2011, ഡിസം 8

കുറ്റക്കാര്‍ സാധാരണ ജനങ്ങള്‍???

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കു നേരേയുണ്ടായ വ്യാപകമായ അക്രമം തികച്ചും അപലപനീയമാണ്. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതിന്റെ സൂചന തന്നെയാണ് ഈ അക്രമങ്ങള്‍ എന്നു കരുതാം.

മുല്ലപ്പെരിയാര്‍ അണക്കെട്ടു സൃഷ്ടിച്ചേക്കാവുന്ന വന്‍ദുരന്തത്തിലുള്ള ഭയം ഏറെക്കാലമായി ഇവിടെ നിലനില്‍ക്കുന്നു. പ്രദേശവാസികളുടെ ഭയത്തില്‍ നിന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉദയം. അവര്‍ സമരമുഖത്ത് കുറേക്കാലമായി ഉണ്ടെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. അഥവാ, രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ അവഗണിച്ചു.


എന്നാല്‍, ജനങ്ങള്‍ അത്തരം അവഗണനാമനോഭാവം പ്രകടിപ്പിച്ചില്ല. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ വന്‍ ജനകീയ മുന്നേറ്റമായി സമരസമിതി മാറി. ഒരിക്കല്‍പ്പോലും അക്രമത്തിന്റെ പാതയിലേക്കു പോകാതെ നടത്തിയ സമരത്തിന്റെ ദൂരവ്യാപകഫലം തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കു വിരുദ്ധമായേക്കാമെന്ന ആശങ്കയാണ് രാഷ്ട്രീയ പാര്‍ട്ടികളെ വളരെപ്പെട്ടെന്ന് മുല്ലപ്പെരിയാറിലേക്കു നയിച്ചത്.

വിഷയത്തില്‍ പാര്‍ട്ടികള്‍ ഇടപെട്ടതോടെ സമാധാനപരമായ സമരമാര്‍ഗങ്ങള്‍ തകര്‍ന്നടിഞ്ഞു. മുല്ലപ്പെരിയാറില്‍ അക്രമം തുടങ്ങി. തമിഴര്‍ക്കു നേരേയുണ്ടാകുന്ന ചെറിയൊരു നീക്കം പോലും തമിഴ്‌നാടിനെ ഒറ്റക്കെട്ടായി ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന മനഃശാസ്ത്രം ശരിക്കു പഠിച്ചവര്‍ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങള്‍ക്കു പിന്നിലെന്നതില്‍ തര്‍ക്കമില്ല. പ്രാദേശികവാദത്തിന് ഏറെ വേരോട്ടമുള്ള മണ്ണാണു തമിഴകം. തമിഴരെന്ന വികാരത്തില്‍ അധിഷ്ഠിതമാണ് അവിടുത്തെ ഓരോ നീക്കങ്ങളും. അക്കാരണത്താല്‍ത്തന്നെ, വീണ്ടുവിചാരമില്ലാതെ എന്ത് അക്രമത്തിനും തമിഴര്‍ തയാറാകും.


കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒന്നോ രണ്ടോ വണ്ടികള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, തമിഴ്‌നാട്ടില്‍ ആയിരക്കണക്കിനു മലയാളികളുടെ സ്ഥിതി ആശങ്കാജനകമായി. മലയാളികളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു തുടങ്ങി. ഇനി, മലയാളികളെ കൂട്ടത്തോടെ ആക്രമിക്കുന്ന അവസ്ഥയുമുണ്ടായേക്കാം.


തമിഴ്‌നാട്ടില്‍ ജീവിക്കുന്ന മലയാളികളുടെ എണ്ണത്തേക്കാള്‍ വളരെ വലുതാണ് കേരളത്തില്‍ താമസിക്കുന്ന തമിഴരുടെ സംഖ്യ. അവര്‍ നടത്തുന്ന സ്ഥാപനങ്ങളാണ് കേരളത്തില്‍ വ്യാപാരമേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലതും. ആ സ്ഥിതിക്ക്, ഇവിടെ തിരിച്ചടി കൂടിയുണ്ടായാല്‍ അതാകും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം.


കൈവിട്ട കളിയാണ് യുഡിഎഫ് സര്‍ക്കാര്‍ കളിച്ചത്. മുല്ലപ്പെരിയാര്‍ സമരസമിതിയെ പൊളിക്കാന്‍ നടത്തിയ നാടകം പിടിച്ചാലൊതുങ്ങാത്ത രീതിയിലേക്കു മാറിത്തുടങ്ങിയിരിക്കുന്നു. ഇനി, മുല്ലപ്പെരിയാര്‍ പൂര്‍ണസുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ആയിരം വട്ടം ആവര്‍ത്തിച്ചിട്ടു പ്രയോജനമില്ല. ഭീതിയുടെ വന്‍വേലിയേറ്റങ്ങള്‍ നിറഞ്ഞ മലയാളിയുടെ മനസില്‍ അതു വിലപ്പോവുമോ?


ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ഏക മാര്‍ഗം മുന്നിലുള്ളത് ജനങ്ങള്‍ സ്വമേധയാ സമരത്തില്‍ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിക്കുക മാത്രമാണ്. അതിനുള്ള എളുപ്പവഴിയാണ് അക്രമം. മലയാളികള്‍ തമിഴ്‌നാട്ടില്‍ കൂട്ടത്തോടെ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ അതോടെ കേരളീയര്‍ സമരം നിര്‍ത്താന്‍ തയാറാവും. അതു മനസിലാക്കി നടത്തുന്ന രാഷ്ട്രീയ നീക്കമാണോ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെന്ന് അറിയേണ്ടിയിരിക്കുന്നു.


കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നമായി മുല്ലപ്പെരിയാര്‍ മാറരുതെന്ന് മുഖ്യമന്ത്രി അപേക്ഷിക്കേണ്ട അവസ്ഥയിലാണു കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തി സമരത്തിനിറക്കിയ ശേഷം തന്ത്രപൂര്‍വം പിന്മാറിയ സര്‍ക്കാര്‍ തന്നെയാണ് ഈ ദുരവസ്ഥയുടെ ഉത്തരവാദികള്‍. മുല്ലപ്പെരിയാറിലേക്ക് ഓരോ ദിവസവും കൂടുതല്‍ ജനങ്ങള്‍ എത്തുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇതെല്ലാം എത്രകാലം തുടരുമെന്ന് മാത്രം കണ്ടറിയണം. സര്‍ക്കാര്‍ കാത്തിരിക്കുന്നതും അതിനു തന്നെ.


സ്വാഭാവിക അന്ത്യം സമരത്തിനുണ്ടാകുന്ന കാലം വിദൂരമല്ലെന്ന് മലയാളിയുടെ മനസറിയുന്ന ഏവര്‍ക്കുമറിയാം. കുറേ ദിവസം സമരം നടത്തിയ ശേഷം ജനം പിരിയും. എല്ലാവരും എല്ലാം മറക്കും. മുല്ലപ്പെരിയാറിന്റെ സമീപത്തു താമസിക്കുന്ന കുറേ ഹതഭാഗ്യര്‍ മാത്രം ഭയത്തില്‍ മുങ്ങി ജീവിക്കും. അതാണ് ഇവിടെ നടക്കാന്‍ പോകുന്നത്.


മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ സത്യവാങ്മൂലം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കുറേ തെറ്റായ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഈ തര്‍ക്കത്തിനെല്ലാം കാരണമെന്നാണ് ഇന്നലെ കണ്ടെത്തിയത്. അതായത്, സത്യങ്ങള്‍ വിളിച്ചു പറഞ്ഞ മാധ്യമങ്ങള്‍ തന്നെ എല്ലാറ്റിനും ഉത്തരവാദികള്‍.


ചെറുപ്പം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനമെന്നു പറഞ്ഞ് സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ നടന്നു വളര്‍ന്ന കുറേപ്പേരാണ് നാടു ഭരിക്കുന്നത്. അവരില്‍ ആരും ജനങ്ങളുടെ സാധാരണ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടില്ല. ജനകീയ സമരമുഖങ്ങളില്‍ അവരെ കണ്ടിട്ടേയില്ല. അവരുടെ ലക്ഷ്യം അധികാരക്കസേര മാത്രം. അത്തരം കുറേപ്പേരുടെ സംഘങ്ങളാണ് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളും തകര്‍ത്തെറിഞ്ഞു നാടുവാഴുന്നത്.


ഇന്നു നാടു ഭരിക്കുന്നവരില്‍ എത്രപേര്‍ക്ക് സാധാരണക്കാരുമായി ബന്ധമുണ്ട്? ഇവരെ കാണാന്‍ പോലും അനുവാദം വാങ്ങി മണിക്കൂറുകള്‍ കാത്തു നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണു സാധാരണ ജനങ്ങള്‍. പാര്‍ട്ടിക്കുള്ളില്‍ തന്ത്രങ്ങള്‍ പയറ്റി നേതാക്കളായ ഇവരുടെ കപട തന്ത്രങ്ങളുടെ ഇരകളാണു മുല്ലപ്പെരിയാറിലെ ജനങ്ങള്‍. ജയലളിതയും ഉമ്മന്‍ചാണ്ടിയും ഒരേ പാതയിലെ യാത്രികര്‍ തന്നെ. രണ്ടു പേര്‍ക്കും ജനങ്ങളുടെ താത്പര്യത്തേക്കാള്‍ വലുത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെ. അങ്ങനെയല്ലെങ്കില്‍, എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ വിഷയം തീര്‍ത്തുകൂടാ? ഇപ്പോള്‍ രണ്ടു സംസ്ഥാനത്തിനും ഒരേ അഭിപ്രായം തന്നെ.മുല്ലപ്പെരിയാര്‍ സുരക്ഷിതം. ഇവിടെ കുറ്റക്കാരാകുന്നത് സമരത്തിനിറങ്ങിയ കുറേ ജനങ്ങള്‍ മാത്രം.


മുല്ലപ്പെരിയാറില്‍ നടക്കുന്ന സകലതിന്റെയും ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവച്ച് തടിതപ്പുന്ന ഈ സമീപനം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു യോജിച്ചതല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.


 

1 അഭിപ്രായ(ങ്ങള്‍):

http://www.themusicplus.com/ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.