‍ അനുകൂലിച്ചതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രഖ്യാപിച്ചു.

സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാക്കള്‍ പിന്നീട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ധനവിനിയോഗ ബില്ലിന്റെ മൂന്നാം വായനയും കഴിഞ്ഞ് വോട്ടിനിടേണ്ട വേളയിലാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭരണപക്ഷത്തെ പത്ത് അംഗങ്ങള്‍ അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. അപകടം തിരിച്ചറിഞ്ഞ ഭരണപക്ഷം വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. നടപടികള്‍ നിര്‍ത്തിവച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയനും അതിന് കൂട്ടുനിന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കര്‍ നീതി പാലിക്കണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയത്. ബദല്‍ ധവളപത്രം സഭയില്‍ വയ്ക്കാനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ സ്പീക്കര്‍ അനുവദിച്ചില്ല. ഭരണപക്ഷത്ത് അംഗബലം ഇല്ലെന്ന് മനസിലാക്കിയ ഭരണപക്ഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. പ്രസംഗം പൂര്‍ത്തിയാക്കി സീറ്റിലിരുന്ന ധനമന്ത്രി കെ എം മാണിയോട് വീണ്ടും പ്രസംഗിക്കാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പിലേക്ക് കടക്കാതെ മന്ത്രി എഴുന്നേറ്റുനിന്നു. പ്രകോപനം ഉണ്ടാക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. വോട്ടിനിട്ടാല്‍ കുഴപ്പമാകുമെന്നും മന്ത്രിമാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു.

വോട്ടെടുപ്പ് ആരംഭിക്കാത്ത സ്പീക്കറുടെ നിലപാടിനെ ചോദ്യംചെയ്ത് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. ഇതിനിടെ ബെന്നിബെഹനാന്‍ , ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ പുറത്തേക്ക് പോയി ചിലരെ വിളിച്ചുവരുത്തി. കെ അച്യുതന്‍ , ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ സഭയില്‍ എത്തി. അപ്പോഴും ഭൂരിപക്ഷം കിട്ടില്ലെന്ന സ്ഥിതിയായിരുന്നു. നടപടികളൊന്നുമില്ലാതെ സ്പീക്കര്‍ സഭ നീട്ടിക്കൊണ്ടുപോകുന്നതിനെ ചോദ്യംചെയ്ത് പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. വോട്ടെടുപ്പ് നടത്തണമെന്ന് അവര്‍ മുദ്രാവാക്യം വിളിച്ചെങ്കിലും സ്പീക്കര്‍ ഏതാനും മിനിറ്റ് കൂടി വെറുതെ ചെലവിട്ടു. ഭരണപക്ഷ ബെഞ്ചുകളില്‍ ആളില്ലാത്തതിനാലാണ് മാണി പ്രസംഗം നീട്ടിക്കൊണ്ടുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തുടര്‍ന്നാണ് വോട്ടെടുപ്പിന് ബെല്‍ അടിച്ചത്. അതിന് തൊട്ടുമുമ്പാണ് കെ അച്യുതന്‍ എത്തിയത്. 67 പേര്‍ വോട്ടുരേഖപ്പെടുത്തിയതായി സ്ക്രീനില്‍ തെളിഞ്ഞു. ഒരാളുടെ വോട്ട് രേഖപ്പെടുത്തിയില്ലെന്ന് ആരോ വിളിച്ചു പറഞ്ഞു. അത് കൂടി ചേര്‍ത്ത് 68 വോട്ട് എന്ന് സ്പീക്കര്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് 69 എന്നാക്കി. വര്‍ക്കല കഹാര്‍ ഉള്‍പ്പെടെ അതിന് ശേഷമാണ് എത്തിയത്. എന്നാല്‍ , ഭരണപക്ഷത്ത് ആരൊക്കെ ഹാജരായെന്ന് വെളിപ്പെടുത്തിയില്ല.

സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രകടനമായി പുറത്തേക്ക് പോയി. ധനവിനിയോഗ ബില്ലിന് ഭൂരിപക്ഷം ഇല്ലെന്നും ചായക്കടയിലും ഷാപ്പിലും ഇരുന്നവരെ വിളിച്ചുകൊണ്ടുവന്നാണ് വോട്ട് ചെയ്യിച്ചതെന്നും സഭാകവാടത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധനടപടിക്കെതിരെ വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി. ഭരണപക്ഷത്തെ ഹൈബി ഈഡന്‍ ഡല്‍ഹിയിലും ടി യു കുരുവിള കോതമംഗലത്തുമാണ് ഉള്ളത്.


21 ജൂലൈ 2011 ദേശാഭിമാനി ഓണ്‍ ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്

2 അഭിപ്രായ(ങ്ങള്‍):

ആയിരങ്ങളിൽ ഒരുവൻ/പറഞ്ഞുപോകും പറഞ്ഞു...

പണ്ട് ഉത്സവപ്പറമ്പിൽ നാടകപ്പാർട്ടിക്കാരും, കഥാപ്രസംഗക്കാരും എത്താൻ താമസിക്കുമ്പോൾ ഉത്സവക്കമ്മറ്റിക്കാർ ലോകൽ പിള്ളാരെക്കൊണ്ട് മിമിക്രി, ലളിതഗാനം തുടങ്ങിയ കലാപരിപാടികൾ നടത്തി സമയം നീട്ടിക്കൊണ്ട് പോകാറുണ്ട്.. ഇവിടെ സ്പീക്കർ ഉത്സവ കമ്മിറ്റിക്കാരനായി..

ആയിരങ്ങളിൽ ഒരുവൻ/പറഞ്ഞുപോകും പറഞ്ഞു...

പണ്ട് ഉത്സവപറമ്പിൽ കഥാപ്രസംഗക്കാരും നാടകക്കാരും എത്താൻ താമസിക്കുമ്പോൾ ഉത്സവക്കമ്മറ്റിക്കാർ ലോക്കൽ പിള്ളാരെക്കൊണ്ട് മിമിക്രി, ലളിതഗാനം തുടങ്ങിയ കലാപരിപാടികൾ നടത്തിച്ച് സമയം നീട്ടിക്കൊണ്ട് പോകാറുണ്ടായിരുന്നു.. ഇവിടെ സ്പീക്കർ ഉത്സവക്കമ്മറ്റിക്കാരനായി..