2011, സെപ്റ്റം 3

തോട്ടം വില്‍ക്കുകയാണു ഹാരിസന്റെ ലക്ഷ്യം.

പാട്ടഭൂമി വിറ്റു കാശാക്കാന്‍ ഹാരിസണ്‍, റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി ചര്‍ച്ച നടത്തിയതു മൂന്നുതവണ. ചെങ്ങറ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണു മന്ത്രി ചര്‍ച്ചയ്‌ക്കു താല്‍പ്പര്യം കാട്ടിയത്‌. എന്നാല്‍ ഇടുക്കി ജില്ലയിലെ കാളിയാര്‍ തോട്ടവും പത്തനംതിട്ടയിലെ കല്ലേലി തോട്ടവും അടിയന്തരമായി വില്‍ക്കുകയാണു ഹാരിസന്റെ ലക്ഷ്യമെന്നു റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്‌ഥര്‍ വെളിപ്പെടുത്തുന്നു.

കോന്നിക്കു സമീപമുള്ള കല്ലേലി തോട്ടം വില്‍ക്കുകയാണു ഹാരിസന്റെ പ്രഥമലക്ഷ്യം. തോട്ടത്തിന്റെ യഥാര്‍ഥ ഉടമയായ ചെങ്ങന്നൂര്‍ പേരിശേരി ഇടവനമഠത്തിന്റെ ഇപ്പോഴത്തെ അവകാശി മനോമോഹന്‍ പണ്ടാരത്തിലുമായി ഹാരിസണ്‍ പ്രതിനിധികള്‍ ചര്‍ച്ചയ്‌്ക്കു ശ്രമിച്ചു. ഇതിനിടെ ഗോയങ്ക, സര്‍ക്കാര്‍ കണക്കുപ്രകാരം കേരളത്തിലുള്ള 76769.80 ഏക്കര്‍ പാട്ടഭൂമി പുത്രന്‍മാരായ ഹര്‍ഷ്‌ ഗോയങ്കയ്‌ക്കും സഞ്‌ജീവ്‌ ഗോയങ്കയ്‌ക്കുമായി പകുത്തുനല്‍കിയെന്നും സൂചനയുണ്ട്‌. യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരമേറ്റശേഷമാണിത്‌. ഇടതുസര്‍ക്കാരിന്റെ കാലത്തെ മൂന്ന്‌ അന്വേഷണ റിപ്പോര്‍ട്ടും മരവിപ്പിച്ച സാഹചര്യത്തില്‍ ഇനി വയനാട്‌ വൈത്തിരി ലാന്‍ഡ്‌ ബോര്‍ഡ്‌ മിച്ചഭൂമിയുടെ കാര്യത്തില്‍ അടിയന്തരതീരുമാനമെടുത്താല്‍ ഭൂമി വില്‍പ്പന സുഗമമാകുമെന്ന കണക്കുകൂട്ടലാണു ഹാരിസണുള്ളത്‌. ഇക്കാര്യത്തില്‍ റവന്യൂവകുപ്പിന്റെ സഹായം കൂടിയേ കഴിയൂ. അതിനാലാണു ഹാരിസണ്‍ ചെങ്ങറ തോട്ടത്തില്‍നിന്ന്‌ 225 ഏക്കര്‍ സമരക്കാര്‍ക്കു വിട്ടുകൊടുത്തു സര്‍ക്കാരിന്റെ പ്രീതി സമ്പാദിക്കാന്‍ തയാറായത്‌.

ഇടതുഭരണകാലത്തു ഹാരിസണ്‍ ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിച്ചു തയാറാക്കിയ മൂന്നു റിപ്പോര്‍ട്ടിലും തുടര്‍നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണു റവന്യൂവകുപ്പ്‌. ലാന്‍ഡ്‌ റവന്യൂ കമ്മിഷണറായിരുന്ന നിവേദിതാ പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയുടെ അന്വേഷണത്തില്‍ ഹാരിസണു പാട്ടഭൂമിയില്‍ അവകാശമില്ലെന്നും സര്‍ക്കാരിന്‌ എപ്പോള്‍ വേണമെങ്കിലും ഭൂമി തിരിച്ചെടുക്കാമെന്നുമാണു വ്യക്‌തമാക്കിയിരുന്നത്‌. നിവേദിതയുടെ റിപ്പോര്‍ട്ടിന്റെ നിയമസാധുത അറിയാന്‍ 2008 മേയ്‌ 20-ന്‌ മന്ത്രിസഭാ ഉപസമിതി നിയോഗിച്ച ജസ്‌റ്റിസ്‌ എല്‍. മനോഹരന്‍ സമിതിയും ഹാരിസണ്‍ കൈയാളിയ ഭൂമി സര്‍ക്കാരിന്റേതാണെന്നു വ്യക്‌തമാക്കി. രണ്ടു റിപ്പോര്‍ട്ടും വിലയിരുത്തിയശേഷം റവന്യൂവകുപ്പ്‌ അസി. കമ്മിഷണര്‍ സജിത്ത്‌ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത്തെ അന്വേഷണത്തിലും ഭൂമിയില്‍ ഹാരിസണ്‌ അവകാശമില്ലെന്നു സമര്‍ഥിച്ചു. വനഭൂമി കൈയേറുകയും നിയമം മറികടന്നു ഭൂമി വില്‍ക്കുകയും ചെയ്‌ത ഹാരിസണെതിരേ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടുകള്‍ ശിപാര്‍ശ ചെയ്‌തു.

ഹാരിസന്റെ കൈവശം ഇപ്പോഴുള്ള ആധാരങ്ങള്‍ പരിശോധിച്ചശേഷമാണു സര്‍ക്കാര്‍ നിയമിച്ച അന്വേഷണ ഉദ്യോഗസ്‌ഥര്‍ കമ്പനിക്കു പാട്ടഭൂമിയില്‍ യാതൊരു അവകാശവുമില്ലെന്നു കണ്ടെത്തിയത്‌. കൊല്ലം, ചെങ്കോട്ട, വയനാട്‌ വൈത്തിരി സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളില്‍ മുന്നാധാരങ്ങള്‍ ലഭ്യമാണ്‌. 'ദ റബര്‍ പ്ലാന്റേഷന്‍ ഇന്‍വെസ്‌റ്റ്മെന്റ്‌ ട്രസ്‌റ്റ് ലിമിറ്റഡ്‌', 'ദ മലയാളം റബര്‍ ആന്‍ഡ്‌ ടീ പ്രൊഡ്യൂസിംഗ്‌ കമ്പനി','വല്ലാര്‍ഡി ടീ എസ്‌റ്റേറ്റ്‌ ലിമിറ്റഡ്‌' തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ്‌ കമ്പനി 1920-21 കാലഘട്ടത്തില്‍ 'മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ്‌' എന്ന ഒറ്റപ്പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം വസ്‌തുവകകള്‍ പുതിയ പേരിലേക്കു മാറ്റി 1923-ല്‍ ചമച്ച കൈമാറ്റ ആധാരമാണു മറ്റൊരു പ്രധാന രേഖ.

പാട്ടഭൂമി കൈമാറ്റം ചെയ്യുന്നതിനുമുമ്പു രാജാവും ചീഫ്‌ സെക്രട്ടറിയും അറിഞ്ഞിരിക്കണമെന്ന വ്യവസ്‌ഥ പാലിക്കാതെയാണു കൈമാറ്റ ആധാരം രജിസ്‌റ്റര്‍ ചെയ്‌തതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. രാജഭരണകാലത്തെ ഈ നിയമം 1974-ല്‍ കേരളാ സര്‍ക്കാരും അംഗീകരിച്ചതായി രേഖകള്‍ വ്യക്‌തമാക്കുന്നു. 'സെയില്‍ ഓഫ്‌ ലാന്‍ഡ്‌ ഫോര്‍ കോഫി ആന്‍ഡ്‌ ടീ കള്‍ട്ടിവേഷന്‍ റൂള്‍ (1974)', 'വെയ്‌സ്റ്റ്‌ ലാന്‍ഡ്‌ റൂള്‍സ്‌ റിഗാര്‍ഡിംഗ്‌ സെയില്‍ ഓഫ്‌ ലാന്‍ഡ്‌ ഫോര്‍ കോഫി ആന്‍ഡ്‌ ടീ കള്‍ട്ടിവേഷന്‍' എന്നിവ ഇത്‌ സാധൂകരിക്കുന്നു.

ചെങ്ങറ പ്രശ്‌നപരിഹാരത്തിനായി ഹാരിസണ്‍ ഇപ്പോള്‍ വിട്ടുകൊടുക്കാന്‍ തയാറായ 225 ഏക്കര്‍ മുമ്പു വനഭൂമിയായിരുന്നെന്നു വഞ്ഞിപ്പുഴ മഠത്തിന്റെ മുന്നാധാരത്തില്‍ വ്യക്‌തമാണ്‌. മലയാളം പ്ലാന്റേഷന്‍ ഇന്ത്യാ ലിമിറ്റഡിന്റെ കൈവശമെത്തിയതോടെയാണു കാട്‌ വെട്ടിത്തെളിച്ചു കൈയേറ്റം തുടങ്ങിയത്‌. വന്‍വൃക്ഷങ്ങള്‍ നിര്‍ത്തിക്കൊണ്ട്‌ തേയിലക്കൃഷി ആരംഭിച്ച കമ്പനി പിന്നീടു നിയമം ലംഘിച്ചു കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന തടികളും വെട്ടിക്കടത്തി. തേയിലക്കൃഷി അവസാനിപ്പിച്ച്‌ ഏറെക്കാലം തരിശിട്ടശേഷമാണു ഹാരിസണ്‍ അവിടെ റബര്‍കൃഷി ആരംഭിച്ചത്‌. അഞ്ഞൂറിലേറെ ഏക്കര്‍വരുന്ന ഈ ഭാഗത്തുനിന്ന്‌ 225 ഏക്കര്‍ മാത്രമാണു ഭൂരഹിതര്‍ക്കു വിട്ടുകൊടുക്കുന്നത്‌. ഇടതുസര്‍ക്കാരിന്റെ കാലത്തു പാതിവഴി നിര്‍ത്തിയ സര്‍വേ റിപ്പോര്‍ട്ട്‌ അപ്രത്യക്ഷമായ സാഹചര്യത്തില്‍ ചെങ്ങറയിലെ മിച്ചഭൂമിയുടെ കണക്ക്‌ എത്രയെന്ന്‌ ഇനിയും വ്യക്‌തമല്ല. എന്നിട്ടും ഹാരിസന്റെ മഹാമനസ്‌കതയെ വാഴ്‌ത്താനാണു യു.ഡി.എഫ്‌. സര്‍ക്കാരിന്റെ ശ്രമം.
 
 
 
വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

1 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

മ്, നടക്കട്ട് കണ്‍കെട്ട് വിദ്യകള്‍