അണുകുടുംബം എന്ന ആശയത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവസഭകള്‍ ദൈവശുശ്രൂഷ ചെയ്യുന്നതിനു വിശ്വാസികളെ കിട്ടാതെ വിഷമിക്കുകയാണ്. പൗരോഹിത്യത്തിലേയും സന്യസ്തജീവിതത്തിലേക്കും തിരിയുന്ന വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരുന്നതിനു പ്രധാനകാരണം അണുകുടുംബം ആണെന്നാണ് പൊതുവേ ക്രൈസ്തവ നേതൃത്വങ്ങളുടെ വിശ്വാസം. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് വയനാട് ജില്ലയിലെ കല്പറ്റയിലുള്ള ഒരു ക്രിസ്തീയ ദേവാലയം. ഇടവകയിലെ ഓരോ കുടുംബത്തിലും ജനിക്കുന്ന അഞ്ചാമത്തെ കുട്ടിക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് ദേവാലയം ആള്‍ക്ഷാമം പരിഹരിക്കാനൊരുങ്ങുന്നത്. കല്പറ്റ സെന്റ് വിന്‍സന്റ് ഡിപോള്‍ ഫൊറോനാ പള്ളിയാണ് വലിയ കുടുംബം സമ്പന്ന കുടുംബമെന്ന ആശയ പ്രചാരണത്തിന് മുന്‍കൈയെടുത്തിരിക്കുന്നത്.
ഇടവകയിലെ സിയോണ്‍ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ധനസഹായ പദ്ധതി നടപ്പാക്കുന്നത്. അഞ്ചാമത്തെ കുട്ടിയുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ടായിരിക്കും പണം നിക്ഷേപിക്കുകയെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ആദ്യ കത്തോലിക്കാ പത്രമായ പൈലറ്റ് ഉള്‍പ്പെടെയുള്ള വിദേശ മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണിത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇടവകയിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നു പണം സ്വീകരിച്ച് നിര്‍ദ്ധനര്‍ക്കു നല്‍കുന്നതാണ് പദ്ധതിയെന്നും അഞ്ചാമത്തെ കുട്ടി എന്ന നിബന്ധന വച്ചിട്ടില്ലെന്നും വികാരി ഫാ. ജോസ് കൊച്ചറയ്ക്കല്‍ വിശദീകരിക്കുന്നുണ്ട്. ഇടവകയിലെ അഞ്ച് കുട്ടികളുള്ള രണ്ടു വീട്ടുകാര്‍ക്കാണ് ആദ്യനിക്ഷേപം നല്‍കുന്നത്.
കുട്ടി ഒന്നോ, രണ്ടോ മതിയെന്ന് പാശ്ചാത്യ മാതൃകയില്‍ തീരുമാനിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് ഗര്‍ഭനിരോധനവും ഗര്‍ഭഛിദ്രവും വര്‍ദ്ധിച്ചുവരികയാണ്. ഇത് സഭയുടെ പ്രമാണങ്ങള്‍ക്ക് എതിരാണ്. ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ലെന്ന സഭാവിശ്വാസത്തിന്റെ ഭാഗമായുള്ള നടപടിയാണിതെന്ന് ഫാ. ജോസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സന്താന നിയന്ത്രണ പരിപാടി ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളുടെ ജനസംഖ്യയില്‍ കുറവുണ്ടാക്കിയെന്ന സഭാ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കെ.സി.ബി.സിയുടെ കീഴിലുള്ള ഫാമിലി കമ്മിഷന്‍ ഇടവകകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇടുക്കിയിലെ ചില പള്ളികളില്‍ മൂന്നാമത്തെ കുട്ടിക്ക് ഫീസ് സൗജന്യവും നാലാമത്തെ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കാഷ് അവാര്‍ഡും നല്‍കുന്നുണ്ടെങ്കിലും സ്ഥിര നിക്ഷേപ പദ്ധതി ഇതാദ്യമാണ്. പദ്ധതി കൂടുതല്‍ പള്ളികളിലേക്കു വ്യാപിപ്പിക്കുമെന്ന് സിയോണ്‍ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ മേഖലാ കോ–ഓര്‍ഡിനേറ്റര്‍ സാലു മേച്ചേരില്‍ പറഞ്ഞു. കേരളത്തില്‍ 1991 ലെ സെന്‍സസ് അനുസരിച്ച് 19.5 ശതമാനമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 2001–ല്‍ 19 ആയി കുറഞ്ഞിരുന്നു. സന്യസ്ത ജീവിതത്തിലേക്ക് ആളുകള്‍ എത്തുന്നില്ല. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രമല്ല ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും പുരോഹിതന്മാരും കന്യാസ്ത്രീകളും ആകാന്‍ ആളെ കിട്ടാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളിലേയും ആഫ്രിക്കന്‍ രാജ്യങ്ങളിലേയും പുരോഹിതന്മാരേയും കന്യാസ്ത്രീകളേയും കൊണ്ടാണ് നേരത്തെ ഈ കുറവു പരിഹരിച്ചിരുന്നത്.
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്ക സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശം കേരളവുമാണ്. കേരളത്തില്‍ നിന്നുള്ള പുരോഹിതന്മാരാണ് അമേരിക്കയിലും മറ്റും ഇപ്പോള്‍ സേവനം അനുഷ്ഠിച്ചുവരുന്നവരില്‍ ബഹുഭൂരിപക്ഷവും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരോഹിതന്മാരും കന്യാസ്ത്രീകളും കേരളത്തില്‍ നിന്നുള്ളവരാണ് പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍ നിന്നുള്ളവര്‍. ഒറീസ്സയിലും ഗുജറാത്തിലും രാജസ്ഥാനിലും മറ്റും ഹിന്ദു തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട പുരോഹിതന്മാരും കന്യാസ്ത്രീകളും കേരളീയരായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള ജില്ല കോട്ടയമാണ്. കോട്ടയത്തെ ജനസംഖ്യയില്‍ 46% ആളുകള്‍ ക്രൈസ്തവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും അമേരിക്കയൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുമുള്ള മിഷണറിപ്രവര്‍ത്തകരുടെ ഷോര്‍ട്ടേജ് നികത്തുവാന്‍ വിധിക്കപ്പെട്ടവരും കോട്ടയം ജില്ലക്കാരാണ്.
അതുകൊണ്ട് തന്നെ കത്തോലിക്കസഭയെ സംബന്ധിച്ചിടത്തോളം വത്തിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആശാകേന്ദ്രമായി മാറിയ പ്രദേശമാണ് കോട്ടയം ജില്ല. കോട്ടയം ജില്ലയിലെ ക്രൈസ്തവ ജനസംഖ്യ 8,95,000 ആണ്. അതായത് 45.83%. ഇവര്‍ക്കായി മൂന്നു രൂപതകളും രണ്ട് അതിരൂപതകളും കോട്ടയം ജില്ലയില്‍ തന്നെയുണ്ട്. എന്നാല്‍ ഇവിടെ നിന്നുപോലും പുരോഹിതന്മാരെയും കന്യാസ്ത്രീകളേയും കണ്ടെത്താന്‍ ഇന്ന് സഭ നെട്ടോട്ടം ഓടുകയാണ്. ആഗോളീകൃത വ്യവസ്ഥിതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ കത്തോലിക്ക സഭയേയും ബാധിച്ചു കൊണ്ടിരിക്കുന്നു. സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വിശ്വാസപ്രതിസന്ധിയാണ്.
കത്തോലിക്ക സഭയില്‍ കന്യാസ്ത്രീകളാവാന്‍ തയ്യാറായി വരുന്നവരുടെ എണ്ണം തുലോം കുറഞ്ഞു. മേല്‍പ്പറഞ്ഞ നിരവധി കാരണങ്ങളാല്‍ ഇന്ന് പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാവാന്‍ വിസമ്മതിക്കുന്നു. നേഴ്‌സിങ് ജോലിയില്‍ ഉണ്ടായ ഡിമാന്റും ഉയര്‍ന്ന ശമ്പളവും പെണ്‍കുട്ടികളെ കൂടുതലായി നേഴ്‌സിങ്ങ് പ്രൊഫഷനിലേക്ക് മാറ്റി. കന്യാസ്ത്രീകളാകാന്‍ സമ്പന്നരായ ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ആരും തയ്യാറാകുന്നില്ലെങ്കിലും കെട്ടിച്ചുവിടാന്‍ നിവൃത്തിയില്ലാത്തവരായ പാവപ്പെട്ടവരുടെ വീടുകളില്‍ നിന്നും അവസാന ആശ്വാസമെന്ന നിലയില്‍ മാത്രമേ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാവാന്‍ തയ്യാറാവുന്നുള്ളൂ. ഇങ്ങനെ പല വിധത്തിലുള്ള വിശ്വാസ പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പുരോഹിതകന്യാസ്ത്രീകളുടെ എണ്ണത്തെയാണ്. ഈ എണ്ണത്തിലുണ്ടായ കുറവ് ഏറ്റവും സാരമായി ബാധിക്കുന്നത് അമേരിക്ക-യൂറോപ്യന്‍ രാജ്യങ്ങളിലെ സഭകളെയാണ്. ആ കുറവ് നികത്താന്‍ സഭ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമായിരുന്നു ജനസംഖ്യാവര്‍ദ്ധനവ് എന്നത്.
വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും അണുകുടുംബങ്ങളിലേക്ക് മാറ്റപ്പെട്ടതും കന്യാസ്ത്രീകളുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി സഭ മനസ്സിലാക്കി. ഒന്നോരണ്ടോ കുട്ടികള്‍ മാത്രമുള്ളവര്‍ തങ്ങളുടെ കുട്ടികളെ മഠത്തില്‍ ചേര്‍ക്കാന്‍ തയ്യാറാവാതെ വരുന്നു. ചില ഇടവകകളില്‍ നാലു കുട്ടികളുള്ള മാതാപിതാക്കളെ ആദരിക്കുകയും അവര്‍ക്ക് സാമ്പത്തികമായ പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു. അത്തരമൊരു പരീക്ഷണമാണ് കല്‍പ്പറ്റയില്‍ ഇപ്പോള്‍ നടക്കുന്നത്.
വാര്‍ത്ത കടപ്പാട് ഡൈലി മലയാളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ