സ്വകാര്യ ആശുപത്രികള്‍ രോഗികളോടു തുടരുന്ന സമീപനത്തെ അതിനിശിതമായ ഭാഷയിലാണ് ഇന്നലെ സുപ്രീംകോടതി വിമര്‍ശിച്ചത്. തികച്ചും അര്‍ത്ഥപൂര്‍ണമായ വിമര്‍ശനം. സ്വകാര്യ ആശുപത്രികള്‍ ഹോട്ടലുകളല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. തോന്നിയതു പോലെ പണം വാങ്ങാന്‍ ആരാണ് ആശുപത്രികള്‍ക്ക് അനുവാദം നല്‍കിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികള്‍ യാചകരല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍ധന രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കാമെന്ന് ഉറപ്പു കൊടുത്തു സര്‍ക്കാരില്‍ നിന്നു വാങ്ങിയെടുത്ത ഭൂമിയില്‍ കെട്ടിപ്പൊക്കിയ ഡല്‍ഹിയിലെ ഒരു ആശുപത്രിക്കെതിരേയുള്ള കേസിലാണ് വിമര്‍ശനം.
പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന് ഉറപ്പു നല്‍കിയ ശേഷം, അതില്‍ നിന്നു പിന്മാറി ജനങ്ങളെ പിഴിയുന്നതായാണു കണ്ടെത്തിയിട്ടുള്ളത്. ആര്‍ക്കും എന്തും ചെയ്യാവുന്ന മേഖലയായി ആതുരസേവന രംഗം മാറുന്നതിന്റെ ദൃഷ്ടാന്തമാണ് ഇതെല്ലാം. വന്‍കിട സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന തുക പലപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളിലേതിനു സമമാണ്. അതിസമ്പന്നരായവര്‍ക്ക് ഇത്തരം ഈടാക്കലുകള്‍ വലിയ പ്രശ്‌നമായേക്കില്ല. എന്നാല്‍, സാധാരണക്കാര്‍ക്ക് ഇതു താങ്ങാനാവില്ല.
വന്‍തുക മുടക്കാന്‍ തയാറല്ലാത്തവര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കു പോകട്ടെയെന്നാണ് സ്വകാര്യ ആശുപത്രിക്കാരുടെ പതിവായുള്ള പ്രതികരണം. ആരേയും തങ്ങളുടെ ആശുപത്രിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും, തേടിവരുന്നവര്‍ തങ്ങള്‍ നിശ്ചയിക്കുന്ന തുക അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നും പറയുന്നവരുണ്ട്.
ഇത്തരക്കാര്‍ മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മണ്ണിലാണ് നിങ്ങളുടെ ആശുപത്രിക്കെട്ടിടം കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കില്‍ ഇവിടത്തെ നിയമങ്ങള്‍ അനുസരിച്ചേ തീരൂ. ഓരോ പൗരനും ചികിത്സ നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ വന്‍തോതിലുള്ള ഇളവുകള്‍ നല്‍കിയാണ് മിക്ക ആശുപത്രികളേയും സഹായിക്കുന്നത്. ആ സഹായം കൈപ്പറ്റിയ ശേഷം പാവപ്പെട്ടവരെ അവിടെ കയറ്റില്ലെന്നു പറയുന്നവര്‍ അവരുടെ കെട്ടിടം പൊളിച്ച് മറ്റു രാജ്യങ്ങളിലേക്കു പോവുക. അതായിരിക്കും നല്ലത്. ഇന്ത്യയില്‍ ആശുപത്രി നടത്തണമെങ്കില്‍ ഇവിടത്തെ ജനങ്ങളെ ചികിത്സിക്കാന്‍ തയാറായിരിക്കണം. അതിനു തയാറല്ലാത്തവരുടെ കെട്ടിടങ്ങള്‍ ഈ മണ്ണില്‍ വേണ്ടെന്നു നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്.
ഡല്‍ഹിയില്‍ മാത്രമല്ല ഇത്തരം നീചകൃത്യങ്ങള്‍ നടക്കുന്നത്. കേരളമടക്കം എല്ലായിടത്തും സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിഞ്ഞാണു പണം വാങ്ങുന്നത്. ഒരിക്കല്‍പ്പോലും സ്വകാര്യ ആശുപത്രിയിലേക്കു പോകാന്‍ ഇടയാക്കരുതേയെന്ന പ്രാര്‍ത്ഥനയാണ് സാധാരണക്കാര്‍ക്കുള്ളത്.
ചികിത്സയ്ക്കു മാത്രമല്ല, പരിശോധനകള്‍ക്കും വന്‍തുക മുടക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന അതേ പരിശോധനകള്‍ സ്വകാര്യ ആശുപത്രികളില്‍ നടത്താന്‍ പത്തിരട്ടിയിലധികം രൂപ നല്‍കേണ്ട സാഹചര്യമുണ്ട്.
എല്ലാ മേഖലയെയും കച്ചവടമേഖല മാത്രമായി കാണുന്ന കുറേപ്പേര്‍ ചേര്‍ന്നു നശിപ്പിക്കുന്നത് മഹത്തായ ഒരു തൊഴിലിനെത്തന്നെയാണ്. ആതുരസേവനം കേവലമൊരു ജീവനോപാധി മാത്രമല്ല. മനുഷ്യന്റെ ആരോഗ്യവും ജീവനും സംരക്ഷിച്ചു നിര്‍ത്താനുള്ള വിദ്യയാണ് ഡോക്ടര്‍മാര്‍ പഠിക്കുന്നത്. പ്രസ്തുത കൃത്യത്തെ പണസമ്പാദനത്തിനുള്ള ഉപാധി മാത്രായി കണ്ടുകൂടാ.
ആരോഗ്യം നശിച്ച് ആശുപത്രിയിലെത്തുന്നവര്‍ ലക്ഷ്യമിടുന്നത് സുഖവാസമല്ല. ആരോഗ്യം തിരിച്ചുകിട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ് പലരെയും സ്വകാര്യ ആശുപത്രികളിലേക്ക് എത്തിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോയാല്‍ ജീവന്‍ പോലും തിരിച്ചു കിട്ടുമോയെന്ന ആശങ്ക പങ്കിട്ടത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി തന്നെയാണെന്നത് വിസ്മരിക്കാതിരിക്കാം.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് ആവശ്യപ്പെട്ടു നടത്തിയ സമരങ്ങളും ഡല്‍ഹി സംഭവത്തോടു കൂട്ടിച്ചേര്‍ത്തു തന്നെ വായിക്കണം. രോഗികളുടെ ജീവന്‍ കൊണ്ടു പന്താടി അവര്‍ നേടാന്‍ ഉദ്ദേശിക്കുന്നതാകട്ടെ കുറേയേറെ പണം മാത്രം. വീടുകളില്‍ രോഗികളെ പരിശോധിക്കുന്നതിലൂടെ ദിനംപ്രതി പോക്കറ്റിലേക്കു വീഴുന്ന നോട്ടുകെട്ടുകളുടെ പ്രഭയാണ് ഡോക്ടര്‍മാരെ നയിക്കുന്നത്.
പണ്ടുള്ള ഡോക്ടര്‍മാര്‍ സഹജീവികളുടെ ആരോഗ്യപരിപാലനത്തിനായിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്. ഇന്നാകട്ടെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, തങ്ങളെ സമീപിക്കുന്ന എല്ലാവരില്‍ നിന്നും വന്‍തുക ഊറ്റിയെടുക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നു. അതിനെതിരേ നില്‍ക്കുന്നതു സര്‍ക്കാരാണെങ്കില്‍, ആ സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ സമരവുമായി തെരുവിലിറങ്ങും. സര്‍ക്കാരിനെ പാഠം പഠിപ്പിക്കുക എന്നതിനര്‍ത്ഥം ജനങ്ങളെ പീഡിപ്പിക്കുക എന്നു തന്നെയാണ്. ഇത്തരം സമരാഭാസവുമായി ഇറങ്ങുന്ന ഡോക്ടര്‍മാരെ കൈകാര്യം ചെയ്യേണ്ടതു മറ്റു ചില രീതികളിലാണ്. നിയമസംവിധാനത്തെ ബഹുമാനിക്കുന്നതു കൊണ്ടു മാത്രം ജനം പ്രതികരിക്കുന്നില്ല. അതു പക്ഷേ, എല്ലാക്കാലവും ഈ തെമ്മാടിത്തം തുടരാനുള്ള ഉപായമായി ഡോക്ടര്‍മാര്‍ കാണരുത്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കാര്യം ഈ വിധത്തിലാണെങ്കില്‍, സ്വകാര്യ ആശുപത്രികള്‍ മനുഷ്യനെ കഴുത്തറുത്തു കൊല്ലുന്നു. ഡോക്ടറെ കാണുന്നതിനും പരിശോധനകള്‍ക്കും മരുന്നിനുമടക്കം വന്‍തുക പോക്കറ്റില്‍ കരുതാതെ സ്വകാര്യ ആശുപത്രികളിലേക്ക് ആര്‍ക്കും പോകാനാവില്ല.
ഈ നില മാറിയേ തീരൂ. സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്കു സംബന്ധിച്ച പഠനമാണ് ആദ്യം ആവശ്യം. അതില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സൗജന്യം പറ്റിയിട്ടുള്ളവര്‍ ഇവിടുത്തെ ജനങ്ങളോടു കടപ്പെട്ടിരിക്കുന്നു. അവരുടെ സേവകര്‍ മാത്രമാണ് ആശുപത്രി നടത്തിപ്പുകാര്‍.
തങ്ങളുടെ മുന്നിലെത്തുന്നവരോട് യജമാനഭാവത്തോടെ പ്രതികരിക്കുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും നിലയ്ക്കു നിര്‍ത്തി, ആവശ്യമായ സംവിധാനങ്ങളേര്‍പ്പെടുത്തുകയും ശുചിത്വം പാലിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ജനങ്ങളെത്തും. അതിലൂടെ സ്വകാര്യ ധിക്കാരികളുടെ ധാര്‍ഷ്ട്യം ശമിപ്പിക്കാനാകും. അത്തരം ചില നടപടികള്‍ സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നു.
1 അഭിപ്രായ(ങ്ങള്‍):
ലേഖനം നന്നായി ഇനിയും തുടര് ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ