സ്വന്തം രാജ്യത്തെ പൗരന്‍മാരെ ഏതു വിധത്തിലാണ് സ്‌നേഹിക്കേണ്ടതെന്ന് ലോകത്തിനു തെളിയിച്ചു കൊടുക്കുകയാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍. കഴിവിന്റെ പരമാവധി ജനങ്ങളെ കഷ്ടപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് നടന്നു കയറുന്ന കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കേണ്ട സമയമാണിത്. അന്തിമ അഭിവാദ്യം.
പെട്രോളിന്റെ വില തോന്നിയതു പോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ അധികാരം അവര്‍ വിനിയോഗിക്കുന്നു എന്നതില്‍ അതിശയമില്ല. സമാനമായ രീതിയില്‍ മറ്റു മേഖലകളിലും നിയന്ത്രണങ്ങള്‍ എടുത്തു കളയാവുന്നതാണ്. പൊലീസിനടക്കം സര്‍വാധികാരവും നല്‍കിയാല്‍ അധികം വൈകാതെ കുറച്ചു നേതാക്കളൊഴികെയുള്ള ഇന്ത്യന്‍ ജനത ഒന്നാകെ ചത്തൊടുങ്ങിക്കൊള്ളും.
ഇത്രയേറെ ധിക്കാരമുളള ഒരു സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഒന്നാം യൂപ്പിയേ സര്‍ക്കാരില്‍ ഇടത് കക്ഷികള്‍ക്ക് നിര്‍ണ്ണയക സ്വാധീനമുണ്ടായിരുന്നത് ഇത്തരം ജനദ്രോഹ നടപടികള്‍ നിര്‍ലോഭം കൈക്കൊള്ളുന്നതില്‍ നിന്നും ഒരു പരിധി വരെ ഭരണക്കാരെ പിന്തിരിപ്പിച്ചിരുന്നു എന്നാല്‍ ക്ഷീണിതരായ ഇടതു കക്ഷികളുടെ പിന്തുണയുടെ ആവശ്യമോ സാധരണക്കാരുടെ ഒരു പ്രതിനിധി പോലുമോ ഇല്ലാത്ത രണ്ടാം യൂപ്പിയേ സര്‍ക്കാര്‍ ഓരോ ദിവസവും ജനങ്ങളുടെ മേല്‍ ഓരോ പുതിയ ഭാരം കെട്ടിവയ്ക്കുകയെന്നത് തങ്ങളുടെ അവകാശമാണെന്ന ധാരണയിലാണ് മുന്നേറുന്നത്.
സാമ്പത്തിക ശാസ്ത്രത്തിന്റെ എഴുതി വച്ചിരിക്കുന്ന തിയറികളില്‍ അധിഷ്ഠിതമല്ല ഇന്ത്യക്കാരായ സാധുക്കളുടെ സാമാന്യ ജീവിതം. അതു തിരിച്ചറിയാന്‍ സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍സിംഗിനു സാധിക്കുന്നില്ലെന്നു തോന്നുന്നു. അതോ, അദ്ദേഹത്തിന് പുറമേ കാണുന്ന അധികാരം മാത്രമേയുള്ളോ? ചെയ്തു കൂട്ടുന്നതൊക്കെ തെറ്റാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത പ്രതിസന്ധിയിലാണു പ്രധാനമന്ത്രിയെന്നും കരുതാം. സാമ്പത്തിക രംഗത്തുണ്ടാകുന്ന ഓരോ ചലനങ്ങളെയും സസൂക്ഷ്്മം നിരീക്ഷിക്കുന്ന അദ്ദേഹത്തിന് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിതം തിയറിക്കപ്പുറമുള്ള ഏതോ മിത്താണ്.
ഇവിടെ അന്നന്നത്തെ അന്നത്തിനു വേണ്ടി പകലന്തിയോളം കഷ്ടപ്പെട്ടു പണിയെടുക്കുന്ന ജനങ്ങളുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന് അവരുടെ ജീവിതത്തില്‍ വലിയ കാര്യമൊന്നുമില്ല. അത്തരം തിയറികള്‍ പഠിച്ചിട്ടല്ല അവര്‍ പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും മഞ്ഞിലുമൊക്കെ അലയുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദിനംപ്രതി ഇരുട്ടടി കിട്ടുന്നു എന്നതാണു വാസ്തവം. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരുന്നത് വാഹനങ്ങള്‍ ഉള്ളവരെ മാത്രമല്ല ബാധിക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത സാമ്പത്തിക വിദഗ്ധനെക്കൊണ്ട് ഈ നാടിന് എന്താണു പ്രയോജനം?
ശാന്ത സ്വഭാവിയെന്നോ സമാധാനപ്രിയനെന്നോ ഉള്ള വിശേഷണങ്ങളേക്കാള്‍ ജനക്ഷേമതത്പരനും കര്‍ക്കശക്കാരനും ധീരനുമായ ഭരണാധികാരിയെയാണ് നാടിനാവശ്യം. കുറേ ഉത്തരേന്ത്യന്‍ ഗോസായിമാരുടെ സ്വാര്‍ത്ഥ താത്പര്യത്തിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ടയാളല്ല ഇന്ത്യയുടെ ഭരണ സാരഥി.
നാലു മാസത്തിനിടെ രണ്ടു വട്ടം പെട്രോളിന്റെ വില കുത്തനെ കൂട്ടി. ഓരോ തവണയും അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടാകുന്ന ചലനങ്ങള്‍ ചൂണ്ടിക്കാണിച്ചാണു വില കയറ്റുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ ഇപ്പോഴുള്ള വിലയുടെ വലിയൊരു ശതമാനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണെന്ന് അറിയാത്തവരല്ല ഇവിടെയുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നാല്‍ അതനുസരിച്ചു വില ഉയര്‍ത്തുന്നവര്‍ തന്നെയാണ് ലോകത്തിലെ മറ്റു രാഷ്ട്രങ്ങളും. അവിടെയെങ്ങും ഇന്ത്യയിലേതിനു തുല്യമായ വന്‍ വില പെട്രോളിനില്ല. ഇവിടെ മാത്രം വില ഉയര്‍ത്താനും പിന്നീട് ഒരിക്കലും കുറയ്ക്കാതിരിക്കാനും കമ്പനികളെ അനുവദിച്ചിരിക്കുന്നു. സര്‍ക്കാരിന് പെട്രോളിയത്തിന്റെ വിലനിര്‍ണയത്തില്‍ അവകാശം വേണ്ടെന്നു നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി.
വില വര്‍ധന അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരുമെന്ന സൂചന വന്നതോടെ കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പുകളെല്ലാം സന്ധ്യയോടെ അടച്ചുപൂട്ടിയിരുന്നു. സ്റ്റോക്ക് കിടക്കുന്ന പെട്രോള്‍ കൂടിയ വിലയ്ക്കു വിറ്റഴിക്കാനുള്ള തന്ത്രം തന്നെയാണത്. നിലവിലുള്ള സ്‌റ്റോക്കിന് മുന്‍പ്രാബല്യത്തോടെ വിലവര്‍ധന വരുത്തുന്നതിലെ ഔചിത്യം എന്താണ്? കമ്പനികള്‍ സ്റ്റോക്കിന്റെ കണക്കെടുക്കുന്നുണ്ടെന്നും, അതനുസരിച്ച് പുതിയ വില പമ്പുകാരില്‍ നിന്ന് ഈടാക്കുമെന്നുമൊക്കെയാണു പൊതുവേ പറഞ്ഞു പോരുന്നത്. ഇതേ രീതി, വില കുറയ്ക്കുമ്പോഴും നടപ്പാക്കാത്തതിന്റെ കാരണം മാത്രം ആരും വ്യക്തമാക്കുന്നില്ല. വില കുറച്ചാലും രണ്ടും മൂന്നും ദിവസത്തേക്ക് കൂടിയ വിലയാണു പമ്പുകാര്‍ ഈടാക്കാറുള്ളത്. പഴയ സ്റ്റോക്ക് തീര്‍ന്നിട്ടില്ലെന്ന ന്യായവാദവുമുണ്ടാകും.
ഇത്തരം സകലവിധ അനീതികള്‍ക്കും പച്ചക്കൊടി വീശുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ മത്സരിക്കുകയാണവര്‍. വില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാനുള്ള വിധേയത്വമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. പ്രതിദിനം പതിനഞ്ചു കോടി രൂപയുടെ നഷ്ടം കമ്പനികള്‍ക്കുണ്ടാകുന്നു എന്നാണ് മറ്റൊരു വാദം. അങ്ങനെയങ്കില്‍, നികുതിയിനത്തില്‍ ഈടാക്കുന്ന തുകയില്‍ ഇളവു വരുത്തി ആ നഷ്ടം പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു പകരം, ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നത് തികച്ചും അപലപനീയം തന്നെ.
സ്വാഭാവികമായും, ഓട്ടോറിക്ഷാ തൊഴിലാളികളടക്കമുള്ളവര്‍ നിരക്കു വര്‍ധന ആവശ്യപ്പെട്ടു സമരത്തിനിറങ്ങും. അവരുടെ ആവശ്യവും അംഗീകരിക്കപ്പെടും. സംഘടിത ശക്തിയില്ലാത്ത ദിവസക്കൂലിക്കാരും സ്വയംതൊഴിലുകാരുമൊക്കെയാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം തിക്തഫലം അനുഭവിക്കുക.
രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നില ഭദ്രമായിരിക്കേണ്ടത് ഓരോ ഭരണാധികാരിയുടെയും കടമയാണ്. അത് അവര്‍ നിറവേറ്റുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിച്ച് നരകയാതനയിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന പ്രതിഷേധത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതും ഈ യാതനയില്‍ മനംമടുത്തു തന്നെ. പൊതുമുതല്‍ നശിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെങ്കിലും, സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റു വിളിക്കേണ്ടതു തന്നെ. ജനകീയ ശക്തിക്കു മുന്നില്‍ ഏതു വലിയ ധാര്‍ഷ്ടത്തിനും അടിയറവു പറയേണ്ടിവരുമെന്ന് യുപിഎ സര്‍ക്കാര്‍ ഓര്‍ക്കുന്നതു നന്ന്.
ഉണരുക, പൊരുതുക അടിമത്തത്തിന്റെ കാണാച്ചങ്ങലകള്‍ക്കെതിരേ... നമുക്കും ജീവിക്കാനുള്ള അവകാശത്തിനായി. ജനങ്ങളാല്‍ സാധാരണജനങ്ങള്‍ക്കുവേണ്ടി നീതിയുക്തമായി ഭരിക്കപ്പെടുന്നൊരിന്ത്യക്കു വേണ്ടി.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ