2011, ജൂലൈ 28

അന്ധവിശ്വാസം വളര്‍ത്തുന്നു

പ്രമുഖ ചാനലായ ഏഷ്യാനെറ്റ് നാടിനെക്കുറിച്ച് അന്ധവിശ്വാസം വിളമ്പുന്നുവെന്നു പരാതി. കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ 'പ്രേതങ്ങള്‍'വാഹനാപകടങ്ങളുണ്ടാക്കുന്നുവെന്ന് പൊടിപ്പും തൊങ്ങലും വെച്ച് 'സ്ഥാപിയ്ക്കുന്ന' ഏഷ്യാനെറ്റ് പരിപാടിക്കെതിരെയാണ് ആലപ്പുഴ ചാരുംമൂടിനു സമീപം ചുടലമുക്കുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. നൂറനാട് കുഷ്ഠരോഗാശുപത്രിയുടെ കിഴക്കേ മതില്‍ അവസാനിക്കുന്നിടത്തെ ചുടലമുക്കിനെയാണ് 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ്‌ പ്രേത കേന്ദ്രമാക്കിയത്. ഇവിടെ വാഹനാപകടങ്ങളുണ്ടാകുന്നത് പ്രേതാത്മാക്കളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് സ്ഥാപിക്കുന്നവിധത്തില്‍ പലരുടെയും പ്രതികരണങ്ങളും ചാനലിന്റെ നിരീക്ഷണങ്ങളും ചേര്‍ത്തായിരുന്നു പരിപാടി.

കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ പ്രേതാത്മാക്കളാണ് ഇവിടെ അപകടം വിതയ്ക്കുന്നതെന്നാണ് ബിജെപി താമരക്കുളം മണ്ഡലം ഭാരവാഹി പരിപാടിയില്‍ പറഞ്ഞത്. ഇവിടെ ബ്രാഹ്മണന്‍ അപകടത്തില്‍ മരിച്ചുവെന്നും, മറ്റുള്ളവയെക്കാള്‍ 'ശക്തികൂടിയ പ്രേതമാണിതെന്നും' മറ്റൊരാള്‍ പറഞ്ഞു. 53 വര്‍ഷംമുമ്പ് റോഡ് ടാറിങ് ജോലിക്കെത്തിയ നാല് പട്ടാണികള്‍ തീയില്‍പ്പെട്ട് ഇവിടെ മരിച്ചുവെന്നു പറയുന്ന ഒരാളെയും ചാനല്‍ അവതരിപ്പിച്ചു. സൈക്കിളിലെത്തിയ രണ്ടുകുട്ടികളെ ഇവിടെ ലോറിയിടിച്ചു വീഴ്ത്തിയപ്പോള്‍ ഇവരിലൊരാള്‍ തല്‍ക്ഷണം മരിച്ചുവെന്നും ഈ വിവരം പുറത്തറിയാതിരിക്കാന്‍ കൂടെവന്ന ബാലനെ കൊലപ്പെടുത്തി ലോറിക്കാര്‍ കടന്നുവെന്ന 'വെളിപ്പെടുത്തലാ'ണ് മറ്റൊന്ന്.  അലഞ്ഞുതിരിയുന്ന ഈ പ്രേതാത്മാക്കളെല്ലാം ഇതുവഴിവരുന്ന വാഹനങ്ങള്‍ പിടിച്ചുമറിക്കുന്നുവെന്ന ചാനലിന്റെ നിരീക്ഷണവും പരിപാടിയിലുണ്ടായി.

കേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കായംകുളം-പുനലൂര്‍ റോഡിലാണ് ചുടലമുക്ക്. ഈ റോഡില്‍ അപകടസാധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ശാസ്ത്രീയ വീക്ഷണത്തോടെ സംസാരിച്ചവരുടെ അഭിപ്രായം പരിപാടിയില്‍ നിന്നൊഴിവാക്കിയെന്നാണ് നാട്ടുകാരുടെ പരാതി. സാനിട്ടോറിയത്തിന് സമീപമായതിനാല്‍ പ്രത്യേക പരിവേഷം നല്‍കി കള്ളക്കഥ മെനഞ്ഞവരുടെ പ്രതികരണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പരിപാടി തയ്യാറാകിയത്. പരിപാടിക്കെതിരെ നിയമനടപടിയും നാട്ടുകാര്‍ ആലോചിക്കുന്നു. മനുഷ്യനിലെ അന്ധവിശ്വാസത്തെയും ആര്‍ത്തിയെയും ആസക്തിയെയും ആവുംവിധം വളര്‍ത്തി അതില്‍ നിന്ന് വിളവെടുക്കുകയാണ് യഥാര്‍ഥത്തില്‍ മലയാളത്തിലെ ടിവി പരിപാടികളില്‍ ഭൂരിഭാഗവും. കടുത്തതോതിലുള്ള അന്ധവിശ്വാസങ്ങളാണ് ഇത്തരം പരിപാടികളും പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ സീരിയലുകളും പ്രചരിപ്പിക്കുന്നത്.

കടമറ്റത്ത് കത്തനാരും ഡ്രാക്കുളയും മറ്റു പ്രേതയക്ഷിക്കഥകളുമൊക്കെ സ്ത്രീകളുടെയും കുട്ടിളുടെയും മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഇവരെ വീണ്ടും വീണ്ടും ഇതിനു മുന്നില്‍ പിടിച്ചിരുത്താന്‍ പാകത്തില്‍ അധുനികസാങ്കേതിക വിദ്യയും അന്ധവിശ്വാസങ്ങളും സംയോജിപ്പിച്ച് അവതരിപ്പിക്കുന്നു. സമൂഹത്തില്‍ നിന്ന് നന്മയും നീതിയും സത്യവും മിഥ്യയും വേര്‍തിരച്ചറിയേണ്ട പ്രായത്തില്‍ ഈ കുഞ്ഞുങ്ങള്‍ ഇത്തരം സീരിയലുകള്‍ കണ്ടിട്ടാണ് യാഥാര്‍ഥ്യത്തില്‍ നിന്നും വളരെ അകലേക്കാണ് അവരെ ഇവവലിച്ചകറ്റുന്നത്. അവരുടെ ഹീറോകള്‍ ഇത്തരം കഥാപാത്രങ്ങളാകുമ്പോള്‍ സംഭവിക്കുന്നതാണ് നമ്മുടെ കണ്‍മുമ്പില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പല തിന്മകളും. ഈ വസ്തുത നമ്മുടെ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ !!  സീരിയലുകളുടെ മറ്റൊരു മുഖം ചൂഷണത്തിന്റേതാണ്. സാധാരണ, സീരിയലുകള്‍ക്കിടയിലെ പരസ്യം എന്നാണ് പ്രേക്ഷകര്‍ പറയുക.

യാഥാര്‍ഥത്തില്‍ പരസ്യങ്ങള്‍ക്കിടയിലെ സീരിയലുകളാണ് ഇവര്‍ കാണുന്നത്. ഒരു എപ്പിസോഡിന്റെ മൊത്തം സമയമായി പറയുന്നത് 30 മിനുട്ടാണ്. ഇതില്‍ 20 മിനുട്ടും പരസ്യങ്ങളാണ്. ബാക്കി 10മിനുട്ടില്‍ മാത്രമാണ് സീരിയല്‍ ഭാഗങ്ങള്‍ കാണിക്കുന്നത്. സീരിയല്‍ നിര്‍മാതാക്കളും പരസ്യകമ്പനികളും ചാനല്‍ ഉടമസ്ഥരുമടങ്ങുന്നത്രയങ്ങള്‍ തീര്‍ത്ത ചൂഷണവലയത്തിനുള്ളിലാണ് പാവം സ്ത്രീകള്‍ വായും പൊളിച്ചിരിക്കുന്നത്. കേരളത്തില്‍ വളര്‍ന്നുവലുതായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ചാനലുകള്‍ ചെയ്യുന്നത്. ഒരു കാലത്ത് ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ഇന്ന് നിലവിലുള്ളവരെപോരാതെ പുതിയ ആള്‍ദൈവങ്ങള്‍ക്കായി പരക്കം പായുകയാണ്.

ധാരാളം പണം കൈകളില്‍ എത്തുകയും കൂട്ടുകുടുമ്പ വ്യവസ്തിതി തകര്‍ന്ന് അണുകുടുമ്പങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തു. പുതിയ ജീവിത സാഹചര്യങ്ങള്‍ പലര്‍ക്കും മാനസീകമായ പ്രശ്‌നങ്ങള്‍(ആത്മവിശ്വാസക്കുറവ്, അപകര്‍ഷത,)വര്‍ദ്ധിക്കുവാന്‍ തുടങ്ങി. കുടുമ്പം ഭാഗംവെക്കല്‍ പലപ്പോഴും നല്ല രീതിയില്‍ ആയിരിക്കില്ല നടക്കുക. സഹോദരങ്ങളും മാതാപിതാക്കളും ഇതിന്റെ ഫലമായി പരസ്പരം അകലുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ ഒറ്റപ്പെട്ടു എന്ന ഒരു തോന്നല്‍ ഉണ്ടാകുകയും അതിന്റെ ഫലമായി മാനസ്സീക സംഘര്‍ഷം ഉടലെടുക്കുന്നു. ഭര്‍ത്താക്കന്മാര്‍ ജോലിസംബന്ധമായി മറ്റു സ്ഥലങ്ങളില്‍ ഉള്ള സ്ത്രീകളില്‍ ഇതിന്റെ ആഘാതം കൂടുന്നു. പലപ്പോഴും സ്ത്രീകളാണിതിന്റെ ഇരകളാകുന്നത്. ഇതിനിടയില്‍ ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വിഷമതകള്‍ ഉണ്ടാകുകകൂടി ചെയ്താല്‍ അവര്‍ ഏതെങ്കിലും ജ്യോല്‍സ്യന്മാരെയോ മറ്റു പ്രവചനക്കാരെയോ സമീപിക്കുന്നു. ഇരകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതില്‍ വളരെ വിദഗ്ദരായ പ്രവചനക്കാര്‍ ഇത് ശത്രുക്കള്‍ ചെയ്ത ദുഷ്‌കര്‍മ്മത്തിന്റെ ഫലമാണെന്നും വന്‍ ദോഷമാണ് നിങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുകയെന്നും പറയുന്നു.പ്രത്യേകിച്ചും ഭര്‍ത്താവിനു വലിയപത്തുവരുന്നു എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഒരിക്കലും ഭാര്യമാര്‍ മുതിരില്ല ഇത്തരത്തില്‍ സ്ത്രീകളെ എളുപ്പത്തില്‍ മാനസീകമായി പിരിമുറുക്കത്തില്‍ എത്തിക്കുകയാണ് ആദ്യ ഘട്ടം. മാനസീകമായ പിരിമുറുക്കം അനുഭവിക്കുന്ന അവസ്ഥയില്‍ ഉള്ള ആളുകളെ എളുപ്പത്തില്‍ ഇവര്‍ പാട്ടിലാക്കുന്നു.

പിന്നെ നിരവധി പരിഹാരക്രിയകള്‍ അവര്‍ നിര്‍ദ്ദേശിക്കുകയായി. ഇതിനായി അവര്‍ ഏതെങ്കിലും മന്ത്രവാദി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ പേരും മേല്‍ വിലാസവും പറഞ്ഞുകൊടുക്കുന്നു. ഇതിനുപുറകില്‍ പലപ്പോഴും പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റുമെന്റാണെന്ന് പലരും തിരിച്ചറിയപ്പെടാതെപോകുന്നു. പരിഹാരക്രിയകള്‍ക്കു ശേഷം താല്‍ക്കാലികമായ ഒരുമാറ്റം ജീവിതത്തില്‍ ഉണ്ടാകുന്നു എന്നാല്‍ അധികം താമസിക്കാതെ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നു (തങ്ങള്‍ ചെയ്ത പരിഹാരക്രിയ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും എന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു, ആദ്യദിവസങ്ങളില്‍ ഒരു പക്ഷെ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ അവരെ സ്വാധീനിക്കുകയും ചെയ്യും. യദാര്‍ത്ഥത്തില്‍ ഇത് ഒരു മാനസീക അവസ്തയാണ്) വീണ്ടുപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതോടെ അവര്‍ പഴയമന്ത്രവാദിയെയോ അല്ലെങ്കില്‍ മറ്റൊരാളെയോ തേടിപ്പോകുന്നു. ശത്രു വീണ്ടും കടും പ്രയോഗം നടത്തിയെന്നും കൂടിയ പ്രയോഗമായതിനാല്‍ പ്രതിവിധിയും അതിനു അനുസൃതമായിരിക്കണം എന്ന ഉപദേശമാണ് മിക്കവാറും അവിടെ നിന്നും ലഭിക്കുക.

മാധ്യമങ്ങള്‍ ഇത്തരം പല തട്ടിപ്പുകളും പുറത്തുകൊണ്ടുവരാറുണ്ടെങ്കിലും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ചില ടി.വി പരിപാടികള്‍.ഫോണ്‍ ചെയ്താല്‍ ജാതകഫലവും ദോഷനിവാരണവും പ്രവചിക്കുന്ന വിദ്വാനു പക്ഷെ ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പ്രവചിച്ച് അബദ്ധം പറ്റിയതില്‍ പിന്നെയാണോ എന്നറിയില്ല ഇപ്പോള്‍ അധികം കാണാറില്ല.അങ്ങേരുടെ പ്രോഗ്രാം പലപ്പോഴും കൊള്ളാവുന്ന കോമഡിപ്രോഗ്ഗാമ്മുകളേക്കാളും നിലവാരമുള്ള നര്‍മ്മം പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു എന്നത് സത്യമാണ്. ഇതിലും അപ്പുറമാണ് ടി.വിയില്‍ക്കൂടെ നേരിട്ടു കാണിക്കുന്ന ചില 'ഇന്‍സ്റ്റന്റ്' അല്‍ഭുത രോഗശാന്തി. ദീര്‍ഘകാലമായി മാറാത്ത രോഗങ്ങള്‍ നിമിഷനേരം കൊണ്ട് മാറ്റുന്ന അല്‍ഭുതവിദ്യ പലപ്പോഴും നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

ഹിപ്‌നോട്ടിസം കൊണ്ട് അതും മാസ്സ് ഹിപ്‌നോട്ടിസം കൊണ്ട് അല്‍ഭുതങ്ങള്‍ കാണിക്കാമെന്ന് പല മാന്ത്രികരും അവരുടേ പ്രോഗ്രാമ്മുകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തട്ടിപ്പായും ദൈവീകപരിവേഷത്തിന്റെ അകമ്പടിയുള്ളതുകൊണ്ട് ഇത് ചോദ്യം ചെയ്യപ്പെടാതെയും ഇരിക്കുന്നു. ഇനി അതവാ ഇത്തരം ഇടങ്ങളില്‍ നിയമവ്യവസ്തയോ പോലീസോ ഇടപെട്ടാല്‍ അതു മത സാമുദായിക തലത്തിലേക്ക് മാറ്റി വിശ്വാസികളെ രംഗത്തിറക്കി രക്ഷപ്പെടുവാനും നടത്തിപ്പുക്കാര്‍ക്ക് നന്നായറിയാം. ഇത്തരം ഒരു സംഭവം അടുത്തകാലത്തുണ്ടായത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ?ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ വളര്‍ച്ചയും അതിലൂടെ ജനാധിപത്യവ്യവസ്ഥയില്‍ നടത്തുന്ന ഇടപെടലുകളും കേരളസമൂഹത്തെ എവിടെകൊണ്ടെത്തിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

വാര്‍ത്ത കടപ്പാട് ഡെയിലി മലയാളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

3 അഭിപ്രായ(ങ്ങള്‍):

. പറഞ്ഞു...

well said!

please change your page background color,it is difficult to read..

നിശാസുരഭി പറഞ്ഞു...

ഹ് മം :)
നല്ല ലേഖനം

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

വാർത്ത ദേശാഭിമാനിയിൽ വായിച്ചിരുന്നു.

യുക്തിവാദികളും ശാസ്ത്രപ്രചാരകരും പണ്ടേ കൊന്നു കുഴിച്ചു മൂടിയ ഭൂത-പ്രേത-പിശാചുക്കളെയൊക്കെ വീണ്ടും തിരിച്ചുകൊണ്ടുവന്ന് വിറ്റ് കാശാക്കുക വഴി അന്ധ വിശ്വാസങ്ങൾ വീണ്ടും ആളുകളുടെ മനസിൽ കുത്തി വയ്ക്കുകയാണ് മാധ്യമങ്ങൾ!

പിന്നെ ഇവിടെ ഇത്രയൊക്കെയല്ലേ ഒള്ളൂ. കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളിലും ഇപ്പോൾ പാഠപുസ്തകങ്ങളിൽ പോലും ശാസ്ത്രീയാടിത്തറയില്ലാത്തതും അന്ധവിശ്വാസ ജഡിലവും ചരിത്രവിരുദ്ധചരിത്രവുമൊക്കെയാണ് പഠിപ്പിക്കുന്നതത്രേ!
സർവ്വകലാശാലകളിൽ ജ്യോത്സ്യം ശാസ്ത്രമെന്നു പറഞ്ഞ് പഠിപ്പിക്കുന്ന നാടല്ലേ? നാളെ മന്ത്രവാദവും തലയ്ക്കു പിടിച്ചോതലും മുടിജ്യൂസുമെല്ലാം ശസ്ത്ര വിഷയങ്ങളായി വരും. മതാധിപന്മാരാണല്ലോ ഇപ്പോൾ വിദ്യാലയങ്ങളിലെ പാഠഭാഗങ്ങൾ നിശ്ചയിക്കുന്നത്.