കേരള രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദം കൂടി വന്നെത്തിയിരിക്കുന്നു. പാമോയില്‍ കേസ് പരിഗണിക്കുന്ന വിജിലന്‍സ് ജഡ്ജിക്കെതിരേ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് രാഷ്ട്രപതിക്കു നല്‍കിയ പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോര്‍ജിനെതിരേ ഭരണഘടനാപരമായ നടപടിയെടുക്കണമെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്നലെ ഗവര്‍ണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.
ഇതിലൊക്കെ രസാവഹമായ സംഗതി മറ്റൊന്നാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു കൂടി പരാമര്‍ശവിധേയമായ ഒരു കേസുമായി ബന്ധപ്പെട്ടാണ് ജോര്‍ജ് രാഷ്ട്രപതിക്കു പരാതി നല്‍കിയതെങ്കിലും, ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനെ തള്ളിപ്പറയുന്നു എന്നതാണത്.
താന്‍ പരാതി നല്‍കിയത് ചീഫ് വിപ്പ് എന്ന നിലയിലോ എംഎല്‍എ എന്ന നിലയിലോ അല്ലെന്നു ജോര്‍ജ് തന്നെ പറയുന്നുണ്ട്. രാജ്യത്തെ ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ് പരാതി നല്‍കിയതെന്ന അദ്ദേഹത്തിന്റെ വാദം മുഖവിലയ്‌ക്കെടുക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ തയാറാവുന്നില്ല.
ഇതെല്ലാം സൂചിപ്പിക്കുന്നത് പി.സി ജോര്‍ജ് എന്ന നേതാവിനെതിരേ അണിയറയില്‍ എന്തൊക്കെയോ കോപ്പുകൂട്ടലുകള്‍ നടക്കുന്നുണ്ടെന്നതു തന്നെ. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും തങ്ങളുടെ സഹയാത്രികനെ തള്ളിപ്പറയുന്നു. അതു അവസരവാദം തന്നെയാണ്.
പി.സി ജോര്‍ജ് ചെയ്തത് ചട്ടലംഘനമോ കോടതിയലക്ഷ്യമോ ആയിരിക്കാം. അതിന്റെ പേരില്‍ നടപടിയെടുക്കാന്‍ ഇവിടെ കോടതികളുണ്ട്. പിണറായി വിജയനോ വി ഡി സതീശനോ അല്ല ഇവിടുത്തെ ന്യായാധിപന്‍മാര്‍. ഏതെങ്കിലും നിയമലംഘനത്തിന് ആരെയെങ്കിലും ശിക്ഷിക്കാനോ നടപടിയെടുക്കാനോ ഇവരെ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല. എന്നിട്ടും, ചാനലുകളിലും പത്രങ്ങളിലും പേര് അച്ചടിച്ചു വരുന്നതിനു വേണ്ടി ഇവരെല്ലാം പ്രസ്താവകളിറക്കി സമയം കൊല്ലുന്നു.
പാമോയില്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിലടക്കം യുഡിഎഫ് അഴിച്ചുപണി നടത്തുകയാണെന്ന ആരോപണം സിപിഎം നേതൃത്വം നേരത്തേ ഉന്നയിച്ചിരുന്നു. ഇക്കാരണത്താലാകാം ജോര്‍ജിന്റെ പരാതിയെ തള്ളിപ്പറയാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. ജുഡീഷ്യറിയെ രാഷ്ട്രീയക്കാര്‍ എടുത്ത് അമ്മാനമാടുന്ന പ്രവണത തികച്ചും അപലപനീയം തന്നെ. ഓരോ രാഷ്ട്രീയ വിവാദത്തിലേക്കും ജുഡീഷ്യറിയെ വലിച്ചിഴയ്ക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കാണുന്നത്. അത്തരം സമീപനങ്ങളെ കടുത്ത ഭാഷയില്‍ത്തന്നെയാണ് ഇവിടുത്തെ നിയമപരിപാലനം കാംക്ഷിക്കുന്നവര്‍ വിമര്‍ശിച്ചിട്ടുള്ളതെന്നത് മറക്കാതിരിക്കാം.
ഏതു കേസിലാണെങ്കിലും അന്തിമ തീരുമാനം വരേണ്ടത് കോടതിയില്‍ നിന്നാണ്. പാമോയില്‍ കേസില്‍ പുതിയ അന്വേഷണം നടത്തണമെന്നു കോടതി പറഞ്ഞാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. കുറ്റം ചെയ്യാത്തവര്‍ എന്തിന് അന്വേഷണത്തെ ഭയക്കണം? എന്തിനീ വാദകോലാഹലങ്ങള്‍?രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് പരമപ്രധാനമായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് നീതിന്യായ പരിപാലനം. കേസുകളുടെ വിധി വരുമ്പോള്‍ അത് എതിരായിത്തീരുന്നവര്‍ക്ക് സ്വാഭാവികമായും അമര്‍ഷമുണ്ടാകാം. പക്ഷേ, അത്തരം മാനസിക സംഘര്‍ഷങ്ങളെല്ലാം അടക്കി വച്ച് വിധി പൂര്‍ണമായി അംഗീകരിക്കുക എന്നതാണ് സ്വാഭാവികനീതി.
കോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. താന്‍ ചീഫ് വിപ്പ് എന്ന നിലയിലല്ല പരാതി നല്‍കിയതെന്ന് ജോര്‍ജും പറയുന്നു. പിന്നെ ആര്‍ക്കാണു തര്‍ക്കം? കോടതികളെ പരസ്യ പ്രസ്താവനകളിലേക്കു വലിച്ചിഴയ്ക്കുന്നത് ആശാസ്യമല്ല. ജനങ്ങള്‍ക്ക് ആകെയുള്ള ആശ്രയമാണു കോടതികള്‍. ചില ജഡ്ജിമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതും സൗമിത്ര സെന്നിന്റെ പുറത്തുപോക്കുമൊക്കെ ചേര്‍ന്നു സൃഷ്ടിച്ച ആശയക്കുഴപ്പത്തിനിടയിലേക്ക് പുതിയ വിവാദങ്ങള്‍ കൂടി വലിച്ചിഴച്ചു കൊണ്ടുവരരുത്. താത്കാലികമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചെയ്യുന്നതെല്ലാം ഭാവിയില്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളിലേക്കാകും നയിക്കുകയെന്ന് എല്ലാവരും തിരിച്ചറിയണം.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ