2011, ഡിസം 13

നമുക്ക് ഒഴുകി അറബിക്കടലില്‍ അലിയാം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാന്യമായ ഭാഷയില്‍ മാത്രം സംസാരിക്കുന്ന കേരള നേതാക്കളോടുള്ള വെല്ലുവിളിയാണ് തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയും മകന്‍ സ്റ്റാലിനും നടത്തിയത്. കേരളം തമിഴ്‌നാടിനെ സഹാറ മരുഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് കരുണാനിധി പറഞ്ഞപ്പോള്‍ മകന്‍ ഒരു പടികൂടി കടന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ ജനങ്ങളെ കൊല്ലാനാണു കേരളത്തിന്റെ ശ്രമമെന്നു കുറ്റപ്പെടുത്തി. കേരളത്തിലുളള തമിഴരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും കരുണാനിധി പറഞ്ഞിട്ടുണ്ട്.


മാരകായുധങ്ങളുമായി അതിര്‍ത്തി കടന്നു കേരളത്തിലെ ഗ്രാമങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന തമിഴ് ഗുണ്ടകളെക്കുറിച്ച് രണ്ടു പേരും ഒന്നും പറയുന്നില്ല. തമിഴ്‌നാട്ടിലെ പലയിടത്തും മലയാളികളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, കേരളത്തില്‍ ഒരു തമിഴ്‌നാട്ടുകാരന്‍ പോലും ആക്രമിക്കപ്പെട്ടില്ല. തമിഴര്‍ നടത്തുന്ന ഒരു സ്ഥാപനം പോലും തകര്‍ക്കപ്പെട്ടുമില്ല. അതാണ് മലയാളിയുടെ മാന്യത. എന്നിട്ടും, മലയാളികളാകെ തമിഴര്‍ക്കെതിരേ രൂക്ഷമായ ആക്രമണം നടത്തുകയാണെന്ന മട്ടിലാണ് കരുണാനിധി പ്രതികരിച്ചത്. ഇതിനെ രാഷ്ട്രീയ മാന്യതാരാഹിത്യം എന്നേ വിശേഷിപ്പിക്കാനാവൂ.


കേരളത്തിലെ പ്രതിപക്ഷ നേതാവോ, മന്ത്രിമാരോ പോയിട്ട്, സാധാരണ നേതാക്കള്‍ പോലും തമിഴര്‍ക്കെതിരേ എന്തെങ്കിലും ഇതേവരെ പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ സര്‍ക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നു പറയുന്നതിനെ ഒരു ജനതയ്‌ക്കെതിരേയുള്ള ആക്രമണമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം വെളിപ്പെടുത്തുകയാണ് കരുണാനിധിയും മകനും ചെയ്തത്. ഗുണ്ടായിസവും പണക്കൊഴുപ്പും മാത്രം കൈമുതലായ നേതാക്കളാണു തമിഴ്‌നാട്ടിലുള്ളത്. ജനാധിപത്യത്തെക്കുറിച്ചോ ജനകീയ ഭരണക്രമത്തെക്കുറിച്ചോ അറിവില്ലാത്ത തമിഴ്ജനതയ്ക്കു മുന്നില്‍ രാജഭരണകാലത്തെ പ്രൗഢികളുമായി വിലസുന്ന നേതാക്കളുടെ ജല്പനങ്ങള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടം മുന്നില്‍ക്കണ്ടാവാം. എന്നാല്‍, ആത്യന്തികമായി അത് എത്തി നില്‍ക്കുക രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുണ്ടായേക്കാവുന്ന വൈരത്തിലാകുമെന്ന് എല്ലാവരും തിരിച്ചറിയണം.


തമിഴ്‌നാടിന് വെള്ളം നല്‍കാമെന്ന് ആവര്‍ത്തിച്ചു പറയുന്ന കേരള സര്‍ക്കാരിനെ ആരും അറിയുന്നില്ല. തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ ആ വാര്‍ത്ത വരാറുമില്ല. അതിനു പകരം, അവിടെ പത്രങ്ങളിലൂടെ നടക്കുന്ന പ്രചാരണം കേരളം അണക്കെട്ടു പൊളിച്ച് തമിഴ്‌നാട്ടിലേക്കുള്ള വെളളം തടയുന്നു എന്ന നിലയ്ക്കാണ്. കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരസ്യവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വകയായി ചില പത്രങ്ങളില്‍ വന്നു. കേരളത്തിലും ഇംഗ്ലീഷ് പത്രങ്ങള്‍ ജയലളിതയുടെ പരസ്യം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്ടിലെ ഏതെങ്കിലും പത്രം കേരള മുഖ്യമന്ത്രിയുടേതായി ഇതേ രീതിയില്‍ പരസ്യം നല്‍കിയാല്‍ അതു പ്രസിദ്ധീകരിക്കാന്‍ തയാറാവുമോ? മാത്രവുമല്ല, മലയാള പത്രങ്ങള്‍ പോലും സെന്‍സര്‍ഷിപ്പിനു വിധേയമാകുന്നുണ്ടവിടെ. അതെല്ലാം കണ്ടില്ലെന്നു നടിച്ച് എത്ര നാള്‍ മുന്നോട്ടു പോകാനാവും?


മലയാളിയുടെ മാന്യതയെ മുതലെടുക്കുകയാണ് തമിഴ്‌നാട്ടിലെ നേതാക്കള്‍. തങ്ങള്‍ക്ക് എന്തുമാകാമെന്ന ധിക്കാരമാണ് അവരുടെ വാക്കുകളിലും പ്രവൃത്തിയിലും കാണുന്നത്. ഇത് അംഗീകരിക്കാനാവില്ല. തമിഴ്‌നാട്ടിലെ മലയാളികള്‍ക്കു നേരേയുണ്ടാകുന്ന ഏത് അക്രമത്തെയും അതിശക്തമായ ഭാഷയില്‍ അപലപിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്കു സാധിക്കണം. വെറുതേ ചാനല്‍ ചര്‍ച്ചകളില്‍ കയറിയിരുന്ന് വീമ്പിളക്കാതെ കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ക്കും കഴിയണം. അതിനു പകരം, വെറുതേ തമിഴരുടെ കൈകൊണ്ട് മരണം വരിക്കാന്‍ കേരളീയരെ വിട്ടുകൊടുക്കരുത്.


തമിഴ്‌നാടിന്റെ ധിക്കാരത്തിനു മൂലകാരണം അവിടെ നിന്നുള്ള പച്ചക്കറിയും അരിയുമാണ് കേരളീയര്‍ ഭക്ഷിക്കുന്നത് എന്നതു തന്നെ. ആ വസ്തുക്കള്‍ ഇവിടെ വേണ്ടെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി എന്തിനാണു മടിക്കുന്നത്? കര്‍ണാടകയില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ ആവശ്യത്തിനുള്ള ഭക്ഷണവസ്തുക്കള്‍ ഇവിടെ എത്തിക്കണം. തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് ഒരു ചരക്കുവണ്ടി പോലും ഇവിടേക്ക് പണമോഹവുമായി എത്തേണ്ടതില്ലെന്ന് ഉറച്ച നിലപാടെടുത്താല്‍ കരുണാനിധിയുടെയും ജയലളിതയുടെയുമൊക്കെ കോലം കത്തിക്കുക തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തന്നെ ആയിരിക്കും. അതാണ് ചെയ്യേണ്ടത്.


ഇതിനിടെ, ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ആരോ കരുതിക്കൂട്ടി നടത്തുന്ന നീക്കമാണു മുല്ലപ്പെരിയാര്‍ സമരമെന്ന നിലയ്ക്കുള്ള പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്. തികച്ചും ബാലിശമായ ഇത്തരം പ്രചാരണങ്ങള്‍ക്കുള്ള സമയമല്ലിത്. സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ ഏതു കേന്ദ്രത്തില്‍ നിന്നുണ്ടായാലും അത് അപലപനീയം തന്നെ. കേരളത്തിലെ ജനങ്ങളെ വിഘടിപ്പിച്ച് തമിഴ്‌നാടിനു വേണ്ടി വിടുപണി ചെയ്യുന്ന ആരെങ്കിലുമാണോ ഇതിനു പിന്നിലെന്ന് കണ്ടെത്തണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിച്ചു നില്‍ക്കേണ്ടവരല്ല മലയാളികള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ ഒഴുകിയൊലിച്ചു പോകുന്നവര്‍ക്ക് ജാതി,മത ഭേദമുണ്ടാവില്ല. അതു മാത്രം ഓര്‍മിക്കുക.


തമിഴ്‌നാട്ടിലെ നേതാക്കള്‍ വായനാശീലമോ അക്ഷരാഭ്യാസമോ ഇല്ലാത്ത തമിഴരെ തെറ്റിദ്ധരിപ്പിക്കാന്‍ പല വിധത്തിലുള്ള പ്രചാരണവും നടത്തിയേക്കാം. അവിടെ ആകെയുള്ള മാധ്യമം സിനിമയാണ്. അക്കാരണത്താലാണ് ഡാം 999 എന്ന സിനിമ അവിടെ നിരോധിച്ചത്. പത്രങ്ങള്‍ വായിക്കുകയോ ചാനല്‍ വാര്‍ത്തകള്‍ വീക്ഷിക്കുകയോ ചെയ്യാന്‍ തക്ക വിദ്യാഭ്യാസമോ പ്രബുദ്ധതയോ ഇല്ലാത്തവരാണു തമിഴ്മക്കള്‍. അവര്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ട സര്‍ക്കാര്‍ അയല്‍ സംസ്ഥാനത്തിനെതിരേ കലാപത്തിനു പ്രേരിപ്പിക്കുമ്പോള്‍ കേന്ദ്രം ഇടപെടണം. ദൗര്‍ഭാഗ്യവശാല്‍ യുപിഎ സര്‍ക്കാര്‍ അതിനു സന്നദ്ധരാവുന്നില്ല.


ഇങ്ങനെ, പ്രചാരണരംഗത്തും രാഷ്ട്രീയരംഗത്തും വന്‍മതിലുകള്‍ തീര്‍ത്ത് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമാക്കുന്ന തമിഴ് നേതാക്കളുടെ ശിഷ്യത്വം സ്വീകരിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും തയാറാവേണ്ടത്. മറ്റെല്ലാ പരിഗണനകള്‍ക്കു മേലേയാണ് തമിഴരുടെ പൊതുതാത്പര്യമെന്ന് അവര്‍ തെളിയിക്കുന്നു. സമാനമായ ഐക്യം മലയാളിക്കുമുണ്ടാവണം. അല്ലെങ്കില്‍, സമസ്തവും തകര്‍ത്തെത്തുന്ന വെള്ളപ്പാച്ചിലില്‍ നമുക്ക് ഒഴുകി അറബിക്കടലില്‍ അലിയാം.