2011, സെപ്റ്റം 15

രാജേഷിന്റെ പ്രസ്താവനയും മാനസിക വിഭ്രാന്തി പിടിപെട്ട കുറേ മാധ്യമങ്ങളും

കുഞ്ഞാലിക്കുട്ടിക്കും പിള്ളയ്ക്കുമെതിരേ എരിവും പുളിയും ചേര്‍ത്തു ചില നേതാക്കള്‍ പറയുന്നതു കയ്യടി കിട്ടാനാണെന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ബി. രാജേഷിന്റെ അഭിപ്രായം ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. കുറഞ്ഞ അധ്വാനം കൊണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ പ്രസംഗകര്‍ക്കു സാധിക്കുമെന്നല്ലാതെ ഇതുകൊണ്ട് സമൂഹത്തിനു ഗുണമൊന്നുമുണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ തമസ്കരിച്ചുകൊണ്ട് വിവാദങ്ങള്‍ നിറഞ്ഞാടുന്ന കാലഘട്ടത്തില്‍ യുവാക്കള്‍ക്കിടയില്‍ രൂപംകൊള്ളുന്ന അഭിപ്രായം തന്നെയാണു രാജേഷ് പറഞ്ഞത്.

രാജേഷിന്റെ അഭിപ്രായം വി.എസ് അച്യുതാനന്ദനെ ഉന്നംവച്ചുള്ളതാണെന്ന രീതിയിലുള്ള വാര്‍ത്തകളും ഇന്നലെ പുറത്തു വന്നിരുന്നു. മാനസിക വിഭ്രാന്തി പിടിപെട്ട ഒരു ചാനല്‍ വിചാരിപ്പുകാരന്റെ വക്രബുദ്ധിയിലുദിച്ച വിവാദം ആസ്വദിച്ച് ആനന്ദിക്കുന്നവര്‍ രാജേഷിന്റെ അഭിപ്രായത്തിന്റെ കാമ്പ് കാണാതിരുന്നുകൂടാ. അടുത്തിടെയായി നിരന്തരം ഉയര്‍ന്നു വരുന്ന വിവാദങ്ങളിലൂടെ കേരളജനത എന്തു നേട്ടമാണു കൈവരിച്ചതെന്നു ചിന്തിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കണം. അത്തരമൊരു ആത്മപരിശോധനയുടെ ആവശ്യകതയിലേക്കാണു രാജേഷിന്റെ അഭിപ്രായപ്രകടനം വിരല്‍ ചൂണ്ടുന്നത്.

രണ്ടു മൂന്നു ദിവസമായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് രാഷ്ട്രപതിക്കു പരാതി നല്‍കിയതിനെക്കുറിച്ചാണു തര്‍ക്കം. ഇത്തരം തര്‍ക്കങ്ങളുടെ ആയുസ് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമായിരിക്കുമെന്ന് രാജേഷിനെപ്പോലുള്ള യുവനേതാക്കള്‍ തിരിച്ചറിയുന്നു എന്നതാണ് ആശ്വാസകരമായ വസ്തുത. പുതിയ തലമുറയില്‍ ജനസേവന തത്പരരായ നേതാക്കളില്ലെന്ന തോന്നല്‍ തെറ്റാണെന്നു തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഉപകരിച്ചിട്ടുണ്ട്. എങ്കിലും വിഎസിനെതിരേ രാജേഷ് പറഞ്ഞു എന്ന രീതിയിലാണ് ചാനലുകളടക്കമുളള മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം മുന്നോട്ടു വച്ച ക്രിയാത്മകമായ സമീപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്കു സമയമില്ലാതെ പോയി എന്നതു ഖേദകരം തന്നെ.

ഒരുപക്ഷേ രാജേഷ് തന്നെ പിന്നീടു പറഞ്ഞതുപോലെ തികച്ചും ദുര്‍വ്യാഖ്യാനം ചെയ്ത വാര്‍ത്തയാകാം വന്നിരിക്കുക. ഏതായാലും പറഞ്ഞ വാക്കുകളെ ഉപരിപ്ലവമായി സമീപിക്കുകയെന്ന ചാനലുകളുടെ തരംതാണ റിപ്പോര്‍ട്ടിംഗ് രീതിയാണ് ഇതിലൂടെ വെളിപ്പെടുന്നത്.

യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നുളള ഒളിച്ചോട്ടത്തെക്കുറിച്ചാണ് രാജേഷ് ഭംഗ്യന്തരേണ പറഞ്ഞുവച്ചത്. അതു മനസിലാക്കാനുള്ള വിവേകമെങ്കിലും ചാനലുകള്‍ക്കുണ്ടാവേണ്ടിയിരുന്നു. വൈകിട്ട് കാഴ്ചക്കാരെ പിടിച്ചിരുത്താനുള്ള കിടമത്സരമെന്നതിലുപരി ഇത്തരം വിവാദങ്ങള്‍ക്ക് പ്രത്യേക അര്‍ത്ഥതലങ്ങളൊന്നുമില്ലെന്നതാണു വാസ്തവം.

വിവാദങ്ങള്‍ വാര്‍ത്ത തന്നെയാണ്. എന്നാല്‍, എല്ലാത്തിലും വിവാദം മാത്രം കാണുകയോ, വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദത്തെ സൃഷ്ടിക്കുകയോ ചെയ്യുന്നിടത്താണ് ജനവിരുദ്ധതയുടെ നിഴല്‍ വീഴുന്നത്. അന്നാ ഹസാരെയെന്ന അരാഷ്ട്രീയവാദിയുടെ സമരത്തെ വാണിജ്യവത്കരിക്കുന്നതില്‍ ചാനലുകളും ദേശീയ മാധ്യമങ്ങളും വിജയിച്ചതു കണ്ടതോടെയാണ് രാംദേവ് എന്ന യോഗാചാര്യന്‍ സമരത്തിനിറങ്ങിയതെന്ന സത്യം വിസ്മരിക്കരുത്.

ചാനലുകളില്‍ വൈകിട്ടു നടക്കുന്ന ചര്‍ച്ചകളിലൂടെ മാത്രം പൊതുപ്രവര്‍ത്തനം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ വിലയേറിയ സമയം ചാനല്‍ സ്റ്റുഡിയോകളില്‍ ചെലവഴിക്കാന്‍ സാധിക്കില്ലെന്നതാണു വാസ്തവം. അങ്ങനെയുള്ള ചില നേതാക്കളുടെയും നിരീക്ഷകവേഷമിട്ട ചില പബ്ലിസിറ്റി വീരന്‍മാരുടെയും ഒരു ദിവസത്തെ അത്താഴമെന്നതിലുപരി രാജേഷിന്റെ പ്രസ്താവനയുടെ വ്യാഖ്യാനത്തിനും നിലനില്‍പ്പില്ല.

യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഉള്‍ക്കാമ്പിനെക്കുറിച്ചാണ്. അതിലൂടെ അദ്ദേഹം തുറന്നു പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചാവിഷയമാകേണ്ടത്. നിസാരമോ വ്യക്തിപരമോ ആയ വിഷയങ്ങളെ പര്‍വതീകരിപ്പിച്ചു കാട്ടി വിവാദങ്ങളുടെ കെട്ടഴിച്ചു വിടുന്ന രീതി മാറണം. അതെക്കുറിച്ചുള്ള ആരോഗ്യപരമായ ചര്‍ച്ചകളാകും ജനങ്ങള്‍ക്കു ഗുണം ചെയ്യുക.

പൊട്ടിപ്പൊളിഞ്ഞ റോഡുകളെന്ന പത്രത്താളുകളിലെ പതിവു ലോക്കല്‍ വാര്‍ത്തകള്‍ക്കപ്പുറം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ഏറെയുണ്ട്. അതൊന്നും മാധ്യമങ്ങളില്‍ കാണുന്നില്ല. സമൂഹത്തിന്റെ ചിന്താഗതിക്കടക്കം സംഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ദിനംപ്രതി പീഡനവാര്‍ത്തകള്‍ കൊണ്ട് പത്രത്താളുകള്‍ നിറയ്ക്കപ്പെടുന്നു. പെണ്‍മക്കളെ പിതാക്കളോടൊപ്പം ഒറ്റയ്ക്കു വീട്ടിലിരുത്തുന്നതു പോലും അപകടകരമാണെന്ന തരത്തിലുള്ള പ്രസ്താവങ്ങളിലൂടെ മാധ്യമങ്ങളും കുറേ മാനസിക വിഭ്രാന്തി പിടിപെട്ടവരും മനുഷ്യമനസിലേക്ക് വല്ലാത്തൊരു ഭീതി പടച്ചു വിടുന്നു.

ഇതൊന്നുമാകരുത് മാധ്യമധര്‍മം. പീഡനക്കേസുകളില്‍ എത്രയെണ്ണം അക്ഷരാര്‍ത്ഥത്തിലുള്ള പീഡനമാണെന്നുള്ള അന്വേഷണം ആരും നടത്താറില്ല. സ്വന്തം പെണ്‍മക്കളെ വ്യഭിചാരത്തിനു കൊണ്ടു നടക്കുന്നവരുടെ മനോനിലയെക്കുറിച്ചും ആരും അന്വേഷിച്ചു കാണുന്നില്ല. അതിനു പകരം, കുറേ വിഭ്രമാത്മകമായ ചിന്തകള്‍ക്ക് പത്രത്താളുകളിലും ചാനലിന്റെ സമയത്തിലും പങ്കു കൊടുക്കുന്നു. അതിനിടയില്‍ കിട്ടുന്ന സമയമാകട്ടെ, വിവാദങ്ങള്‍ കൊണ്ട് കുത്തിനിറയ്ക്കുകയും. ഇതാണ് തെറ്റായ സമീപനം.

യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളെല്ലാം മറന്നിട്ട് വ്യക്തികളെക്കുറിച്ചു ചര്‍ച്ച ചെയ്ത് സമയം കളയുന്നതല്ല പൊതുപ്രവര്‍ത്തനം. അത്തരം പൊതുപ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളില്‍ ഇടം കിട്ടില്ലെന്നു വന്നാലേ ഈ ദുഷ്പ്രവണത ഇല്ലാതാകൂ. കാതലായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പകരം പൈങ്കിളി നിലവാരത്തിലുള്ള വാഗ്വാദങ്ങളിലേക്കു ചാനലുകളിലെ ചര്‍ച്ചകള്‍ മാറരുത്.

രാജേഷിന്റെ പ്രസ്താവനയുടെ അര്‍ത്ഥം എന്തുമാകട്ടെ. അദ്ദേഹം എടുത്തു പറഞ്ഞ കാതലായ വശത്തെക്കുറിച്ച് ചര്‍ച്ച നടക്കണം. തമസ്കരിക്കപ്പെടുന്ന ഗുരുതരമായ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായേ തീരൂ. അതാണ് യുവതലമുറ ആവശ്യപ്പെടുന്നത്. അതിനെ അതിന്റേതായ അര്‍ത്ഥത്തില്‍ത്തന്നെ എടുത്തില്ലെങ്കില്‍ ആര്‍ക്കും ഗുണമില്ലാത്ത ഒരു കര്‍മമാകും മാധ്യമപ്രവര്‍ത്തനം.

2 അഭിപ്രായ(ങ്ങള്‍):

വിബിച്ചായന്‍ പറഞ്ഞു...

മാധ്യമ ധര്‍മ്മം എന്താന്ന് അറിയാത്തവര്‍ ആണ് പല മാധ്യമപ്രവര്‍ത്തകരും

Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍ പറഞ്ഞു...

നന്നായി പറഞ്ഞു.അഭിനന്ദനങ്ങള്‍.