വീണ്ടും പനിയെക്കുറിച്ചു തന്നെ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തേണ്ടിയിരിക്കുന്നു. ദിനംപ്രതി പനിമരണങ്ങളുടെ സംഖ്യ വര്‍ധിക്കുമ്പോഴും നിയമസഭയില്‍ ഇറങ്ങിപ്പോക്കും വാക്പയറ്റും നടത്തി ദിനങ്ങള്‍ കഴിച്ചുകൂട്ടുകയാണ് നമ്മുടെ ജനപ്രതിനിധികള്‍. പനി ബാധിച്ചു മരിച്ചവരെല്ലാം കരള്‍രോഗികളാണെന്നു വരെ ആരോഗ്യ മന്ത്രി പറഞ്ഞു. കേന്ദ്രസംഘം അങ്ങനെ തന്നോടു പറഞ്ഞതായാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, കേന്ദ്രസംഘം റിപ്പോര്‍ട്ടു നല്‍കിയിട്ടില്ലെന്ന് മന്ത്രി തന്നെ പിറ്റേന്നു തിരുത്തിപ്പറയുകയും ചെയ്തു.
പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധിയെ നേരിടേണ്ടതിനു പകരം അപഹാസ്യമായ പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ദയവായി പുറപ്പെടുവിക്കാതിരിക്കുക. കേരളത്തില്‍ പനി പടരുന്നത് മന്ത്രിയുടെ വ്യക്തിപരമായ എന്തെങ്കിലും കുറ്റമാണെന്ന് ആരും പറഞ്ഞിട്ടില്ല. മ്ന്ത്രി പനിമരണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിച്ചതിലെ യുക്തി മാത്രമാണു മനസിലാകാത്തത്.
മാധ്യമങ്ങള്‍ പനിയെക്കുറിച്ചു വാര്‍ത്ത നല്‍കുന്നതിനോട് അസഹിഷ്ണുത പുലര്‍ത്തേണ്ട കാര്യമില്ല. നാട്ടില്‍ നടക്കുന്നത് പ്രസിദ്ധീകരിക്കുകയെന്നതാണ് മാധ്യമങ്ങളുടെ കടമയും ഉത്തരവാദിത്തവും. സ്വന്തം കടമ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ക്ക് അത് ഒരുപക്ഷേ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാകാം. അതു ഇവിടുത്തെ സാധാരണ ജനങ്ങളുടെ കുറ്റമല്ല. രാഷ്ട്രീയക്കാരുടെ അസ്വസ്ഥതകള്‍ക്കു മൂലകാരണമാകുന്നത് അവര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ ജനങ്ങള്‍ അറിയുമ്പോഴാണ്. ഇവിടെയും അതു തന്നെയാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രി തിരുത്തല്‍ പറഞ്ഞെങ്കിലും, അതു മരിച്ചവരുടെ കുടുംബങ്ങളോടുളള നീതിയാണെന്നു പറയാനാവില്ല. കരളിനു രോഗം ബാധിച്ചത് പനി മൂലമാണോയെന്നെങ്കിലും മന്ത്രിക്ക് അന്വേഷിക്കാമായിരുന്നു. മരണങ്ങളെല്ലാം സംഭവിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണെന്നാണ് കേട്ടിട്ടുള്ളത്. അങ്ങനെയെങ്കില്‍ എല്ലാവരും മരിക്കുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നാണെന്നു പറയുന്നതു പോലെ ബാലിശമായ വാദമാണ് മന്ത്രിയും അദ്ദേഹത്തെ പറഞ്ഞു ധരിപ്പിച്ച കേന്ദ്രസംഘവും ഉയര്‍ത്തിയത്.
കേരളത്തില്‍ പനി പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയുന്നവര്‍ ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുക തന്നെയാണ്. അത്തരം വെല്ലുവിളികള്‍ കേരളത്തില്‍ വേണ്ട. ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളോടു കാണിക്കുന്ന ധാര്‍ഷ്ട്യം കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചെലവാകില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നതു നല്ലതാണ്.
നാടാകെ പനി പടര്‍ന്നു കിടക്കുമ്പോള്‍ നിയമസഭയുടെ അകത്തളങ്ങളില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി പോര്‍വിളി തുടരുന്നതും അപലപനീയം തന്നെ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാനാണ് പൊതുപ്രവര്‍ത്തകര്‍ ഈ അവസരത്തില്‍ തയാറാകേണ്ടത്. അതിനു പകരം, ശബ്ദകോലാഹലം സൃഷ്ടിക്കുകയാണവര്‍. വിലകുറഞ്ഞ പ്രസ്താവനകളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് മാധ്യമങ്ങളും രംഗം കൊഴുപ്പിക്കുന്നു. ഇത്തരം നടപടികളെ ഒരുവിധത്തിലും ജനോപകാരപ്രദമെന്നു വിശേഷിപ്പിക്കാനാവില്ല.
ദിവസവും ഇവിടെ പനി ബാധിച്ച് പലരും മരിച്ചു. ആശുപത്രികളില്‍ പനിബാധിതരുടെ വന്‍തിരക്കാണ്. അവിടെ അടിസ്ഥാന സൗകര്യം ആവശ്യത്തിനുണ്ടോയെന്ന് അന്വേഷിക്കാന്‍ ആരെയും കാണുന്നില്ല. എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ആവര്‍ത്തിച്ചു പ്രസ്താവനയിറക്കുന്നതല്ലാതെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന് ആരും നോക്കുന്നില്ല.
പനി പടരുന്നതിന്റെ കുറ്റം മുഴുവന്‍ തട്ടുകടക്കാരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ആസൂത്രിത ശ്രമവും ഇതിനൊപ്പം നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, തട്ടുകടകളേക്കാള്‍ ശുചിത്വരഹിതമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ഹോട്ടലുകള്‍ ഇവിടെയുണ്ട്. അവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയിലേതെന്നു ചൂണ്ടിക്കാണിച്ചുള്ള ഒരു വീഡിയോദൃശ്യം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. കണ്ണാടിയലമാരയ്ക്കുളളിലിരിക്കുന്ന ഭക്ഷണവസ്തുവില്‍ എലി കയറിയിരിക്കുന്ന ഈ ദൃശ്യം കേരളത്തിലെ വന്‍കിട ഹോട്ടലുകളുടെയെല്ലാം ഉള്ളറകളില്‍ നടക്കുന്നതു തന്നെ.
ഏതെങ്കിലും വന്‍കിട ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഇതേവരെ ഉദ്യോഗസ്ഥ വൃന്ദം തയാറായിട്ടില്ല. തട്ടുകടകള്‍ രാത്രി പന്ത്രണ്ടിനു ശേഷം പ്രവര്‍ത്തിക്കേണ്ടെന്നതാണ് മറ്റൊരു നിര്‍ദേശം. പന്ത്രണ്ടു മണിക്കു ശേഷമാണ് ഭൂത,പ്രേതാദികള്‍ ഇറങ്ങുന്നതെന്ന് പഴയ കെട്ടുകഥകളില്‍ പറയുന്നതു പോലെ, പനി പരത്തുന്ന വൈറസുകള്‍ അര്‍ധരാത്രിക്കു ശേഷം തെരുവിലേക്കിറങ്ങുന്നു എന്നാണോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കരുതുന്നത്?
ഈ കെടുകാര്യസ്ഥത അടിയന്തരമായി അവസാനിപ്പിച്ചേ തീരൂ. പനിയുടെ പിടിയില്‍പ്പെട്ട് കേരളത്തില്‍ ഇനിയാരും മരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ കൊലപാതകക്കുറ്റം ചുമത്തി മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് ജനം ശ്രമിക്കേണ്ടത്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണയാണു വായിച്ചതെങ്കില്‍, പനി ബാധിച്ചു ജനങ്ങള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ കേരളത്തിലെ ജനപ്രതിനിധികള്‍ അഴിമതി ചെയ്തതെന്നതിന്റെ കണക്കെടുത്തു രസിക്കുകയാണ്. ഈ നയത്തെ ശുദ്ധ തെമ്മാടിത്തമെന്നേ മാന്യമായ ഭാഷയില്‍ വിശേഷിപ്പിക്കാനാവൂ.
1 അഭിപ്രായ(ങ്ങള്‍):
കഴിഞ്ഞ കൊല്ലം ശ്രിമതി മന്ത്രി ആയിരുന്നപ്പോ ഇങ്ങനത്തെ പോസ്റ്റ് ഒന്നും കണ്ടില്ല... എന്തെ??? പുള്ളികാരി കൊല്ലമാക്കിയ ആരോഗ്യവകുപ് ഇനി എങ്ങനെ നേരെ ആകാന്‍?? അത്ഹിനു വെല്ലോ ഉത്തരവും ഉണ്ടോ സഖാവേ???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ